സംഗീത ചേനംപുല്ലി
നിറങ്ങളുടെ ശാസ്ത്രം പംക്തിയിലെ രണ്ടാമത്തെ ലേഖനം.
പച്ച നിറത്തിലുള്ള ഇലച്ചെടി, അരച്ചെടുത്താലും കടും പച്ച തന്നെ എന്നാല്‍ ശരീരത്തിലോ മുടിയിലോ പുരട്ടിക്കഴിഞ്ഞാല്‍ എന്തത്ഭുതം, കടും ചുവപ്പ് നിറം പകരുന്നു. അതെ നമ്മുടെ മൈലാഞ്ചിച്ചെടിയെപ്പറ്റിത്തന്നെ. പൂതം മുറുക്കി തുപ്പിയതുകൊണ്ടാണ് തെച്ചിപ്പൂവൊക്കെ ചോന്നതെന്ന് ഇടശ്ശേരിക്കവിത ആസ്വദിക്കുമ്പോഴും നിറത്തിന്റെ ഗുട്ടന്‍സ് വേറെയാണ് എന്ന് നമുക്കറിയാം.. നിറത്തിനും നിറം മാറ്റത്തിനുമൊക്കെ പിന്നില്‍ രാസമാറ്റങ്ങളും ഇലക്ട്രോണുകളുടെ ഊര്‍ജ്ജപ്പടി കയറ്റവുമൊക്കെയാണ്. മൈലാഞ്ചിയുടെ കഥയും വ്യത്യസ്തമല്ല. ഏറ്റവും സാധാരണമായ ഈ സ്വാഭാവിക ചായം ഒരിക്കലെങ്കിലും കൈകളില്‍ അണിയാത്ത ആരും തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാവാന്‍ ഇടയില്ല.”ആദി പെരിയോന്‍ അമൈത്ത മൈലാഞ്ചി, അദനെന്നെ സ്വര്‍ഗത്തില്‍ ഉള്ള മയിലാഞ്ചി…’ എന്ന് മൈലാഞ്ചിയെ പുകഴ്ത്തുന്ന പാട്ടും നമ്മുടെ നാട്ടിലുണ്ട്.മൈലാഞ്ചിയുടെ ചരിത്രത്തിന് വെങ്കലയുഗത്തോളം പഴക്കമുണ്ട്.സിറിയയില്‍ നിന്ന് കണ്ടെടുത്ത BC 2100 ലെ ഫലകത്തില്‍ വിവാഹാഘോഷത്തില്‍ മൈലാഞ്ചി അണിയുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്. മെഡിറ്ററെനിയന്‍ പ്രദേശങ്ങളില്‍ പലയിടത്തു നിന്നായി കണ്ടെടുത്ത BC 1400 കാലഘട്ടത്തോളം പഴക്കമുള്ള പ്രതിമകളില്‍ സ്ത്രീകളുടെ മൈലാഞ്ചിക്കൈകള്‍ കാണാം. ഇന്നും ഏഷ്യ, ആഫ്രിക്കയിലെ പല പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ആചാരത്തിന്റെ ഭാഗമായും കൈകാലുകളും മുടിയും മോടി കൂട്ടാനും ഹെന്ന, മെഹന്തി എന്നൊക്കെ അറിയപ്പെടുന്ന മൈലാഞ്ചി ഉപയോഗിക്കുന്നുണ്ട്. വിവാഹഘോഷങ്ങളും വിശിഷ്ടാവസരങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. മൈലാഞ്ചി അണിയുന്നത് ദൗര്‍ഭാഗ്യങ്ങളെ അകറ്റി ഭാഗ്യം കൊണ്ടുവരും എന്ന അന്ധവിശ്വാസവും പല നാടുകളിലും ഇപ്പോഴും നിലനില്‍ക്കുന്നു.അപൂര്‍വ്വം അവസരങ്ങളില്‍ ഒഴികെ, സാധാരണയായി കാര്യമായ അപകടങ്ങള്‍ ഉണ്ടാക്കുകയോ, വലിയ അലര്‍ജികള്‍ക്കോ വിഷബാധകള്‍ക്കോ കാരണമാകുകയോ ചെയ്യുന്നില്ല എന്നതിനാല്‍ അത്തരം വിശ്വാസങ്ങളെ അവഗണിക്കാം. ചിലയിടങ്ങളില്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വളര്‍ത്തുമൃഗങ്ങളേയും മൈലാഞ്ചി അണിയിക്കാറുണ്ടത്രേ. അരച്ച മൈലാഞ്ചിയണിയാന്‍ കാത്തിരുന്ന സംക്രാന്തിക്കാലവും റംസാന്‍ കാലവുമൊക്കെ മലയാളികളെ സംബന്ധിച്ചിടത്തോളവും അപരിചിതമല്ല. കേരളത്തിലെ മുസ്ലീം വിവാഹച്ചടങ്ങുകളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രശസ്തമാണ് മൈലാഞ്ചിപ്പാട്ടുകള്‍. അങ്ങനെ അത് ഒരു പ്രാദേശിക സംസ്കാര രൂപകം കൂടിയായി മാറുന്നു.
ലോസോണ്‍ സ്വതന്ത്രമായാല്‍ അടുത്ത പടി ഓക്സീകരണം വഴി അതിന് സംഭവിക്കുന്ന രാസമാറ്റങ്ങളാണ്. തന്മാത്രകള്‍ ഓക്സിജനുമായി കൂടിച്ചേര്‍ന്നുണ്ടാകുന്ന രാസമാറ്റത്തെ ഓക്സീകരണം എന്ന് പൊതുവേ പറയാം (ഇലക്ട്രോണുകളുടെ കൈമാറ്റം അടിസ്ഥാനമാക്കിയാണ് ഓക്സീകരണത്തിന്‍റെ ആധുനിക നിര്‍വചനം). ലോസോണിന്‍റെ നിരോക്സീകരിക്കപ്പെട്ട രൂപമാണ് മൈലാഞ്ചിച്ചെടിയില്‍ അടങ്ങിയിട്ടുള്ളത്. ഇതിന് നിറമില്ല. കൂറഗുളിക അഥവാ നാഫ്തലീന്‍ തന്മാത്രയില്‍ മൂന്ന് ഹൈഡ്രോക്സില്‍ ഗ്രൂപ്പുകള്‍ കൂട്ടിച്ചേര്‍ത്തതാണ് (1,2,4-ട്രൈഹൈഡ്രോക്സി നാഫ്തലീന്‍ അഥവാ THN) ഇതിന്‍റെ ഘടന. ഇതിന് ഓക്സീകരണം നടന്ന് ലോസോണ്‍ ആയി മാറുന്നു. ഇതാണ് മൈലാഞ്ചിനിറത്തിന്റെ അടിസ്ഥാന തന്മാത്ര. ഇളം മഞ്ഞ/ഓറഞ്ച് നിറമാണ് ഇതിനുള്ളത്. ഇതാണ് ശരീരത്തിലെ കെരാറ്റിനുമായി കൂടിച്ചേരുന്നത്. പിന്നീട് വീണ്ടും ലോസോണിന് ഓക്സീകരണം നടന്ന് ചുവപ്പ് ബ്രൌണ്‍ നിറത്തിലായി മാറുന്നു. ഈ ഓക്സീകരണ പ്രക്രിയ പൂര്‍ണ്ണമാകാന്‍ രണ്ടോ മൂന്നോ ദിവസം എടുക്കും. അതുകൊണ്ടാണ് മൈലാഞ്ചി ഇട്ട് രണ്ടുദിവസം കഴിയുമ്പോള്‍ നിറത്തിന് കടുപ്പം കൂടുന്നത്.
ലോസോണ്‍ തന്മാത്രയില്‍ ഒന്നിടവിട്ട ഏക, ദ്വി ബന്ധനങ്ങളാണ് ഉള്ളത്. ഇത് കോഞ്ചുഗേഷന്‍ എന്നാണറിയപ്പെടുന്നത്. കോഞ്ചുഗേഷന്‍ തന്മാത്രയിലെ ഊര്‍ജ്ജ നിലകള്‍ തമ്മിലുള്ള അകലം കുറച്ച് അവയെ എതാണ്ട് സമാന ഊര്‍ജ്ജാവസ്ഥയിലാക്കുന്നു. അതോടെ ദൃശ്യപ്രകാശം ആഗിരണം ചെയ്ത് തന്നെ ഇലക്ട്രോണുകള്‍ക്ക് പല ഊര്‍ജ്ജനിലകളിലേക്ക് ചാടിക്കയറാനും ഇറങ്ങാനും കഴിയുന്നു. പൈ ഇലക്ട്രോണുകള്‍ എന്നാണ് കോഞ്ചുഗേറ്റഡ് തന്മാത്രയിലെ ഇലക്ട്രോണുകള്‍ അറിയപ്പെടുന്നത്. ഇവക്ക് സാധാരണ ഇലക്ട്രോണുകളെക്കാള്‍ ചലനശേഷി കൂടുതലുണ്ട്. ഈ ഇലക്ട്രോണുകളാണ് ഊര്‍ജ്ജപ്പടികള്‍ കയറിയിറങ്ങി മൈലാഞ്ചിയെ നിറമുള്ളതായി നമ്മുടെ കണ്ണിന് കാട്ടിക്കൊടുക്കുന്നത്.
ലോസോണ്‍ തന്മാത്ര ത്വക്കിലും, മുടിയിലും എല്ലാം അടങ്ങിയ പ്രോട്ടീന്‍ ആയ കെരാറ്റിനുമായി വളരെ എളുപ്പത്തില്‍ കൂടിച്ചേരുന്നു. ഇത് ശക്തമായ ഒരു ബന്ധനമാണ്. നഖങ്ങള്‍ വളരും വരെ നിറം മായാതെ നില്‍ക്കുന്നത് തന്നെ ഇതിനു തെളിവ്. എന്നാല്‍ തൊലിയില്‍ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിറം മാഞ്ഞുമാഞ്ഞ് അപ്രത്യക്ഷമാകും. ഇതിനു കാരണം ലോസോണിന്റെ വിഘടനമല്ല മറിച്ച് നമ്മുടെ ത്വക്കിന്റെ പാളി നിരന്തരം പുതുക്കപ്പെടുന്നതു കൊണ്ടാണ്. പഴയ കോശങ്ങള്‍ പൊഴിഞ്ഞുപോവുകയും അവയുടെ സ്ഥാനം പുതിയ കോശങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. അങ്ങനെ കോശങ്ങള്‍ക്കൊപ്പം മൈലാഞ്ചിയും പൊഴിഞ്ഞുപോകുന്നു.സോപ്പും മറ്റ് വസ്തുക്കളുമൊക്കെ ഈ പ്രക്രിയ വേഗത്തിലാക്കും.എണ്ണയും മറ്റും തടവുന്നത് നിറം കുറച്ച് സമയം കൂടി നിലനിര്‍ത്താന്‍ സഹായിക്കും എന്ന് വിശ്വാസമുണ്ടെങ്കിലും കാര്യമായ വ്യത്യാസം ഇതുകൊണ്ട് ഉണ്ടാകുന്നില്ല.
തൊലിക്ക് കട്ടി കൂടുതലുള്ള കൈവെള്ളയിലും കാല്‍ മടമ്പിലുമെല്ലാം കൂടുതല്‍ ആഴത്തിലും, സ്ഥിരതയിലും മൈലാഞ്ചി നിറം പിടിപ്പിക്കും. എന്നാല്‍ മൃദുവായ തൊലിയുള്ള ശരീര ഭാഗങ്ങളില്‍ വളരെയെളുപ്പത്തില്‍ മാഞ്ഞുപോവുകയും ചെയ്യും. മൈലാഞ്ചിച്ചെടിയുടെ പ്രായം, വളരുന്ന അന്തരീക്ഷം, കാലാവസ്ഥ എന്നിവയ്ക്കൊക്കെ അനുസരിച്ച് ലോസോണിന്‍റെ അളവിലും നിറത്തിന്റെ തീവ്രതയിലും വ്യത്യാസമുണ്ടാവും.ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ ലോസോണ്‍ ആണ് മൈലഞ്ചിയിലകളില്‍ സാധാരണ അടങ്ങിയിട്ടുണ്ടാവുക. എന്നാല്‍ ഒരേ മൈലാഞ്ചി ഉപയോഗിച്ചാല്‍ പലരില്‍ പല ഗാഡതയില്‍ നിറം കിട്ടുന്നതോ? തൊലിയുടെ കട്ടിയനുസരിച്ചാണ് ഓരോരുത്തരിലും നിറത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നത്. കട്ടികൂടിയ തൊലിയുള്ള കൈയില്‍, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ മൂത്ത കൈയില്‍ മൈലാഞ്ചി കൂടുതല്‍ ചോക്കും.
മൈലാഞ്ചിയെല്ലാം ലോസോണല്ല
മൈലാഞ്ചിയുടെ വ്യാജന്മാര്‍ ധാരാളം വിപണിയിലുണ്ട്. കുഴമ്പ് രൂപത്തിലുള്ള മൈലാഞ്ചിക്കോണുകളില്‍ പേര് വെളിപ്പെടുത്താത്ത രാസപദാര്‍ഥങ്ങള്‍ ആണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ മൈലാഞ്ചി ഉണ്ടോ എന്നുതന്നെ സംശയമാണ്. ഫ്രീസറില്‍ വെച്ച് തണുപ്പിക്കാതെ നാലോ അഞ്ചോ ദിവസത്തില്‍ കൂടുതല്‍ മൈലാഞ്ചി കേടുവരാതെ സൂക്ഷിക്കാനാവില്ല. മാസങ്ങളോളം കൊടുംചൂടില്‍ ഷെല്‍ഫില്‍ ഇരിക്കുന്ന കോണുകളില്‍ എങ്ങനെ മൈലാഞ്ചി ബാക്കിയാവാനാണ്. സോഡിയം പിക്രമേറ്റ്, പൈറോഗല്ലോള്‍, സില്‍വര്‍ നൈട്രേറ്റ്, വിവിധ തരം കൃത്രിമ ചായങ്ങള്‍ എന്നിവയൊക്കെയാണ് ഇത്തരം കോണുകളില്‍ അടങ്ങിയിട്ടുള്ളത്. ഇവയില്‍ പലതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ തുടങ്ങി കാന്‍സറിനു വരെ കാരണമാകുന്നതാണ്. കറുത്ത മൈലാഞ്ചി അഥവാ ബ്ലാക്ക് ഹെന്ന എന്ന പേരില്‍ വില്‍ക്കപ്പെടുന്ന ഹെയര്‍ ഡൈയില്‍ മൈലാഞ്ചിക്കൊപ്പം കറുപ്പ് നിറം നല്‍കാന്‍ പാര ഫിനിലീന്‍ ഡൈ അമിന്‍ (PPD) എന്ന രാസവസ്തു ചേര്‍ക്കുന്നു. ശരീരത്തില്‍ ടാറ്റൂ ചെയ്യാനും ഇത് ഉപയോഗിക്കുന്നുണ്ട്. അലര്‍ജിയും വീക്കവും തുടങ്ങി അപകടകരമായ ശ്വാസതടസ്സം വരെ ഉണ്ടാക്കാം. മാത്രമല്ല മരുന്നുകള്‍ അടക്കമുള്ള വസ്തുക്കളോട് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അലര്‍ജി ഉണ്ടാക്കുകയും ചെയ്യും. ഇത് പലപ്പോഴും മരണ കാരണം ആയേക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ PPD ശരീരത്തില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. കൃത്രിമ മൈലാഞ്ചി മിശ്രിതങ്ങളെ ആശ്രയിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം എന്ന് സാരം.
അപൂര്‍വ്വമായ ജനിതക രോഗാവസ്ഥയാണ് ഗ്ലൂക്കോസ്-6-ഫോസ്ഫേറ്റ് ഡീഹൈഡ്രോജിനേസ് അപര്യാപ്തത. ശരീരത്തിലെ ചയാപചയ വ്യവസ്ഥയിലെ പിഴവ് മൂലം ചുവന്ന രക്താണുക്കളെ ശരീരം തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. പ്രതിവര്‍ഷം ആയിരക്കണക്കിനാളുകള്‍ ഈ അവസ്ഥ മൂലം മരണമടയാറുണ്ട്.. ഈ രോഗമുള്ളവര്‍ക്ക് മൈലാഞ്ചി മാരകമായേക്കാം. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഈ രോഗം കാണപ്പെടുന്നത്. മൈലാഞ്ചി ഉപയോഗിക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ പ്രദേശങ്ങളിലെ മനുഷ്യരിലാണ് ഈ രോഗവും കാണുന്നത് എന്നത് ഗൌരവം കൂട്ടുന്നു.
മൈലാഞ്ചിയും സമൂഹവും
വിശ്വാസങ്ങളുടെ ഭാഗമായും, അലങ്കാരച്ചമയം എന്ന നിലക്കും ഏഷ്യയിലേയും ആഫ്രിക്കയിലേയും ജനജീവിതത്തില്‍ മൈലാഞ്ചിക്കും മൈലാഞ്ചിയിടലിനും പ്രാധാന്യമുണ്ട്. ഇതിനെ ചുറ്റിപ്പറ്റി കഥകളും, പാട്ടുകളുമെല്ലാം നിലനില്‍ക്കുന്നു. അതുപോലെ തന്നെ വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാനുള്ള സ്വാഭാവിക ചായമായും മൈലാഞ്ചി ഉപയോഗിച്ച് പോന്നു. ഖബറിലെ മൈലാഞ്ചിച്ചെടി മുതല്‍, മൈലാഞ്ചിപ്പാട്ട് വരെ പലതരം മിത്തുകള്‍ മൈലാഞ്ചിയെക്കുറിച്ച് നിലനില്‍ക്കുന്നു. പലതരത്തിലും അസ്വതന്ത്രരായ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഒത്തുകൂടാനും ഉല്ലസിക്കാനുമുളള അവസരം മൈലാഞ്ചിയിടല്‍ ഒരുക്കിയിരുന്നു. ജാതിവ്യവസ്ഥയുടെ താഴേപ്പടിയില്‍ നില്‍ക്കുന്ന സ്ത്രീകളാണ് മിക്കവാറും എല്ലാ സമൂഹങ്ങളിലും മൈലാഞ്ചി ഒരുക്കി അണിയിച്ചിരുന്നത്. മൈലാഞ്ചിച്ചടങ്ങുമായി ബന്ധപ്പെട്ട് അവര്‍ ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഇന്ന് മൈലാഞ്ചി ഉപയോഗിച്ചുള്ള പ്രൊഫഷനല്‍ അലങ്കാരപ്പണികള്‍ ഏറെ പണച്ചെലവുള്ളതായി മാറിയിട്ടുണ്ട്. വിശേഷാവസരങ്ങളില്‍ ഭാഗ്യം കൊണ്ടുവരാനും ദുഷ്ട ശക്തികളില്‍ നിന്ന് മോചനം നേടാനുമൊക്കെയാണ് മൈലാഞ്ചി ഉപയോഗിച്ചിരുന്നത്. വിശ്വാസത്തിന്റെ ഭാഗമായി മുസ്ലീം സമുദായത്തിലെ പുരുഷന്മാരും താടിയും മുടിയും മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിക്കാറുണ്ട്.
വേലിക്കല്‍ നില്‍ക്കുന്ന ഈ പാവം ചെടിക്ക് അതിന്‍റെ നിറമല്ലാതെ മറ്റ് അത്ഭുത വിദ്യകളൊന്നുമില്ല. സ്ത്രീശരീരത്തെ മാത്രം അണിയിച്ചൊരുക്കി കാഴ്ചക്ക് വെക്കേണ്ടതുണ്ടോ എന്ന ചോദ്യം മൈലാഞ്ചിയിടലിനെ സംബന്ധിച്ചും പ്രസക്തമാണ് താനും.
നിറങ്ങളുടെ ശാസ്ത്രം -ഒന്നാം ഭാഗം വായിക്കാം