വാക്സിൻ കണ്ടെത്തി രോഗത്തെ,നിയന്ത്രിച്ച് നിർത്തുക, ചികിത്സക്ക് പറ്റിയ ആന്റി വൈറലുകൾ കണ്ടെത്തുക, എന്നിവയാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നാൽ മഹാമാരി (Pandemic) പ്രാദേശിക രോഗമായി (Endemic) മാറാനും സാധ്യതയുണ്ട്. ഇതിന് മുമ്പ് മനുഷ്യരാശിയുടെ അന്ത്യം കുറിക്കുമെന്ന് പ്രവചിക്കപ്പെട്ട മഹാമാരികളിൽ പലതും പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യപ്പെടുകയോ മറ്റു ചിലവ ഭാഗികമായിട്ടെങ്കിലും പിൻവാങ്ങുകയോ ചെയ്തിട്ടുള്ളത് ഈ മാർഗ്ഗങ്ങളിലൂടെയാണ്.
വാക്സിൻ ഗവേഷണം
മനുഷ്യരിൽ പരീക്ഷണം നടത്തേണ്ട ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ 10 വാക്സിനുകൾ എത്തിയിട്ടുണ്ട്. 126 വാക്സിനുകൾ അതിന് മുമ്പുള്ള ഘട്ടത്തിലാണ്, ഇന്ത്യയിൽ നിന്നും മൂന്ന് സംരംഭങ്ങളാണ് നടന്ന് വരുന്നത്.
കോവിഡ് ചികിത്സക്കുള്ള മരുന്നുകൾ
കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുക എന്നതാണ് മറ്റൊരു മാർഗ്ഗം ലോകാരോഗ്യ സംഘടന ഏതാനും മരുന്നുകൾ സോളിഡാരിറ്റി ട്രയൽ (Solidarity Traial) എന്ന പേരിൽ പരീക്ഷിച്ച് നോക്കിവരികയാണ്. കേരളവും ഈ പരീക്ഷണത്തിൽ പങ്ക് ചേരാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. ജിലിയാഡ് എന്ന അമേരിക്കൻ കമ്പനി കണ്ടെത്തിയ റെം ഡെസിവീർ (Remdesivir) എന്ന മരുന്നും എയ്ഡിസിനായി ഉപയോഗിച്ച് വരുന്ന ലോപിനാവിർ, റിറ്റോനാവിർ (Lopinavir/Ritonavir) എന്നീ മരുന്നുകളും ഇപ്പോൾ തന്നെ കേരളത്തിലടക്കം പരീക്ഷണാർത്ഥം ഉപയോഗിച്ച് വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിനും പ്രതിരോധ ശേഷി വർധിപ്പിക്കും എന്ന് കരുതുന്ന ഇന്റർഫേറോൺ ബീറ്റ എന്ന മരുന്നുമാണ് സോളിഡാരിറ്റി ട്രയലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സോളിഡാരിറ്റി ട്രയൽ വിജയിച്ചാൽ പോലും മറ്റൊരു പ്രശ്നം ഉയർന്ന് വരും. എയ്ഡ്സ് രോഗത്തിന്റെ കാര്യത്തിലത് സംഭവിച്ചതാണ്. എയ്ഡ്സ് സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരിൽ പടർന്ന് പിടിച്ചിരുന്ന കാലത്താണ് എയ്ഡ്സിനുള്ള മരുന്നുകൾ വൻകിടകമ്പനികൾ വലിയ വിലക്ക് മാർക്കെറ്റ് ചെയ്ത് തുടങ്ങിയത്. എന്നാൽ മരുന്ന് ഏറ്റവും അടിയന്തിരമായി ആവശ്യമുള്ള ദരിദ്രർക്ക് അതിന്റെ പ്രയോജനം കിട്ടിയില്ല അക്കാലത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പേറ്റന്റ് വ്യവസ്ഥയനുസരിച്ച് ഇന്ത്യൻ കമ്പനികൾ കുറഞ്ഞ വിലക്ക് എയ്ഡ്സിനുള്ള ജനറിക്ക് മരുന്ന് ഉല്പാദിച്ച് മാർക്കറ്റ് ചെയ്തതോടെയാണ് മരുന്ന് പാവപ്പെട്ടവർക്ക് ലഭ്യമായതും എയ്ഡ്സ് നിയന്ത്രണ വിധേയമായതും. അങ്ങിനെയാണ് ഇന്ത്യൻ ഔഷധ മേഖല പാവപ്പെട്ടവരുടെ ഫാർമസി എന്നറിയപ്പെട്ടത്.
ഇപ്പോൾ സാഹചര്യം മാറിയിരിക്കുന്നു. ട്രിപ്സ് നിബന്ധന പ്രകാരം പേറ്റന്റ് നിയമം മാറ്റിയതോടെ പേറ്റന്റ് മരുന്നുകളുടെ ജനറിക്ക് പതിപ്പുകൾ ഉല്പാദിപ്പിക്കാൻ ഇന്ത്യക്കോ മറ്റ് രാജ്യങ്ങൾക്കോ കഴിയില്ല. ഇപ്പോൾ പരീക്ഷണത്തിലുള്ള് മരുന്നുകളിൽ കോറോക്വിൻ മാത്രമാണ് പേറ്റന്റ് കാലവധി കഴിഞ്ഞ മരുന്ന് അത് കൊണ്ട് സോളിഡാരിറ്റി ട്രയൽ വിജയിച്ചാൽ തന്നെ കോവിഡ് മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാവണമെന്നില്ല. ഇപ്പോൾ തന്നെ ജിലിയാഡ് കമ്പനി തത്ക്കാലത്തേക്ക് റോയൽറ്റി കുറച്ച് നൽകിയാൽ മതിയെന്ന് സമ്മതിച്ചത് കൊണ്ട് മാത്രമാണ് ഇന്ത്യയിലെ റെഡ്ഡീസ് ലാബറട്ടറിയും മറ്റും റെംഡെസിവീർ ഉല്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഹേർഡ് ഇമ്മ്യൂണിറ്റി
വാക്സിൻ വഴിയല്ലാതെ മറ്റൊരു രീതിയിലും പ്രതിരോധ ശേഷി വളർത്തിയെടുക്കാനാവും സാമൂഹ്യ പ്രതിരോധം (Herd Immunity ഹേർഡ് ഇമ്മ്യൂണിറ്റി) എന്നാണ് ഇതിനെ വിളിക്കുക. രോഗം വന്ന് ഭേദമാവുന്നവരുടെ ശരീരത്തിൽ രോഗം പ്രതിരോധിക്കാനുള്ള പ്രതിവസ്തുക്കളുണ്ടാവും (Antibodies) സമൂഹത്തിലെ 60 ശതമാനം പേർക്ക് ഇങ്ങനെ രോഗം വന്ന് ഭേദമായാൽ ആ സമൂഹം ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിക്കും രോഗം വ്യാപനം നിൽക്കും എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഹേർഡ് ഇമ്മ്യൂണിറ്റി ചർച്ചചെയ്യപ്പെടുന്നത്. അങ്ങിനെയെങ്കിൽ ബോധപൂർവ്വമായ സമൂഹ്യ ഇടപെടലിലൂടെ (Social Engineering) എന്ത് കൊണ്ട് സാമൂഹ്യ പ്രതിരോധശേഷി വളർത്തിയെടുത്ത് കൂടേ എന്ന ആശയം പലരും മുന്നോട്ട് വച്ചു. ഇതിനെ ന്യായീകരിക്കാനായി കോവിഡിന്റെ രോഗ സ്വഭാവവും ചൂണ്ടികാണിക്കപ്പെട്ടു. കോവിഡ് പ്രത്യേകിച്ച് ചെറുപ്പക്കാരെ ബാധിക്കുമ്പോൾ വെറും നിസ്സാര രോഗം മാത്രമാണ്. 5 ശതമാനത്തിലാണ് രോഗം തീവ്രമാവുന്നത്. അവരിൽ തന്നെ 2-3 ശതമാനത്തിൽ മാത്രമാണ് രോഗം മരണ കാരണമാവുന്നത്. അതും പ്രായാധിക്യമുള്ളവരിലും ഗുരുതരമായ അനുബന്ധരോഗങ്ങൾ ഉള്ളവരിലും മാത്രം. അങ്ങിനെയെങ്കിൽ ചെറുപ്പക്കാരെ രോഗം ബാധിക്കാൻ വിട്ട് നൽകി രോഗം മൂർച്ചിച്ച് ഗുരുതരമാവാൻ സാധ്യതയുള്ളവരെ സംരക്ഷിച്ചാൽ പോരെ എന്ന അഭ്പ്രയം പലരും മുന്നോട്ട് വച്ചു. സ്വീഡൻ ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ച് വിവാദത്തിൽ കുടുങ്ങുകയും ചെയ്തു. കാരണം 60 ശതമാനം പേർക്ക് രോഗം വരാൻ അനുവദിക്കയും മരണ സാധ്യതയുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയും ചെയ്യുക ഏതാണ്ട് അസാധ്യമയ കാര്യമാണ്, ചെറുപ്പക്കാരുടെയും പ്രായം കൂടിയവരുടെയും മറ്റ് രോഗമുള്ളവരുടെയും ഇടയിൽ ഒരു ചൈനീസ് ഭിത്തി കെട്ടുക എളുപ്പമല്ല, ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കിയാൽ ധാരാളം പേരുടെ മരണത്തിനു കാരണമാവും എന്ന ശക്തമായ അഭിപ്രായം ഉയർന്ന് വന്നതിനെ തുടർന്ന് ഇപ്പോൾ ബോധപൂർവ്വം നടപ്പിലാക്കേണ്ട പദ്ധതിയെന്ന നിലയിൽ ആരും ഹേർഡ് ഇമ്മ്യൂണിറ്റി പരിഗണിക്കുന്നില്ല.
മഹാമാരി പ്രാദേശിക രോഗമായി മാറുമോ?
പരിണാമ പ്രക്രിയയിലൂടെ കോവിഡ് മഹാമാരിയിൽ (Pandemic) നിന്നും പ്രാദേശിക രോഗമായി മാറുക (Epidemic) എന്നതാണ് അടുത്ത സാധ്യത. കോവീഡിന് കാരണമായ സാർസ് കോറോണ വൈറസ് 2 മിക്കവാറും വവാലിന്റെ ശരീരത്തിൽ നിന്നും ഈനാം പേച്ചിയിലൂടെ മനുഷ്യരിലെത്തി രോഗകാരണമായെന്നാണ് കരുതപ്പെടുന്നത്. വവ്വാലിന്റെ ശരീരത്തിൽ അവയുടെ പ്രതിരോധ സംവിധാനങ്ങളുമായി ഇണങ്ങി രോഗമുണ്ടാക്കാതെ കഴിഞ്ഞ് വന്നിരുന്ന രോഗാണുക്കളാണിവ. എന്നാൽ സ്വന്തം പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് ഹാനി സംഭവിച്ചതുകൊണ്ടാണ് വൈറസ് മറ്റൊരു ജീവിയിലേക്ക് കടന്നത്. മനുഷ്യർക്കും വൈറസിന്റെ പ്രകൃത്യാലുള്ള ആതിഥേയ ജീവിക്കുമിടയിലുള്ള മധ്യവർത്തി ജീവിയുടെ (Intermediate Host) ശരീരത്തിൽ വച്ച് വൈറസിന്റെ തീവ്രത വർധിക്കുകയും (Amplification) അവ മനുഷ്യരിലെത്തി രോഗകാരണമായി മാറുകയും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കയും ചെയ്യുന്നു.
വൈറസിന് ഏത് ജീവിയിലെത്തുമ്പോഴും രണ്ട ലക്ഷ്യങ്ങൾ മാത്രമാണുള്ളത്. അവയുടെ കോശങ്ങൾക്കുള്ളിലെ ജൈവഘടകങ്ങൾ പ്രയോജനപ്പെടുത്തി വിഭജിച്ച് പെരുക, മറ്റ് ജീവികളിലേക്ക് വ്യാപിക്കുക. (Replication and Transmission). ഇവരണ്ടും മാത്രമാണ് വൈറസിന്റെ ലക്ഷ്യം തങ്ങൾ വസിക്കുന്ന ആതിഥേയ ജീവികളെ കൊല്ലുക എന്നത് അവയുടെ ലക്ഷ്യമല്ല. അങ്ങിനെ സംഭവിച്ചാൽ അവയുടെ മുന്നോട്ടുള്ള പോക്കിന്റെ ഗതി മുട്ടും. വൈറസ് ശരീരത്തിൽ കടന്ന് കഴിയുമ്പോൾ മനുഷ്യശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ വൈറസിനെതിരായ അമിതമായ പ്രതികരണത്തിന്റെ ഫലമായുണ്ടാവുന്ന സൈറ്റോക്കൈൻ സ്റ്റോം (Cytokine Storm) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ശ്വാസകോശങ്ങൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് ഹാനികരമാവുന്നതും രോഗം ബാധിച്ചയാളിന്റെ മരണത്തിന് കാരണമാവുന്നതും. യുദ്ധത്തിൽ ലക്ഷ്യമില്ലാതെയും ബോധപൂർവ്വമല്ലാതെയും സംഭവിക്കുന്ന നാശനഷ്ടങ്ങളോട് (Collateral Damage) താരതമ്യം ചെയ്യാവുന്ന സ്ഥിതി വിശേഷമായി ഇതിനെ കാണാവുന്നതാണ്.
മനുഷ്യരിലെത്തുന്ന വൈറസുകളുടെ ആദ്യഘട്ടത്തിലെ തീവ്രതയും (Virulence) വ്യാപനനിരക്കും വളരെ കൂടുതലായിരിക്കും. ഈ ഘട്ടത്തിൽ ആതിഥേയരായ മനുഷ്യരുടെ മരണനിരക്കും സ്വാഭാവികമായും കൂടുതലായിരിക്കും. മനുഷ്യർ രോഗവ്യാപനം തടയുന്നതിനു മറ്റുമുള്ള നടപടികളും ഈ അവസരത്തിൽ സ്വീകരിക്കും. ഇതെല്ലാം വൈറസിന്റെ വ്യാപന സാധ്യത കുറക്കും ഈ സാഹചര്യം വൈറസിന്റെ തീവ്രത കുറയുന്നതിലേക്ക് നയിക്കും. അതിന് സഹായകരമായ ജനിതകമാറ്റത്തിന് (Mutation) അവ വിധേയരാകും. തീവ്രത കൂടിയവയും വൈറസിന്റെ അതിജീവനത്തിന് സഹായകരമല്ലാത്തവയുമായ വൈറസ് ജനിതകമാറ്റങ്ങൾ പ്രകൃതി നിർധാരണ പ്രകാരം (Natural Selection) തിരസ്കരിക്കപ്പെടും തീവ്രത കുറഞ്ഞവ മനുഷ്യ ശരീരവുമായി സമരസപ്പെട്ട് വ്യാപന നിരക്ക് കുറച്ചും മനുഷ്യർക്ക് ഹാനികരമാവാതെയും നിലനിൽക്കും, മനുഷ്യരുമായി ഒരു തരം പാരിസ്ഥിതീയ സന്തുലാവസ്ഥ (Ecological Equilibrium) കൈവരിക്കും പാൻഡമിക്ക് എൻഡമിക്കായി മാറും. ഇങ്ങനെയൊരു സ്ഥിതി വിശേഷം സംഭവിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. നിരവധി ജന്തുജന്യ മഹാമാരികൾ ഇങ്ങനെയാണ് അവസാനിച്ചിട്ടുള്ളതെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.
പക്ഷേ എപ്പോൾ ഇവയിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല.. മരുന്നോ വാക്സിനോ, കണ്ട് പിടിക്കയോ കോവിഡ് കേവലമൊരു പ്രാദേശിക രോഗമാവുന്നതോ സംഭവിച്ച് എന്ന വരാം. അതിനായി കാത്തിരിക്കാം. ഒരു കാര്യം തീർച്ചയാണ് ഏതെങ്കിലും രീതിയിൽ മഹാമാരിയുടെ സംഹാരതാണ്ഡവം അവസാനിക്കുമെന്ന് ഉറപ്പാണ്. ശാസ്ത്രപുരോഗതിയും പരിണാമപ്രക്രിയയും മനുഷ്യരുടെ പക്ഷത്താണ്.