ഇന്നു നമുക്ക് ഏറെ പരിചിതമായ ഒരു ശാസ്ത്ര ശാഖയാണ് ക്വാണ്ടം മെക്കാനിക്സ്. ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ വെർണർ ഹൈസൻബർഗ് 1925 ൽ തന്റെ 23ാം വയസ്സിൽ ക്വാണ്ടം മെക്കാനിക്സിന്റെ ആദ്യ രൂപമായ മെട്രിക്സ് മെക്കാനിക്സ് (Matrix mechanics) വികസിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. പിന്നീട് 1927 – ൽ പ്രസിദ്ധീകരിച്ച ‘ അനിശ്ചിതത്വ സിദ്ധാന്തം’ (Hesenberg’s uncertainty principle ) പ്രസിദ്ധമാണ്. അധികം താമസിയാതെ തന്നെ 1932 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനവും ലഭിച്ചു. ‘ക്വാണ്ടം മെക്കാനിക്സിന്റെ സൃഷ്ടിയ്ക്ക്’ എന്നു പറഞ്ഞാണ് നോബൽ പ്രൈസ് സമ്മാനിച്ചത്.
സാമാന്യ യുക്തിയിൽ മനസ്സിലാക്കാൻ പ്രയാസമുള്ള ആശയങ്ങളാണ് ക്വാണ്ടം ബലതന്ത്രത്തിലുള്ളത്. പ്രകാശത്തിനും ദ്രവ്യത്തിനും ദ്വന്ദ്വ സ്വഭാവമുണ്ട്. അവ തരംഗങ്ങളും കണികകളുമായി കാണപ്പെടുന്നു. അനിശ്ചിതത്വ സിദ്ധാന്തം അനുസരിച്ചു വളരെ കൃത്യതയോടെ ഒരു കണികയുടെ വേഗവും സ്ഥാനവും ഒരേസമയം അളക്കാൻ സാധ്യമല്ല. സ്ഥാനം വളരെ കൃത്യമായി അളക്കുമ്പോൾ വേഗത്തിന്റെ അളവിൽ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നു. ഈ ആശയം ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്.
ഗ്രീക്ക് ഭാഷാധ്യാപകനായ ഡോ. ഓഗസ്റ്റ് ഹൈസൻബർഗിന്റെയും ആനി വിക്ക്ലിന്റെയും മകനായി 1901 ഡിസംബർ 5 ന് ജർമ്മനിയിലെ വുസ്ബെർഗിലാണ് വെർണർ ഹൈസൻബർഗിന്റെ ജനനം. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സൊമ്മർഫീൽഡിന്റെ ശിക്ഷണത്തിൽ മ്യൂണിച് സർവകലാശാലയിലാണ് ഹൈസൻബർഗ് ഭൗതിക ശാസ്ത്ര പഠനം ആരംഭിക്കുന്നത്. 1923 ൽ മ്യൂണിച്ച് സർവകലാശാലയിൽ നിന്നും PhD ലഭിച്ച ശേഷം ഭൗതിക ശാസ്ത്രജ്ഞനായ മാക്സ് ബോണിനൊപ്പം ഗവേഷണം തുടർന്നു. 1927 ൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ ലെപ്സിഗ് സർവകലാശാലയിലെ പ്രൊഫസറായി നിയമിതനായി. 1929 ൽ എസ്. എൻ ബോസിനും സി വി രാമനുമൊപ്പം ഇന്ത്യയിൽ ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തി. അനിശ്ചിതത്വ സിദ്ധാന്തത്തിന് 1932 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനവും ലഭിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനി കീഴടങ്ങുമ്പോൾ ജർമൻ ശാസ്ത്രജ്ഞരെ അമേരിക്കയുടെ സഹായത്തോടെ ബ്രിട്ടൻ തടവിലാക്കി. ആണവ രഹസ്യങ്ങളും അണുബോംബ് നിർമ്മാണ പദ്ധതികളും സോവിയറ്റ് യൂണിയന്റെ കൈകളിൽ എത്താതിരിക്കാനാണ് ഈ ശാസ്ത്രജ്ഞരെ തടവിലാക്കിയത്. ഇത്തരത്തിൽ തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തിൽ 44 വയസ്സുകാരനായ ഹൈസൻബർഗുമുണ്ടായിരുന്നു. നോബൽ സമ്മാന ജേതാവും ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞനുമായിരുന്നിട്ടും അദ്ദേഹം ദുരിതപൂർണമായ തടവുകാലം പൂർത്തിയാക്കേണ്ടിവന്നു. യുദ്ധാനന്തരം അദ്ദേഹം ജർമ്മനിയിൽ ഗവേഷണം തുടരുകയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയാകുകയും ചെയ്തു. ജർമ്മനിയിലെ ശാസ്ത്ര ഗവേഷണത്തിനൊപ്പം ശാസ്ത്ര പ്രചാരണത്തിനും അദ്ദേഹം മുൻകൈയ്യെടുത്തിരുന്നു. 1976 ഫെബ്രുവരി ഒന്നിന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.