തീയിലേക്ക് കുതിക്കുന്ന ശലഭം
പ്രാണികൾ വെളിച്ചത്തിനടുത്തേക്ക് പറക്കുന്നതിന് പല ഉത്തരങ്ങളും പലകാലങ്ങളായി പല ശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ പഠനങ്ങൾ പറയുന്നതെന്താണ് ?
ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber
‘അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല. തീപോലെ അപകടകരമായ ഒന്നിലേക്ക് ആകർഷിക്കപ്പെട്ട് സ്വയം നശിക്കാൻ പോകുന്ന ഒന്ന് എന്നാണ് ഈ പഴഞ്ചൊല്ലിൻ്റെ അർഥം. ശരിക്കും ശലഭങ്ങൾ തീയോ വെളിച്ചമോ കണ്ട് അതിൽ ആകൃഷ്‌ടരായി പറക്കുന്നതാണോ? അതോ അവ ബോധമില്ലാതെ ആത്മഹത്യ ചെയ്യാനായി തീയിലേക്ക് ചാടുന്നതാണോ?
ഈയലും ശലഭങ്ങളും മാത്രമല്ല, പൊതുവെ പ്രാണികൾ വെളിച്ചത്തിനടുത്തേക്ക് പറക്കുന്നതിന് പല ഉത്തരങ്ങളും പലകാലങ്ങളായി പല ശാസ്ത്രജ്ഞരും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരുപക്ഷേ, പറക്കുന്നതിനിടയിൽ ചെടികൾക്കിടയിലെ വിടവ് കണ്ടെത്തുന്നത് ഇങ്ങനെ വെളിച്ചം കണ്ടിട്ടായിരിക്കും. അല്ലെങ്കിൽ ചന്ദ്രനായിരിക്കും ഈ പ്രാണികളുടെ ഗതി നിയന്ത്രിക്കുന്ന കോമ്പസ്. പ്രകാശിക്കുന്ന വൈദ്യുതബൾബ്, കത്തിച്ച മെഴുകുതിരി പോലുള്ള കൃത്രിമവെളിച്ചം ഈ പ്രാണികളെ തെറ്റിദ്ധരിപ്പിക്കുന്നതാവാം. അതുമല്ലെങ്കിൽ ഈ പ്രാണികൾ വിളക്കിന്റെ ചൂടിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ, രാത്രിയിലെ ഇരുട്ടിൽ പ്രവർത്തിക്കുന്ന അവയുടെ കണ്ണുകൾ കൃത്രിമ വെളിച്ച ത്തിൽ അന്ധമാകപ്പെട്ട് വഴിതെറ്റി പറക്കുന്നതുമാകാം. ഇതിലേതാണ് ശരിയായത്? അതല്ലെങ്കിൽ ഇതെല്ലാം തെറ്റാണോ? പല ശാസ്ത്രജ്ഞരും ഇതെല്ലാം പഠിക്കാൻ നോക്കിയിട്ടുണ്ടെങ്കിലും ഇരുണ്ട വെളിച്ചത്തിൽ പറക്കുന്ന പ്രാണികളെ 3D ട്രാക്ക് ചെയ്യാൻ അത്ര എളുപ്പമല്ല. അതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കാനും ബുദ്ധിമുട്ടാണ്. ഒരു സെക്കൻഡിൽ വളരെയധികം ഫ്രെയിമുകൾ എടുക്കാൻ കഴിയുന്ന (അതായത് ഫ്രെയിം റേറ്റ് കൂടുതലുള്ള) ക്യാമറ വെച്ച് നടത്തിയ പുതിയ പഠനങ്ങൾ അനുസരിച്ച് കാര്യങ്ങൾ നമ്മൾ നേരത്തെ ചിന്തിച്ചതുപോലെയൊന്നുമല്ല.
വെളിച്ചത്തിനുനേരെ പിൻവശം തിരിഞ്ഞ് പറക്കുക എന്നത് പ്രാണികളുടെ ഒരു റിഫ്ലക്സ് ആക്ഷനാണ്. (dorsal-light- response (DLR)]. സാധാരരണ വെളിച്ചത്തിൽ അത് സൂര്യനും ചന്ദ്രനും നൽകുന്ന വെളിച്ചത്തിനു പുറംതിരിഞ്ഞായിരിക്കും. അതായത് പ്രാണികൾ തങ്ങളുടെ പിൻഭാഗം ആകാ ശത്തെ വെളിച്ചത്തിനുനേരെ, തിരിച്ചാണു പറക്കുക. കൃത്രിമ വെളിച്ചം അല്ലെങ്കിൽ മെഴുകുതിരി വെട്ടം കാണുമ്പോൾ അവ തങ്ങളുടെ പുറം ആ വെളിച്ചത്തിനു നേരെ തിരിച്ച് പറക്കും. വെളിച്ചം ഗോളാകൃതിയിലായതിനാൽ എത്ര തിരിഞ്ഞ് ഗതി പിടിക്കാൻ നോക്കിയാലും ആ വെളിച്ചത്തിനു ചുറ്റും കറങ്ങി കറങ്ങി പോകുകയാണു ചെയ്യുക. ചിലപ്പോൾ ഗതി തെറ്റി വെളിച്ച തിലേക്ക് കൂപ്പുകുത്തുകയും ചത്ത് പോകു കയും ചെയ്യും. അല്ലാതെ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് പ്രാണികൾ ആത്മഹത്യ ചെയ്യുന്നതല്ല
തീയിലേക്ക് കുതിക്കുന്ന ശലഭം എന്ന പഴഞ്ചൊല്ല് ശരിക്കും നമ്മുടെ മാത്രം തോന്നലാണ്. പ്രാണികളങ്ങനെ തീയിലേക്ക് കുതിക്കുന്നൊന്നുമില്ല. അവരുടെ പറക്കലിന്റെ ഗതി ശരിയാക്കാൻ അവ വെളിച്ചത്തിനെതിരെ പുറം തിരിഞ്ഞ് പറക്കുമ്പോൾ ഒരു വട്ടത്തിലുള്ള പ്രകാശത്തിൽ അതിനു ചുറ്റും വട്ടമായി പറക്കുന്നു. ഇനി ലൈറ്റ് താഴെയാണെങ്കിൽ അവ താഴേക്ക് പുറം തിരിച്ച് പറക്കുന്നു. ഇപ്പോഴുള്ള പ്രകാശമലിനീകരണത്തിൽ, പ്രത്യേകിച്ചും നഗരങ്ങളിൽ, ഈ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ട്. നഗരവിളക്കുകളുടെ മോഡലുകൾ പ്രാണികളെക്കൂടി പരിഗണിച്ചുകൊണ്ട് നിർമിക്കേണ്ടിയിരിക്കുന്നു.
അധികവായനയ്ക്ക്
Why flying insects gather at artificial light, Nature, 30 January 2024 ,
പംക്തിയിലെ മറ്റു ലേഖനങ്ങൾ