സീമ ശ്രീലയം
എന്താണീ സ്റ്റൈറീൻ?
വിശാഖപട്ടണത്തെ എൽ ജി പോളിമർ കെമിക്കൽ പ്ലാന്റിൽ നിന്നുണ്ടായ സ്റ്റൈറീൻ വാതക ചോർച്ച എട്ടു പേരുടെ ജീവനെടുക്കുകയും അനേകം ആളുകളെ ആശുപത്രിയിലാക്കുകയും ചെയ്ത വാർത്ത ഞെട്ടലോടെയാണ് നാം അറിഞ്ഞത്. ശുദ്ധമായ അവസ്ഥയിൽ സുഗന്ധമുള്ള, എണ്ണ പോലുള്ള ഒരു ദ്രാവകമാണ് സ്റ്റൈറീൻ. എന്നാൽ ഇതു ശ്വസിക്കുന്നത് അപകടകരവുമാണ്. ഈ കാർബണിക സംയുക്തം എളുപ്പത്തിൽ ബാഷ്പീകരിച്ച് വാതകമായി മാറും. വിനൈൽ ബെൻസീൻ, എഥനൈൽ ബെൻസീൻ, ഫിനൈൽ ഈഥീൻ ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട് സ്റ്റൈറീൻ.
ഏറെ വ്യാവസായിക പ്രാധാന്യമുള്ള ഒരു സംയുക്തമാണിത്. പോളിസ്റ്റൈറീൻ, സ്റ്റൈറീൻ ബ്യൂട്ടാഡൈഈൻ റബ്ബർ, അക്രിലോനൈട്രൈൽ ബ്യൂട്ടാഡൈഈൻ സ്റ്റൈറീൻ, സ്റ്റൈറീൻ ഡൈവിനൈൽ ബെൻസീൻ, സ്റ്റൈറീൻ അക്രിലോനൈട്രൈൽ റെസിൻ, അൺസാച്ചുറേറ്റഡ് പോളിഎസ്റ്ററുകൾ എന്നിങ്ങനെ ഒരുപാടു രാസവസ്തുക്കളുടെ നിർമ്മാണത്തിൽ സ്റ്റൈറീൻ ഉപയോഗിക്കുന്നു. ഇവയിൽ പലതും പ്ലാസ്റ്റിക്, കൃത്രിമ റബ്ബർ, ഇൻസുലേറ്റിങ് വസ്തുക്കൾ, ഫൈബർഗ്ലാസ്, പൈപ്പ്, ഫുഡ് കണ്ടെയ്നർ, ഓട്ടോമൊബൈൽ ഭാഗങ്ങൾ തുടങ്ങി പല രൂപത്തിൽ നാം ഉപയോഗിക്കുന്നുമുണ്ട്.
നല്ല മണമൊക്കെയാണെങ്കിലും സ്റ്റൈറീൻ ശ്വസിക്കുന്നത് ഒട്ടും നല്ലതല്ല. കൂടിയ അളവിൽ ഇത് ശരീരത്തിലെത്തുന്നത് മരണത്തിനു കാരണമാവും. എത്ര അളവ് ശ്വസിക്കുന്നു , എത്ര നേരത്തേക്ക് ശ്വസിക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും അതിന്റെ ഗുരുതരാവസ്ഥ. ശ്വസിക്കുന്നതിലൂടെയും കണ്ണിലൂടെയും ത്വക്കിലൂടെയുമൊക്കെ ഇത് ശരീരത്തിനുള്ളിലെത്തും. ശരീരത്തിനുള്ളിൽ സൈറ്റോക്രോം പി 450 ഇതിനെ അപകടകാരിയായ സ്റ്റൈറീൻ ഓക്സൈഡ് ആക്കി മാറ്റും. സ്റ്റൈറീൻ ശ്വസിക്കാനിടയായാൽ അത് കണ്ണിനും മൂക്കിലെ ശേഷ്മസ്തരത്തിലും ശ്വാസകോശത്തിനുമൊക്കെ അസ്വസ്ഥതയുണ്ടാക്കും.