Read Time:11 Minute


സന്ദീപ് പി

എക്സ്-റേ കണ്ടെത്തിയ വില്യം റോൺജന്റെ ജന്മദിനമാണ് മാർച്ച് 27

1845 മാർച്ച് 27 ന് പ്രഷ്യയിലെ ലെന്നെപ്പ് എന്ന സ്ഥലത്തായിരുന്നു വില്യം കോൺറാഡ് റോൺജന്റെ (Wilhelm Conrad Röntgen) ജനനം. വസ്ത്ര വ്യാപാരിയായിരുന്ന ഫ്രഡറിക്ക് കോൺറാഡ് റോൺജന്റെയും കാറ്ലറ്റ് കോൺസ്റ്റൻസ് ഫ്രൊവീ ( Charlotte Constanze Frowein ) ന്റെയും ഏകപുത്രൻ. റോൺജന് മുന്ന് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം നെതർലാന്റിലേക്ക് താമസം മാറ്റി.അവിടെയായിരുന്നു റോൺജന്റെ വിദ്യാഭ്യാസം.1862ള ഉത്രക്ക് ( Utrecht ) ടെക്ക്നിക്കൽ സ്ക്കൂളിൽ ചേർന്നു.എന്നാൽ അവിടെ അധിക നാൾ പഠനം നടത്താൻ കഴിഞ്ഞില്ല.അധ്യാപകനെ കളിയാക്കിക്കൊണ്ടുള്ള  രേഖാ ചിത്രം വരച്ചതുമായി ബന്ധപ്പെട്ട് സ്ക്കൂളിൽ നിന്നും റോൺജനെ പുറത്താക്കി. എന്നാൽ ആ സംഭവുമായി റോൺജന് ബന്ധമൊന്നുമുണ്ടായിരുന്നില്ല.  പഠനം തുടരാൻ കഴിയാത്ത റോൺജൻ പരീക്ഷയെഴുതി സൂറിച്ചിലെ ഫെഡറൽ പോളി ടെക്ക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. എൻജിനീയറിങ്ങിനാണ് ചേർന്നതെങ്കിലും ഇഷ്ടമുള്ള  വിഷയങ്ങൾ മാത്രം പഠിച്ച് ബാക്കി സമയം ചുറ്റിക്കറങ്ങി നടന്ന് ഉല്ലസിച്ചു. ഫലമോ??. എൻജിനീയറിങ്ങ് പരീക്ഷയിൽ തോറ്റു.

ജർമ്മനിയിലെ (അന്ന് പ്രഷ്യയിൽ) ലെന്നെപ്പ് എന്ന സ്ഥലത്തെ റോൺജന്റെ ജന്മഗൃഹം

എന്നാൽ തന്റെ ഇഷ്ടവിഷയമായ ഭൌതികശാസ്ത്രം ക്ലാസിൽ കയറാൻ റോൺജൻ ശ്രദ്ധിച്ചിരുന്നു. ഫിസിക്സ് ലാബറട്ടറിയിലെ പരീക്ഷണങ്ങളെല്ലാം കൃത്യമായി ചെയ്തിരുന്ന റോൺജനെ അദ്ധ്യാപകനായ ഒഗസ്ത് കുണ്ഡ് ( August Kundt ) ശ്രദ്ധിച്ചിരുന്നു. അധ്യാപകന്റെ നിർദേശ പ്രകാരം റോൺജൻ ഭൌതിക പഠനത്തിൽ ശ്രദ്ധിച്ചു. 1869ല് റോൺജൻ സൂറിച്ച് സർവകലാശാലയില് നിന്നും പി.എച്ച്.ഡി നേടി.

ഒഗസ്ത് കുണ്ഡ് ( August Kundt )

1873 ൽ ഒഗസ്ത് കാണ്ഡ് പ്രഫസറായി സ്ട്രൌസ് ബര്ഗ് സർവകലാശാലയില് ചേർന്നപ്പോൾ തന്റെ പ്രിയ ശിഷ്യനെയും കൂടെ കൂട്ടി. അങ്ങനെ റോൺജൻ ഗവേഷണ പ്രവർത്തനങ്ങളുമായി സർവകലാശാലയിൽ കഴിഞ്ഞു. തൊട്ടടുത്ത വർഷം അദ്ദേഹം സ്ട്രൌസ് ബർഗ് സർവകലാശാലയിൽ ലക്ചററായി ജോലിയിൽ ചേർന്നു.

ഈ സമയത്തിനുള്ളിൽ ഭൌതിക ശാസ്ത്രജ്ഞനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും റോണ്ജൻ അറിയപ്പെട്ടു കഴിഞ്ഞിരുന്നു. നിരവധി സർവകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു. അങ്ങനെ 1888ൽ വുത്സ്ബർഗ് സർവകലാശാലയിൽ അദ്ദേഹം പ്രഫസറായി ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ചാണ് റോൺജന് ആദ്യ ഭൌതിക ശാസ്ത്ര നൊബേൽസമ്മാനം നേടിക്കൊടുത്ത എക്സ് റേയുടെ കണ്ടുപിടുത്തം നടത്തിയത്.

വില്യം റോൺജന്റെ വുത്സ്ബർഗ് സർവകലാശാലയിലെ ലബോറട്ടറി

1895 ൽ കാതോഡ് റേ ട്യൂബുകളുപയോഗിച്ച് പരീക്ഷണങ്ങളിൽ മുഴുകിയ റോൺജൻ തന്റെ പരീക്ഷണശാലയിലെ ബേരിയം പ്ലാറ്റിനോ സൈനൈഡ് പുരട്ടിയ സ്ക്രീനിൽ ഒരു പച്ച വെളിച്ചം ഉണ്ടാകുന്നത് ശ്രദ്ധിച്ചു. ഈ തിളക്കത്തിന്റെ കാരണം തേടി അദ്ദേഹം കൂടുതൽ പരീക്ഷണങ്ങൾ നടത്തി. അങ്ങനെ നവംബർ 8 ന് ഒരു വെള്ളിയാഴ്ച്ച ദിവസം രാത്രി ഏറെ വൈകിയിട്ടും റോൺജൻ പരീക്ഷണങ്ങൾ തുടർന്നു. കറുത്ത കട്ടി കടലാസു കൊണ്ട് മൂടിയ കാതോഡ് റേ ട്യൂബിലൂടെ വൈദ്യുതി കടത്തി വിട്ടപ്പോൾ തന്റെ ഇരുണ്ട പരീക്ഷണശാലയിലെ ബേരിയം പ്ലാറ്റിനോ സൈനൈഡ് സ്ക്രീനിൽ ഒരു പച്ച തിളക്കമുണ്ടായി. ട്യൂബിൽ നിന്നും സ്ക്രീൻ പലയിടത്തായി നീക്കിപ്പിടിച്ചു കൊണ്ട് പരീക്ഷണം ആവർത്തിച്ചപ്പോഴും ആ തിളക്കം ഉണ്ടായി.

കാതോഡ് റേ ട്യൂബ്

 

കാതോഡ് റേ ട്യൂബുകളിൽ നിന്നും ഇലക്ട്രോണുകളെ കൂടാതെ മറ്റൊരു അദൃശ്യ കിരണം ഉണ്ടാകുന്നു എന്നത് റോൺജനെ ആവേശഭരിതനാക്കി. പേരരിയാത്ത ഗണിത പ്രഹേളികയ്ക്ക് x എന്ന് പേര് നല്കുന്നതു പോലെ റോൺജനും താൻ കണ്ടെത്തിയ കിരണങ്ങൾക്ക് എക്സ് കിരണം എന്ന് പേരു നല്കി. പരീക്ഷണങ്ങൾ തുടർന്ന റോൺജൻ തന്റെ ഭാര്യയുടെയും ഒരു പൊതു സദസ്സിൽ വെച്ച് ആല്ബർട്ട് കൊല്ക്കറി (Albert Kölliker) ന്റെയും ശരീരഭാഗങ്ങളുടെ എക്സ്റേ ചിത്രങ്ങൾ എടുത്തു. ഗവേഷണ പ്രവർത്തനങ്ങൾ തുടർന്ന അദ്ദേഹം 28 ഡിസംബറിൽ On A New Kind of Rays എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു.

1895 നവംബർ 22 ന് എടുത്ത എക്‌സ്‌റേ ഫോട്ടോ ഗ്രാഫ്- റോൺജന്റെ ഭാര്യ അന്ന ബർത്തയുടെ കൈയാണിത്. വിവാഹമോതിരം കാണാം. |കടപ്പാട് : വിക്കിപീഡിയ

ലോകമെമ്പാടും എക്സ്റേ എന്ന അത്ഭുത കിരണങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടന്നു. നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. പത്ര മാധ്യമങ്ങളിൽ ഈ പുതിയ കിരണങ്ങളെ കുറിച്ച് സചിത്ര വാർത്തകളും ലേഖനങ്ങളും വന്നു. എക്സ്റേ മനുഷ്യന്റെ സ്വകാര്യത ഇല്ലാതാക്കും എന്ന കുപ്രചരണങ്ങളും ഉണ്ടായി. എക്സ്റേ കടത്തി വിടാത്തത് എന്ന പരസ്യത്തോടെ സ്ത്രീകൾക്കായുള്ള കുപ്പായങ്ങളും ചില വിരുതന്മാർ വിപണിയിൽ എത്തിച്ചു. ഈ കോലാഹലങ്ങൾ പുറത്ത് നടക്കുമ്പോഴും റോൺജൻ തന്റെ ഗവേഷണങ്ങളിൽ മുഴുകി.

വൈദ്യശാസ്ത്ര രംഗത്തെ എക്സ്റേയുടെ സാധ്യതകളെ കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയിരുന്നു.   എക്സ്റേ കണ്ടെത്തിയതിന്റെ തൊട്ടടുത്ത വർഷം, 1896 ജനുവരിയിൽത്തന്നെ, ബെർമിങ്ഹാമിലെ ഡോ ജോൺഹാൾ എഡ്വേർഡ് തന്റെ സഹപ്രവർത്തകന്റെ ശരീരത്തിലകപ്പെട്ട സൂചിയെ എക്സ്റേ ഉപയോഗിച്ച് കണ്ടെത്തി. ഒടിഞ്ഞ എല്ലുകളുടെ ചിത്രങ്ങളെടുക്കുന്നതിന് പുറമേ കാൻസർ ചികിത്സയ്ക്കും എക്സ്റെ ഉപയോഗിക്കപ്പെട്ടു.

എക്സ്റേയുടെ കണ്ടെത്തലിന്റെ ബഹുമതിയെന്ന വണ്ണം വുത്സ്ബർഗ് സർവകലാശാല റോൺജന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നല്കി ആദരിച്ചു. 1896 ലെ ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ റംഫോഡ് പുരസ്കാരം റോൺജന് ലഭിക്കുകയുണ്ടായി. എക്സ്റേ വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടാക്കിയ മൂന്നേറ്റത്തിന്റെ ബഹുമതിയെന്നവണ്ണം ഡയഗണസ്റ്റിക്ക് റേഡിയോളജിയുടെ പിതാവെന്നും റോൺജൻ അറിയപ്പെടുന്നു.

ഡോ ജോൺഹാൾ എഡ്വേർഡ് എടുത്ത എക്സറേ ഫോട്ടോഗ്രാഫ്  ഉപയോഗിച്ചുകൊണ്ടുള്ള 1897ലെ ഒരു ടയർകമ്പനിയുടെ പരസ്യം

താൻ കണ്ടെത്തിയ കിരണങ്ങളെ പേരു കൊണ്ടു പോലും തന്റേതാക്കാതിരുന്ന റോൺജൻ എക്സ്റേയ്ക്ക് പേറ്റന്റിനും അപേക്ഷിച്ചില്ല. നൊബേൽ സമ്മാനമായി ലഭിച്ച തുക തനിക്ക് ഗവേഷണം നടത്താൻ സൌകര്യം ഒരുക്കിയ വുത്സ്ബർഗ് സർവകലാശാലക്ക് സംഭാവന ചെയ്തു. പലയിടത്തും എക്സ്റേയെ റോൺജൻ കിരണങ്ങൾ എന്ന് വിളിച്ചിരുന്നത് പോലും അദ്ദേഹം നിരുത്സാഹപ്പെടുത്തി.

തലയിൽ തറച്ചുകയറിയ ബുള്ളറ്റ് എക്സറേ ഉപയോഗിച്ച് കണ്ടെത്തി നീക്കം ചെയ്യുന്നു. 1897ലെ ഫോട്ടോ

ബെവേറിയൻ ഗവർമെന്റിന്റെ അഭ്യർത്ഥന മാനിച്ച് 1900 ൽ റോൺജൻ മ്യൂണിച്ച് സർവകലാശാലയിൽ പ്രഫസർ പദവി സ്വീകരിച്ചു. തുടർന്ന് അവിടെ വിശ്രമ ജീവിതവും നയിച്ചു. 1923 ഫെബ്രുവരി 10 ന് കുടലിലെ അർബുദബാധയെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

വില്യം കോൺറാഡ് റോൺജൻ

2004 ൽ IUPAC (International Union for Pure and Applied Chemistry ) 111 ആം മൂലകത്തിന് റോൺജേനിയം എന്ന് പേര് നല്കി കൊണ്ടാണ് റോൺജനോടുള്ള ആദരം പ്രകടിപ്പിച്ചത്. എക്സ് റേ – ഗാമാ വികരണ തീവ്രതയുമായി ബന്ധപ്പെട്ട ഏകകവും റോൺജന്റെ പേരിൽ അറിയപ്പെടുന്നുണ്ട്. എക്സ്റേ കണ്ടെത്തിയ നവംബർ 8ന് വിവിധ സംഘടനകൾ World radiography day ആയി ആചരിക്കുന്നു. അന്റാർട്ടിക്ക് പ്രദേശത്തെ ഒരു കൊടുമുടിക്കും 1991 ഏപ്രിലിൽ കണ്ടെത്തിയ ചിന്നഗ്രഹത്തിനും റോൺജനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേര് നല്കിയിട്ടുണ്ട്.

ഓരോ കണ്ടെത്തലും, ചുരുങ്ങിയ കാലം കൊണ്ട് പുതിയ കണ്ടെത്തലുകളാൽ പരിഷ്കരിപ്പെടുമെന്നും നമ്മളും നമ്മുടെ കണ്ടെത്തലും വിസ്മൃതിലാകുമെന്നും എല്ലാ ശാസ്ത്രകാരന്മാരും ഓർക്കണം എന്ന് 1894 ല് വുത്സ്ബർഗ് സർവകലാശാലയിൽ പ്രസംഗിച്ച റോൺജനെ ലോകം ഇന്നും ഓർക്കുന്നു.

ജർമ്മനിയിലെ ലെന്നെപ്പിലെ റോൺജൻ മ്യൂസിയം

അധികവായനയ്ക്ക്

Happy
Happy
25 %
Sad
Sad
0 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
38 %

Leave a Reply

Previous post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡിജിറ്റൽ കലാജാഥ
Next post പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍
Close