കേൾക്കാം
ത്വക്കിനു നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളുടെ ക്രമ വിരുദ്ധമായ രൂപീകരണമാണ് മറുകുകൾ. മനുഷ്യന്റെ ത്വക്കിന് പ്രധാനമായും രണ്ടു പാളികളുണ്ട്, അധിചർമവും (epidermis) – ചർമവും (dermis)ഇവയ്ക്കിടയിലാണ് മെലനോസറ്റ് കോശങ്ങൾ പടർന്നു കിടക്കുന്നത്. ചർമത്തിനു താഴെയായി കൊഴുപ്പിന്റെ പാളി കാണുന്നു.
കുഞ്ഞ് അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതിന്റെ ആദ്യഘട്ടത്തിൽ മെലനോസൈറ്റ് കോശങ്ങളുടെ പൂർവരൂപങ്ങൾ നാഡീ കോശങ്ങളുമായി ബന്ധപ്പെട്ടാണ് കാണുക. പിന്നീടുള്ള വളർച്ചയുടെ ഘട്ടത്തിൽ രൂപംകൊള്ളുന്ന ത്വക്കിലും രോമങ്ങളിലും കണ്ണുകളിലേക്കുമെല്ലാം ഇവ പരക്കുന്നു.
ഇങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ ചില മെലാനോസറ്റ് കോശങ്ങൾ ചർമത്തിനുള്ളിലോ അതിനും അടിയിലെ കൊഴുപ്പു പാളിയിലാ കുടുങ്ങി പ്പോകാറുണ്ട്, അവയാണ് മറുകുകളായി കാണുന്നത്. ചില മറുകുകൾ ജനനസമയത്തുതന്നെ ഉണ്ടായിരിക്കും. മറ്റു ചിലത് പിന്നീടാകും തെളിഞ്ഞു വരിക. എങ്കിലും പിന്നീടു തെളിയുന്നവയുടെയും പൂർവ രൂപങ്ങൾ ജനനസമയത്തുതന്നെ ഉണ്ടായിരിക്കും, പച്ചയോ നീലയോ മഞ്ഞയോ കലർന്ന കറുപ്പു നിറത്തിലാണ് മറുകുകൾ സാധാരണ കാണുക. മറുകുകൾ ഭാഗ്യചിഹ്നങ്ങളായി കരുതുന്നൽ അന്ധവിശ്വാസമാണ്. സത്യത്തിൽ ഇവയിൽ ചിലത് അർബുദമായി മാറുന്നതിന് സാധ്യതയുള്ളവയാണ്. നിറം മാറുകയോ പുകച്ചിലനുഭവപ്പെടുകയോ വളരുകയോ ചെയ്യുന്ന മറുകുകൾ നിസാരമായി തള്ളരുത്.
കടപ്പാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ?