Read Time:20 Minute

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ള പാഠങ്ങൾ

നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും പ്രകൃതിയെ സ്നേഹിക്കാനും 1973 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ലോകമെമ്പാടും  ആഘോഷിക്കുന്നു. കഴിഞ്ഞ 50 വർഷങ്ങളായി ഈ ദിനം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു വലിയ വേദിയായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനിലും നേരിട്ടും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു.

ഓരോവർഷവും ലോക പരിസ്ഥിതി ദിനത്തിനു ഒരു സന്ദേശമുണ്ടാകും. 2025-ലെ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക (End plastic pollution) എന്ന തീമിനെ കേന്ദ്രീകരിച്ചാണ് ആഘോഷിക്കുന്നത്. 

തീം: പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ബദലുകൾ കണ്ടെത്തുക എന്നിവയാണ് ഈ വർഷത്തെ ലക്ഷ്യം.

ജെജു ദ്വീപ്  (jeju)

ദക്ഷിണ കൊറിയയുടെ പ്രചോദനം

2025-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ദക്ഷിണ കൊറിയ ആണ്. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിൽ ദക്ഷിണ കൊറിയ ഒരു മാതൃകയാണ്.  അവർ “സർക്കുലർ എക്കോണമി”   അതായത്, പ്ലാസ്റ്റിക്കിനെ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്ന ആശയം മാലിന്യ സംസ്കരണത്തിനായി  പ്രോത്സാഹിപ്പിക്കുന്നു.  ദക്ഷിണ കൊറിയയിലെ ജെജു ദ്വീപ്  (jeju) എന്ന മനോഹരമായ സ്ഥലത്താണ്  പരിസ്ഥിതി ദിനത്തിന്റെ ആഘോഷങ്ങൾ  നടക്കുന്നത്.  റിപ്പബ്ലിക് ഓഫ് കൊറിയയിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിൽ ജെജു മുന്നിലാണ്.

കൊറിയയിൽ ആദ്യമായി ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകൾക്ക് ഡെപ്പോസിറ്റ് സംവിധാനം കൊണ്ടുവന്നത് ജെജു ആണ്.  ഈ ദ്വീപ് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ വലിയ ശ്രമങ്ങൾ നടത്തുന്നു. 2022-ൽ ജെജു പ്രഖ്യാപിച്ചു, 2040-ഓടെ അവർ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാത്ത ദ്വീപ് ആകും!. ഇതുപോലുള്ള പുതിയ ആശയങ്ങൾ ലോകത്തിന് മാതൃകയാണ്.  പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ഒരു അന്താരാഷ്ട്ര ഉടമ്പടി രൂപീകരിക്കാൻ വേണ്ടി ഈ വർഷം ലോകരാജ്യങ്ങളുടെ ഒരു വലിയ യോഗം ഇവിടെ നടക്കും.  

ജെജുവിന്റെ വിഭവ ചക്രീയ സമ്പദ്വ്യവസ്ഥ മാതൃക

ജെജു ദ്വീപ് ദക്ഷിണ കൊറിയയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും യുനെസ്കോയുടെ മൂന്ന് പ്രകൃതി-വിഭാഗ അംഗീകാരങ്ങൾ- ബയോസ്ഫിയർ റിസർവ് (2002), വേൾഡ് നാച്വറൽ ഹെറിറ്റേജ് (2007), ഗ്ലോബൽ ജിയോപാർക്ക് (2010) നേടിയ ഒരു പ്രദേശവുമാണ്. 2040-ഓടെ “പ്ലാസ്റ്റിക് രഹിത ജെജു” (Plastic Zero Jeju) എന്ന ലക്ഷ്യത്തോടെ, ജെജു സ്പെഷ്യൽ സെൽഫ്-ഗവേണിംഗ് പ്രവിശ്യ ഒരു വിഭവ ചക്രീയ സമ്പദ്‌വ്യവസ്ഥ (Resource Circular Economy) മാതൃക വികസിപ്പിക്കുകയാണ്. ഈ പദ്ധതി, പ്ലാസ്റ്റിക്കിന്റെ മുഴുവൻ ജീവിതചക്രത്തിലും (ഉൽപ്പാദനം, ഉപഭോഗം, മാലിന്യ നിർമാർജനം) വിഭവ ചക്രീയത പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. 2025-ൽ ലോക പരിസ്ഥിതി ദിനത്തിന്റെ വേദിയായി ജെജു തിരഞ്ഞെടുക്കപ്പെട്ടത് ഈ ദൗത്യത്തിന്റെ ആഗോള പ്രാധാന്യംകൂടി കണക്കിലെടുത്താണ്. ഈ പദ്ധതി, പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുന്നതിനും, സുസ്ഥിരമായ വിഭവ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോള കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. 

പ്രധാന ലക്ഷ്യങ്ങൾ
  1. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ (single-use plastics) ഉപയോഗം ഗണ്യമായി കുറയ്ക്കുക.
  2. പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം, പുനഃചംക്രമണം (recycling), പുനർനിർമാണം എന്നിവയിലൂടെ ഇവയെ വിഭവമായി പരിവർത്തനം ചെയ്യുക.
  3. പരിസ്ഥിതി സൗഹൃദ ബദലുകൾ (compostable materials, biodegradable products) പ്രോത്സാഹിപ്പിക്കുക.
  4. ജനങ്ങളുടെ പങ്കാളിത്തത്തോടെ, പ്ലാസ്റ്റിക് രഹിത സംസ്കാരം വളർത്തിയെടുക്കുക.
  5. 2040-ഓടെ ജെജുവിനെ ചക്രീയ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുന്നതിനുള്ള ഒരു ആഗോള മാതൃകയാക്കുക.

പദ്ധതിയുടെ പശ്ചാത്തലം

ജെജുവിൽ വിനോദസഞ്ചാരികളുടെ വർദ്ധനവും (വർഷം 15 ദശലക്ഷം സന്ദർശകർ) ജനസംഖ്യ വളർച്ചയും മാലിന്യ ഉൽപ്പാദനത്തിൽ വലിയ വർദ്ധനവിന് കാരണമായി. ഒരു വ്യക്തി ദിനംപ്രതി ശരാശരി 2.3 കിലോഗ്രാം മാലിന്യം ഉൽപ്പാദിപ്പിക്കുന്നു, ഇത് OECD ശരാശരിയേക്കാൾ 48% കൂടുതലാണ്. പ്ലാസ്റ്റിക് മാലിന്യം, ഭക്ഷ്യ മാലിന്യം, മറ്റ് ജൈവഅജൈവ മാലിന്യങ്ങൾ എന്നിവ പരിസ്ഥിതിക്ക് ഭീഷണിയാകുന്നു. 2040-ഓടെ പ്ലാസ്റ്റിക് രഹിത ജെജുവിന്റെ ഭാഗമായി, മാലിന്യ നിർമാർജന പദ്ധതി വിഭവ ചക്രീയ സമ്പദ്വ്യവസ്ഥയെ (Resource Circular Economy) അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

Jeju Environmental Resources Recycling Centre

മാലിന്യ വേർതിരിക്കൽ: സുസ്ഥിരതയുടെ ആദ്യ പടി

ജെജുവിന്റെ മാലിന്യ നിർമാർജന പദ്ധതിയുടെ കാതൽ മാലിന്യ വേർതിരിക്കൽ സംവിധാനമാണ്. വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം, ഭക്ഷ്യ മാലിന്യം എന്നിവയ്ക്കായി പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. 2021-ൽ ആരംഭിച്ച “പ്ലാസ്റ്റിക്-ഫ്രീ ജെജു” പ്രതിവാര മാലിന്യ വേർതിരിക്കൽ ഷെഡ്യൂളുകൾ നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിനുകൾ, ജനങ്ങൾക്കിടയിൽ മാലിന്യ വേർതിരിക്കലിന്റെ പ്രാധാന്യം എത്തിക്കുന്നു. 2040-ഓടെ 90% മാലിന്യം ശരിയായി വേർതിരിക്കപ്പെടുമെന്നും, പുനഃചംക്രമണ നിരക്ക് 50% വർദ്ധിക്കുമെന്നും പദ്ധതി പ്രതീക്ഷിക്കുന്നു.

മെട്രോപൊളിറ്റൻ റിസോഴ്സ് റിക്കവറി സെന്റർ: പുനഃചംക്രമണത്തിന്റെ കേന്ദ്രം

2020- 3.8 ബില്യൺ വോൺ നിക്ഷേപത്തോടെ സ്ഥാപിതമായ 3R (Reduce, Reuse, Recycle) റീസൈക്ലിംഗ് സെന്റർ, ജെജുവിന്റെ മാലിന്യ നിർമാർജന പദ്ധതിയുടെ മറ്റൊരു നാഴികക്കല്ലാണ്. വിപുലമായ സോർട്ടിംഗ് ടെക്നോളജി ഉപയോഗിച്ച് പ്ലാസ്റ്റിക്, പേപ്പർ, ലോഹം എന്നിവ വേർതിരിക്കുന്ന കേന്ദ്രം, PET ബോട്ടിലുകളുടെയും പ്ലാസ്റ്റിക് പാക്കേജിംഗിന്റെയും 30% – 81% പുനഃചംക്രമണം നടത്തുന്നു. ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിംഗിനായി പ്രത്യേക സൗകര്യങ്ങളിലേക്ക് അയക്കുന്നു. കേന്ദ്രം, ലാൻഡ്ഫിൽ ഡിപ്പോസിറ്റുകൾ 70% കുറയ്ക്കാനും, പുനർനിർമിത വിഭവങ്ങളുടെ ഉൽപ്പാദനം 40% വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

 ഡെപ്പോസിറ്റ്റിട്ടേൺ സ്കീമുകൾ: പ്രോത്സാഹനത്തിലൂടെ പുനഃചംക്രമണം

2022- ജെജുവിൽ ആരംഭിച്ച ഡിസ്പോസബിൾ കപ്പ് ഡെപ്പോസിറ്റ് സിസ്റ്റം, PET ബോട്ടിലുകൾക്കും പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്കും വിപുലീകരിച്ചു. ഉപഭോക്താക്കൾ മാലിന്യം തിരികെ നൽകുമ്പോൾ പണമോ പ്രോത്സാഹനങ്ങളോ ലഭിക്കുന്ന സംവിധാനം, ജർമ്മനിയുടെ 97% PET ബോട്ടിൽ റീസൈക്ലിംഗ് നിരക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 2040-ഓടെ 40% പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും, റീസൈക്ലിംഗ് നിരക്ക് 60% വരെ ഉയർത്താനും സ്കീം ലക്ഷ്യമിടുന്നു.

 ഒറ്റത്തവണ ഉപയോഗ ഉൽപ്പന്ന നിരോധനം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, ജെജു പ്ലാസ്റ്റിക് ബാഗുകൾ, സ്ട്രോകൾ, ഡിസ്പോസബിൾ കപ്പുകൾ, കട്ട്ലറി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്ന ഓർഡിനൻസ് നടപ്പിലാക്കി. അയർലണ്ടിന്റെ പ്ലാസ്റ്റിക് ബാഗ് ബാനും, ജപ്പാന്റെ 2030-ഓടെ 25% ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ കുറയ്ക്കാനുള്ള മാതൃകയും പിന്തുടർന്നാണ് നടപടി. റീയൂസബിൾ ബാഗുകൾ, കമ്പോസ്റ്റബിൾ കപ്പുകൾ, പേപ്പർബേസ്ഡ് പാക്കേജിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി 2040-ഓടെ 80% ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകളെ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു.

ജൈവ മാലിന്യ മാനേജ്മെന്റ്: പ്രകൃതിയിലേക്ക് മടങ്ങുന്ന മാലിന്യം

ഭക്ഷ്യ മാലിന്യവും മറ്റ് ജൈവ മാലിന്യങ്ങളും കമ്പോസ്റ്റിംഗിനോ ബയോഗ്യാസ് ഉൽപ്പാദനത്തിനോ ഉപയോഗിക്കുക എന്നതാണ് ജെജുവിന്റെ ജൈവ മാലിന്യ മാനേജ്മെന്റ് പദ്ധതിയുടെ ലക്ഷ്യം. 2023- ആരംഭിച്ച ജെജു ബയോഗ്യാസ് പ്ലാന്റ്, ജൈവ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. വീടുകളിലും കമ്മ്യൂണിറ്റികളിലും കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കുകയും കർഷകർക്ക് കമ്പോസ്റ്റ് സൗജന്യമായോ കുറഞ്ഞ വിലയിലോ നൽകുകയും ചെയ്യുന്നു. 2040-ഓടെ 60% ജൈവ മാലിന്യം കമ്പോസ്റ്റിംഗിനോ ബയോഗ്യാസിനോ ഉപയോഗിക്കാനും, ലാൻഡ്ഫിൽ ഭാരം 50% കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 ക്ലീൻ ഉഡോ ക്യാമ്പയിൻ: മാലിന്യരഹിത ദ്വീപ്

ജെജുവിലെ ഉഡോ ദ്വീപിനെ മാലിന്യരഹിത മാതൃകാ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ക്ലീൻ ഉഡോ ക്യാമ്പയിൻ നടപ്പിലാക്കുന്നു. ടൂറിസ്റ്റുകളോട് റീയൂസബിൾ കപ്പുകളും കണ്ടെയ്നറുകളും ഉപയോഗിക്കാൻ നിർദേശിക്കുകയും, ഉഡോയിലെ ബിസിനസ്സുകൾക്ക് കമ്പോസ്റ്റബിൾ പാക്കേജിംഗിന് സബ്സിഡികൾ നൽകുകയും ചെയ്യുന്നു. മാലിന്യ ശേഖരണത്തിനായി പ്രത്യേക മൊബൈൽ യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. 2040-ഓടെ ഉഡോ ദ്വീപിനെമാലിന്യരഹിതടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

പൗരപ്രേരിത പരിപാടികളും നിയമ പിന്തുണയും

മാലിന്യ നിർമാർജനത്തിൽ പൗരന്മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാലിന്യ വേർതിരിക്കൽ പരിശീലന പരിപാടികളും, 2024-ലെ ജെജു പ്ലസ് ഇന്റർനാഷണൽ എൻവയോൺമെന്റ് ഫോറത്തിൽ “മാലിന്യ-രഹിത ജെജു” എന്ന തീമും നടപ്പിലാക്കി. EPR (Extended Producer Responsibility) സ്കീമുകൾ, നിർമാതാക്കളെ മാലിന്യ ശേഖരണവും പുനഃചംക്രമണവും ധനസഹായം ചെയ്യാൻ ബാധ്യസ്ഥരാക്കുന്നു. 2025-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വേദിയായ ജെജു, UNEP-യുമായി സഹകരിച്ച്, 2040-ഓടെ മാലിന്യ നിർമാർജനത്തിന് 100% നിയമ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നു.

ജെജുവിന്റെ മാലിന്യ നിർമാർജന പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഒരു മാതൃകയാണ്. 2040-ഓടെ പരിസ്ഥിതി മലിനീകരണം 35% കുറയ്ക്കുക, സാമ്പത്തിക ലാഭമായി 1.27 ട്രില്യൺ ഡോളർ നേടുക എന്നിവയാണ് ഈ പദ്ധതിയുടെ ദീർഘകാല ലക്ഷ്യങ്ങൾ. ജനങ്ങളുടെ സഹകരണവും, ശക്തമായ നിയമ പിന്തുണയും, നൂതന സാങ്കേതിക വിദ്യകളും ചേർന്ന് ജെജു ലോകത്തിന് ഒരു പരിസ്ഥിതി മാതൃകയായി മാറുകയാണ്.


05/06/2025 UN Secretary-General António Guterres

‘പ്ലാസ്റ്റിക് മലിനീകരണം ഇപ്പോൾ അവസാനിപ്പിക്കാൻ അഭിലാഷപൂർണ്ണവും വിശ്വസനീയവും നീതിയുക്തവുമായ ഉടമ്പടി ആവശ്യം’

“ഈ ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാനുള്ള പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഗ്രഹത്തെ ശ്വാസം മുട്ടിക്കുകയാണ് – പരിസ്ഥിതി വ്യവസ്ഥകൾ, ജനങ്ങളുടെ ക്ഷേമം, കാലാവസ്ഥ എന്നിവയെ ഇത് ദോഷകരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം നദികളെ തടസ്സപ്പെടുത്തുകയും സമുദ്രത്തെ മലിനമാക്കുകയും വന്യജീവികളെ അപകടത്തിലാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക്  ചെറിയ കഷണങ്ങളായി വിഘടിക്കുമ്പോൾ എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ മുതൽ സമുദ്രത്തിന്റെ ആഴങ്ങൾ വരെ മനുഷ്യന്റെ തലച്ചോറിൽ നിന്ന് മുലപ്പാൽ വരെ- ഭൂമിയുടെ എല്ലാ മൂലകളിലും അത് നുഴഞ്ഞുകയറുന്നു. എന്നാൽ, അടിയന്തര മാറ്റത്തിനായുള്ള ഒരു പ്രസ്ഥാനം ഉയർന്നുവരുന്നുണ്ട്. പൊതുജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം, പുനരുപയോഗത്തിനുള്ള നടപടികൾ, കൂടുതൽ ഉത്തരവാദിത്തം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുന്നതിനും മാലിന്യ നിർവ്വഹണം മെച്ചപ്പെടുത്തുന്നതിനുമുള്ള നയങ്ങൾ എന്നിവ ഞങ്ങൾ മുന്നിൽ കാണുന്നു. പക്ഷേ, നമ്മൾ കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകണം. രണ്ട് മാസത്തിനുള്ളിൽ, രാജ്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ഒരു പുതിയ ആഗോള ഉടമ്പടി തയ്യാറാക്കാൻ ഒത്തുകൂടും. ഈ വർഷം ഒരു അഭിലാഷപൂർണ്ണവും വിശ്വസനീയവും നീതിയുക്തവുമായ ഉടമ്പടി നമുക്ക് ആവശ്യമാണ്. പ്ലാസ്റ്റിക്കിന്റെ ജീവിതചക്രം ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥകളുടെ വീക്ഷണത്തിലൂടെ, സമൂഹങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ വിശാലമായ പരിസ്ഥിതി ലക്ഷ്യങ്ങൾ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, അതിനപ്പുറമുള്ളവ എന്നിവയുമായി യോജിപ്പിക്കുന്ന, വേഗത്തിൽ പൂർണ്ണമായും നടപ്പാക്കപ്പെടുന്ന ഒരു ഉടമ്പടി ആണ് വേണ്ടത്. ഓഗസ്റ്റിൽ വീണ്ടും ചർച്ചകളിൽ പങ്കെടുക്കാൻ, അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ ഒരു പൊതു പാത കണ്ടെത്തി, നമ്മുടെ ലോകത്തിന് അനിവാര്യമായ ഉടമ്പടി രൂപപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒരുമിച്ച്, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വിപത്തിന് വിരാമമിട്ടുകൊണ്ട്  ഒരു മികച്ച ഭാവി സൃഷ്ടിക്കാം.”

LUCA SPECIAL PAGE

പരിസരദിനം – പ്രത്യേക പേജ്

പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങളുടെ ക്രോഡീകരണം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭക്ഷണ സംസ്‌കാരവും മാറ്റങ്ങളും
Next post മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യാരോഗ്യത്തിനു ഹാനികരമാണോ?
Close