ഭൂമിയോളം സുന്ദരമായ വേറൊരു ലോകമില്ലെന്നും മനുഷ്യന് ജീവിക്കാൻ ഭൂമിയല്ലാതെ വേറൊരിടമില്ലെന്നും ബോദ്ധ്യപ്പെടുത്തുകയാണീ സിനിമ. ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥ
[dropcap]മാ[/dropcap]ലിന്യ കൂമ്പാരമായി മാറിയ ഈ ഭൂമിയിൽ ആർക്കും ജീവിക്കാനാവാത്ത ഒരു കാലം വരും എന്നത് എല്ലാ പരിസ്ഥിതി സ്നേഹികളുടെയും എല്ലാകാലത്തേയും ഭയമാണ്. ജീർണിച്ചു മണ്ണാവാത്ത നൂറുകൂട്ടം ചവറുകൾ കൊണ്ട് സർവ സ്ഥലവും നിറഞ്ഞിരിക്കുന്നു. വലിച്ചെറിഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മെട്രോ നഗരങ്ങൾ. പച്ചപ്പിന്റെ ഒരു മുള പോലും ബാക്കിയില്ലാത്ത, പൊടിക്കാറ്റടിക്കുന്ന ഊഷര വിജനത ! മനുഷ്യവർഗം ആഗോള ഭീമൻ കമ്പനികളുടെ വെറും ഉപഭോക്താക്കൾ മാത്രം! ബഹിരാകാശത്തെ കൃത്രിമ ലോകത്ത് പറിച്ച് നടപ്പെട്ടവർ . നിർവികാരമായ യാന്ത്രിക ജീവിതത്തെക്കുറിച്ചുള്ള സയൻസ് ഫിക്ഷൻ ആനിമേഷൻ –പ്രണയ സിനിമയാണ് വാൾ-ഇ. ‘നിമോ’ എന്ന മത്സ്യകുഞ്ഞിന്റെയും അവന്റെ അച്ഛന്റെയും സാഹസികജീവിതം ആനിമേഷൻ സാങ്കേതികവിദ്യയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ച ആൻഡ്രു സ്റ്റാൻറ്റൺ തന്നെയാണ് ‘ഫൈൻഡിംങ് നിമോ’ യ്ക്ക് ശേഷം പിക്സർ കമ്പനിയുടെ വകയായി ‘വാൾ- ഇ’ എന്ന സിനിമയും 2008ൽ പുറത്തിറക്കിയത്.
ഭൂമിയിൽ ജീവിതം അസാദ്ധ്യമായപ്പോൾ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തങ്ങളുടെ പുതിയ പ്രോജക്റ്റ് ‘ബൈ- എൻ ലാർജ്’ എന്ന മൾട്ടി നാഷണൽ കമ്പനി മുന്നോട്ടുവച്ചിരിക്കുന്നു. മാലിന്യ സംസ്കരണത്തിനുള്ള ‘വാൾ-ഇ’ (Waste allocation Load Liftter Earth class) റോബോട്ടുകൾ. അവ ചവറുകൾ വാരിക്കൂട്ടി യന്ത്ര ശരീരത്തിനുള്ളിൽ അമർത്തി കട്ടകളാക്കി മാറ്റി അടുക്കി വയ്ക്കും. അഞ്ചു വർഷം കൊണ്ട് ഭൂമിയെല്ലാം വൃത്തിയാക്കും വരെ സുഖമായി ജീവിക്കാനുള്ള ബഹിരാകാശ ജീവിതപദ്ധതിയും അവരുടെ ചെയർമാൻ അവതരിപ്പിക്കുന്നുണ്ട്.
സൗരയൂഥത്തിനപ്പുറം പ്രപഞ്ചകോണിലെരിടത്തെ ബൃഹത്തായ ബഹിരാകാശ കേന്ദ്രത്തിലേയ്ക്ക് സർവരേയും മാറ്റി പാർപ്പിച്ചിരിക്കയാണ്. അവർക്കുവേണ്ട എല്ലാ സഹായത്തിനും വ്യത്യസ്തയിനം റോബോട്ടുകളുണ്ട്. ഒന്നും ചെയ്യാതെ അവിടെ തിന്നുറങ്ങി ടെലിവിഷൻ കണ്ട് ജീവിക്കുകയാണ് മനുഷ്യരത്രയും. പക്ഷേ ഭൂമി വൃത്തിയാക്കൽ പണികൾ കരുതിയതുപോലെ എളുപ്പമായിരുന്നില്ല . തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് മനസ്സിലാക്കി മനുഷ്യവർഗം ആ ബഹിരാകാശ നിലയത്തിൽ തന്നെ തലമുറകളായി ജീവിക്കുകയാണ്. എഴുന്നൂറു വർഷം കഴിഞ്ഞിരിക്കുന്നു. യാതൊരു അധ്വാനവുമില്ലാതെ ജീവിച്ചു വന്ന മനുഷ്യരുടെ ശരീരസ്വഭാവമൊക്കെ മാറിക്കഴിഞ്ഞു. പേശികളില്ലാത്ത വെറും മാംസപിണ്ഡങ്ങൾ. വികാരവും പ്രണയവും വറ്റിയ യന്ത്രങ്ങളായി അവർ മാറിക്കഴിഞ്ഞു. പുതുതലമുറ റോബോട്ടുകൾ സ്വയം വികസിച്ച് അവയുടെ നിയന്ത്രണത്തിലായിരിക്കുന്നു മനുഷ്യജീവിതം. പേരിനൊരു ക്യാപ്റ്റനുണ്ടെങ്കിലും സ്വയം എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അയാൾ എല്ലാം യന്ത്രങ്ങൾക്ക് സമ്മതിച്ച് കൊടുത്ത് തിന്നുറക്കത്തിലാണ് സദാസമയവും.
ഭൂമിയിൽ സോളാർ എനർജികൊണ്ട് പ്രവർത്തിച്ചിരുന്ന “വാൾ-ഇ’ റോബോട്ടുകളെല്ലാം വർഷങ്ങൾക്കു മുമ്പേ പ്രവർത്തനം നിർത്തിക്കഴിഞ്ഞു. ഇപ്പഴും ബാക്കിയുള്ള ഒരു വാൾ-ഇ റോബോട്ട് വിജനമായ ആ മാലിന്യപ്പറമ്പിൽ പ്രാഗ്രാംചെയ്തുവിട്ട് ജോലി എഴുന്നൂറു വർഷങ്ങൾക്കുശേഷവും തന്റെ തുരുമ്പിച്ച് ദ്രവിച്ച യന്ത്രകൈകൾ കൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. പ്ലാസ്റ്റിക് പാട്ടകളും മറ്റു വേസ്റ്റുകളും തന്റെ ചതുരപ്പെട്ടി ശരീരത്തിനുള്ളിലേയ്ക്ക് വാരിയിട്ട് അമർത്തി കട്ടകളാക്കി അടുക്കിവെയ്ക്കുകയാണവൻ അങ്ങനെ അവൻ അടുക്കിവെച്ചിരിക്കുന്ന മാലിന്യക്കട്ടകൾ പത്തുനില കെട്ടിടങ്ങൾ പോലെ ഉയർന്നു നിൽക്കുന്നുണ്ട്. വാൾ-ഇ യ്ക്ക് കൂട്ടായി ആകെ ഉള്ളത് ഇപ്പോഴും മരിക്കാതെ ബാക്കിയുള്ള ഒരു കൂറ മാത്രമാണ്. വർഷങ്ങളിലൂടെയുള്ള സ്വയം റിപ്പേറിങ്ങിലൂടെയാണ് വാൾ-ഇ ഇപ്പോഴും പ്രവർത്തിക്കുന്നത്. പ്രവർത്തനം നിലച്ച മറ്റു വാൾ-ഇ റോബോട്ടുകളുടെ നല്പ പാർട്സുകളെല്ലാം ശേഖരിച്ച് വച്ചും അവ മാറ്റി ഉപയോഗിച്ചും ഒക്കെയാണ് അവൻ അതിജീവിച്ചിരിക്കുന്നത്. ഏകാന്ത വിരസമായ ‘ജീവിതം’ രസകരമാക്കാൻ വാൾ-ഇ തന്റെതായ വഴികൾ കണ്ടെത്തീട്ടുണ്ട്. മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ നിന്നും ആവശ്യമായവയൊക്കെ പെറുക്കിയെടുത്ത് തന്റെ താൽക്കാലിക ഗാരേജിൽ കൊണ്ടു വന്ന് സൂക്ഷിക്കും. ഉപേക്ഷിക്കപ്പെട്ട ഒരു ട്രക്കിന്റെ അകവശമാണ് അവന്റെ വാസസ്ഥലം. പഴയ ടി.വിയും വി.എച്ച്.എസ് വീഡിയോ കാസറ്റ് പ്ലയറും ഒക്കെ ഉപയോഗിച്ച് മനുഷ്യജീവിതം എങ്ങനെയായിരുന്നു എന്നവൻ കാണുന്നുണ്ട്.
വീണു കിട്ടിയ റൂബിക് ക്യൂബും ഇലക്ട്രിക് ബൾബും സ്പൂണും ഒക്കെ അവന്റെ കൗതുകവസ്തു ശേഖരത്തിലുണ്ട്. ഇത്തരമൊരു അന്വേഷണത്തിലാണ് ആദ്യമായി ഒരു പച്ചപ്പ് അവൻ കാണുന്നത്. ഒരു വലിയ ഇരുമ്പ് ചവറ്റുകുട്ട പൊളിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ എന്നോ കുടുങ്ങിപ്പോയ ഒരു വിത്ത് മുള പൊട്ടി രണ്ടില വിരിഞ്ഞിരിക്കുന്നു. ഈ അത്ഭുത വസ്തു അവനെ വല്ലാതെ ആകർഷിച്ചു. പഴയ ഒരു ബൂട്ടിനുള്ളിൽ അതിനെ ഇട്ടു വച്ച് സ്വന്തം സ്ഥലത്തേയ്ക്ക് കൊണ്ടുവന്നു. വികൃതമായ ബൈനാക്കുലർ കണ്ണുകളും തേയ്മാനം വന്നു തുരുമ്പിച്ച് ചക്രക്കാലുകളുമായി ഓടിനടന്നു ജോലിചെയ്യുന്നതിനിടയിലേയ്ക്കാണ് ബഹിരാകാശ നിലയത്തിൽ നിന്നുള്ള പേടകം വന്നിറങ്ങുന്നത് . എന്താണെന്ന് മനസ്സിലാകാതെ പേടിച്ചരണ്ട് വാൾ-ഇ എങ്ങനെയൊക്കെയോ ഒളിച്ചു രക്ഷപ്പെട്ടു. ആ പേടകത്തിൽ നിന്നും വെളുത്തു മിനുത്ത ഒരു പുതുതലമുറ റോബോട്ട് ‘ഈവ‘ (Extra terrestrial Vegetation Evaluator) പുറത്തിറങ്ങുന്നു. അണ്ഡാകൃതിയിലുള്ള സുമുഖിയായ ആ റോബോട്ടിന് നീല കണ്ണുകളും ഗൗരവ ഭാവവും കരുത്തും പറക്കാനുള്ള കഴിവും ഒക്കെയുണ്ട്. ഭൂമിയിൽ ജീവ സാന്നിദ്ധ്യമുണ്ടോ എന്നന്വേഷിക്കാനായി വന്നതാണവൾ. ഓരോ ഇഞ്ച് സ്ഥലവും അതിവേഗം സ്കാൻ ചെയ്ത് നീങ്ങുന്നതിനിടയിൽ വാൾ-ഇയെ കണ്ണിൽപ്പെടുന്നു. നീണ്ട ഏകാന്ത ജീവിതത്തിനു ശേഷം ആദ്യമായി കണ്ട ഒരു ‘സഹ’ ജീവി’യിൽ വാൾ-ഇ യ്ക്ക് കൗതുകമുണ്ടാകുന്നു. പക്ഷേ ആദ്യമൊന്നും ‘ഈവ’ അവനെ പരിഗണിക്കുന്നേ ഇല്ല. ഇടയ്ക്ക് വീശിയടിച്ച പൊടിക്കാറ്റിൽ കുടുങ്ങിയ ഈവയെ വാൾ-ഇ രക്ഷിച്ച് തന്റെ സങ്കേതത്തിലെത്തിക്കുന്നു. പഴയ കാസറ്റുകളും സിനിമകളും കണ്ട് മനുഷ്യ പ്രണയഭാവം അനുകരിക്കുന്ന വാൾ-ഇ ഒരു കാമുകിയോടെന്നപോലെയാണ് ഈവ യോട് പെരുമാറുന്നത്. അവൻ വിളക്കുകളെല്ലാം കത്തിക്കുന്നു, ഷോകേസുകളിലെ അത്ഭുത വസ്തുക്കൾ കാട്ടിക്കൊടുക്കുന്നു, ടെലിവിഷനിൽ മനുഷ്യരുടെ പ്രണയ സംഗീത സീനുകൾ കാണിക്കുന്നു. പതുക്കെ ഇരുവരും അടുപ്പത്തിലാകുന്നു.
സ്വന്തം രൂപത്തിലും കഴിവിലും അപകർഷതയുള്ള വാൾ-ഇ, ഈവയുടെ വിരലുകൾ സ്പർശിക്കാൻ ശ്രമിക്കുന്ന രസകരമായ ഒരു ദൃശ്യമുണ്ട്. അതിഥിയ്ക്ക് സമ്മാനമായി നൽകുന്നത് അമൂല്യമായി കണ്ടെത്തി സുക്ഷിച്ചുവെച്ച കുഞ്ഞു ചെടിയാണ്. അത് കണ്ടയുടൻ പ്രോഗ്രാമിങ്ങിന്റ ഭാഗമായി സ്വന്തം ശരീരത്തിനുള്ളിലേയ്ക്ക് ആ ജൈവവസ്തു ആഗിരണം ചെയ്ത് ഈവ സ്റ്റാൻഡ്ബൈയായി. എന്താണ് സംഭവിച്ചതെന്നറിയാതെ വാൾ-ഇ അവൾക്കു ചുറ്റും പാഞ്ഞു നടക്കുന്നുണ്ട്. തട്ടിയും മുട്ടിയും അവളെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്. ഒരു രക്ഷയുമില്ല. ശരീരത്തിനുള്ളിൽ ജൈവസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്ന പച്ച സിഗ്നൽ ഒഴിച്ച് എല്ലാം നിശ്ചലം. തന്നെ തിരിച്ചു കൊണ്ടു പോവാനുള്ള വാഹനം വരാനുള്ള കാത്തിരിപ്പിലാണ് ഈവ. പ്രതികരണങ്ങളൊന്നുമില്ലാതെ നിശ്ചലമായിപ്പോയ ഈവയെ മഴയിലും വെയിലിലും പൊടിക്കാറ്റിലും ഒക്കെ നിന്നും കുടചൂടിച്ചും പുതപ്പിച്ചും സംരക്ഷിച്ചു കഴിയുകയാണ് ദുഃഖിതനായ വാൾ-ഇ.
ബഹിരാകാശ വാഹനം തിരിച്ചെത്തി തന്നെ മാത്രം ഈ വിജന ഭൂമിയിൽ തനിച്ചാക്കി പോവുന്നത് വാൾ-ഇയ്ക്ക് സഹിക്കാനാവില്ല. ബഹിരാകാശ വാഹനത്തിന്റെ പുറത്ത് അവനും പറ്റിപ്പിടിച്ച് കയറിക്കൂടുന്നു.യാത്രയ്ക്കിടയിൽ ശനിയുടെ വലയങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോൾ കുസൃതികളൊപ്പിക്കുന്നുണ്ടവൻ.പ്രപഞ്ചത്തിന്റെ അനന്ത വിശാലതയും ഗാലക്സികളും അവൻ ബൈനാക്കുലർ കണ്ണുകൾ കൊണ്ട് തുറിച്ചുനോക്കുന്നുണ്ട്. അവസാനം ബഹിരാകാശ നിലയത്തിലെത്തുന്നു. ഈവയെ റോബോട്ടുകൾ കപ്പിത്താനടുത്തേയ്ക്ക് കൊണ്ടു പോകുന്നു. കൂടെത്തന്നെ പാത്തും പതുങ്ങിയും വാൾ -ഇയും ഉണ്ട്. ഭൂമി യിൽ ജീവൻ സാദ്ധ്യമാണെന്ന തിരിച്ചറിവ് വൻ അത്ഭുതമായി. ഈവയിൽ നിന്നും ആ കുഞ്ഞു ചെടിപുറത്തെടുത്തപ്പോൾ അവൾ സജീവയായി. അപ്പോഴാണ് തന്നോടൊപ്പം വാൾ-ഇ കൂടി ഇവിടെ എത്തിയിട്ടുണ്ടെന്ന് അവൾ മനസ്സിലാക്കുന്നത്. പിന്നെ അവനെ ഒളിപ്പിക്കാനും രക്ഷിക്കാനുമുള്ള തത്രപ്പാടിലാണ് ഈവ.
ഒരിക്കലും ജീവൻ ഭൂമിയിൽ സാധ്യമല്ല എന്ന വിധത്തിലാണ് വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉപേക്ഷിക്കുമ്പോൾ ബൈ- എൻ ലാർജ്
കമ്പനി കമ്പ്യൂട്ടറുകൾക്ക് നിർദേശം നൽകിയിരുന്നത്. ഇപ്പോഴും അതു പിൻതുടരുന്ന റോബോട്ടുകൾ ഭൂമിയിലേയ്ക്ക് തിരിച്ചുപോകാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ എതിർക്കുന്നു. മനുഷ്യരുടെ ഇപ്പോഴത്തെ യന്ത്രസമാന ജീവിതം മടുത്ത ക്യാപ്റ്റന് മാതൃഭൂമിയിലേയ്ക്ക് തിരിച്ചുപോയി പഴയ മനുഷ്യരേപ്പോലെ ജീവിച്ചു തുടങ്ങണമെന്ന് ആഗ്രഹമുണ്ട്.നിലയത്തിന്റെ കേന്ദ്രത്തിലെ ഒരു യന്ത്രമദ്ധ്യത്തിലേയ്ക്ക് ജീവസാന്നിധ്യത്തെളിവായ ആ ചെടി കൊണ്ടുവെച്ചാൽ ഓട്ടോമാറ്റിക്കായി ഭൂമിയിലേക്കുള്ള തിരിച്ചു പോക്ക് ഉടൻ ആരംഭിക്കും.
ഈവയും വാൾ-ഇയും ക്യാപ്റ്റനൊപ്പം അതിനു ശ്രമിക്കുന്നു. എന്നാൽ ഇത് പ്രോഗ്രാമിനു വിരുദ്ധമായതിനാൽ കംപ്യൂട്ടർ നിയന്ത്രണ സംവിധാനം എതിർക്കുന്നു. അവസാനം ഈവയുടെയും വാൾ-ഇയുടെയും മറ്റു കുഞ്ഞൻ റോബോട്ടുകളുടെയും സഹായത്തോടെ സാഹസികമായി ചെടി ആ യന്തത്തിനുള്ളിൽ എത്തിക്കുന്നു. ഇതിനിടയിൽ ബഹിരാകാശ നിലയ നിയന്ത്രണം ഓട്ടോമാറ്റിക്കിൽ നിന്നും മാന്വൽ ആക്കി മാറ്റി തിരിച്ചുപിടിക്കാൻ ക്യാപ്റ്റന് സാധിക്കുന്നുമുണ്ട്. ബഹളത്തിനിടയിൽ യന്ത്രത്തിനുള്ളിൽ കുരുങ്ങി വാൾ-ഇ തകർന്നുപോയി. നിശ്ചലമായ തന്റെ സുഹൃത്തിനെ നന്നാക്കിയെടുക്കാൻ പാട്സുകൾക്കായി പരക്കം പായുന്ന ഈവ കാണികളുടെ കണ്ണുകൾ നിറയ്ക്കും.
ഭൂമിയിൽ മനുഷ്യരെല്ലാം തിരിച്ചെത്തി. തടിച്ചുകൊഴുത്ത ശരീരവുമായി അവർ തലമുറകൾക്കു ശേഷം മണ്ണിൽ കാൽകുത്തി. ഇതിനിടയിൽ വാൾ-ഇ യുടെ പഴയ താമസസ്ഥലത്ത് സ്പെയർപാർട്ടുകൾ തിരയുകയാണ് ഈവ. എല്ലാം നന്നാക്കിയെടുത്ത് വാൾ-ഇയെ വെയിലത്ത് വെച്ചിരിക്കുകയാണ്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ. അതാ പതുക്കെ സോളാർ പാനലുകൾ ചാർജുചെയ്തു തുടങ്ങുന്നു. വാൾ-ഇ പ്രവർത്തിച്ചു തുടങ്ങി. പക്ഷേ ഈവയുടെ സന്തോഷം അധികം നിലനിന്നില്ല. പുതിയ ചിപ്പുകൾ മാറ്റിയിട്ടപ്പോൾ വാൾ-ഇ എല്ലാം മറന്നിരിക്കുന്നു. പഴയ പ്രോഗ്രാം പ്രകാരമുള്ള മാലിന്യസംസ്കരണ ജോലി നിർവികാരമായി ചെയ്യുകയാണവൻ. ഈവയെ തിരിച്ചറിയാനാകുന്നില്ല. സങ്കടത്തോടെ യാത്രാമൊഴി ചൊല്ലി ഈവ അവന് അവസാനമായി ഒരു ചുംബനം നൽകുന്നു. പെട്ടെന്ന് വാൾ -ഇ യുടെ വിരലുകൾ ഈവയുടെ യന്ത്ര വിരലുകളിൽ സ്പർശിക്കുന്നു. വാൾ -ഇ തന്റെ ചങ്ങാതിയെ “ഈവ’ എന്നു വിളിക്കുന്നു. അവർ നട്ടുവളർത്തി പന്തലിച്ച മഹാവൃക്ഷത്തിനു കീഴെ ഇരുവരും സന്തോഷ ത്തോടെ ഇരിക്കുന്ന ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു. ഇപ്പോൾ ഭൂമി നരച്ച് മഞ്ഞിച്ച വിരസഭൂമിയല്ല. പച്ചപ്പ് പുതച്ച സ്വപ്നഭൂമി.
ഏറ്റവും മികച്ച ആനിമേഷൻ സിനിമയ്ക്കുള്ള അക്കാഡമി അവാർഡ് കൂടാതെ നിരവധി സമ്മാനങ്ങൾക്ക് ഈ സിനിമ നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി.”ഗോൾഡൻ ഗ്ലോബ്’ അവാർഡ് പോലുള്ള നിരവധി പുരസ്കാരങ്ങൾ കൂടാതെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ സ്വീകരണവും ഈ ആനിമേഷൻ സിനിമയ്ക്ക് ലഭിച്ചു. ഉപയോഗിച്ച് വലിച്ചെറിയുന്ന ഓരോ വസ്തുക്കളും പതുക്കെ പതുക്കെ ഈ ഭൂമിയെ കൊന്നുകൊണ്ടിരിക്കയാണെന്നും അവസാനം മനുഷ്യർക്ക് ഇവിടംവിട്ട് എവിടേക്കെങ്കിലും പോവേണ്ടി വന്നേക്കും എന്നും ഉള്ള ഭയം ഉണർത്തുകയുമാണ് ഈ സിനിമ. ഭൂമിയോളം സുന്ദരമായ വേറൊരു ലോകമില്ലെന്നും മനുഷ്യന് ജീവിക്കാൻ ഭൂമിയല്ലാതെ വേറൊരിടമില്ലെന്നും ബോദ്ധ്യപ്പെടുത്തുകയാണീ സിനിമ.
സിനിമ യുട്യൂബില്‍ കാണാം
https://www.youtube.com/watch?v=BnqRVZAi40c