Read Time:10 Minute

ജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?

വെബിന്റെ നിയർ ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ചെടുത്തതാണ് ചൊവ്വയുടെ ചിത്രം. ചൊവ്വയുടെ ഇൻഫ്രാറെഡ് സ്പെക്ട്രവും വെബ് പകർത്തി.

നവനീത് കൃഷ്ണൻ എഴുതുന്നു..

ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിലുള്ള വസ്തുക്കളെ നോക്കാനുള്ള ടെലിസ്കോപ്പല്ല. പക്ഷേ ഇടയ്ക്കൊന്ന് ഒളികണ്ണിട്ട് നോക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ വെബ് ഒളികണ്ണാൽ ഈയിടെ നോക്കിയത് ചൊവ്വയിലേക്കാണ്. ചൊവ്വയുടെ ഇൻഫ്രാറെഡ് ചിത്രവും സ്പെക്ട്രവും പകർത്താൻ വെബിനായി. 

കടപ്പാട് : NASA, ESA, CSA, STScI, Mars JWST/GTO team

വളരെ വളരെ മങ്ങിയ ഗാലക്സികളിലേക്കു നോക്കുന്നപോലെ എളുപ്പമല്ല വെബിന് ചൊവ്വയിലേക്കു നോക്കാൻ. കാരണം വെബിനെ സംബന്ധിച്ചിടത്തോളം അതിതീവ്രമായ ഇൻഫ്രാറെഡ് പ്രകാശമാവും ചൊവ്വയിൽനിന്നു വരുന്നത്. സാധാരണഗതിയിൽ ഒരു ടെലിസ്കോപ്പിനെ സംബന്ധിച്ചിടത്തോളം ചൊവ്വ വലിയൊരു ഇൻഫ്രാറെഡ് സ്രോതസ്സ് ഒന്നുമല്ല. പക്ഷേ വെബിനെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. വളരെ നേർത്ത ഇൻഫ്രാറെഡ് സ്തോതസ്സുകളെ പഠിക്കാനായി രൂപകല്പന ചെയ്ത ഒന്നാണത്. സ്വന്തം ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നു വരുന്ന ഇൻഫ്രാറെഡുപോലും വെബിന്റെ ‘കണ്ണി’ലേക്കു കടക്കരുതെന്നാണ്. അതിനായി ടെലിസ്കോപ്പിനെ തണുപ്പിച്ചു നിർത്താൻ പ്രത്യേക സംവിധാനങ്ങൾവരെ വെബിലുണ്ട്.

മൊബൈൽക്യാമറ ഉച്ചസമയത്ത് സൂര്യന്റെ നേരെ പിടിച്ച് ഫോട്ടോ എടുത്താൽ എങ്ങനെയിരിക്കും. വെറും വെള്ള മാത്രമാവും ഫോട്ടോയിൽ. അതേ അനുഭവമാകും വെബ്ടെലിസ്കോപ്പ് ഇച്ചിരിനേരം കൂടുതൽ ചൊവ്വയെ നോക്കിയാൽ ഉണ്ടാവുക. Detector saturation എന്നു പറയും. ഒരുവേള ആ ഡിറ്റക്റ്റർ കേടാവാൻപോലും മതി. അങ്ങനെയുള്ള വെബാണ് ചൊവ്വയെ പഠിക്കാൻ പോയത്. 

അഹങ്കാരം അല്ലാതെന്ത് എന്നു പറയാൻ വരട്ടേ. അതിനുള്ള ചില സൂത്രങ്ങളും വെബ് ടെലിസ്കോപ്പ് കൈകാര്യം ചെയ്യുന്ന ടീമിന്റെ കൈവശം ഉണ്ട്. ഏറ്റവും പ്രധാനം, വളരെ ചെറിയ സമയത്തേക്കു മാത്രമേ ചൊവ്വയെ നോക്കൂ എന്നതാണ്. അല്പസമയംപോലും കൂടിപ്പോകരുത്. പിന്നെ ചില പ്രത്യേക ഡാറ്റ വിശകലന സൂത്രങ്ങളും കൂടി ഉപയോഗിച്ചപ്പോൾ വലിയ കുഴപ്പമില്ലാതെ ചൊവ്വയെ പിടികൂടാൻ കഴിഞ്ഞു.

ചൊവ്വയിലെ പൊടിക്കാറ്റും കാലാവസ്ഥയും ഋതുക്കളും ഒക്കെ പഠനവിധേയമാക്കാൻ ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾക്കും വർണ്ണരാജി പഠനങ്ങൾക്കും ആകുമത്രേ. വെബിന്റെ നിയർ ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ചെടുത്തതാണ് ചൊവ്വയുടെ ആദ്യചിത്രം. കിഴക്കൻ അർദ്ധഗോളത്തിന്റെ ചില ഭാഗങ്ങളാണ് ഇങ്ങനെ പകർത്തിയത്. ഇൻഫ്രാറെഡ് നമുക്കു കാണാൻ പറ്റില്ല. എങ്കിലും അതിലെ ഓരോ ഫ്രീക്വൻസിയും ഓരോ നിറമായി നമുക്കു കണക്കുകൂട്ടാം. നിയർ ഇൻഫ്രാറെഡിന്റെ മേഖല വളരെ വലുതാണു കേട്ടോ. എന്നിട്ടും അതിലെ രണ്ടേ രണ്ടു നിറങ്ങളെ (ഫ്രീക്വൻസി) മാത്രം ഉപയോഗിച്ചാണ് വെബിലെ ക്യാമറ ചിത്രം പകർത്തിയത്. 

കടപ്പാട് : NASA, ESA, CSA, STScI, Mars JWST/GTO team

ഫോട്ടോയിൽ എന്തെല്ലാം ?

2.1 മൈക്രോമീറ്റർ തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് പ്രകാശത്തെ പ്രയോജനപ്പെടുത്തി എടുത്ത ഫോട്ടോയാണ് ഏതാണ്ട് ചുവന്ന നിറത്തിൽ കാണുന്നത്. ചൊവ്വയിലെ ഹൈജൻസ് ക്രേറ്ററും മറ്റു ചില ഭാഗങ്ങളും ഇതിൽ കാണാം. 

4.3 മൈക്രോമീറ്റർ തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് പ്രകാശത്തെ ഉപയോഗിച്ചെടുത്ത ഫോട്ടോ ചൊവ്വയിലെ ചൂടിനെക്കുറിച്ചുള്ള വിവരമാണ് നൽകുന്നത്. ചൊവ്വയുടെ പ്രതലത്തിൽനിന്നും അന്തരീക്ഷത്തിൽനിന്നും പുറത്തേക്കുവരുന്ന ചൂടാണ് വിവിധ നിറത്തിൽ കാണപ്പെടുന്നത്. ചൂട് കാണിക്കുന്ന ഒരു  ചൊവ്വാമാപ്പാണ് അതെന്നു പറയാം.  സൂര്യപ്രകാശം ഏറ്റവും കൂടുതൽ കിട്ടുന്ന പ്രദേശമാണ് മഞ്ഞനിറത്തിൽ.  നമ്മൾ കണ്ണു മഞ്ഞളിച്ചുപോയി എന്നൊക്കെ പറയില്ലേ. അതേ അനുഭവമാണ് ആ പ്രദേശത്തേക്കു നോക്കിയ വെബ് ടെലിസ്കോപ്പിനും. മഞ്ഞനിറം കാണുന്ന പ്രദേശത്തുനിന്ന് പുറത്തേക്കുവരുന്ന പ്രകാശം വെബിന് സ്വീകരിക്കാവുന്ന പ്രകാശതീവ്രതയെക്കാളും കൂടുതലായിരുന്നു.  

പ്രകാശതീവ്രത ധ്രുവപ്രദേശത്തേക്ക് അടുക്കുമ്പോഴേക്കും കുറയുന്നുണ്ട്. ചൂട് കുറയുന്നു എന്നർത്ഥം. വടക്കൻധ്രുവപ്രദേശങ്ങളിൽനിന്ന് വളരെ കുറച്ചു ചൂടുപ്രകാശം മാത്രമേ പുറത്തേക്കു വരുന്നുള്ളൂ. പൊതുവിൽ ഇങ്ങനെയൊക്കെ ആണെങ്കിലും ചൂട് മാത്രമല്ല ഈ ഫോട്ടോയെ സ്വാധീനിക്കുന്ന ഘടകം. ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ പുറത്തേക്കുവരുന്ന ഇൻഫ്രാറെഡ് പ്രകാശത്തെ ചൊവ്വാന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് കുറെയൊക്കെ ആഗിരണം ചെയ്യും. ഹെല്ലാസ് ബേസിൻ എന്ന പ്രദേശം അല്പം ഇരുണ്ടു കാണാനുള്ള കാരണങ്ങളിലൊന്ന് ഈ ആഗിരണമാണ്. 

കടപ്പാട് : NASA, ESA, CSA, STScI, Mars JWST/GTO team

ചൊവ്വയുടെ സ്പെക്ട്രം

ഫോട്ടോ മാത്രമല്ല വെബ് പുറത്തുവിട്ടത്. ചൊവ്വയുടെ സ്പെക്ട്രവുമുണ്ട്. സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് ചൊവ്വയെ ഒന്നു പഠിക്കാൻ നോക്കിയതാണ്. സ്പെക്ട്രം പരിശോധിച്ച് വിശകലനം ചെയ്തവർക്ക് ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾകൂടി അറിയാനായി. ചൊവ്വയുടെ ഓരോ പ്രദേശത്തെയും അന്തരീക്ഷത്തിലുള്ള ഘടകങ്ങളെക്കുറിച്ചുള്ള ധാരണയാണ് ഇതിലൂടെ കിട്ടിയത്. 

കാർബൺ ഡൈ ഓക്സൈഡ്, ജലം, കാർബൺ മോണോ ഓക്സൈഡ് എന്നിവയുടെ സാന്നിധ്യമെല്ലാം വളരെ എളുപ്പം ശ്രദ്ധയിൽപ്പെടും. ഇതല്ലാതെ വളരെ നേരിയ അളവിലുള്ള വാതകങ്ങളെ തിരിച്ചറിയാനും വെബിനാവും. തുടർ പഠനങ്ങളിൽ അവയും ഉൾപ്പെടും എന്നു കരുതാം.


അധിക വായനയ്ക്ക്

  1. Mars Is Mighty in First Webb Observations of Red Planet, September 19, 2022 ,

നാള്‍വഴികള്‍

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പ്

വീഡിയോ അവതരണം

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഓർമകൾക്ക് ആത്മാവിന്റെ നഷ്ടഗന്ധം വന്നതെങ്ങിനെ? 
Next post വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ
Close