Read Time:20 Minute

ജിജോ പി. ഉലഹന്നാന്‍

SARS-CoV-2, കൊറോണ വൈറസ്, എന്നിങ്ങനെ മിക്ക വൈറസുകളെയും നശിപ്പിക്കാൻ സോപ്പ് ഏറ്റവും നല്ല മാർഗ്ഗമാകാൻ കാരണമെന്താണ്?

വൈറസുകൾ സ്വയം കൂട്ടിച്ചേർക്കപ്പെടുന്ന (self-assembled) നാനോ കണങ്ങൾ ആണ്. ശരീരത്തിന് പുറത്ത് ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ വരെ വൈറസുകൾ സജീവമായിരിക്കും. അവയുടെ ഏറ്റവും ദുർബലമായ ഭാഗം ലിപിഡ് (കൊഴുപ്പ്) നിർമ്മിതമായ ഇരട്ട ആവരണം ആണ്. സോപ്പ് വൈറസുകളിലെ കൊഴുപ്പ് നിർമ്മിതമായ ആവരണത്തെ അലിയിക്കുകയും, അവ വളരെ വേഗം തകർന്ന് വീണ് “മരിക്കുകയും” ചെയ്യുന്നു, അഥവാ വൈറസുകൾ യഥാർത്ഥത്തിൽ സജീവമല്ലാത്തതിനാൽ അവ നിഷ്‌ക്രിയമായിത്തീരുന്നുവെന്ന് നമുക്ക് പറയാം.

ആൽക്കഹോൾ  അടങ്ങിയ അണുനാശിനി ദ്രാവകങ്ങൾ, വൈപ്പുകൾ, ജെൽസ്, ക്രീം, എന്നിവയൊക്കെ സമാനമായ ഫലങ്ങൾ ഉണ്ടാക്കുമെങ്കിലും, സാധാരണ സോപ്പിനെപ്പോലെ അത്ര ഫലപ്രദമല്ല. ആൽക്കഹോളിനും സോപ്പും അല്ലാതെ, ഈ ഉൽപ്പന്നങ്ങളിലെ “ആൻറി ബാക്ടീരിയൽ ഏജന്റുകൾ” വൈറസ് ഘടനയെ ഒട്ടും ബാധിക്കില്ല.  തന്മൂലം, പല ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങളും അടിസ്ഥാനപരമായി വൈറസുകളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സോപ്പിന്റെ വിലയേറിയ പതിപ്പാണ്. സോപ്പ് മികച്ചതാണെങ്കിലും, സോപ്പ് പ്രായോഗികമോ ലളിതമോ അല്ലാത്തപ്പോൾ ആൽക്കഹോൾ കൊണ്ട് തുടയ്ക്കുന്നത് നല്ലതാണ് (ഉദാ. ഓഫീസ് റിസപ്ഷനുകൾ, യാത്രാ വാഹനങ്ങൾ). എന്തുകൊണ്ടാണ് സോപ്പ് ഇത്ര മികച്ചതാണെന്ന് വിശദീകരിക്കാൻ സൂപ്രാമോളികുലാർ കെമിസ്ട്രി, നാനോ സയൻസ്, വൈറോളജി എന്നിവയിലൂടെയുള്ള ഒരു യാത്ര നമുക്ക് നടത്താം.

Scientific Animations/ Creative Commons

സുപ്രാമോളികുലാർ രസതന്ത്രം

സൂപ്രാമോളികുലാർ കെമിസ്ട്രിയും നാനോ സയൻസും എങ്ങനെ ഒത്തുചേരുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായാണ്  വൈറസുകൾ. മിക്ക വൈറസുകളിലും മൂന്ന് പ്രധാന ബിൽഡിംഗ് ബ്ലോക്കുകൾ അടങ്ങിയിരിക്കുന്നു: ആർ‌എൻ‌എ, പ്രോട്ടീൻ, ലിപിഡുകൾ. ആർ‌എൻ‌എ വൈറസുകളുടെ ജനിതക വസ്തുവാണ് – ഇത് ഡി‌എൻ‌എയുമായി വളരെ സാമ്യമുള്ളതാണ്. വൈറസിനെ ഒരു കോശത്തിലേക്ക് കടക്കാൻ സഹായിക്കുക, അവയെ പെരുകാൻ സഹായിക്കുക, അടിസ്ഥാനപരമായി മുഴുവൻ വൈറസ് ഘടനയുടെയും ഒരു പ്രധാന ബിൽഡിംഗ് ബ്ലോക്ക് (ഒരു വീട്ടിലെ ഒരു ഇഷ്ടിക പോലെ) ആയിരിക്കുക എന്നിവ ഉൾപ്പെടെ നിരവധി റോളുകൾ പ്രോട്ടീനുകൾക്കുണ്ട്. ലിപിഡുകൾ വൈറസിന് ചുറ്റും ഒരു കവചം ഉണ്ടാക്കുന്നു, ഇത് സംരക്ഷണത്തിനും, കോശങ്ങളെ ആക്രമിച്ചുള്ള വ്യാപനത്തിനും സഹായിക്കുന്നു. ഇങ്ങിനെ സ്വയം ഒത്തുചേരുന്ന ആർ‌എൻ‌എ, പ്രോട്ടീനുകൾ, ലിപിഡുകൾ എന്നിവയാണ് വൈറസ്. ശരിക്കും പറഞ്ഞാൽ ഈ ഘടകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ “കോവാലന്റ്” ബോണ്ടുകൾ വൈറസിൽ ഇല്ല. പകരം, സ്വയം രൂപീകൃതമായ വൈറൽ ഘടന  പ്രോട്ടീനുകൾ, ആർ‌എൻ‌എ, ലിപിഡുകൾ എന്നിവ തമ്മിലുള്ള ദുർബലമായ “നോൺ-കോവാലന്റ്” ബന്ധങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയെല്ലാം ഒരുമിച്ച് ഒരു വെൽക്രോ പോലെ പ്രവർത്തിക്കുന്നു, അതിനാൽ സ്വയം കൂട്ടിച്ചേർത്ത വൈറൽ കണങ്ങളെ തകർക്കാൻ വളരെ പ്രയാസമാണ്. എന്നിട്ടും, നമുക്ക് ഇവയെ തകർക്കാൻ സോപ്പ് ഉപയോഗിച്ച് ഉപയോഗിച്ച് സാധിക്കും.

കടപ്പാട് PalliThordarson
കൊറോണ വൈറസ് ഉൾപ്പെടെയുള്ള മിക്ക വൈറസുകളും 50-200 നാനോമീറ്ററുകൾക്കിടയിലാണ് – അതിനാൽ അവ യഥാർത്ഥത്തിൽ നാനോ കണങ്ങൾ ആണ്.  നാനോ കണങ്ങൾക്ക് അവ നിലനിൽക്കുന്ന പ്രതലങ്ങളുമായി സങ്കീർണ്ണമായ ബന്ധങ്ങൾ ഉണ്ട്. വൈറസുകളുടെ കാര്യത്തിലും ഇത് ശരിയാണ്. ചർമ്മം, ഉരുക്ക്, തടി, വസ്ത്രം, പെയിന്റ്, പോർസലൈൻ എന്നിവ വളരെ വ്യത്യസ്തമായ പ്രതലങ്ങളാണ്.

ഒരു വൈറസ് ഒരു കോശത്തെ ആക്രമിക്കുമ്പോൾ, അതിലെ ആർ‌എൻ‌എ ഒരു കമ്പ്യൂട്ടർ വൈറസ്  പോലെ കോശത്തിന്റെ ഘടകങ്ങളെ “ഹൈജാക്ക്” ചെയ്യുകയും, കോശത്തെ വൈറസിന്റെ ആർ‌എൻ‌എയുടെയും, വൈറസ് സൃഷ്ടിക്കുന്ന വിവിധ പ്രോട്ടീനുകളുടെയും പുതിയ പകർപ്പുകൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട പുതിയ ആർ‌എൻ‌എയും, പ്രോട്ടീൻ തന്മാത്രകളും, സാധാരണ കോശത്തിൽ സുലഭമായ ലിപിഡുകളുമായി സ്വയം ഒത്തുചേർന്ന് വൈറസിന്റെ പുതിയ പകർപ്പുകൾ സൃഷ്ടിക്കുന്നു.  അതായത്, വൈറസ് സ്വയം ഫോട്ടോകോപ്പി ചെയ്യുന്നില്ല, പകരം അതിനാവശ്യമുള്ള ഘടകങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കുകയും, ആ ഘടകങ്ങൾ സ്വയം പുതിയ വൈറസുകളായി മാറുകയും ചെയ്യുന്നു! (ഏതാണ്ട് കുറേ റോബോട്ടുകൾ ഒരു ഫാക്ടറി കീഴടക്കി സ്വയം യോജിക്കുന്ന റോബോട്ട് ഘടകങ്ങൾ നിർമ്മിക്കാൻ ആ ഫാക്ടറി ഉപയോഗിച്ച് പെരുക്കുന്ന പോലെ).

ഈ പുതിയ വൈറസുകളെല്ലാം ഒടുവിൽ ആ കോശത്തെ കീഴടക്കുക വഴി അത് മരിക്കുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യുന്നു. ഇത് വഴി പുറത്ത് വരുന്ന നിരവധി വൈറസുകൾ മറ്റ് കോശങ്ങൾ ആക്രമിച്ച് കീഴടക്കുന്നു. ശ്വാസകോശത്തിലെത്തിയാൽ, ഈ വൈറസുകളിൽ ചിലത് വായുമാർഗങ്ങളിലും, അവയ്ക്ക്ചുറ്റുമുള്ള കഫത്തിലും എത്തിച്ചേരുന്നു. നമ്മൾ ചുമയ്ക്കുമ്പോൾ, അല്ലെങ്കിൽ തുമ്മുമ്പോൾ, വായുമാർഗങ്ങളിൽ നിന്നുള്ള ചെറിയ തുള്ളികൾക്ക് 10 മീറ്റർ (30 അടി) വരെ വായുവിൽ സഞ്ചരിക്കാൻ കഴിയും!  വലിയ തുള്ളികളാണ് പ്രധാന കൊറോണ വൈറസ് വാഹകരെന്ന് കരുതപ്പെടുന്നു. അവയ്ക്ക് കുറഞ്ഞത് 2 മീറ്റർ (7 അടി) പോകാൻ കഴിയും. അതിനാൽ, നാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നിർബന്ധമായും വായ മൂടുക! ചെറിയ തുള്ളികൾ ഏതെങ്കിലും ഉപരിതലത്തിൽ വീണാൽ വേഗത്തിൽ വരണ്ടുപോകും. എന്നാൽ വൈറസുകൾ അപ്പോഴും സജീവമാണ്! അടുത്തതായി സംഭവിക്കുന്നത് വിശദീകരിക്കണമെങ്കിൽ വൈറസുകൾ പോലുള്ള സ്വയം കൂടിച്ചേരുന്ന നാനോകണങ്ങൾ അവയുടെ പരിസ്ഥിതിയുമായി എങ്ങനെ ഇടപഴകുന്നു എന്നതും അറിയണം.

കോവിഡ് വൈറസുകളുടെ ആർഎൻഎ മനുഷ്യ കോശങ്ങളിലെ ആർഎൻഎയുമായി സാമ്യമുള്ളതിനാൽ ഇവ ശരീരത്തിലെത്തിയാൽ വളരെ വേഗം പെരുകുന്നു. എന്നാൽ ശരീരത്തിലേക്ക് കടക്കാൻ മൃദുസ്തരങ്ങളിലൂടെ മാത്രമേ ഇതിനാകൂ എന്നതിനാൽ നമ്മുടെ വായ, അന്നനാളം, ചെറുകുടൽ എന്നിവയുടെയൊക്കെ ആവരണങ്ങൾ വഴി ഇവ കടന്നു കയറുന്നു. എന്നാൽ ഏറ്റവും പ്രിയപ്പെട്ടയിടം ശ്വാസകോശമാണ്. അതിനാൽ ഇത് രണ്ട് ശ്വാസകോശങ്ങളെയും വളരെ വേഗം ബാധിക്കുകയും പ്രതിരോധശേഷി കുറഞ്ഞവരെ എളുപ്പത്തിൽ കിടപ്പിലാക്കുകയും ചെയ്യുന്നു. അവിടുന്ന് താഴേക്ക് കരൾ, കിഡ്നി എന്നിവയേയുമൊക്കെ ഇവ കീഴടക്കാം. ശ്വാസകോശത്തെ കുഴപ്പത്തിലാക്കുന്ന സമയത്ത് ബാക്ടീരിയകൾ കൂടി കടന്ന് കയറി ഫ്ലൂ ബാധിക്കാനും ഇടയായേക്കാം.

സുപ്രാമോളികുലാർ കെമിസ്ട്രിയിലെ ഒരു തത്വമാണ് പൊതുവെ തന്മാത്രകൾ, അന്യ തന്മാത്രകളുമായി ബന്ധപ്പെടുന്നതിനേക്കാൾ ശക്തമായി സമാന തന്മാത്രകളുമായി പ്രവർത്തിക്കുന്നു എന്നത്. ഇതിൻ പ്രകാരം തടി, തുണിത്തരങ്ങൾ, ചർമ്മം എന്നിവ വൈറസുകളുമായി ശക്തമായി ഇടപഴകുന്നു. എന്നാൽ സ്റ്റീൽ, പോർസലൈൻ, ടെഫ്ലോൺ പോലെയുള്ള ചില പ്ലാസ്റ്റിക്കുകൾ എന്നിവയുമായി ഇവ അത്ര ശക്തമായി ആകർഷിക്കപ്പെടുന്നില്ല.  ഉപരിതല ഘടനയും ഇതുപോലെ പ്രധാനമാണ് – പരന്ന പ്രതലങ്ങളിൽ വൈറസ് പറ്റിനിൽക്കുന്നത് കുറയുമെങ്കിൽ, പരുക്കൻ പ്രതലങ്ങളിൽ വൈറസിനെ പറ്റിപ്പിടിക്കാൻ സഹായിക്കുന്നു.

 എന്തുകൊണ്ടാണ് ഉപരിതലങ്ങൾ വ്യത്യസ്തമായിരിക്കുന്നത്? 

ഹൈഡ്രജൻ ബോണ്ടുകളും (വെള്ളത്തിലുള്ളത് പോലെ), ഹൈഡ്രോഫോബിക് അല്ലെങ്കിൽ “കൊഴുപ്പ് പോലുള്ള” പ്രതിപ്രവർത്തനങ്ങളും ചേർന്നതാണ് വൈറസ്.  നാരുകളുടെയോ, മരത്തിന്റെയോ പ്രതലങ്ങൾക്ക് വൈറസുമായി ധാരാളം ഹൈഡ്രജൻ ബോണ്ടുകൾ ഉണ്ടാക്കാൻ കഴിയുന്നു. എന്നാൽ, പോർസലൈൻ അല്ലെങ്കിൽ ടെഫ്ലോൺ വൈറസുമായി ധാരാളം ഹൈഡ്രജൻ ബോണ്ടുകൾ ഉണ്ടാക്കുന്നില്ല.  അതിനാൽ ഈ ഉപരിതലങ്ങളുമായി വൈറസ് ശക്തമായി ബന്ധപ്പെടുന്നില്ല. ഈ ഉപരിതലത്തിൽ വൈറസ് വളരെ സ്ഥിരതയുള്ളതായതിനാൽ ദീർഘസമയം നിലനിൽക്കുന്നു. അതേസമയം തുണി, മരം എന്നിവയിൽ വൈറസുകൾ അധികകാലം സജീവമായിരിക്കില്ല. വൈറസ് എത്രത്തോളം സജീവമായി തുടരും എന്നത് വിവിധ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു.  SARS-CoV-2 കൊറോണ വൈറസ് അനുകൂലമായ പ്രതലങ്ങളിൽ മണിക്കൂറുകളോളം സജീവമായിരിക്കുമെന്ന് കരുതപ്പെടുന്നു, ഒരുപക്ഷേ 24 മണിക്കൂറുകളോളം. ഈർപ്പം (അലിയിപ്പിക്കുന്നു), സൂര്യപ്രകാശം (അൾട്രാവയലറ്റ് ലൈറ്റ്), ചൂട് (തന്മാത്രാ ചലനങ്ങൾ) എന്നിവയെല്ലാം വൈറസിനെ അസ്ഥിരമാക്കുന്നു.

നമ്മുടെ ചർമ്മം വൈറസിന് അനുയോജ്യമായ ഒരു പ്രതലമാണ്. ഒരു ജൈവമാധ്യമം ആയ ചർമ്മത്തിലെ മൃത കോശങ്ങളിലെ പ്രോട്ടീനുകളും, ഫാറ്റി ആസിഡുകളും ഹൈഡ്രജൻ ബോണ്ടുകളിലൂടെയും കൊഴുപ്പ് പോലുള്ള ഹൈഡ്രോഫോബിക് പ്രതിപ്രവർത്തനങ്ങളിലൂടെയും വൈറസുമായി പ്രതിപ്രവർത്തിക്കുന്നു. അതിനാൽ, ഒരു സ്റ്റീൽ ഉപരിതലത്തിൽ ഒരു വൈറസ് കണികയുണ്ടെങ്കിൽ നമ്മൾ അതിൽ സ്പർശിക്കുമ്പോൾ, വൈറസ് ചർമ്മത്തിൽ പറ്റിനിൽക്കുകയും അതുവഴി നമ്മളുടെ കൈകളിലേക്ക് മാറുകയും ചെയ്യും.

നമ്മൾ (ഇതുവരെ) രോഗബാധിതരല്ല എന്നിരുന്നാലും, നമ്മൾ മുഖത്ത് സ്പർശിക്കുകയാണെങ്കിൽ, വൈറസ് കൈകളിൽ നിന്നും മുഖത്തേക്ക് മാറുന്നു. ഇപ്പോൾ വൈറസ് നമ്മുടെ വായയ്ക്കും, കണ്ണിനും, ചുറ്റുമുള്ള വായുമാർഗങ്ങൾക്കും, കഫം നിറഞ്ഞ പ്രതലങ്ങൾക്കും അപകടകരമാം വിധം അടുത്താണ്. അതിനാൽ വൈറസിന് ഇവയിലേതെങ്കിലും വഴി നമ്മുടെ ശരീരത്തിൽ പ്രവേശിക്കാം! അങ്ങിനെ നമ്മൾ രോഗബാധിതരാകുന്നു (അതായത്, നമ്മുടെ രോഗപ്രതിരോധ ശേഷി വൈറസിനെ കൊല്ലുന്നില്ലെങ്കിൽ). വൈറസ് നമ്മുടെ കൈയിലാണെങ്കിൽ, മറ്റൊരാളുടെ കൈ കുലുക്കി നമുക്ക് അത് കൈമാറാൻ കഴിയും.  ചുംബനങ്ങൾ, തുമ്മൽ വഴിയെല്ലാം വൈറസിനെ നമുക്ക് ലഭിക്കാം. എന്നാൽ നമ്മുടെ ത്വക്കിനെ തുളച്ച് ശരീര ദ്രാവകങ്ങളിൽ എത്താനുള്ള കഴിവ് വൈറസുകൾക്കില്ല. മൃദു ചർമ്മങ്ങൾ വഴിയേ അവയ്ക്ക് ഉള്ളിലേക്ക് കടക്കാനാവൂ.

സോപ്പിനെക്കുറിച്ച്

നമ്മുടെ മുഖത്ത് നാം എത്ര തവണ സ്പർശിക്കാറുണ്ട്?  2 മുതൽ 5 മിനിറ്റിലൊരിക്കൽ മിക്ക ആളുകളും സ്വന്തം മുഖത്ത് ഒരിക്കൽ സ്പർശിക്കാറുണ്ട്!  അതെ, അതിനാൽ‌ സജീവമായ വൈറസുകളെ കഴുകി കളയാൻ‌ കഴിയുന്നില്ലെങ്കിൽ‌ അവ നമ്മുടെ കൈകളിൽ നിന്ന് മുഖത്തേക്ക് പ്രവേശിക്കാൻ ഉയർന്ന സാധ്യതയുണ്ട്.  വൈറസുകളെ ശുദ്ധ ജലത്തിൽ കഴുകി കളയാൻ ശ്രമിച്ചാൽ ഫലപ്രദമാകാറില്ല. ചർമ്മവും വൈറസും തമ്മിലുള്ള ശക്തമായ ഹൈഡ്രജൻ ബോണ്ടുകളുടെ “പശ പോലുള്ള” ഒട്ടൽ വേർപെടുത്താൻ ജലത്തിന് സാധിക്കില്ല എന്നതാണിതിനു കാരണം. സോപ്പ് വെള്ളം തികച്ചും വ്യത്യസ്തമാണ്.  സോപ്പിൽ ആംഫിഫൈലുകൾ എന്നറിയപ്പെടുന്ന കൊഴുപ്പ് പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു, ഇവ ഘടനാപരമായി വൈറസുകളിലെ കവചമായ ലിപിഡുകളുമായി സാമ്യമുള്ളതാണ്.

അതിനാൽ സോപ്പ് തന്മാത്രകൾക്ക് വൈറസ് ആവരണത്തിലെ ലിപിഡുകളെ തകർക്കാൻ സാധിക്കുന്നു. പ്രോട്ടീൻ, ആർ‌എൻ‌എ, ലിപിഡുകൾ എന്നിവ ഒരുമിച്ച് നിൽക്കാൻ സഹായിക്കുന്ന മറ്റ് നോൺ-കോവാലന്റ് ബോണ്ടുകളുമായും സോപ്പ് തന്മാത്രകൾ മത്സരിക്കുന്നു.  സോപ്പ് ഫലപ്രദമായി വൈറസിനെ ഒന്നിച്ചുനിർത്തുന്ന പശ അലിയിക്കാൻ കഴിയുന്നു. വൈറസും ചർമ്മവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെയും സോപ്പ് മറികടക്കുന്നു. ചുരുക്കത്തിൽ സോപ്പിന്റെയും വെള്ളത്തിന്റെയും സംയോജിത പ്രവർത്തനം കാരണം വൈറസുകൾ ചർമ്മത്തിൽ നിന്ന് വേർപ്പെട്ട് തകരുന്നു. നമ്മുടെ ചർമ്മം വളരെ പരുക്കനും ചുളിവുകളുള്ളതുമായതിനാൽ ചർമ്മത്തിന്റെ ഉപരിതലത്തിൽ സജീവമായ വൈറസുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. അവിടെയെല്ലാം  സോപ്പ് എത്തുന്നത് ഉറപ്പാക്കാൻ നമുക്ക് ചർമ്മം നന്നായി കുതിർത്ത് ഉരച്ച് കഴുകേണ്ടത് ആവശ്യമായി വരുന്നത്.

കടപ്പാട് PalliThordarson

എല്ലാ “അണുനാശിനി”, “ആൻറി ബാക്ടീരിയൽ” ഉൽ‌പ്പന്നങ്ങളും വളരെ ഉയർന്ന അളവിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി 60 മുതൽ 80 ശതമാനം വരെ എത്തനോൾ, ചിലപ്പോൾ അൽ‌പം ഐസോപ്രോപനോൾ എന്നിവ കൂടാതെ ജലവും, സോപ്പും അടങ്ങിയതാണ് ഇത്തരം ഉൽപ്പന്നങ്ങൾ. എത്തനോൾ, മറ്റ് ആൽക്കഹോളുകൾ എന്നിവ വൈറസ് വസ്തുക്കളുമായി ഹൈഡ്രജൻ ബോണ്ടുകൾ ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, ഒരു ലായകമെന്ന നിലയിൽ ജലത്തേക്കാൾ കൂടുതൽ ലിപ്പോഫിലിക് ആണ്.  അതിനാൽ മദ്യം ലിപിഡ് സ്തരങ്ങളെ അലിയിക്കുന്നതിനൊപ്പം വൈറസിലെ മറ്റ് തന്മാത്രാ പ്രതിപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, വൈറസ് ദ്രുതഗതിയിൽ ഇല്ലാതാകുന്നതിന് ആൽക്കഹോൾ ഉയർന്ന സാന്ദ്രതയിൽ (ഒരുപക്ഷേ 60 ശതമാനത്തിലധികം) ആവശ്യമാണ്. വോഡ്ക അല്ലെങ്കിൽ വിസ്കി (സാധാരണയായി 40% എത്തനോൾ അടങ്ങിയവ), വൈറസിനെ വേഗത്തിൽ അലിയിക്കുകയില്ല. മൊത്തത്തിൽ ആൽക്കഹോൾ സോപ്പ് പോലെ അത്ര ഫലപ്രദമല്ല എന്ന് കാണാം.

അതിനാൽ മിക്കവാറും എല്ലാ ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങളിലും ആൽക്കഹോളിനൊപ്പം കുറച്ച് സോപ്പും അടങ്ങിയിരിക്കുന്നു, ഇത് വൈറസുകളെ കൊല്ലാൻ സഹായിക്കുന്നു.  ട്രൈക്ലോസൻ പോലുള്ള “ആക്റ്റീവ്” ബാക്ടീരിയ നിർമ്മാർജ്ജന വസ്തുക്കളും ചിലതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, അവർ അടിസ്ഥാനപരമായി വൈറസിനെ ഒന്നും ചെയ്യുന്നില്ല!

ചുരുക്കത്തിൽ, വൈറസുകൾ മിക്കവാറും ചെറിയ ഗ്രീസ്-നാനോകണങ്ങൾ പോലെയാണ്.  ഉപരിതലത്തിൽ മണിക്കൂറുകളോളം സജീവമായി തുടരാനും തുടർന്ന് സ്പർശനം വഴി പകരാനും അവയ്ക്ക് കഴിയും. പിന്നീട് നമ്മുടെ മുഖത്ത് എത്തി ശരീരത്തിനുള്ളിലേക്ക് കടന്ന് നമ്മളെ രോഗിയാക്കുന്നു. ഇതിനു കാരണമോ, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്ന നമ്മുടെ പ്രവണതയും.

നമ്മുടെ കൈയ്യിൽ നിന്ന് വൈറസ് കഴുകി കളയാൻ ജലം വളരെ ഫലപ്രദമല്ല. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.  എന്നാൽ ഇവയ്ക്കൊന്നും സോപ്പിനെ വെല്ലാനാവില്ല – സോപ്പ് വെള്ളത്തിൽ കഴുകുന്നത് വഴി വളരെ എളുപ്പത്തിൽ വൈറസ് നമ്മുടെ ചർമ്മത്തിൽ നിന്ന് വേർപെട്ട് നശിച്ചു പോകുന്നു.


(Palli Thordarson എഴുതിയ  ലേഖനത്തിന്റെ ജിജോ പി ഉലഹന്നാന്‍ എഴുതിയ പുനരാവിഷ്ക്കരണം)

Palli Thordarson എഴുതിയ  യഥാര്‍ത്ഥ ലേഖനം വായിക്കാം :

Deadly viruses are no match for plain, old soap — here’s the science behind it

അധിക വായനയ്ക്ക്:

  1. WHO-recommended handrub formulations
  2. PalliThordarson – Twitter Post
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post COVID 19 – അറിയേണ്ടെതെല്ലാം
Next post കോവിഡ്-19: ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നതെന്ത് ?
Close