കെ.ആർ.ജനാർദ്ദനൻ
ലളിതമെന്ന് പരിഗണിക്കപ്പെടുന്ന ചില സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ വളരെയധികം ആയാസരഹിതമാക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, വാച്ചിന്റെ സ്ട്രാപ്പ് മുതലായവയിൽ രണ്ടുഭാഗങ്ങൾ തമ്മിൽ ഒട്ടിക്കാനുപയോഗിക്കുന്ന വീതികുറഞ്ഞ നൈലോൺ വസ്തുവായ വെൽക്രോവിന്റെ കണ്ടുപിടുത്തത്തിന്റെ കഥവായിക്കാം
ലളിതമെന്ന് പരിഗണിക്കപ്പെടുന്ന ചില സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ വളരെയധികം ആയാസരഹിതമാക്കിയിട്ടുണ്ട്. പേപ്പർക്ലിപ്, സിപ്പ് , ബ്രേസിയർ സ്ട്രാപ് ആന്റ് ബക്ൾ, വെൽക്രോ തുടങ്ങിയ ഉപായസങ്കേതങ്ങൾ സമൂഹത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്. രസകരമായ ചരിത്രം ഇത്തരം ലളിത സാങ്കേതികവിദ്യകളുടെ പിന്നിലുണ്ട്. വളരെ ആകസ്മികമായി കണ്ടുപിടിക്കപ്പെട്ട വെൽക്രോയുടെ കഥയാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
വസ്ത്രങ്ങൾ, ചെരിപ്പുകൾ, വാച്ചിന്റെ സ്ട്രാപ്പ് മുതലായവയിൽ രണ്ടുഭാഗങ്ങൾ തമ്മിൽ ഒട്ടിക്കാനുപയോഗിക്കുന്ന വീതികുറഞ്ഞ നൈലോൺ വസ്തുവിനാണ് വെൽക്രോ എന്ന് പറയുന്നത്. യഥാർത്ഥത്തിൽ കെട്ടുന്നതിനോ, ഉറപ്പിക്കുന്നതിനോ ഉള്ള ഒരു ഉപകരണത്തിന്റെ ബ്രാൻഡ് നാമമാണ് വെൽക്രോ. വെൽക്രോ ബ്രാൻഡ് കൊളുത്തും കണ്ണിയും ഇന്ന് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ചരിത്രം
വെൽക്രോ കണ്ടുപിടിച്ചത് ജോർജ് ദെ മെസ്ട്രാൽ എന്ന സ്വിസ് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയിരുന്നു. 1940-കളിലെ ഒരു സുപ്രഭാതത്തിൽ മെസ്ട്രാൽ തന്റെ വളർത്തുനായയേയും കൂട്ടി സ്വിറ്റ്‌സർ ലൻഡിലെ മലയോരങ്ങളിൽ സവാരിക്കുപോയി. തിരിച്ചു വീട്ടിൽ വന്നപ്പോൾ തന്റെ ട്രൗസറിലും നായയുടെ മൃദുരോമങ്ങളിലും കോക്ക്ൾ-ബറുകൾ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടു. സൂര്യകാന്തി വർഗത്തിൽപ്പെട്ട ഒരു സസ്യമാണ് കോക്ക്ൾ-ബർ. പന്തിന്റെ ആകൃതിയുള്ള, ഏതാണ്ട് 2.5 സെന്റിമീറ്റർ വലുപ്പമുള്ള നൂറുകണക്കിന് വിത്തുകൾ ഇവ ഉണ്ടാക്കുന്നു. ഈ വിത്തുകളുടെ ഉപരിതലത്തിൽ ഒട്ടും വളയാത്ത കൊളുത്തുപോലുള്ള ചെറുകുറ്റികൾ ഉണ്ട്. ഈ ചെറുകുറ്റികളാണ് മെസ്ട്രാലിന്റെ കാലുറകളിലും നായയുടെ രോമക്കെട്ടിലും ഉടക്കിയത്. ഇതു കണ്ട മെസ്ട്രാൽ ഉടൻതന്നെ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ധരിച്ച കാലുറ സൂക്ഷ്മമായി പരിശോധിച്ചു. ബറുകൾ എന്നറിയപ്പെടുന്ന ഈ വിത്തുകായകളുടെ ഉപരിതലത്തിൽ ഒട്ടേറെ ചെറുകൊളുത്തുകൾ ഉണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ കൊളുത്തുകൾ വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്നു. യഥാർത്ഥത്തിൽ കുറ്റിക്കാട്ടിൽ അലഞ്ഞുമേയുന്ന മൃഗങ്ങളുടെ ശരീരരോമങ്ങളിൽ ഈ വിത്തുകൾ പറ്റിപ്പിടിക്കുന്നതുവഴിയാണ് ഈ സസ്യത്തിന്റെ വിത്തുവിതരണം നടക്കുന്നത്.
തന്റെ വസ്ത്രത്തിൽ ബറുകൾ ഒട്ടിപ്പിടിച്ചതിന്റെ മെക്കാനിസം മനസ്സിലാക്കിയതോടെ മെസ്ട്രാലിന്റെ മനസ്സിൽ ആയിരം ദീപങ്ങൾ മിന്നി. ഈ സംവിധാനം കൃത്രിമമായി നിർമിക്കാൻ അദ്ദേഹം തുനിഞ്ഞു. കൊളുത്തുകൾ ഒരു പട്ടയിലും കണ്ണികൾ മറ്റൊരു പട്ടയിലുമായി സജ്ജീകരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. കൊളുത്തും കണ്ണിയും നിർമിക്കാൻ നൈലോൺ ഉപയോഗിച്ചു. ഈ രണ്ടു പട്ടയും ഒന്നിച്ചുചേർക്കുമ്പോൾ ബന്ധിതമാവുകയും വലിക്കുമ്പോൾ ഒരു ശബ്ദത്തോടെ വേർപിരിയുകയും ചെയ്യും. താൻ കണ്ടുപിടിച്ച ഉല്പന്നത്തിന് മെസ്ട്രാൽ ‘വെൽക്രോ’ എന്ന പേർ നൽകി.
വെൽക്രോ എന്ന പേരിന്റെ ഉല്പത്തി
പ്രകൃതിസൃഷ്ടിയുടെ തനിപ്പകർപ്പ് നിർമിക്കാൻ മെസ്ട്രാലിനെ സഹായിച്ചത് നെയ്ത്തുകാരായിരുന്നു. നൈലോൺ നാരുകൊണ്ട് കൊളുത്തും കണ്ണിയും ഉല്പാദിപ്പിക്കാൻവേണ്ടി ഒരു പ്ലാന്റ് അദ്ദേഹം സ്ഥാപിച്ചു. വെൽവെറ്റ്, ഫ്രഞ്ച് ഭാഷയിൽ ‘വെലൗ’ ആണ്. കൊളുത്ത് – എന്നതിന് ഫ്രഞ്ച്ഭാഷയിൽ ക്രോഷെയ് ആണ്. വെലൗവും ക്രോഷെയും ചേർന്നപ്പോൾ ‘വെൽക്രോ’ ആയി. വെൽക്രോ നിർമിക്കാനായി മെസ്ട്രാൽ സ്ഥാപിച്ച കമ്പനിക്കും വെൽക്രോ എന്നുതന്നെയാണ് പേരിട്ടത്. ഇന്ന് ലോകത്തൊട്ടാകെ അനേകം കമ്പനികൾ ഇത്തരം ‘ബന്ധകങ്ങൾ’ നിർമിക്കുന്നുണ്ട്. അവയെല്ലാം വെൽക്രോ എന്നുതന്നെയാണ് അറിയപ്പെടുന്നത്.
തുടക്കത്തിൽ തിരിച്ചടി
മറ്റു പല കണ്ടുപിടുത്തങ്ങൾക്കും നേരിട്ട ദുർഗതി വെൽക്രോയേയും ബാധിച്ചു. തുടക്കത്തിൽ ഒട്ടേറെ വിമർശനങ്ങളും പരിഹാസങ്ങളും മെസ്ട്രാലിന് കേൾക്കേണ്ടിവന്നു. പക്ഷെ അവയൊന്നും അദ്ദേഹത്തെ സ്പർശിച്ചില്ല. തന്റെ ഡിസൈനിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഘടനാപരമായ പരിഷ്‌കാരങ്ങൾ വരുത്താൻ അദ്ദേഹം തയ്യാറായി. അങ്ങനെ വെൽക്രോയുടെ ബന്ധനശേഷി വർധിപ്പിക്കാൻ കഴിഞ്ഞു. ഒരു ഫ്രഞ്ച് നെയ്ത്തുകാരനുമായി ചേർന്ന് പക്കാ കൊളുത്തും കുറ്റിയും സംവിധാനം നിർമിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. നൈലോൺ തന്തുക്കൾ ഇൻഫ്രാറെഡ് പ്രകാശത്തിന്റെ സാന്നിധ്യത്തിൽ തുന്നുമ്പോൾ, കൂടുതൽ ബലമുള്ള കൊളുത്തുകൾ നിർമിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടു. 1955-ൽ മെസ്ട്രാൽ ‘വെൽക്രോ’യ്ക്ക് പേറ്റന്റ് എടുത്തു. കാഴ്ചയിൽ ആകർഷണീയമല്ലാത്തതിനാൽ വെൽക്രോയ്ക്ക് തുടക്കത്തിൽ മാർക്കറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. കുട്ടികളുടെ സ്‌പോർട്‌സ് ഷൂ നിർമിക്കുന്നവരാണ് ആദ്യമായി വെൽക്രോ ഉപയോഗിച്ചുതുടങ്ങിയത്. അവരുടെ നിർദേശാനുസരണം ഉല്പന്നം കൂടുതൽ ആകർഷകമാക്കാനുള്ള നടപടികൾ സ്വീകരിക്കപ്പെട്ടു.
വെൽക്രോ ഉയരുന്നു
വെൽക്രോയുടെ പ്രതിച്ഛായ ഉയരാൻ വളരെയേറെ സഹായിച്ചത് നാസ ആണ്. ബഹിരാകാശയാത്രികർ വഹിക്കുന്ന പല ഉപകരണങ്ങളിലും അവരുടെ യൂണിഫോമിലുമെല്ലാം വെൽക്രോ ധാരാളമായി തന്നെ ഉപയോഗപ്പെടുത്തി. 1960 കളിൽ പേടകത്തിനുള്ളിൽ അനേകം ഉപകരണങ്ങൾ സ്വസ്ഥാനത്ത് സുരക്ഷിതമായി നിർത്താൻ ചരടുകൾക്കും സിപ്പറുകൾക്കും ബദലായി വെൽക്രോ ഉപയോഗിച്ചു. പിന്നീട് വെൽക്രോയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പാദരക്ഷകൾ, വസ്ത്രങ്ങൾ, ചാവിക്കുടുക്കലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ലാബറട്ടറി ഉപകരണങ്ങൾ മുതലായവയിലെല്ലാം വെൽക്രോ സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടുന്നു.
നമ്മുടെ ജീവിതത്തിലെ ലളിതമായ ചില സംഭവങ്ങൾപോലും പ്രചോദനത്തിന്റെയും സൃഷ്ടിപരതയുടെയും സ്ഫുലിംഗങ്ങൾ മനസ്സിൽ മിന്നിത്തെളിയിക്കും. അതുവഴി സമൂഹത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള ഉല്പന്നങ്ങളുടെ, ഉപകരണങ്ങളുടെ, യന്ത്രങ്ങളുടെ നിർമിതിയിലേക്ക് വഴി തെളിയും. ശാസ്ത്രസാങ്കേതികരംഗത്തു മാത്രമല്ല, കലാസാംസ്‌കാരിക സാഹിത്യരംഗങ്ങളിലും ഇതു ബാധകമാണ്. അത്യുപകാരപ്രദമായ വെൽക്രോ നമുക്ക് സമ്മാനിച്ച മെസ്ട്രാൽ 1990 ഫെബ്രുവരി 8-ാം തീയതി സ്വിറ്റ്‌സർലൻഡിൽവച്ചു നിര്യാതനായി.