Read Time:40 Minute

എന്താണ് COVID – 19 ?

കൊറോണ വൈറൽ ഡിസീസ് – 2019 എന്നതിന്റെ ചുരുക്കമാണ് COVID – 19. മുൻപ് ‘നോവൽ കൊറോണ വൈറൽ ഡിസീസ്’ എന്നും അറിയപ്പെട്ടിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ചില രോഗികളിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തുന്നത്..നിലവിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമായും ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്.. ‘അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം’ (ARDS) എന്ന രോഗാവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങൾ രോഗം ബാധിച്ച വ്യക്തികളിൽ കാണപ്പെടുന്നു.

രോഗം എങ്ങനെ പകരുന്നു ?

കൊറോണ വൈറസ് പകരുന്ന കൃത്യമായ വിധത്തെപ്പറ്റി പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതെയുള്ളൂ.. എങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ആയതിനാൽ പൊതുവെ രോഗബാധിതനായ വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരും.. രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ചിരുന്ന തൂവാല , ഗ്ലാസ് മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നത് വഴിയും രോഗം പകരാം.. സാധാരണയായി അസുഖബാധിതനായ വ്യക്തിയുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കും , രോഗിയെ ശുശ്രൂഷിക്കുന്നവർക്കും രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങൾ  

പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് COVID-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില രോഗികൾക്ക് വേദനയും വേദനയും, മൂക്കൊലിപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന അല്ലെങ്കിൽ വയറിളക്കം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി സൗമ്യവും ക്രമേണ ആരംഭിക്കുന്നതുമാണ്. ചില ആളുകൾ രോഗബാധിതരാകുന്നു, മിക്ക ആളുകളും (ഏകദേശം 80%) പ്രത്യേക ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്ന് കരകയറുന്നു. COVID-19 ലഭിക്കുന്ന ഓരോ 6 പേരിൽ 1 പേർക്ക് ഗുരുതരമായ രോഗം പിടിപെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. പ്രായമായ ആളുകൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം പോലുള്ള മെഡിക്കൽ പ്രശ്നങ്ങൾ ഉള്ളവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ വൈദ്യസഹായം തേടണം.

ഇൻകുബേഷൻ പിരീഡ്”എന്നാൽ വൈറസ് പിടിപെടുന്നതിനും രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുള്ള സമയം എന്നാണ് അർത്ഥമാക്കുന്നത്. COVID-19  ഇൻകുബേഷൻ പീരീഡ്1-14 ദിവസം വരെ ആണ്

രോഗനിർണയം നടത്തുന്നത് PCR എന്ന ടെസ്റ്റ്ലൂടെ ആണ്. രക്തം, ത്രോട്ട് സ്വാബ് എന്നിവയിൽ ഈ പരിശോധന നടത്താം

ചികിത്സ

COVID 19 ചികിത്സ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ്.പ്രതിരോധ വാക്സിനുകൾ ഈ അസുഖത്തിന് ഇല്ല

രോഗപ്രതിരോധം 

➡️ രോഗബാധിതരോടൊപ്പം ഇടപഴകിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, ആരാധനാലയങ്ങളിലോ ഓഫീസുകളിലോ ആശുപത്രികളിലോ ചിലവഴിച്ചവർ, ആഘോഷങ്ങളിലും പാർട്ടികളിലും അടുത്ത ഇടപെട്ടവർ, ഒരുമിച്ച് യാത്ര ചെയ്തവർ അങ്ങനെ അവരുമായി അടുത്തിടപഴകിയ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

➡️ഇടയ്ക്കിടെ മുഖത്തും മൂക്കിലും വായിലും കണ്ണിലും മറ്റും സ്പർശിക്കാതിരിക്കുക

➡️ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കൈലേസുകളോ ടിഷ്യു പേപ്പറോ ഉപയോഗിക്കണം. അതില്ലെങ്കിൽ മടക്കിയ കൈ മുട്ടിനുള്ളിലേക്ക് തുമ്മുക. ഒരിക്കലും കൈപ്പത്തികൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.

➡️പൊതു സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.

ഫേസ് മാസ്ക്

➡️രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് ഫേസ് മാസ്ക് ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും.

➡️രോഗം ഇല്ലാത്തവർ ഇത്തരം മാസ്ക് ഉപയോഗിക്കേണ്ടതില്ല.

➡️മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  1. മാസ്ക് ധരിക്കും മുൻപും പിൻപും കൈകൾ അണുവിമുക്തം ആക്കണം, ഇതിനായി ആൽക്കഹോൾ ബേസ്‌ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
  2. ഉള്ളിൽ മെറ്റാലിക് ഭാഗം ഉള്ള മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വെച്ചതിനു ശേഷം, വള്ളികൾ പിന്നിൽ കെട്ടുകയോ, ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യുക.
  3. നിങ്ങളുടെ മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
  4. ഉപയോഗത്തിലായിരിക്കുമ്പൊ മാസ്കിൽ സ്പർശിക്കരുത്.
  5. മാസ്ക് നനയുകയോ, ഉപയോഗശൂന്യമാവുകയോ, നിശ്ചിത സമയം കഴിയുകയോ ചെയ്‌താൽ മാസ്ക് സുരക്ഷിതമായി നീക്കം ചെയ്യുക.
  6. മാസ്ക് അഴിച്ചെടുക്കുമ്പോൾ മാസ്കിൻ്റെ മുന്നിൽ (മുഖത്തെ ആവരണം ചെയ്തിരിക്കുന്ന ഭാഗത്ത്) സ്പർശിക്കരുത്. പിന്നിൽ, അതിൻ്റെ ലേസിൽ പിടിച്ച് അഴിച്ചെടുക്കുക.
  7. അബദ്ധത്തിലെങ്ങാനും അങ്ങനെ സ്പർശിക്കാനിടയായാൽ ഉടൻ തന്നെ മേൽപ്പറഞ്ഞ രീതിയിൽ കൈകൾ ശുചിയാക്കുക.
  8. ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.
  9. മാസ്ക് അതിൻ്റെ വള്ളിയിൽ മാത്രം പിടിച്ചു കൊണ്ട് ഊരി അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. മാസ്‌ക്, ആശുപത്രികളിൽ potentially infectious വസ്തുക്കൾ ഇടുന്ന വേസ്റ്റ് ബിന്നിലും, വീടുകളിൽ അടപ്പുള്ള waste ബിന്നിലും ഇടണം. ഉപയോഗിച്ച മാസ്ക് പൊതു സ്‌ഥലങ്ങളിൽ വലിച്ചെറിയിരുത്. അത് അസുഖം പടരാൻ കാരണമാകും.
  10. ഇതിനു ശേഷവും മുൻ പറഞ്ഞ പോലെ കൈകൾ ശുചിയാക്കുക.
  11. സാധാരണ സർജിക്കൽ മാസ്കാണെങ്കിൽ 4-6 മണിക്കൂർ കഴിയുമ്പോൾ മാറ്റുന്നതാണുചിതം. N95 മാസ്കുകൾ 4 മണിക്കൂറിലധികം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.

കൈ കഴുകൽ

➡️കൈകഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കൈ നനയ്ക്കുക, സോപ്പ് തേക്കുക
  2. കൈ വെള്ളകൾ തമ്മിൽ തിരുമ്മുക.
  3. വലതു കൈപ്പത്തിയുടെ പുറം ഇടതു കൈവെള്ള കൊണ്ടു  തിരുമ്മുക,
  4. പിന്നെ ഇടതു കൈപ്പത്തിയുടെ പുറം വലതു കൈ വെള്ള കൊണ്ട് തിരുമ്മുക
  5. കൈവെള്ളകൾ തമ്മിൽ വിരലുകൾ കോർത്ത്‌ തിരുമ്മുക
  6. വിരലുകൾ മടക്കി കൈ പത്തികൾ തമ്മിൽ കൊളുത്തി പിടിച്ചു കൊണ്ട് വലതു കൈ വിരലുകളുടെ പുറം ഇടതു കൈവെള്ള കൊണ്ടും ഇടതു കൈ വിരലുകളുടെ പുറം വലതു കൈ വെള്ള കൊണ്ടും തിരുമ്മുക
  7. വലതു തള്ളവിരൽ ഇടതു കൈവെള്ള  കൊണ്ട് ചുറ്റി പിടിച്ച് ഉരസുക, പിന്നെ ഇടതു തള്ളവിരൽ വലതു കൈവെള്ള കൊണ്ട് ചുറ്റി പിടിച്ചു ഉരസുക
  8. വലതു കൈവിരലുകളുടെ അഗ്രം ഇടതു കൈവെള്ളയിലും ഇടതു കൈവിരലുകളുടെ അഗ്രം വലതു കൈ വെള്ളയിലും ഉരസുക
  9. വലതു കൈത്തണ്ട ഇടതു കൈ വെള്ള  കൊണ്ടും വലതു കൈത്തണ്ട വലതു കൈ വെള്ള കൊണ്ടും തിരുമ്മുക

ഇത്രയും കാര്യങ്ങൾ കുറഞ്ഞത് അര മിനിറ്റ് എടുത്തു പൂർത്തിയാക്കണം.

➡️എപ്പോഴൊക്കെ കൈകൾ ശുചിയാക്കണം? 

  1. പുറത്തു പോയി തിരികെ വീട്ടിലെത്തിയാലുടൻ
  2. രോഗി /ആശുപത്രി സന്ദർശനത്തിനും രോഗീപരിചരണത്തിനും ശേഷം
  3. ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും
  4. ആഹാരം പാചകം ചെയ്യുന്നതിന് മുൻപ്
  5. മലമൂത്രവിസർജനത്തിനു ശേഷം
  6. മൃഗങ്ങളെ സ്പർശിച്ചതിനു ശേഷം
  7. മുറിവുകളിൽ സ്പർശിക്കുന്നതിനു മുൻപും ശേഷവും
  8. മാസ്ക് ധരിക്കുന്നതിന് മുൻപും, ഉപയോഗിച്ച മാസ്ക് ഊരി മാറ്റി വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ച ശേഷവും
കൊറോണ പോലെയുള്ള പകർച്ച വ്യാധികൾ പകരുന്ന സാഹചര്യങ്ങളിൽ മേല്പറഞ്ഞ സാഹചര്യങ്ങൾ കൂടാതെ തന്നെ കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കണം. ശുചിയാക്കാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് അണുബാധയുണ്ടാകാൻ കാരണമാകും

പൊതുജന ശ്രദ്ധക്ക്

  • കൈകൾ പല തവണയായി സോപ്പ്  അല്ലെങ്കിൽ സാനിറ്റൈസർ  ഉപയോഗിച്ച് കഴുകണം.
  • ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക
  • രോഗിയുമായി ഇടപഴകുന്നവർ മാസ്ക് ധരിക്കുക
  • മുഖത്തോ കണ്ണിലോ വായിലോ വൃത്തിയാക്കാത്ത കൈകൾ കൊണ്ട് തൊടാതിരിക്കുക
  • തുമ്മുമ്പോൾ തുണി ഉപയോഗിച്ച് മുഖം മറക്കാൻ ശ്രദ്ധിക്കുക
  • രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാലോ രോഗബാധിതരോട് ഇടപഴകാൻ ഇടയായാലോ ആശുപത്രി അധികൃതരെ അറിയിക്കുക
  • അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക

ഹോം ക്വാറന്റെയ്ൻ / ഐസൊലേഷൻ

COVID19 രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ് സെല്ഫ് ഐസൊലേഷൻ പാലിക്കേണ്ടത്.

സെല്ഫ് ഐസൊലേഷനിൽ വ്യക്തികൾ പാലിക്കേണ്ട നിർദേശങ്ങൾ.

  1. ശരിയായ വായു സഞ്ചാരമുള്ള മുറിയിൽ 28 ദിവസമാണ് സെല്ഫ് ഐസൊലേഷൻ പാലിക്കേണ്ടത്.
  2. മറ്റു കുടുംബാംഗങ്ങളും സുഹൃത്തുകളുമായുള്ള നേരിട്ടുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതാണ്.
  3. സന്ദർശകരെ കര്‍ശനമായും വിലക്കേണ്ടതാണ്.
  4. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ മുതലായ ആവിശ്യ വസ്തുക്കൾ ലഭിക്കാൻ പുറത്ത് പോകാൻ പാടില്ല.കുടുംബങ്ങളുടെയും, സുഹൃത്തുകളുടെയും സഹായം തേടേണ്ടതാണ്.
  5. സെൽഫ് ഐസൊലേഷനിൽ ഇരിക്കുന്ന വ്യക്തി ഉപയോഗിച്ച  വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. കൂടാതെ അവർക്ക് ഭക്ഷണം നൽകാൻ കൊണ്ടുപോയ പാത്രങ്ങൾ /ഫുഡ്‌ കാരിയർ  അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിനായി ഹൈപോക്ലോറൈഡ് ലായനി ഉപയോഗിക്കാം.
  6. ടോയ്ലറ്റും , ബാത്റൂമും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.സാധ്യമെങ്കിൽ പ്രത്യേക ടോയ്‌ലെറ്റ് ഉപയോഗിക്കാൻ ശ്രമിക്കുക.
  7. സെല്ഫ് ഐസൊലേഷനിലിരിക്കുന്ന വ്യക്തിയുടെ സോപ്പ്, തോർത്ത് മുണ്ട്,കർച്ചീഫ് ,പ്ലെറ്റ്, ഗ്ലാസ്,കപ്പ്,ബെഡ്ഷീറ്റ് മുതലായ വസ്തുക്കൾ മറ്റാരും ഉപയോഗിക്കാതിരിക്കുക.
  8. സെല്‍ഫ് ഐസൊലേഷനിലിരിക്കുന്ന വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ,ഗ്ലാസുകൾ മുതലായ വസ്തുക്കൾ സോപ്പിട്ടു വൃത്തിയായി കഴുകുക.
  9. സെല്‍ഫ് ഐസൊലേഷൻ കാലയളവിൽ വളർത്തു മൃഗങ്ങളുമായി ഇടപഴകുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
  10. ചുമക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്/തുണി ഉപയോഗിച്ചു വായും മൂക്കും മറയ്‌ക്കേണ്ടതും പൊതുസ്ഥലത്തു തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്
  11. സന്ദർശകരെ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക
  12. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച് മേശ, കസേര മുതലായ സാമഗ്രികളും ബാത്രൂം തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക

 കുടുംബാംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

  1. കൊറോണ ഹോം ഐസൊലേഷനിൽ ഉള്ളവർ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായുള്ള  സമ്പർക്കം കർശനമായി ഒഴിവാക്കേണ്ടതാണ്
  2. രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്
  3. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക
  4. രോഗിയെ സ്പർശിച്ചതിനുശേഷവും  രോഗിയുടെ മുറിയിൽ കയറിയതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
  5. കൈകൾ തുടക്കാനായി പേപ്പർ ടവൽ/തുണികൊണ്ടുള്ള ടവൽ ഉപയോഗിക്കുക
  6. ഉപയോഗിച്ച മാസ്കുകൾ/ ടവലുകൾ എന്നിവ സുരക്ഷിതമായി നിർമ്മാർജനം ചെയുക
  7. ബാത്ത് അറ്റാച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിൽതന്നെ രോഗലക്ഷണമുള്ളവർ കഴിയേണ്ടതാണ്
  8. പാത്രങ്ങൾ, ബെഡ് ഷീറ്റ്, മറ്റു വസ്ത്രങ്ങൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക
  9. തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ചു (1 ലിറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ) പ്രത്യേകം കഴുകി വെയിലത്ത്‌ ഉണക്കി ഉപയോഗിക്കുക

 ചോദ്യങ്ങൾ

ന്യൂമോണിയ വാക്സിൻ സ്വീകരിച്ചവർക്ക് ഈ അസുഖത്തിന് എതിരെ പ്രതിരോധശേഷി ലഭിക്കുമോ ?

ഇല്ല. Pneumococcal vaccine, Hib vaccine എന്നിവ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വാക്സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Hand dryer ഉപയോഗംകൊണ്ട് കൊറോണാ വൈറസിനെ കൊല്ലാൻ ആകുമോ ?

ഇല്ല. പ്രയോജനരഹിതമാണ്.

കൈകൾ ഇടയ്ക്കിടെ ആൾക്കഹോൾ അംശമുള്ള ഹാൻഡ് വാഷ് അല്ലെങ്കിൽ റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. വൃത്തിയാക്കിയ ശേഷം dryer ഉപയോഗിച്ച് ഉണക്കാം, അല്ലെങ്കിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക.

ശരീരത്തിൽ ക്ലോറിൻ അല്ലെങ്കിൽ ആൾക്കഹോൾ സ്പ്രേ ചെയ്യുന്നതുകൊണ്ട് വൈറസിനെ കൊല്ലാൻ ആകുമോ ?

ഇല്ല. ഇവ ഉപയോഗിച്ച് കൊണ്ട് ശരീരത്തിൽ പ്രവേശിച്ച വൈറസിനെ കൊല്ലാൻ സാധിക്കില്ല. ഇത്തരം വസ്തുക്കൾ ശരീരത്തിനുള്ളിൽ ഉപയോഗിച്ചാൽ അപകടകരം ആകാൻ സാധ്യതയുണ്ട്. (അതായത് കണ്ണിലും വായ്ക്കുള്ളിലും ഒക്കെ) പക്ഷേ ഇവ രണ്ടും ഡിസ്ഇൻഫെക്റ്റന്റ് ആയി ഉപയോഗിക്കാം, പക്ഷേ  ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കണം.

അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ലൈറ്റ് ഉപയോഗിച്ചാൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ ?

ഇല്ല, ഉപയോഗിച്ചാൽ ചിലപ്പോൾ skin irritation ഉണ്ടാകാൻ സാധ്യതയുണ്ട്.

വെളുത്തുള്ളി കഴിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല. തടയാൻ സാധിക്കില്ല.

രസം കുടിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല, തടയാൻ സാധിക്കില്ല.

ഗോമൂത്രം ചാണകം എന്നിവ ശരീരത്തിൽ പൂശുകയോ ഭക്ഷിക്കുകയോ ചെയ്താൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ ? 

ഇല്ല, അങ്ങനെ ചെയ്താൽ മറ്റു പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്.

സ്ഥിരമായി മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്ന് ഉപയോഗിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല. സാധാരണ ജലദോഷം മാത്രമുള്ളവർക്ക് ചികിത്സയിൽ ഇത് ചെറിയ രീതിയിൽ പ്രയോജനകരമാണ് എന്ന് മാത്രം.

ചെറുപ്പക്കാർ, പ്രായമായവർ കുട്ടികൾ ഇങ്ങനെ എല്ലാവരെയും കൊറോണ ബാധിക്കുമോ ?

എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രായമേറിയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ഈ വൈറസ് ബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ് എന്ന് മാത്രം. അതുകൊണ്ട് പ്രായഭേദമെന്യേ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രായമായ ആളുകൾ, ആസ്മ, സി ഒ പി ഡി (Chronic Obstructive Pulmonary Disease)  തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം പോലുള്ള മെഡിക്കൽ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക്  ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

Thermal scanner ഉപയോഗിച്ചാൽ പുതുതായി കൊറോണ വൈറസ് ബാധ ഉണ്ടായവരെ കണ്ടെത്താൻ സാധിക്കുമോ ?

പനിയുള്ളവരെ കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് സാധിക്കും. ശരീരതാപനില ഉയർന്നു എന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വൈറസ് ശരീരത്തിൽ എത്തിയവരിൽ ഉടനെതന്നെ പനി ഉണ്ടാകണമെന്നില്ല എന്നതും എല്ലാ പനികളും കൊറോണ മൂലം ആവണമെന്നില്ല എന്നതും പരിഗണിക്കണം.

രോഗബാധ തടയാൻ ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ ? ഹോമിയോ-സിദ്ധ അങ്ങനെ ഏതെങ്കിലും വിഭാഗത്തിൽ ?

ഇല്ല. അങ്ങനെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. ഹോമിയോ-സിദ്ധ വിഭാഗങ്ങളിൽ പ്രതിരോധത്തിനും ചികിത്സയ്ക്കും മരുന്നുണ്ട് എന്ന രീതിയിൽ ആയുഷ് വകുപ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ അശാസ്ത്രീയമാണ്. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വൈറസിനെ കുറിച്ചും സംഭവിക്കാവുന്ന മ്യൂട്ടേഷനെ കുറിച്ചും ഒക്കെയുള്ള പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. അതിനെക്കുറിച്ചൊക്കെ യാതൊരു ധാരണയും ഇല്ലാതെയുള്ള അവകാശവാദങ്ങൾ ആരുന്നയിച്ചാലും തള്ളിക്കളയണം.

രോഗബാധ ചികിത്സയ്ക്ക് ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ ?

ഇല്ല, ഇതുവരെ ഇല്ല. രോഗലക്ഷണങ്ങൾക്ക് ഉള്ള ചികിത്സ നൽകുകയും ആവശ്യമെങ്കിൽ മികച്ച സപ്പോർട്ടീവ് സൗകര്യങ്ങൾ നൽകുകയും ആണ് വേണ്ടത്. അതിന് ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന സൗകര്യമുള്ള ആശുപത്രികളിൽ തന്നെ ചികിത്സ തേടേണ്ടതുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രികൾ തന്നെ വേണം.

വീട്ടിലെ pets (പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ) അസുഖം പകരാൻ കാരണമാവുമോ ?

ഒരു പട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ട് കണ്ടിരുന്നു. അതുകൊണ്ട് ജാഗ്രത വേണം. എങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയാണ് കൂടുതൽ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നൽ കൊടുക്കേണ്ടതും അതിനു തന്നെ. എങ്കിലും വളർത്ത് മൃഗങ്ങളെ സ്പർശിക്കുകയാണെങ്കിൽ കൈ നന്നായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക.

കൊറോണ വൈറസ് ചികിത്സയ്ക്ക് ആന്റിബയോട്ടിക് പ്രയോജനപ്പെടുമോ ?

ഇല്ല, ആൻറിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കില്ല. എന്നാൽ വൈറസ് ബാധയോടൊപ്പം ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടെങ്കിൽ ആൻറിബയോട്ടിക് ആവശ്യമായി വന്നേക്കാം.

ചൈനയിൽ നിന്നും എന്തെങ്കിലും പാഴ്സൽ വന്നാൽ സ്വീകരിക്കുന്നത് അപകടകരമാണോ ?

അല്ല, അപകടകരമല്ല എന്നാണ് ഇതുവരെയുള്ള അറിവ്. എഴുത്ത്, പാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ കൊറോണ വൈറസിന് അധികകാലം സർവൈവ് ചെയ്യാൻ സാധിക്കില്ല.

വൈറസ് ബാധ തടയാൻ തൊണ്ട ഇടയ്ക്കിടെ നനക്കുന്നതുകൊണ്ടോ വെള്ളം കുടിക്കുന്നത് കൊണ്ടോ പ്രയോജനമുണ്ടോ ?

ഇല്ല, അങ്ങനെ എന്തെങ്കിലും പ്രയോജനം ഉള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

വൈറസ് ബാധ മൂലം ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അതിനാൽ അത് പരിശോധിക്കാനായി പരമാവധി ശക്തിയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് 10 സെക്കൻഡ് എങ്കിലും പിടിച്ചു വെക്കാൻ സാധിച്ചാൽ വൈറസ് ബാധ ഇല്ല എന്നും പറയുന്നൊരു സന്ദേശം കാണുന്നുണ്ടല്ലോ, അത് വാസ്തുതാപരമാണോ ?

അല്ല, അങ്ങനെ തിരിച്ചറിയാനുള്ള എളുപ്പ വഴികൾ ഒന്നും ഇല്ല. ഈ സന്ദേശം തീർച്ചയായും തെറ്റാണ്.

ഇളം ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ച് ഇട്ട കുടിച്ചശേഷം ചൂടു കഞ്ഞി കുടിച്ചാൽ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമോ ? ഇങ്ങനെ ചെയ്താൽ അത് ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഉള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല, ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ചിട്ടു കുടിച്ചാൽ കൊറോണ പ്രതിരോധിക്കാൻ സാധിക്കില്ല. കൊറോണ പകരുന്നത് തടയാൻ വ്യക്തി ശുചിത്വം പാലിക്കുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ വ്യക്തിഗതമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. അതുപോലെ നാരങ്ങ മുറിച്ചിട്ട വെള്ളം കുടിച്ചാൽ ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദ്ദം കുറയ്ക്കുമെന്നും ഉള്ള സന്ദേശങ്ങളും തികഞ്ഞ അശാസ്ത്രീയത മാത്രമാണ്. ഇങ്ങനെ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ എത്തി ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്.

അക്യുപങ്ചർ ഉപയോഗിച്ചാൽ രോഗം ഫലപ്രദമായി ചികിത്സിക്കാം എന്ന സന്ദേശത്തിൽ കഴമ്പുണ്ടോ ?

ഇല്ല, അക്യുപങ്ചർ ഉപയോഗിച്ച് കൊറോണ വൈറസ് രോഗം ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കില്ല

യോഗയിലൂടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധിക്കുമോ ? 

ഇല്ല. ഇത് തികഞ്ഞ അശാസ്ത്രീയമായ അവകാശവാദമാണ്.

മാസ്ക്കുകൾ ധരിക്കുമ്പോൾ രോഗികൾ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവർ പച്ചനിറമുള്ള വശം പുറത്തും കാണുന്ന രീതിയിൽ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല. തെറ്റായ സന്ദേശം ആണ്.

സാധാരണ സർജിക്കൽ മാസ്കിന് മൂന്ന് പാളികൾ ഉണ്ട്. പുറമേയുള്ള പച്ച നിറമുള്ള ഭാഗം water repellent ആണ്, അതായത് ബാഷ്പം കടക്കാത്തത്. മറ്റുള്ളവർ ചുമയ്ക്കുമ്പോൾ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് ഈ പാളി തടയുന്നു. വെള്ളനിറമുള്ള അകം പാളി ബാഷ്പത്തെ ആഗിരണം ചെയ്യുന്നു. മാസ്ക് ധരിക്കുന്ന ആളുടെ ശ്വാസത്തിലൂടെയും മറ്റും പുറത്തോട്ട് വരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യുന്നു. ഈ രണ്ടു പാളികൾക്കും ഇടയിൽ ഫിൽറ്റർ സ്ഥിതി ചെയ്യുന്നു.

രോഗി ആണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കുമ്പോൾ പച്ചനിറമുള്ള വശം പുറത്തും വെള്ളനിറമുള്ള വശം അകത്തും ആണ് വരേണ്ടത്.

അന്തരീക്ഷതാപനില കൂടിയ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകരില്ല എന്ന് കേൾക്കുന്നത് ശരിയാണോ ?

അല്ല. ഉയർന്ന അന്തരീക്ഷ താപനില ഉള്ള സ്ഥലങ്ങളിൽ പകരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പഠനഫലങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ലാത്ത ഒരു അഭിപ്രായമാണിത്. അന്തരീക്ഷ താപനില ഉയർന്ന സ്ഥലങ്ങളിലും കൊറോണ വൈറസ് രോഗ പകർച്ച ഉണ്ടായിട്ടുണ്ട്.

110 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സിംഗപ്പൂരിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ട്. 50 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മലേഷ്യയിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷതാപനില ഉണ്ട്. 47 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌ലൻഡിൽ അന്തരീക്ഷ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്. ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്.

ആൽക്കഹോൾ കുടിച്ചാൽ അഥവാ മദ്യപിച്ചാൽ കൊറോണ വൈറസ് ബാധ തടയാനാകുമോ ?

ഇല്ല. ഒരിക്കലുമില്ല. ഈഥൈൽ ആൾക്കഹോൾ അകത്താക്കിയാൽ പൂസാകാൻ സാധ്യതയുണ്ട്. കൂടിയ അളവിൽ മദ്യപിച്ചാൽ ബോധം മറയാനും ജീവന് അപകടകരമാകാനും വരെ സാധ്യതയുണ്ട്. മീഥൈൽ ആൽക്കഹോൾ അകത്താക്കിയാൽ കാഴ്ച നഷ്ടപ്പെടാനും ജീവന് അപകടം വരാനും സാധ്യതയുണ്ട്.

രോഗബാധയുള്ള ഒരാൾ അടുപ്പിൽ നിന്നും മറ്റും പുക അടിച്ച് തുമ്മിയാൽ സമീപത്തുള്ള മറ്റൊരാൾക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ടോ ? തീ കത്തുന്ന അടുപ്പ് സമീപത്തുള്ളതുകൊണ്ട് ചൂട് കൂടുതലായതിനാൽ വൈറസ് പകരാതിരിക്കില്ലേ ?

പുക അടിക്കുമ്പോൾ തുമ്മാനും ചുമക്കാനും ഉള്ള സാധ്യത കൂടുതലാണ്. രോഗം ഉള്ള ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ബാഷ്പകണങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അസുഖം പകരാൻ സാധ്യതയുണ്ട്. തീ കത്തുന്ന അടുപ്പ് സമീപത്തുണ്ട് എന്നതുകൊണ്ട് അസുഖം പകരാനുള്ള സാധ്യത കുറയുന്നില്ല.

പടക്കം പൊട്ടിക്കുകയും കമ്പിത്തിരി, പൂത്തിരി മുതലായവ കത്തിക്കുകയും ചെയ്യുമ്പോൾ വൈറസ് പകരാനുള്ള സാധ്യത കുറയുന്നു എന്നു പറയുന്നത് ശരിയാണോ ? 

അല്ല, തെറ്റായ സന്ദേശം ആണത്.

UNICEF-ന്റെ പേരിൽ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഈ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ ?

അല്ല, പലതും തെറ്റിദ്ധാരണകൾ മാത്രമാണ്. യൂണിസെഫ് അങ്ങനെ ഒരു നോട്ടീസ് ഇറക്കിയിട്ടില്ല. മാത്രമല്ലാ, ആരോഗ്യവിഷയങ്ങളിൽ ആധികാരികമായി അഭിപ്രായം പറയുന്ന സംഘടനയല്ലാ, UNICEF.

നോട്ടീസിൽ പറഞ്ഞ കാര്യങ്ങൾ ഒന്ന് പരിശോധിച്ചു നോക്കാം.

കൊറോണ വൈറസിന് 400-500 micrometer വ്യാസം ഉള്ളതിനാൽ ഏതുതരത്തിലുള്ള മാസ്ക് ഉപയോഗിച്ചാലും ഇതിനെ തടയാനാകും എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണോ ?

അല്ല. മാസ്കിലെ സുഷിരങ്ങൾ വഴി ഒറ്റപ്പെട്ട വൈറസുകൾ കയറുന്നത് തടയുകയല്ല ചെയ്യുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ പുറത്തോട്ട് വരുന്ന സ്രവങ്ങളിൽ ആണ് വൈറസ് ഉള്ളത്. ഇത്തരം ചെറിയ തുള്ളികൾ തടയുക എന്നതാണ് മാസ്ക് ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. N 95 പോലുള്ള മാസ്ക്കുകൾ സാധാരണ സർജിക്കൽ മാസ്ക്കുകളെക്കാൾ കൂടുതൽ ഫലപ്രദമാണ്.

കൊറോണ വൈറസിന്റെ വ്യാസം ഏകദേശം 0.1 മൈക്രോൺ ആണ്. സർജിക്കൽ മാസ്കിലെ സുഷിരങ്ങളിലൂടെ കടക്കാവുന്ന പദാർഥങ്ങളുടെ വ്യാസം ഏതാണ്ട് 5 മൈക്രോൺ. N 95 ലെ സുഷിരങ്ങളിലൂടെ കടക്കാവുന്ന പദാർത്ഥങ്ങളുടെ വ്യാസം ഏതാണ്ട് 0.3 മൈക്രോൺ.

നോട്ടീസിൽ പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റാണ്.

കൊറോണ വൈറസ് വായുവിൽ കൂടി പകരില്ല എന്ന് നോട്ടീസിൽ പറയുന്നത് ശരിയാണോ ?

അല്ല, തെറ്റാണ്. വായുവിൽ കലരുന്ന ശരീര സ്രവങ്ങളുടെ ഇത്തിരിക്കുഞ്ഞൻ തുള്ളികളിൽ കൂടിയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. രോഗം ഉള്ള ഒരു വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിൽ കലരുന്ന ഈ ‘ഡ്രോപ്ലെറ്റ്സ്’ മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ അസുഖം പകരാം. ഈ ചെറു കണങ്ങൾ വായുവിലൂടെ നേരെ മൂക്കിലോ, വായിലോ, കണ്ണിലോ വരുമ്പോൾ പടരുന്നു(droplet transmission).

പക്ഷെ ഈ ഡ്രോപ്ലെറ്റുകൾക്ക് അധികനേരം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാനാവില്ല. Airborn transmission ഇല്ലാന്നർത്ഥം. എന്നിരുന്നാലും ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഒരു മീറ്ററിനകത്ത് അടുത്ത് നിൽക്കുന്നവരിലേക്ക് അന്തരീക്ഷ വായിവിലൂടെ തന്നെ ഈ കണികകൾ എത്തിച്ചേരാം.

വസ്ത്രങ്ങൾ അലക്കിയാലും വെയിലത്ത് രണ്ടുമണിക്കൂർ ഇരുന്നാലും ഈ വൈറസ് നശിച്ചു പോകുമെന്ന് നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ശരിയാണോ ?

രോഗിയുമായി അടുത്ത് ഇടപഴകുന്നവർ അണുനാശിനി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുക. ശരീരത്തിന് വെളിയിൽ അധികനേരം സർവൈവ് ചെയ്യാൻ സാധിക്കില്ല എങ്കിലും രണ്ടു മണിക്കൂർ വെയിലത്ത് വെച്ചാൽ വൈറസ് നശിക്കും എന്ന് തീർത്തു പറയാൻ സാധിക്കില്ല.

കൈകളിൽ വൈറസ് 10 മിനിറ്റ് മാത്രമേ ജീവനോടെ ഇരിക്കുകയുള്ളൂ എന്നും പോക്കറ്റിൽ ആൾക്കഹോൾ സ്റ്റെറിലൈസർ സൂക്ഷിച്ചാൽ പകരും എന്ന പേടിവേണ്ട എന്നും നോട്ടീസിൽ എഴുതിയിരിക്കുന്നത് ശരിയാണോ ?

ശരിയല്ല. ആൽക്കഹോൾ അടങ്ങിയ അണുനാശിനി പോക്കറ്റിൽ വെച്ചു എന്നത് കൊണ്ട് ഒരു ഉപകാരവും ഇല്ല. അത് എല്ലാ ദിവസവും രാവിലെ കയ്യിൽ തേച്ചു എന്നതുകൊണ്ടും പ്രയോജനമില്ല. കൃത്യമായ ഇടവേളകളിൽ കൈകൾ അണുനാശിനി ഉപയോഗിച്ച് കഴുകുക ആണ് വേണ്ടത്.

27 ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ള പ്രദേശങ്ങളിൽ വൈറസ് പകരില്ല എന്ന് നോട്ടീസിൽ എഴുതിയിരിക്കുന്നത് ശരിയാണോ ?

അല്ല. ഇതിൽ കൂടുതൽ താപനിലയുള്ള കേരളം, സിംഗപ്പൂർ, തായ്ലൻറ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകർച്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, മനുഷ്യൻ്റെ ശരീരതാപനില 37 ഡിഗ്രിയാണ്. കൊറോണയ്ക്ക് മനുഷ്യരെ ബാധിക്കുവാൻ കഴിയുന്നു എന്നത് തന്നെ, അതിന് 37 ഡിഗ്രിയിലും നശിക്കാതിരിക്കാൻ കഴിയുമെന്നാണ് സൂചിപ്പിക്കുന്നത്.

ചൂടു വെള്ളം കുടിക്കുകയും വെയിലത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്താൽ വൈറസ് ബാധ തടയാം എന്ന് പറയുന്നത് ശരിയാണോ ?

അല്ല. ഈ വൈറസുമായി ബന്ധമൊന്നുമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നല്ലതാണ്. കുടിക്കുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ശരീരത്തിൽ കുറച്ചൊക്കെ വെയിൽ കൊള്ളുന്നതും നല്ലതാണ്, പക്ഷേ ഈ വൈറസുമായി ബന്ധമൊന്നുമില്ല.

ഐസ്ക്രീം കഴിക്കരുത് എന്നും തണുപ്പ് ഉപയോഗിക്കരുത് എന്നും പറയുന്നതിൽ കാര്യമുണ്ടോ ?

രോഗമുള്ള വ്യക്തിയുടെ ശ്രവം നമ്മുടെ ശരീരത്തിൽ പ്രവേശിച്ച ശേഷമാണ് അസുഖം ഉണ്ടാവുന്നത്. അത് ഏതു സാഹചര്യത്തിലും അങ്ങനെതന്നെ. ഐസ്ക്രീം കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെതന്നെ.

ഉപ്പുവെള്ളം കൊണ്ട് തൊണ്ട ഗാർഗിൾ ചെയ്താൽ ടോൺസിൽ അണുക്കൾ നശിക്കുമെന്നും ശ്വാസകോശത്തിൽ അവ എത്തില്ല എന്നും പറയുന്നത് ശരിയാണോ ? 

ഇത് എന്തെങ്കിലും ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ് എന്ന് തോന്നുന്നില്ല. കൊറോണയെ പ്രതിരോധിക്കാൻ ഈ മാർഗം ശാസ്ത്രലോകം നിഷ്കർഷിക്കുന്നില്ല.

ഈ നോട്ടീസിൽ പറയുന്നതുപോലെ ചെയ്താൽ വൈറസ് ബാധ ഉണ്ടാവില്ല എന്ന് അവസാനം അവകാശവാദം ഉന്നയിച്ചിരിക്കുന്നത് ശരിയാണോ ?

അല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ അബദ്ധമാണ്. ഏതോ സാമൂഹ്യവിരുദ്ധൻ്റെ സൃഷ്ടി മാത്രമാണത്.

ഇതൊക്കെ വിശ്വസിച്ച് സ്വന്തം ജീവൻ നഷ്ടപ്പെടുത്തരുത്. യുണിസെഫ് കൊറോണ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതു പക്ഷെ ഈ മണ്ടത്തരങ്ങൾ ഒന്നുമല്ല. ലോകാരോഗ്യസംഘടന പറഞ്ഞ കാര്യം തന്നെയാണ് അവരും പറഞ്ഞിരിക്കുന്നത്.


ലോകാരോഗ്യ സംഘടനയുടെയും കേരള ആരോഗ്യവകുപ്പിന്റെയും കോവിഡ് 19  സംബന്ധിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 – കൈ കഴുകലിന്റെ പ്രാധാന്യം
Next post വൈറസുകളെ നശിപ്പിക്കാൻ സോപ്പിനെങ്ങനെ കഴിയുന്നു?
Close