സി.കെ.വിഷ്ണുദാസ്
ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി
അതീവ വംശനാശഭീഷണി നേരിടുന്നതും റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ചിട്ടുള്ളതുമായ പക്ഷികളാണ് കഴുകന്മാർ. അവയെങ്ങനെ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടുവെന്നു പരിശോധിക്കുന്നു.
കേൾക്കാം
മയിലിനെയോ കഴുകനെയോ ഇഷ്ടമെന്നു ചോദിച്ചാല്‍ ഉത്തരം എന്തായിരിക്കുമെന്ന് ഊഹിക്കാം. മയിൽ തന്നെ. എന്താണ് കഴുകന്മാരെ ഇഷ്ടമല്ലാത്തത്? ഒരുപക്ഷേ, കാണാൻ ഭംഗിയില്ല, മൃതശരീരങ്ങളാണ് അവയുടെ പ്രധാന ഭക്ഷണം എന്നിവയായിരിക്കാം കാരണം.
കഴുകന്മാരുടെ അന്തകനായി മാറിയ മരുന്ന്
അടുത്തകാലംവരെ ഇന്ത്യ ഉൾപ്പെടുന്ന തെക്കെ ഏഷ്യൻ ഭൂഭാഗത്ത് വളരെ വ്യാപകമായി കണ്ടുവന്നിരുന്ന പക്ഷികളായിരുന്നു കഴുകന്മാർ. 1980 കളിൽ ഇന്ത്യയിൽ 8 കോടി ചുട്ടിക്കഴുകന്മാർ (White rumped vulture – Gypsbengalensis) ഉണ്ടായിരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇന്നു ബാക്കിയുള്ളത് പതിനായിരത്തിൽ താഴെ മാത്രമാണ്.
കഴുകന്മാർക്ക് എന്താണ് സംഭവിച്ചത്? കന്നുകാലികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന ഡൈക്ലോഫിനാക് (Diclofenac sodium) എന്ന മരുന്നാണ് കഴുകന്മാരുടെ വംശനാശത്തിന് കാരണമായത്. പൊതുവേ, പശുമാംസം ഭക്ഷിക്കാത്ത ഉത്തരേന്ത്യയിൽ കന്നുകാലികൾ ചത്തുകഴിഞ്ഞാൽ പ്രത്യേകമായ പൊതുസ്ഥലങ്ങളിൽ ഇടുകയായിരുന്നു പതിവ്. അവിടെ കൂട്ടമായെത്തുന്ന കഴുകന്മാർ മൃതശരീരങ്ങൾ ഭക്ഷണമാക്കി പരിസരം വൃത്തിയാക്കി മറ്റുമായിരുന്നു. അതിനാല്‍, 50 കോടിയോളം കന്നുകാലികളുള്ള ഇന്ത്യയിൽ കഴുകന്മാരെ സംബന്ധിച്ച് ഭക്ഷണലഭ്യത ഒരു പ്രശ്‌നമായിരുന്നില്ല. എന്നാൽ, ഡൈക്ലോഫിനാക് എന്ന വേദനസംഹാരി കന്നുകാലികളിൽ ഉപയോഗിച്ചുതുടങ്ങിയപ്പോൾ ചിത്രം മാറിത്തുടങ്ങി. 1990 ൽ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഗവേഷകനായിരുന്ന ഡോ. വിഭുപ്രകാശ് ആണ് കഴുകന്മാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് ആദ്യമായി ശ്രദ്ധിക്കുന്നത്.
പക്ഷേ, കഴുകന്മാരുടെ നാശത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. വൈറസ് അല്ലെങ്കിൽ ബാക്റ്റീരിയബാധ എന്നതായിരുന്നു സംശയം. എന്നാൽ, മരിച്ചുവീണ കഴുകന്മാരിൽ ഇത്തരം സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ 2003 ൽ ഡോ. ലിൻസ് ഓക്‌സും (J. Lindsay Oaks) സംഘവും പാകിസ്ഥാനിൽ നടത്തിയ പഠനങ്ങളിൽനിന്നാണ് ഡൈക്ലോഫിനാക് ആണ് മരണകാരണമെന്ന് സ്ഥിരീകരിക്കുന്നത്.1
കൂട്ടവംശനാശത്തിന് കാരണമാവുന്നു
ചുട്ടിക്കഴുകൻ മാത്രമല്ല തവിട്ടുകഴുകൻ, സ്ലെൻഡർ ബിൽഡ് കഴുകൻ എന്നിവയും ഡൈക്ലോഫിനാക് വഴി വംശനാശത്തിലെത്തിയിട്ടുണ്ട്. ചുട്ടിക്കഴുകന്റെ എണ്ണത്തിൽ 99 ശതമാനം നശിച്ചെങ്കിൽ മറ്റു രണ്ടു ജാതികളുടെ 97 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. അടുത്തകാലത്ത് ഭൂമുഖത്തുണ്ടായ ഏറ്റവും വലിയ കൂട്ട വംശനാശമാണ് കഴുകന്റെത്. കഴുകന്മാരുടെ തിരോധാനം ഇന്ത്യൻ ഗ്രാമങ്ങളിൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മൃഗാവശിഷ്ടങ്ങളുടെ പ്രകൃതിദത്തമായ സംസ്‌കരണ പ്രക്രിയയ്ക്ക് ഭംഗംവന്നപ്പോൾ മനുഷ്യനില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുത്തു. കഴുകന്മാരുടെ അസാന്നിധ്യത്തിൽ മൃതശരീരങ്ങൾ അഴുകി ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെട്ടു. മൃതശരീരം ഭക്ഷണമാക്കിയതുവഴി എലികളുടെയും തെരുവുനായ്ക്കളുടെയും എണ്ണം ക്രമാതീതമായി വർധിച്ചു. ഇത് പേവിഷബാധയുടെ തോത് വർധിപ്പിച്ചിട്ടുണ്ട്. കഴുകന്മാർ മൃതശരീരം ഭക്ഷിക്കുന്നതോടൊപ്പം അവയിലുള്ള സൂക്ഷ്മരോഗാണുക്കളെയും ദഹനപ്രക്രിയയുടെ ഭാഗമായി നശിപ്പിച്ചിരുന്നു. എന്നാൽ, കഴുകന്റെ അത്രയും ശക്തമല്ലാത്ത ദഹനപ്രക്രിയയുള്ള എലികളും നായ്ക്കളും നിരവധി സൂക്ഷ്മരോഗാണുക്കളുടെ വാഹകരായി മാറി. ഇത് മനുഷ്യരെയും
ബാധിക്കുന്നു. ഇന്ത്യയിൽ ഒരുവർഷം 30,000 ആളുകൾ പേവിഷബാധയേറ്റു മരിക്കുന്നുണ്ട്. കഴുകന്മാരുടെ തിരോധാനംമൂലം ഇന്ത്യയ്ക്കു പ്രതിവർഷ നഷ്ടം 2400 കോടി രൂപയാണെന്നു കണക്കാക്കിയിരിക്കുന്നു!
കഴുകന്മാരെ സംരക്ഷിക്കാന്‍
2006 ൽ കന്നുകാലികളില്‍ ഉപയോഗിക്കുന്ന ഡൈക്ലോഫിനാക് ഇന്ത്യയിൽ നിരോധിച്ചു. എന്നിരുന്നാലും 2015 വരെ പല സ്ഥലങ്ങളിലും
ഈ മരുന്ന് ലഭ്യമായിരുന്നു. നിരവധി പരിസ്ഥിതിസംഘടനകളുടെ പ്രവർത്തനഫലമായി നിരോധനം ഫലപ്രദമായി നടപ്പിൽവരുത്താൻ കഴിഞ്ഞു. എങ്കിലും ഇന്ത്യയിൽ വിവിധ സ്ഥലങളിൽ കഴുകന്മാരുടെ എണ്ണം മുന്‍കാലത്തുള്ളതുപോലെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കഴുകന്മാരുടെ വംശം അറ്റുപോകാതിരിക്കാൻ ഇന്ത്യയിൽ ഇന്ന് ചില സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കാട്ടിൽനിന്ന് പ്രജനന സാധ്യതയുള്ള കഴുകന്മാരെ തിരഞ്ഞെടുത്ത് ബ്രീഡിങ് സെന്ററുകളിൽ വളർത്തി, അവയുടെ മുട്ടകൾ വിരിയിച്ചെടുത്ത് കൂടുതൽ കഴുകന്മാരെ വളർത്തിയെടുക്കുന്നുണ്ട്. ഒരു നിശ്ചിത എണ്ണമാവുമ്പോൾ, അവയെ സുരക്ഷിതമായ പ്രദേശങ്ങളിൽ സ്വതന്ത്രമായി വിടുകയാണ് ഉദ്ദേശ്യം. ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിലുള്ള വൈൽഡ് റിലീസ് ഈ വർഷം (2020) നടക്കുന്നതാണ്.
കേരളത്തിൽ 1970വരെ നാലു ജാതി കഴുകന്മാർ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രധാനമായും രണ്ടു വിഭാഗങ്ങളെ മാത്രമാണ് കാണുന്നത്. അതും വയനാട് വന്യജീവിസങ്കേതത്തിൽ മാത്രം. തെക്കൻ ജില്ലകളിലുണ്ടായിരുന്ന കഴുകന്മാരെല്ലാം 1970 ആകുമ്പോഴേക്കും വംശമറ്റുപോയിരുന്നു. കാട്ടിനകത്തു കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകുന്നവര്‍ പശുക്കളെ പുലിയോ കടുവയോ പിടിക്കുമ്പോൾ, ചത്ത മൃഗത്തിന്റെ ശരീരത്തിൽ (പുലിയെ കൊല്ലാൻവേണ്ടി)വിഷം ചേർക്കുകയും, അത് തിന്നാൻ ആദ്യമെത്തുന്ന കഴുകന്മാര്‍ കൂട്ടത്തോടെ നശിക്കുകയും ചെയ്തു. കാട്ടിനകത്തുള്ള വന്യമൃഗങ്ങളുടെ മാത്രം മൃതശരീരങ്ങൾ ഭക്ഷണമാക്കിയ ചില കഴുകന്മാർ വയനാട്, മുതുമല, ബന്ദിപ്പൂർ, നഗർഹൊളെ എന്നീ വനാന്തരങ്ങളിൽ അവശേഷിക്കുന്നുണ്ട്. അമേരിക്കയിലെ സഞ്ചാരിപ്രാവിന്റെ വംശനാശത്തിനുശേഷമുള്ള നടുക്കുന്ന വംശനാശത്തിലേക്കാണ് കഴുകന്മാർ എത്തിച്ചേർന്നിരിക്കുന്നത്. ഇതിനു കാരണമാകട്ടെ, മനുഷ്യരുടെ പ്രവർത്തനങ്ങൾ മാത്രവും.
അധികവായനയ്ക്ക്