ഒക്ടോബറിലെ ആകാശം

ഈ മാസത്തെ ആകാശം അത്ര സംഭവബഹുലമൊന്നുമല്ല. എങ്കിലും കാത്തിരുന്നാൽ ഹാലിയുടെ ധൂമകേതുവിന്റെ പൊട്ടും പൊടിയും കണ്ടു എന്ന് അഹങ്കരിക്കാം. കേമമായ ഉൽക്കാവർഷമൊന്നുമല്ല ഒറിയോണിഡ് ഉൽക്കാവർഷം. ഹാലി ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക എന്ന ഒരു പ്രത്യേകതയുണ്ട് എന്നു മാത്രം. ഒക്ടോബർ 20ന് ഒറിയോൺ രാശിയുടെ ദിശയിൽ നിന്ന് വീഴുന്ന കൊള്ളിമീനുകളെ കാണാൻ കഴിയും. വളരെയേറെയൊന്നുമില്ലെങ്കിലും കാത്തിരുന്നാൽ കുറച്ചെണ്ണത്തിനെയൊക്കെ കാണാം.

ആകാശ മാപ്പ്

ഗ്രഹങ്ങളെല്ലാം ഏഴര വെളുപ്പിനു തന്നെ ഉണർന്ന് കുളിച്ചു കുറിതൊട്ടു വരുന്ന കാഴ്ചയാണ് ഒക്ടോബറിൽ കാണാൻ കഴിയുക. ബുധൻ ഈ മാസം കന്നി രാശിയിൽ സൂര്യനോടൊപ്പമാണുണ്ടാവുക. 16ന് സൂര്യനിൽ 18ഡിഗ്രി പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ പരിശ്രമിച്ചാൽ ഒരു പക്ഷെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചു എന്നു വരാം. അന്നേ ദിവസം 5.06നായിരിക്കും ഉദയം.

ശുക്രൻ ഈ മാസത്തിൽ ഏറ്റവും നല്ല കാഴ്ച തരും. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ആകാശത്തിൽ ചിങ്ങം രാശിയിൽ ഏറ്റവും തിളക്കത്തിൽ ശുക്രൻ സ്ഥിതിചെയ്യും. 26ന് സൂര്യനിൽ നിന്നും ഏറ്റവും പടിഞ്ഞാറു ഭാഗത്തെത്തുന്ന ശുക്രൻ രാവിലെ 3.11ന് ഉദിക്കും. ഒക്ടോബർ 8ന് ശുക്രന്റെ തൊട്ടടുത്തായി ചന്ദ്രനെ കാണാം. 0.7 തെക്കു ഭാഗത്തായിരിക്കും ചന്ദ്രന്റെ സ്ഥാനം. അടുത്തു തന്നെയായി ചിങ്ങത്തിലെ തിളക്കമുള്ള നക്ഷത്രം റെഗുലസിനെയും കാണാം. 26ന് ശുക്രൻ വ്യാഴത്തിന്റെ അടുത്തെത്തിയിരിക്കും. വ്യാഴത്തിന്റെ1.1ഡിഗ്രി തെക്കുവശത്തായിരിക്കും ഇപ്പോൾ ശുക്രന്റെ സ്ഥാനം.ചൊവ്വയെയും അടുത്ത് അധികം തിളക്കമില്ലാതെ നിൽക്കുന്നുണ്ടാവും.ചൊവ്വയെക്കാൾ 25മടങ്ങ് തിളക്കത്തിലായിരിക്കും വ്യാഴത്തെ കാണുക.വ്യാഴത്തിന്റെ 12മടങ്ങ് തിളക്കം ശുക്രനുണ്ടാകും.
vjm26oct
വളരെ മങ്ങിയാണെങ്കിലും ചൊവ്വയെയും രാവിലെത്തന്നെ കാണാം.മാസാദ്യം നാലു മണിയോടെ ചിങ്ങം രാശിയോടൊപ്പം ഉദിക്കും. അവസാന ദിവസങ്ങളിൽ 3.30ഓടു കൂടിത്തന്നെ കിഴക്കൻ ചക്രവാളത്തിൽ കാണാനാകും. 9ന് വ്യാഴവും ചന്ദ്രനും ചേർന്ന് ഒരു ത്രികോണം സൃഷ്ടിക്കും.ചൊവ്വ തിളക്കം കുറഞ്ഞു നിൽക്കുന്നതുകൊണ്ട് ഈ ദൃശ്യം അത്ര മനോഹരമാകും എന്നൊന്നും പറയാൻ കഴിയില്ല. 17ന് 0.4ഡിഗ്രിയിൽ വ്യാഴത്തോടു ചേർന്നു നിൽക്കും. ഒരു ടെലസ്കോപ്പിലൂടെ രണ്ടു ഗ്രഹങ്ങളെയും ഒന്നിച്ചു കാണാൻ കഴിയും.

വ്യാഴത്തെയും ഈ മാസം ചിങ്ങം രാശിയിൽ തന്നെയാണ് കാണാൻ കഴിയുക. ശരിക്കും മൂന്നു ഗ്രഹങ്ങൾക്കും ആതിഥേയത്വം വഹിച്ചു നിൽക്കുകയാണ് ചിങ്ങം രാശി. മാസാദ്യം ശുക്രൻ വ്യാഴത്തിൽ നിന്നും15ഡിഗ്രി അകലത്തിലാണെങ്കിൽ 26ന് 1.1ഡിഗ്രി അടുത്തെത്തുകയും അടുത്ത ദിവസങ്ങളിൽ കടന്നു പോകുകയും ചെയ്യും.
Jupiter_Mars_Venus_Oct2015_Finder_Chart
ശനിയാണ് ഈ മാസം കൂട്ടത്തിലൊന്നും കൂടാതെ സാന്ധ്യതാരമായി തിളങ്ങുന്നത്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറൻ ആകാശത്ത് വൃശ്ചികത്തിന്റെ തലയിലിരുന്നു തിളങ്ങുന്ന ശനിയെ കാണാം. മാസാദ്യം9മണിയോടു കൂടെ അസ്തമിക്കുന്ന ശനി മാസാവസാനമാകുമ്പോൾ8മണിയോടെ അസ്തമിക്കും. ഒക്ടോബർ 16ന് ശനിയുടെ 3ഡിഗ്രി അടുത്തു കൂടി ചന്ദ്രൻ കടന്നു പോകും.

Leave a Reply