ഡോ.എസ്.ശ്രീകുമാര്‍
ഡയറക്ടര്‍, ഐ.ആര്‍.ടി.സി പാലക്കാട്
ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഡോ.എസ്.ശ്രീകുമാര്‍ എഴുതുന്നു. ( 2018 പ്രളയപശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സുസ്ഥിരവികസനം സുരക്ഷിതകേരളം – പുസ്തകത്തില്‍ നിന്നും.)
കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രളയ ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. 2018-ലെ കാല വർഷത്തിൽ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 42 ശതമാനം അധിക മഴയാണ് മലയോരമേഖലകളിൽ ലഭിച്ചത്. ഈ അതിവൃഷ്ടിയാണ് പ്രളയത്തിനും വ്യാപകമായ ഉരുൾപൊട്ടലിനും കാരണമായത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളുടെ മിക്ക പ്രദേശങ്ങളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വ്യാപകമായി ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും അനേകം പേരുടെ ജീവൻ നഷ്ടമായി. പതിനായിരക്കണക്കിന് കന്നുകാലികൾ ചത്തൊടുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വലിയതോതിൽ പാലങ്ങളും റോഡുകളും സഞ്ചാരയോഗ്യ മല്ലാതായി. വൈദ്യുതി, കുടിവെള്ളം, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ താറുമാറായി. പലയിടത്തും കൃഷിയിടങ്ങൾ അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പൊടുന്നനെയുള്ള ഇടപെടലും ചിട്ടയായി നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മരണസംഖ്യ വർധിക്കാതിരിക്കാൻ സഹായിച്ചു. പെരുമഴയുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെപ്പറ്റിയും വ്യാപകമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തിയെ പ്പറ്റിയും അവയുടെ കാരണങ്ങളെപ്പറ്റിയും പഠിക്കുകയും ഇനിയും ആവർത്തിക്കാതിരിക്കാൻ തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മലഞ്ചെരിവുകളിലെ ഭൂദ്രവ്യശോഷണം (Mass Wasting Process)
ഗുരുത്വാകർഷണം മൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിന്ന് താഴോട്ട് പതിക്കുന്ന പ്രതിഭാസത്തെ പൊതുവായി ഭൂദ്രവ്യശോഷണം എന്നുവിളിക്കുന്നു. മലയിടിച്ചിൽ (Slump), ശിലാപതനം (Rockfall), ശിലകളുടെ തെന്നിമാറൽ (Debrisflow), ഉരുൾ പൊട്ടൽ (Debrisflow), ഭൂമിയുടെ ഇടിഞ്ഞുതാഴൽ (Subsidence) എന്നീ ഭൗമപ്രതിഭാസങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്.
ഇതിൽ ഏറ്റവും വിനാശകരമായുള്ളതും കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്നതും ഉരുൾപൊട്ടലാണ്. ജലപൂരിതമായ മേൽമണ്ണും, ദ്രവിച്ച പാറയും ഉറച്ച ശിലകളുടെ പ്രതലത്തിലൂടെ അതിവേഗത്തിൽ താഴോട്ടു പതിച്ച് ജീവഹാനിവരുത്തുന്നതും ഏക്കറുകണക്കിന് ഭൂമിയിൽ നാശം വിതയ്ക്കുന്നതുമായ വിപത്താണ് ഉരുൾപൊട്ടൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സംഭവിക്കുന്നത് പശ്ചിമഘട്ട മേഖലകളിലും ഹിമാലയൻ പർവ്വതനിരകളിലുമാണ്. ഹിമാലയൻ പർവ്വതനിരകളിലെ ഉരുൾപൊട്ടലുകളുടെ വ്യാപ്തി പശ്ചിമഘട്ടനിരകളിലേക്കാൾ അതിബൃഹത്താണ്. പശ്ചിമഘട്ടനിരകളിലെ ഉരുൾപൊട്ടലുകൾ ഹിമാലയത്തിലെ ഉരുൾപൊട്ടലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഴമില്ലാത്തതും വീതിയും നീളവും കുറവുള്ളതുമാണ്. ഹിമാലയത്തിലെ ഉരുൾപൊട്ടലിൽ ഗ്രാമങ്ങൾ തന്നെ അപ്പാടെ ഇല്ലാതായിട്ടുണ്ട്. കേരളത്തിലെ ഉരുൾപൊട്ടലിനെപ്പറ്റി വിവിധ സ്ഥാപനങ്ങൾ വളരെ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഭാരതീയ ഭൂവിജ്ഞാനീയ സർവ്വേ, ഭൗമശാസ്ത്രപഠനകേന്ദ്രം, ജലവിഭവവികസനകേന്ദ്രം, കേരള സർവ കലാശാലയിലെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും ഭൗമശാസ്ത്ര പഠനവകുപ്പുകൾ എന്നിവയെല്ലാം പഠനങ്ങൾ നടത്തുകയും കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ച.കി.) പ്രദേശം ഗുരുതരമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും, 9.77 ശതമാനം (3759 ച.കി) പ്രദേശം മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും കണക്കാക്കപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തരം തിരിച്ച് ഭൂപടങ്ങൾ നിർമിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാമാപ്പ് (Land slide Hazard Zonation Map) അനുസരിച്ച് പത്തനംതിട്ട (170 ച. കി.മി.), ഇടുക്കി (388 ച.കി.മി). പാലക്കാട് (324 ച.കി.മി), മലപ്പുറം (198 ച.കി. മി.), കണ്ണൂർ (168 ച.കി.മി.) വയനാട് (102 ച.കി.മി) എന്നിവ തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള മേഖലകളായി തിരിച്ചിട്ടുണ്ട് (KSDMA 2010).
ഉരുൾപൊട്ടൽ മറ്റ് പ്രകൃതിദുരന്തങ്ങളെപ്പോലെ പ്രവചിക്കാൻ സാധ്യമല്ലെങ്കിലും സാധ്യതാമേഖലക്കനുസൃതമായി മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്താൽ ഒരു പരിധി വരെ ദുരന്താഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (2016) റിപ്പോർട്ട് പ്രകാരം 1961 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 295 പേർ ഉരുൾ പൊട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ലാൻഡ്‌സ്ലൈഡ് അറ്റ്‌ലസ് പ്രകാരം കൂടുതൽ ഉരുൾപൊട്ടൽ ഭീഷണി നിലനില്ക്കുന്നത് ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്. ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി എന്നീ താലൂക്കുകളിലാണ് സാധ്യത ഏറെയുള്ളത് (സ്റ്റേറ്റ് ഓഫ് എൻവിറോൺമെന്റ് റിപ്പോർട്ട്, 2007). പ്രകൃതിക്ഷോഭങ്ങൾ ദുരന്തമായി മാറുന്നത് ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും ഉണ്ടാകുമ്പോഴാണ്. എത്രയോ ഉരുൾപൊട്ടലുകളാണ് മലയോര മേഖലയിൽ കാലവർഷക്കാലത്ത് ദുരന്തങ്ങളായി മാറുന്നത്. അതിൽനിന്നും സമൂഹമെന്ന നിലയിൽ നാമൊന്നും പഠിക്കാത്തതിനാലാണ് ദുരന്തം ആവർത്തിക്കുന്നത്.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും പഠനഫലങ്ങൾ എല്ലാംതന്നെ ഒരലങ്കാരവസ്തുപോലെ ഓഫീസ് ഷെൽഫുകളിൽ ഇരിക്കുന്നു എന്നതല്ലാതെ ദുരന്ത ലഘൂകരണത്തിനായി അവയെ പ്രയോജനപ്പെടുത്തുന്നില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. സ്വാഭാവികകാരണങ്ങൾകൊണ്ടുതന്നെ ചില മലഞ്ചെരിവുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കുന്നിന്റെ ചെരിവ്, ദ്രവിച്ച പാറയും മേൽമണ്ണും ചേർന്നുള്ള (overburden) മേഖലയുടെ കനം, നിമ്‌നോന്നതി (Relative relief), ശിലകളുടെ സ്വഭാവം, ശിലകളിലുള്ള വിള്ളലുകളുടെ കിടപ്പ്, സസ്യാവരണത്തിന്റെ കരുത്ത് മുതലായവയെ ആശ്രയിച്ചാണ് മലഞ്ചെരിവുകളുടെ സ്ഥിരത കണക്കാക്കപ്പെടുന്നത്. സ്വാഭാവികകാരണങ്ങളാൽ ഉരുൾപൊട്ടൽസാധ്യത വർധിച്ച മലഞ്ചെരിവുകളിൽ അനിയന്ത്രിതമായി കടന്നുകയറി ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതായി പഴയകാല അനുഭവങ്ങൾ ഓർമിപ്പിക്കുന്നു. നഗരവത്ക്കരണം, കൃഷിയിടങ്ങളുടെയും തോട്ടങ്ങളുടെയും വ്യാപനം, അശാസ്ത്രീയമായ മറ്റു ഭൂവിനിയോഗരീതികൾ, ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെടുത്തൽ, ഖനനം മുതലായ മാനുഷിക ഇടപെടലുകളാണ് ഉരുൾപൊട്ടൽ ആവർത്തിക്കാൻ പ്രേരകമാകുന്നത് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യാതിക്രമങ്ങൾക്കെതിരായി ഒരു മുന്നറിയിപ്പെന്നോണം ഇട ക്കിടെ പ്രകൃതി ക്ഷുഭിതമാവുന്നുണ്ടെങ്കിലും അത് തിരിച്ചറിയാ തെയോ, അറിഞ്ഞിട്ടും വകവയ്ക്കാതെയോ ആണ് നാം പ്രകൃതിക്കെ തിരെയുള്ള ആക്രമണം തുടരുന്നത്.
സുദീർഘമായ മഴ
തെക്കു പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ചാണ് കേരളത്തിൽ വ്യാപകമായി ഉരുൾപൊട്ടൽ കണ്ടുവരുന്നത്. കേരളത്തിലെ ഉരുൾപൊട്ടലിന്റെ പ്രധാന കാരണം ഒരു പ്രദേശത്ത് ഒരു നിശ്ചിത കാലയളവിൽ പതിക്കുന്ന അതിവൃഷ്ടിയാണ്. ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം മിക്കപ്പോഴും ദുരന്തദിവസം പെയ്യുന്ന മഴയുടെ അളവ് മാത്രമല്ല, തൊട്ടുപിന്നിലുള്ള രണ്ടോ മൂന്നോ ദിവസം പെയ്ത മഴയുടെ അളവ് കൂടിയാണ്. രണ്ടോ മൂന്നോ ദിവസം 180മി. മീറ്ററിൽ അധികം മഴ ലഭിച്ചാൽ മിക്ക മലഞ്ചെരിവുകളും അസ്ഥിരമാകുന്നതായി കാണാം.
ക്ഷയിച്ച വനമേഖല
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സ്വാഭാവിക വനമേഖലയെ റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളും കവർന്നെടുത്തിരിക്കുന്നു എന്ന തൊരു യാഥാർത്ഥ്യമാണ്. സ്വാഭാവിക വനവൃക്ഷങ്ങൾക്ക് പകരക്കാരായി വളർന്നുവന്ന ആഴത്തിൽ വേരോട്ടമില്ലാത്ത മരങ്ങൾ ഉരുൾ പൊട്ടലുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നുണ്ട്. തേയില, ഏലം, റബ്ബർ തുടങ്ങിയ പടലച്ചെടികളുടെ നാരുവേരുകൾ ഭൂമിയുടെ ഉപരിതല ത്തിലുള്ള ഇളകിയ മണ്ണിൽ മാത്രമേ ഇറങ്ങിച്ചെല്ലുകയുള്ളൂ. മറിച്ച് ആഴത്തിൽ വേരോടുന്ന വൻവൃക്ഷങ്ങളുടെ വേരുകൾ ഉപരിതലത്തിലെ മണ്ണിനു താഴെയുള്ള ശിലകളുമായി ബോൾട്ടു ചെയ്യുകയും ഇത് മലഞ്ചെരിവിന്റെ സ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നു. വ്യാപകമായ വനനശീകരണം ഉരുൾപൊട്ടൽസാധ്യത വർധിപ്പിക്കുന്നതായി കാണാം. വനമേഖലയിൽ തുടങ്ങി ജനവാസകേന്ദ്രത്തിൽവരെ തേർ വാഴ്ച നടത്തുന്ന ഉരുൾപൊട്ടലുകളുടെ തലപ്പ് (crown) മിക്കപ്പോഴും ക്ഷയിച്ച വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമാണ്.
ഉപരിതലപരിവർത്തനം
നീർച്ചാലുകൾ മണ്ണിട്ടു നികത്തി റോഡുകളും കെട്ടിടങ്ങളും പണിയുന്നതും ചെങ്കുത്തായ സ്വാഭാവികജലനിർഗമനമാർഗങ്ങൾ തടസ്സ പ്പെടുത്തി വെള്ളം സംഭരിക്കുന്നതും മഴക്കാലത്ത് മാത്രം പ്രത്യക്ഷ പ്പെടുന്ന ഫസ്റ്റ് ഓർഡർ അരുവികളോട് ചേർന്ന് കെട്ടിടങ്ങൾവയ്ക്കു ന്നതും മലഞ്ചെരിവുകളുടെ അടിഭാഗം വെട്ടിമാറ്റി നിരപ്പാക്കുന്നതും ഉരുൾ പൊട്ടലിനെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
പാറമടകളുടെ പ്രവർത്തനം
വൻസ്‌ഫോടനം നടത്തി കരിങ്കൽ ഖനനം ചെയ്യുന്നതുമൂലം സമീപ പ്രദേശങ്ങളിൽ പ്രകമ്പനങ്ങൾ ഉണ്ടാകുകയും ശിലകളിലെ വിള്ളലു കൾ അകന്ന് ദൃഢത കുറയുകയും, ജലപൂരിതമാകുമ്പോൾ താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഇപ്പോൾ മഴക്കാലത്ത് ഖനനത്തിന് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത് ആശ്വാസകരമാണ്. കേരളത്തിലുണ്ടായ വിനാശകരമായ ഏതാനും ഉരുൾപൊട്ടലുകളുടെ വിവരങ്ങളാണ് താഴെ പട്ടികയായി നൽകിയിട്ടുള്ളത്.
സ്ഥലം | തിയ്യതി | പ്രേരകഘടകം | |
1 | അടിമാലി (ഇടുക്കി) | നവംബർ 3,1977 | ചെങ്കുത്തായ മലയിൽ ജലനിർഗമന മാർഗങ്ങളുടെ തടസ്സപ്പെടുത്തൽ |
2 | മുണ്ടക്കി (വയനാട്) | ജൂലൈ 1, 1984 | ക്ഷയിച്ചവനമേഖല |
3 | കൂടരഞ്ഞി (കോഴിക്കോട്) | ജൂലൈ 1, 1991 | സ്വാഭാവിക നീർച്ചാലുകളെ തടസ്സ പ്പെടുത്തിയുള്ള കോണ്ടൂർ ബണ്ടു കളുടെ നിർമാണം |
4 | കാപ്പിക്കുളം (വയനാട്) | ജൂൺ 19, 1992 | നീർച്ചാലുകൾ നികത്തിയുള്ള കൃഷി |
5 | അടിവാരം (കോട്ടയം) | ഒക്‌ടോബർ 6, 1993 | റബ്ബർ തോട്ടം, സ്വാഭാവിക നീർച്ചാ ലുകളെ തടസ്സപ്പെടുത്തൽ |
6 | പെരുവന്താനം (ഇടുക്കി) | ജൂൺ 23, 1996 | റബ്ബർ തോട്ടത്തിലെ കോണ്ടൂർ ബണ്ടുകൾ |
7 | മാങ്കുളം (ഇടുക്കി) | ആഗസ്റ്റ് 25, 2000 | വൻവൃക്ഷങ്ങൾ വെട്ടിമാറ്റിയ മലഞ്ചെരിവ് |
8 | വെണ്ണിയാണി (ഇടുക്കി) | ജൂലൈ 9, 2001 | കുത്തനെയുള്ള മലഞ്ചെരിവ്, ഒഴുക്ക് തടസ്സപ്പെടുത്തിയ കൃഷിരീതികൾ |
9 | അമ്പൂരി (തിരുവനന്തപുരം) | നവംബർ 10, 2001 | മലഞ്ചെരിവുകൾ തട്ടുകളാക്കി കൃഷി, സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടു ത്തൽ, റോഡുനിർമാണം |
10 | അകമല (തൃശ്ശൂർ) | ജൂൺ 5, 2004 | ക്ഷയിച്ച വനപ്രദേശം |
11 | പശുക്കടവ് (കോഴിക്കോട്) | ആഗസ്റ്റ് 4, 2004 | |
12 | വട്ടിപ്പന | ജൂലൈ 19, 2009 | ചെക്ക് ഡാമുകൾ ചെരിവുകൂടിയ (കോഴിക്കോട്) മലഞ്ചെരിവുകൾ |
13 | മുപ്ലിയം | ജൂലൈ 14, 2005 | പാറമട പ്രവർത്തനം |
14 | ഗവ.കോളേജ് മൂന്നാർ (ഇടുക്കി) | ജൂലൈ 25, 2005 | മലയുടെ അടിഭാഗം വെട്ടിനിരത്തി സ്വാഭാവികനീരൊഴുക്കിനെ തടഞ്ഞത് |
15 | ചെങ്ങര (മലപ്പുറം) | ജൂലൈ 15, 2007 | റബ്ബർ തോട്ടം, നീരൊഴുക്ക് തടഞ്ഞ് കോണ്ടൂർ ബണ്ടുകളുടെ നിർമാണം |
16 | ആലപ്പാറ കോണ്ടൂർ | ജൂലൈ 15, 2007 | ബണ്ടുകൾ |
17 | പുല്ലൂരംപാറ (കോഴിക്കോട്) | ആഗസ്റ്റ് 6, 2012 | ക്ഷയിച്ച വനമേഖല,നീർച്ചാലുകൾ നികത്തി ഓരത്ത് വീടുനിർമാണം |
18 | കുഞ്ചിത്തണ്ണി (ഇടുക്കി) | ആഗസ്റ്റ് 14, 2013 | മഴവെള്ള നിർഗമനം തടസ്സപ്പെടുത്തി, നീർചാലിനോട് ചേർന്ന് വീട് |
19 | കട്ടിപ്പാറ (കോഴിക്കോട്) | ജൂൺ 14, 2018 | ചെക്ക് ഡാം |
20 | മാക്കിമല എസ്റ്റേറ്റ് (വയനാട്) | ജൂൺ, 2018 | ചെക്ക് ഡാം |
ഈ ദുരന്തങ്ങൾ എല്ലാം മനുഷ്യനിർമിതമാണെന്ന് വ്യക്തം. പ്രകൃതി വിരുദ്ധ മനോഭാവത്തിലേയ്ക്ക് മടങ്ങുന്ന ഏതൊരു സമൂഹത്തെയും കാത്തിരിക്കുന്നത് ദുരന്തങ്ങൾ തന്നെയാണ്. ദുർബ്ബല ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ടനിരകളിൽ ഭാവിയിലും ഇത്തരം ദുരന്തങ്ങൾ നേരിടേണ്ടിവരും എന്ന ഓർമപ്പെടുത്തലാണ് ശാസ്ത്രീയ പഠനങ്ങൾ നല്കുന്നത്.
സോയിൽ പൈപ്പിംഗും ഭൂമി ഇടിഞ്ഞു താഴലും
ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴ്ന്ന് കിണറിന്റെ ആകൃതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെടുന്നത് ഇയ്യിടെയായി കണ്ടു വരുന്നുണ്ട്. ഭൗമാന്തർഭാഗത്ത് അമിതജലപ്രവാഹമുണ്ടായതിന്റെ ഉപരിതലത്തിലുള്ള പുരയിടത്തിലെ ഭൂമി ഇടിഞ്ഞ് താഴ്ന്ന് 15 മുതൽ 20 അടിവരെ വ്യാസവും 20 മുതൽ 30 അടിവരെ താഴ്ചയുമുള്ള ഗർത്തം രൂപപ്പെടുന്നു. കളിമൺപാളികൾ നിറഞ്ഞ വെട്ടുകൽ പ്രദേശത്ത് ജല ത്തിന്റെ തള്ളിച്ചയിൽ സംസക്തി ബലം (cohesion force) കുറവുള്ള കളിമണ്ണ് ഒഴുകി മാറുന്ന പ്രതിഭാസം (സോയിൽ പൈപ്പിംഗ്) വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2012-ൽ ഉപ്പുതുറ, 2005-ൽ തട്ടേക്കനി (ഇടുക്കി), 2004-ൽ കണ്ണൂർ എന്നിവിടങ്ങളിൽ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2018ലെ കാലവർഷത്തോടനുബന്ധിച്ച് സോയിൽ പൈപ്പിംഗ് ആദ്യമായി തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
2018 ലെ ഉരുൾപൊട്ടൽ, മലയിടിച്ചിൽ
2018ൽ ശക്തമായ കാലവർഷം ആരംഭിച്ചപ്പോൾ വയനാട്ടിലും ഇടുക്കിയിലുമാണ് വ്യാപകമായി ഉരുൾപൊട്ടലുകളും മലയിടിച്ചിലുമുണ്ടായത്. സംസ്ഥാനത്ത് മഴയുടെ രണ്ടാംഘട്ടം ആരംഭിച്ചത് ആഗസ്റ്റ് 13-ാം തിയതിയായിരുന്നു. 15നും 16നും തൃശ്ശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടൽദുരന്തങ്ങൾ ഉണ്ടായി. എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്: ഈ ദിവസങ്ങളിലാണ് നമ്മുടെ അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി ഉയർന്ന (Maxium Water Level) നിലയിലെത്തിയത്. ജലമർദം വർധിച്ചതിനാൽ അണക്കെട്ട് പ്രേരക പ്രകമ്പനങ്ങൾ (Reservoir Induced Tremor) ഉണ്ടായി എന്നു വേണം കരുതുവാൻ. നമ്മുടെ സീസ്മിക് സ്റ്റേഷനുകളിൽ രേഖപ്പെടുത്തുവാൻ പര്യാപ്തമല്ലാത്ത ഈ ചെറുകമ്പനങ്ങളാവാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യാപകമായ ഉരുൾപൊട്ടൽ പല സ്ഥലങ്ങ ളിലും സംഭവിക്കാനുള്ള കാരണം. ഇതിനെപ്പറ്റി ഇനിയും വിശദമായി പഠിക്കേണ്ടതുണ്ട്. പല മലയോരമേഖലകളിലും 300 മീറ്ററോളം നീളമുള്ള വിള്ളലുകളാണ് തലങ്ങും വിലങ്ങുമായി രൂപപ്പെട്ടിട്ടുള്ളത്. ചില പ്രദേശങ്ങൾ ഇടിഞ്ഞുതാണു. ഭൂമിയിലുണ്ടായ ഇത്തരം പിളർപ്പുകളും ഇടിഞ്ഞു താഴലും പൂർണതയിലെത്താത്ത ഉരുൾപൊട്ടലാണ് ( aborted land slide) എന്നുവേണം കരുതുവാൻ. പിളർപ്പുകൾ വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സൂചികയാണ്.
പ്രത്യേകിച്ച് തുലാവർഷം എത്തിയാൽ സ്ഥിതി ഗുരുതരമാകാം. പക്ഷെ നാലഞ്ചു വർഷംകൊണ്ട് വിണ്ടുകീറിയ ഭൂമിക്ക് സ്ഥിരത കൈവരിക്കാൻ സാധിക്കും. വേരോട്ടമുള്ള മരങ്ങളും, രാമച്ചവും വച്ചുപിടിപ്പിക്കുകയും ജലനിർഗമന മാർഗങ്ങൾ തുറന്നുവിടുകയും ചെയ്താൽ താനെ ഭൂമി വാസയോഗ്യമാകും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മറ്റു അക്കാദമിക് സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുള്ള ഭൂപടത്തിൽ ഉരുൾപൊട്ടൽ സാധ്യത വർധിച്ച പ്രദേശം എന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ തന്നെയാണ് 70 ശതമാനം ദുരന്തങ്ങളും നടന്നിരിക്കുന്നത്. മഴയുടെ ശക്തി കൂടിയപ്പോൾ ചെരിവ് കൂടിയതും, മേൽ മണ്ണിന്റെ കനം കൂടുത ലുള്ളതുമായ പ്രദേശങ്ങളിൽതന്നെയാണ് അപകടങ്ങൾ നടന്നിട്ടുള്ളത്. രണ്ടോ മൂന്നോ ദിവസം ലഭിച്ച മഴയുടെ അളവ് 180മി.മീറ്ററിൽ കൂടുതലായിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സാധ്യത കൂടിയ പ്രദേശത്തു നിന്നും നിർബന്ധമായി ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ മരണ സംഖ്യ കുറയ്ക്കാമായിരുന്നു.
മുന്നറിയിപ്പു നൽകിയ ചില സ്ഥലങ്ങ ളിൽ പ്രാദേശികനിവാസികൾ ജാഗ്രത കാണിക്കാത്തത് ദുരന്തതീവ്രത വർധിപ്പിച്ചതായി 2018-ലെ ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
പല ഉരുൾപൊട്ടലുകളും കാട്ടുതീ പടർന്നതോ ക്ഷയിച്ചതോ ആയ വനമേഖലയിൽ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. ചെങ്കുത്തായ മലഞ്ചെരിവുകളിലെ ഇത്തരം പ്രദേശങ്ങളിൽ ജലം കിനിഞ്ഞിറങ്ങി ഭാരം വർധിച്ച് ഉരുൾപൊട്ടലായി മാറി. മുകളിൽ സംരക്ഷിതവനമേഖലയും അടിവാരത്ത് സെറ്റിൽമെന്റും ഉള്ള അനേകം പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ക്ഷയിച്ച വനമേഖലകൾ കണ്ടെത്തി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഫോറസ്റ്റ് മാനേജ്‌മെന്റ് പോളിസിയുടെ ഭാഗമായി ഇത് പരിഗണിക്കേണ്ടതുണ്ട്. ചില സ്ഥലങ്ങളിൽ വീടിനോട് ചേർന്ന് പിൻഭാഗത്ത് ഏതാണ്ട് 70 മുതൽ 80 വരെ ഡിഗ്രിയിലുള്ള കുന്നിൻ ചെരിവുകൾ മഴയിൽ കുതിർന്ന് ഇടിഞ്ഞതായി കാണാം. കുന്നുകളുടെ ചെരിവുകൾ വെട്ടിമാറ്റി മണ്ണിട്ട് നിരപ്പാക്കിയ പ്രദേശങ്ങളിൽ നിർമിച്ചിരിക്കുന്ന മിക്ക വീടുകളും മണ്ണിടിച്ചിലിൽ തകർന്നു പോയിട്ടുണ്ട്. ചെരിവുള്ള പ്രദേശങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ സ്വീകരിക്കേണ്ട ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ മലയോരമേഖലയിൽ ആവർത്തിക്കുന്നതിന് കാരണം.
മഴ എന്ന വില്ലൻ
ഏതെങ്കിലും ഒരു ഘടകത്തിന്റെ സ്വാധീനം കൊണ്ടു മാത്രമല്ല ഭൂദ്രവ്യശോഷണം സംഭവിക്കുന്നത്; പല ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്. കുന്നിന്റെ ചെരിവ്, മേൽമണ്ണിന്റെയും ദ്രവിച്ചപാറയുടെയും കനം, ശിലകളുടെ സ്വഭാവം, വിള്ളലുകളുടെ കിടപ്പ്, എന്നിങ്ങനെ ഉരുൾപൊട്ടലിനെ ത്വരിപ്പിക്കുന്ന സ്വാഭാവിക ഘടകങ്ങൾ നിലനില്ക്കുന്ന മേഖലയിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി പെയ്യുന്ന മഴയായിരിക്കും പലപ്പോഴും ഭൂദ്രവ്യശോഷണത്തിന് ഉത്തേജകശക്തിയായി മാറുന്ന ഘടകം. 2018 ലെ കാലവർഷത്തിൽ പെയ്തിറങ്ങിയ മഴയുടെ തോത് പരിശോധിച്ചാൽ ഇക്കാര്യം സംശയലേശമെന്യെ മനസ്സിലാക്കാം. ജൂൺ 1 മുതൽ ആഗസ്റ്റ് 22 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക് പട്ടികയിൽ ചേർത്തിരിക്കുന്നു. സാധാരണ ലഭിക്കുന്ന മഴയെക്കാൾ എത്രയോ കൂടുതലാണ് ഇത്തവണ പെയ്തത് എന്ന് ഇത് വ്യക്തമാക്കുന്നു.
മഴ പട്ടിക
2018 ജൂൺ 1 മുതൽ ആഗസ്റ്റ് 22 വരെ വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക് (കടപ്പാട് : മിറ്റിയോറോളജിക്കൽ സെന്റർ, തിരുവനന്തപുരം)
ജില്ല | ലഭിച്ച മഴ | സാധാരണലഭിക്കുന്ന മഴ |
തിരുവനന്തപുരം | 966.7 | 672.1 |
കൊല്ലം | 1579.3 | 1038.9 |
പത്തനംതിട്ട | 1968 | 1357.5 |
ആലപ്പുഴ | 1784 | 1380.6 |
കോട്ടയം | 2307 | 1531.1 |
കോട്ടയം | 2307 | 1531.1 |
എറണാകുളം | 2477.8 | 1680.4 |
7. ഇടുക്കി | 3555.5 | 1851.7 |
8. തൃശ്ശൂർ | 2077.6 | 1824.2 |
9. മലപ്പുറം | 2637.2 | 1761.9 |
10. കോഴിക്കോട് | 2898 | 2250.4 |
11. പാലക്കാട് | 2285.6 | 1321.7 |
12. വയനാട് | 2884.5 | 2281.3 |
13. കണ്ണൂർ | 2573.3 | 2333.2 |
14. കാസർഗോഡ് | 2287.1 | 2609.8 |
ആഗസ്റ്റ് 8 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അസാധാരണ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഇടുക്കി (679മി മീ), വയനാട് (536.8), മലപ്പുറം (447.7), കോഴിക്കോട് (375.4), പാലക്കാട് (350) എന്നീ ജില്ലകളിലാണ്. ഇപ്രകാരം കുറച്ചു ദിവസം തുടർച്ചയായി പെയ്ത മഴയാണ് ഉരുൾപൊട്ടലിന് ഉത്തേജക ഘടകമായത്.
വനശോഷണവും ഉരുൾപൊട്ടലുകളും
പഠനങ്ങൾ കാണിക്കുന്നത്, 1905-ൽ സംസ്ഥാനത്തിന്റെ 44.4 ശതമാനം വനമേഖലയായിരുന്നു എന്നാണ്. കേരള വനം വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2003-04ൽ വനവിസ്തൃതി 24.19 ശതമാനം ചുരുങ്ങിയിട്ടുണ്ട്. 1905 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ വനവിസ്തൃതിയിലുള്ള ശരാശരി കുറവ് 0.27 ശതമാനം മാത്രമായിരുന്നെങ്കിൽ 1965-1973 കാലഘട്ടത്തിൽ ഒരു ശതമാനവും അടുത്ത പത്തുവർഷ കാലയളവിൽ 1.4 ശതമാനവുമായി വർധിച്ചതായി ബി.എം.കുമാറിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ വനനശീകരണം നടന്നത് നാലു ഘട്ടങ്ങളായിട്ടാണ് എന്ന് ജോർജ്.പി.എസിന്റെയും ചതോപാധ്യായയുടെയും പഠനങ്ങൾ വിശദീകരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ രാജവിളംബരത്തെത്തുടർന്ന് വനങ്ങൾ വൻതോതിൽ വൃക്ഷത്തോട്ടങ്ങളായി രൂപാന്തരം പ്രാപിച്ചു. ഇതേത്തുടർന്ന് കേരളത്തിലെ പശ്ചിമഘട്ടവനങ്ങൾക്കേറ്റ ഏറ്റവും വലിയ ആഘാതം വനാവരണത്തുടർച്ച നഷ്ടപ്പെട്ട് കാടുകൾ തുണ്ടുതുണ്ടായിമാറി എന്നുള്ളതാണ്. ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി 1940കളിൽ കൃഷി ചെയ്യാനായി കാടുകൾ വിട്ടുകൊടുത്തു. ലോകമഹായുദ്ധകാലത്ത് കൃത്രിമ ഭക്ഷ്യക്ഷാമത്തെ നേരിടാൻ ചുരുങ്ങിയ കാലത്തേക്ക് ഭക്ഷ്യ വിളകൾക്ക് വനഭൂമി പാട്ടത്തിന് കൊടുക്കാനാണ് പദ്ധതിവിഭാവനം ചെയ്തത്. 1950-60 കളിൽ കാടുനശിച്ച പ്രദേശങ്ങൾ കണ്ടെത്തി കുടിയേറ്റ പദ്ധതികൾക്കും പുനരധിവാസ പദ്ധതികൾക്കും ആരംഭം കുറിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയും കാടുകൾ നശിപ്പിച്ചു. പുതിയ ജലവൈദ്യുതപദ്ധതികൾ, മലയോരപാതകൾ, വൻകിട ജലസേചനപദ്ധതികൾ എന്നിവയ്ക്കുവേണ്ടിയും വനം ശിഥിലമാക്കി. 1970, 1980-കളിൽ പാരിസ്ഥിതികമായി കൃഷിക്ക് ഒട്ടും തന്നെ യോജി ക്കാത്ത പശ്ചിമഘട്ടത്തിലെ നിത്യഹരിതമേഖല വെട്ടിത്തെളിച്ച് കാർഷികവിളകൾക്കുപകരം നാണ്യവിളകളായ റബ്ബറും മറ്റും കൃഷിചെയ്യാൻ തുടങ്ങി. ഭൂഗർഭ ജലവിതാനത്തെയും മലഞ്ചെരിവുകളുടെ സുസ്ഥിരതയെയും ഇതെല്ലാം കാര്യമായി ബാധിച്ചു.
വനവിസ്തൃതി ചുരുങ്ങിയത് മൂന്നിലൊന്നെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയൂ. ഇടുക്കിയും വയനാടും ഏറ്റവും കൂടുതൽ വനപ്രദേശമുള്ളതും അടിക്കാടുള്ളതുമായ ജില്ലകളാണ്. 2011ൽ ഇടുക്കിയിലെ വനവിസ്തൃതി 3,930 ചതുരശ്രകിലോമീറ്ററായിരുന്നു എന്നാൽ ഇന്ന് അത് 3,139 ചതു. കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു. വയനാട്ടിൽ വനമേഖല 1,775 ചതു. കിലോമീറ്ററിൽ നിന്ന് 1580 ചതു. കിലോമീറ്ററായി ചുരുങ്ങി. രണ്ടു ജില്ലകളിലേയും വനവിസ്തൃതിയിലുള്ള കുറവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഈ അവസരത്തിൽ പരിശോധിക്കുന്നത് നന്നായിരിക്കും. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കൂടുൽ ഉരുൽപൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചത് (Down to Earth, Sept. 2018) വനശോഷണവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഇതിൽ നിന്നും വ്യക്തമാണ്.
ഉരുൾപൊട്ടൽ ഭീഷണി നേരിടാൻ നാം എങ്ങനെ തയ്യാറാവണം?
ഭൗതികസൗകര്യങ്ങൾക്കുവേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ സന്തുലിതാവസ്ഥയെ തകർത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കെന്നപോലെ പൊതുജനങ്ങൾക്കും ഉണ്ടാവണം. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞുവച്ചതും ഇതു തന്നെയാണ്. ദുർബ്ബല മേഖലകളെ തരംതിരിച്ച് അതിനനുസൃതമായ രീതിയിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. എത്ര അവജ്ഞ യോടെയാണ് അന്നു നാം അതിനെ സമീപിച്ചത്. ദുരന്തങ്ങളാവർത്തി ക്കാതിരിക്കാൻ ചില മുൻ കരുതലുകൾ അത്യാവശ്യമാണ്. അതിൽ സ്വാർത്ഥത അരുത്. ഇന്ന് വിവിധ സ്ഥാപനങ്ങൾ തയ്യാറാക്കിയ ലാൻഡ് സ്ലൈഡ് ഹസാർഡ് സോണേഷൻ മാപ്പുകൾ ലഭ്യമാണെങ്കിലും വലിയ സ്‌കെയിലുകളിൽ ആണ് ഇവ നിർമിച്ചിരിക്കുന്നത് – ഇത് ഒരു പോരായ്മയാണ്.
- തദ്ദേശവാസികൾ ശാസ്ത്രസമൂഹം മുന്നോട്ടുവയ്ക്കുന്ന കരുതലുകൾ നിസ്സാരമായാണ് പലപ്പോഴും നോക്കിക്കാണുന്നത്. നിർദേശങ്ങളെ ജാഗ്രതയോടുകൂടി സമീപിക്കാൻ ജനങ്ങളെ ബോധവത്കരിക്കണം.
- അത്യാഹിതം സംഭവിച്ചാൽ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറുള്ള വളണ്ടിയർമാരെ വാർഡുതലത്തിൽ പരിശീലിപ്പിച്ചെടുക്കുകയും വേണം. പ്രഥമശുശ്രൂഷക്കും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും ശേഷിയുണ്ടാക്കുന്ന രീതിയിൽ പരിശീലനം നൽകണം.
- മഴമാപിനികളുടെ ശൃംഖല മെച്ചപ്പെടുത്തണം. മഴ അളന്ന് ഓരോ പ്രദേശത്തിന്റെയും ഉരുൾപൊട്ടൽ ആരംഭിക്കുന്നതിനുള്ള അളവ് (ത്രഷോൾഡ് വാല്യു) കണ്ടെത്തിയാൽ മഴ നിശ്ചിത അളവിൽ അധികമാകുമ്പോൾ മുന്നറിയിപ്പ് നൽകുകയും ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും അവരെ മാറ്റി പാർപ്പിക്കുകയും ചെയ്യാം.
- ക്വാറികൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ ഒരു കാരണവശാലും റിസ്‌ക് കൂടിയ സ്ഥലങ്ങളിൽ അനുവദിക്കാതിരിക്കുക. ഹസാർഡ് മാപ്പി നൊപ്പം റിസ്‌ക് മാപ്പുകൾ തയ്യാറാക്കുകയും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും വേണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഒരു പ്രാവശ്യം ഉരുൾപൊട്ടിയ സ്ഥലത്ത് വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത് ശാസ്ത്രീയമായ പഠനത്തിന് ശേഷം മാത്രം.…
- നാലഞ്ചുദിവസം തുടർച്ചയായ മഴ കാലവർഷത്തിൽ ഉണ്ടായാൽ അപകടസാധ്യത ഏറിയ മേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുക. നീർച്ചാലുകളുടെ സമീപം പോകുന്നതും ജലം ശേഖരിക്കുന്നതും ഒഴിവാക്കുക.
- ചെങ്കുത്തായ ചെരിവുകളിലെ നീർചാലുകൾ, അരുവികൾ എന്നിവ യോട് ചേർന്ന് വീടുകൾ നിർമിക്കാതിരിക്കുക.
- അത്യാഹിതം സംഭവിച്ചാൽ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറുള്ള വളണ്ടിയർ സംഘത്തെ പ്രാദേശികതലത്തിൽ സജ്ജമാക്കണം.
- ഇവർക്ക് പ്രാഥമിക ശുശ്രൂഷ, ജീവൻ രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം ലഭ്യമാക്കണം.
- അശാസ്ത്രീയമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കുക.
- നേരത്തെ തിട്ടപ്പെടുത്തിയ റിസ്‌ക് കൂടിയ പ്രദേശത്ത് ക്ഷയിച്ച വനമേഖലകൾ കണ്ടെത്തി വനവത്കരണം വ്യാപകമാക്കുക.
ഉരുള്‍പൊട്ടല്‍ ചിത്രങ്ങള്‍ക്ക് കടപ്പാട് : eos.org, സാംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
സൂചിക:
- Long term Mitigation strategies for landslide hazards in hill ranges of Kozhikode District, Kerala Un published report, UGC (2017)
- Hazard and Risk Analysis of slide prone areas in Kerala Western Ghats Unpublished report, KSCSTE (2010)
- Thampi, P. K., Mathai, J., Sankar, G., and Sidharthan, S., (1998), Evaluation Study in Terms of Landslide Mitigation in Parts of Western Ghats, Kerala. Unpublished research report submitted to the Ministryof Agriculture, Government of India, Centre for Earth Science Studies, Government of Kerala,Thiruvananthapuram, India.
- Sreekumar S. (2009) Techniques for Slope Stability Analysis: Site Specific Studies from Idukki District, Kerala. Journal of Geological Society of India, PP 813-820
അധികവായനയ്ക്ക്
- സുസ്ഥിരവികസനം സുരക്ഷിതകേരളം-KSSP2018
- ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ-KSSP2018
- താളംതെറ്റുന്ന തീരക്കടലും തീരമേഖലയും-KSSP2018