പി എസ് ശോഭൻ
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്നും ഈ ഗ്രഹത്തിലേക്കുള്ള ശരാശരി ദൂരം 0.72 അസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 10.8 കോടി കി.മീ.) ആണ് . സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഗോളമാണ് ശുക്രൻ. ചിലകാലങ്ങളിൽ സൂര്യോദയത്തിനു മുൻപായി കിഴക്കേ ആകാശത്തും ചിലകാലങ്ങളിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറെ ആകാശത്തും ഇതിനെ കാണാൻ കഴിയും. കിഴക്കേ ആകാശത്ത് ശുക്രനെ കാണുമ്പോൾ അത് പ്രഭാതനക്ഷത്രം (morning star), കൊള്ളിമീൻ തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നത്. പടിഞ്ഞാറെ ആകാശത്ത് സന്ധ്യക്ക് ശേഷം പ്രത്യക്ഷപ്പെടുമ്പോൾ സാന്ധ്യതാരകം ( evening star) എന്ന പേരിലും അറിയപ്പെടുന്നു. ശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലായിരുന്ന പ്രാചീന കാലത്ത് ഇതിനെ ഒരു നക്ഷത്രമായാണ് ആളുകൾ ധരിച്ചിരുന്നത്. അതാണ് ഇങ്ങനെയുള്ള പേരുകൾ ഈ ഗ്രഹത്തിന് ലഭിക്കുവാനിടയായത്. ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ അപേക്ഷിച്ച് സൂര്യനിൽ നിന്നും കുറഞ്ഞ അകലത്തിലായതുകൊണ്ട് പ്രഭാതവേളകളിൽ കിഴക്കേ ചക്രവാളത്തിൽ നിന്നും 43 ഡിഗ്രി വരെയും വൈകുന്നേരങ്ങളിൽ പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 43 ഡിഗ്രി വരെയും കോണകലത്തിലേ ശുക്രൻ എത്തൂ. ഇക്കാരണം കൊണ്ടുതന്നെ ശുക്രനെ സൂര്യോദയത്തിന് പരമാവധി മൂന്നു മണിക്കൂർ മുൻപ് മുതലും സൂര്യാസ്തമയത്തിനു ശേഷം പരമാവധി മൂന്ന് മണിക്കൂർ വരെയുമേ കാണാനാകൂ.

ടെലിസ്കോപ് ഉപയോഗിച്ചുള്ള ശുക്രനിരീക്ഷണങ്ങളിൽ നിന്നും ഈ ഗ്രഹം നമ്മുടെ ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ശുക്രൻ ഭൂമിയോട് അടുത്ത് സ്ഥിതി ചെയ്യുമ്പോൾ ചന്ദ്രക്കലയുടെ ആകൃതിയിലാണ് ദൃശ്യമാകുക. എന്നാൽ ഭൂമിയിൽ നിന്നും പരമാവധി അകലത്തിലായിരിക്കുമ്പോൾ അത് പൂർണ്ണ വൃത്താകാരം പ്രാപിക്കുകയും ചെയ്യും. അകലെയായിരിക്കുമ്പോൾ ഇതിന്റെ പ്രഭ താരതമ്യേന കുറവായിരിക്കും.

ബുധനെയും ചൊവ്വയെയുംപോലെ ശുക്രനെയും ഒരു ഭൂസമാനഗ്രഹ (Terrestrial planet) മായിട്ടാണ് ശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. ഈ ഗ്രഹത്തിന്റെ മാസ്, വലുപ്പം, സാന്ദ്രത എന്നിവ ഭുമിയുടേതിന് ഏതാണ്ട് സമാനമാണ്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഈ ഗ്രഹം ഭൂമിയെക്കാൾ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. സൂര്യനെ ഒരു പ്രാവശ്യം വലംവെക്കുന്നതിനായി ശുക്രന് 225 ഭൗമദിനങ്ങൾ വേണം. എന്നാൽ സ്വന്തം അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയുന്നതിനായി ഇത് എടുക്കുന്നത് 243 ഭൗമദിനങ്ങളും. അതിനാൽ ശുക്രനിലെ ഒരു ദിവസത്തിന് അവിടുത്തെ ഒരു വർഷത്തേക്കാൾ ദൈർഘ്യമുണ്ടാകും. ഇതു മാത്രമല്ല ഇതിന്റെ കറക്കത്തിന്റെ പ്രത്യേകത. ഭൂമിയും മറ്റ് ഗ്രഹങ്ങളും സ്വയം തിരിയുന്ന ദിശക്കു വിപരീതമായാണ് ഇതിന്റെ കറക്കം. അതായത് ശുക്രനിലെ സൂര്യോദയം പടിഞ്ഞാറും അസ്തമയം കിഴക്കുമായിരിക്കും.
മേഘാവൃതമായതും കട്ടികൂടിയതുമായ അന്തരീക്ഷമാണ് ഈ ഗ്രഹത്തിനുള്ളത്. ഈ പ്രത്യേകതകൊണ്ട് ഗ്രഹത്തിൽ എത്തുന്ന 70 % സൂര്യപ്രകാശത്തെയും അത് പ്രതിപതിപ്പിക്കുന്നു. ശുക്രന്റെ വലിയ തിളക്കത്തിന് കാരണം ഇതാണ്. കട്ടികൂടിയ അന്തരീക്ഷം ഭൂമിയിൽ നിന്നും ശുക്രോപരിതലത്തെക്കുറിച്ചുള്ള പഠനത്തിനു വലിയ തടസ്സമുണ്ടാക്കുന്നു. ഉപരിതലത്തെക്കുറിച്ച് നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ള അറിവുകളെല്ലാം ബഹിരാകാശവാഹനങ്ങളുടെ സഹായത്താൽ കിട്ടിയിട്ടുള്ളതാണ്. സോവിയറ്റ് യൂണിയൻ അയച്ച വെറീന 1 ആണ് ഈ ഗ്രഹം സന്ദർശിച്ച ആദ്യ ബഹിരാകാശ പേടകം.

കാർബൺ ഡയോക്‌സൈഡ് ആണ് ശുക്രാന്തരീക്ഷത്തിലെ മുഖ്യഘടകം. അന്തരീക്ഷത്തിൽ നൈട്രജനും നീരാവിയും തീരെ കുറവാണ്. എന്നാൽ സൾഫർഡയോക്‌സൈഡിന്റെ സാന്നിധ്യം കാണപ്പെടുന്നുണ്ട്. അതിനാൽ അവിടത്തെ മേഘപാളികളിൽ സൾഫ്യുറിക്കാസിഡ് തന്മാത്രകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അവിടത്തെ മഴ ആസിഡ് മഴയായിരിക്കും എന്ന് ആലങ്കാരികമായി പറയാം. കാർബൺ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് തുടങ്ങിയവ ഉണ്ടാക്കുന്ന തീഷ്ണമായ ഹരിതഗേഹ പ്രഭാവം (greenhouse effect ) ഈ ഗ്രഹത്തെ സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ഗ്രഹമാക്കി മാറ്റുന്നു. ഗ്രഹത്തിന്റെ ശരാശരി അന്തരീക്ഷതാപനില 465 ഡിഗ്രി സെൽഷ്യസ് ആണ്. അന്തരീക്ഷമർദ്ദം ഭൂമിയുടെ 92 മടങ്ങോളം വരും. അത്യന്തം തീക്ഷ്ണമായ ഈ സാഹചര്യം നമുക്കറിയാവുന്ന തരത്തിലുള്ള ജീവൻ ഉണ്ടാകാനുള്ള സാധ്യത അവിടെ ഇല്ലാതാക്കുന്നു. പർവ്വതങ്ങളും താഴ്‌വാരങ്ങളും കൊണ്ട് നിറഞ്ഞതാണ് ശുക്രോപരിതലം. ധാരാളം അഗ്നിപർവ്വതങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഈ അഗ്നിപർവ്വതങ്ങളാണ് അന്തരീക്ഷത്തിലെ സൾഫർ ഡയോക്‌സൈഡിനു കാരണം എന്ന് കരുതുന്നു. ഈ ഗ്രഹത്തിൽ സമുദ്രങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നുള്ള അറിവുകൾ വച്ച് ശുക്രനു ഉപഗ്രഹങ്ങളൊന്നും ഇല്ല.

യൂറോപ്പിൽ സൗരയൂഥ ഗ്രഹങ്ങളിലെ ഏക വനിത വീനസ് ആണ്. ഗ്രഹോപരിതലത്തിലെ മിക്ക സ്ഥലങ്ങൾക്കും പ്രസിദ്ധരായ വനിതകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഭാരതത്തിലെ ആദ്യ വനിതാഡോക്ടർ ആയ ആനന്ദിഭായ് ജോഷിയുടെ സ്‌മരണാർത്ഥം ശുക്രനിലെ ഒരു ഗർത്തതിന് ജോഷി എന്ന് പേര് നൽകിയിട്ടുണ്ട്. ഇന്ദിര, ലക്ഷ്മി തുടങ്ങിയ വേറെ ഇന്ത്യൻ പേരുകളും നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയം. ചുരുക്കത്തിൽ ശുക്രൻ ഒരു ‘ലേഡീസ് ഒൺലി’ ഗ്രഹം എന്ന് പറയാം.
ഗ്രഹങ്ങളെ ആകാശത്ത് തിരിച്ചറിയാം.. വീഡിയോ
One thought on “ശുക്രൻ”