IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്
ഇത്തവണ ഒരു ഗാലക്സിയുടെ ചിത്രവുമായിട്ടാണ് വെബ്ബിന്റെ വരവ്. IC 5332 എന്ന ഗാലക്സിയുടെ ഇൻഫ്രാറെഡ് ചിത്രം.
നവനീത് കൃഷ്ണൻ എഴുതുന്നു..
ഹബിൾ ടെലിസ്കോപ്പ് ഈ ഗാലക്സിയുടെ ഫോട്ടോ മുൻപ് പകർത്തിയിട്ടുണ്ട്. അൾട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഉള്ള ചിത്രമായിരുന്നു അന്നു പകർത്തിയത്. പക്ഷേ അതിൽനിന്നു വ്യത്യസ്തമാണ് വെബിന്റെ ഈ ഇൻഫ്രാറെഡ് ചിത്രം. ദൃശ്യപ്രകാശത്തിൽ കാണാത്ത പലതും ഈ ഇൻഫ്രാറെഡ് ചിത്രത്തിൽ കാണാം.
ഹബിൾ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ…
ഗാലക്സിയിൽ വാതകങ്ങൾ വിതരണം ചെയ്യപ്പെട്ടതിന്റെ ഘടന പൊടിപടലങ്ങൾ മൂലം ഒളിഞ്ഞുകിടക്കുകയായിരുന്നു ഹബിളിന്റെ ചിത്രത്തിൽ. ദൃശ്യപ്രകാശത്തിന് ഈ പൊടിപടലങ്ങളിലൂടെ കടന്നുപോരാൻ കഴിയാത്തതിനാലായിരുന്നു അത്. കറുത്ത നിറത്തിലാണ് ഹബിളിൽ ഈ ഭാഗം. അതിനാൽത്തന്നെ വാതകവിതരണത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നമുക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവിടെയാണ് വെബ് ടെലിസ്കോപ്പ് വ്യത്യസ്തമാവുന്നത്. ഇൻഫ്രാറെഡ് പ്രകാശത്തിന് പൊടിപടലങ്ങളിലൂടെ കടന്നുപോരാൻ വലിയ ബുദ്ധിമുട്ടില്ല. അങ്ങനെ ഈ ഗാലക്സിയിൽനിന്ന് വന്ന ഇൻഫ്രാറെഡ് പ്രകാശത്തെ പിടിച്ചെടുത്ത് വെബ് ടെലിസ്കോപ്പ് ഒരുക്കിയ ചിത്രമാണിത്. വാതകവിതരണത്തിന്റെ ഘടന വളരെ മനോഹരമായി ഈ ചിത്രത്തിൽ കാണാം.
ശില്പി(Sculptor) എന്ന നക്ഷത്രരാശിയിൽ മൂന്നുകോടി കിലോമീറ്റർ അകലെയാണ് PGC 71775 എന്നുകൂടി വിളിക്കപ്പെടുന്ന ഈ സ്പൈരൽ ഗാലക്സിയുടെ സ്ഥാനം. 66000 പ്രകാശവർഷമാണ് ഈ ഗാലക്സിയുടെ വ്യാസം. ഗാലക്സിയുടെ ഒരു അറ്റത്തുനിന്ന് അടുത്ത അറ്റത്തേക്ക് പ്രകാശത്തിനു സഞ്ചരിക്കാൻതന്നെ 66000 വർഷം വേണമെന്നു ചുരുക്കം. എന്നിരുന്നാലും നമ്മുടെ ഗാലക്സിയായ ആകാശഗംഗയെക്കാൾ അല്പം ചെറുതാണ് IC 5332.
ഹബിളിന്റെ ചിത്രവും വെബിന്റെ ചിത്രവും ചേർത്തുവച്ചാൽ ഈ ഗാലക്സിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നമുക്കു കിട്ടും. അതിനുള്ള ശ്രമത്തിലാവും ഇനി ശാസ്ത്രജ്ഞർ.
MIRI എന്ന ക്യാമറ
MIRI( Mid-InfraRed Instrument) എന്ന ക്യാമറയാണ് (5 മുതൽ 28വരെ മൈക്രോമീറ്റർ നീളമുള്ള വൈദ്യുതകാന്തിക തംരഗങ്ങളെ കൈകാര്യം ചെയ്യുന്ന ഉപകരണം.) ഈ അപൂർവചിത്രം നമുക്കായി പകർത്തിയത്.
വെബ് ടെലിസ്കോപ്പിന്റെ മറ്റ് ഉപകരണങ്ങളെക്കാൾ തണുപ്പിലാണ് MIRI സൂക്ഷിച്ചിരിക്കുന്നത്. -266 ഡിഗ്രി സെൽഷ്യസിൽ. നമുക്ക് എത്തിച്ചേരാനാകുന്ന പരമാവധി കുറഞ്ഞ താപനില എന്നത് −273.15 °C ആണെന്നതുകൂടി ഓർക്കണം. അതിനും വ്യക്തമായ കാരണമുണ്ട്. മിഡ് ഇൻഫ്രാറെഡ് മേഖലയിലെ തരംഗങ്ങളെ ഭൂമിയിൽനിന്ന് നിരീക്ഷിക്കുക ഏറെ ബുദ്ധിമുട്ടാണ്. മിക്കതും ഭൂമിയുടെ അന്തരീക്ഷം ആഗിരണം ചെയ്യും. ഹബിൾ ടെലിസ്കോപ്പിനൊന്നും ഈ മേഖലയെ നിരീക്ഷിക്കാനാകില്ല. ഹബിളിന്റെ കണ്ണാടി അത്രത്തോളം തണുപ്പിലല്ല എന്നതാണു കാരണം. ആ കണ്ണാടിയിൽനിന്നു പുറപ്പെടുന്ന ഇൻഫ്രാറെഡ് വികിരണങ്ങൾതന്നെമതി ഗാലക്സിയുടെ കാഴ്ചയെ വികലപ്പെടുത്താൻ. അതിനാലാണ് -266 ഡിഗ്രി സെൽഷ്യസിൽ MIRI സൂക്ഷിച്ചിരിക്കുന്നത്.
One thought on “IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്”