Read Time:16 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

“വെറുതെ ചിതറിക്കിടക്കുകയല്ല, പൂവെ.” പ്രപഞ്ചത്തിലെ എണ്ണമറ്റ ഗാലക്സികളെപ്പറ്റി പൂവിന്റെ മനസിൽ ഷംസിയട്ടീച്ചർ പുതിയ ചിത്രങ്ങൾ വരയ്ക്കുകയാണ്: “അവ പലപല കൂട്ടങ്ങളായാണു നില്ക്കുന്നത്.”

“ഓ! അവർക്കും ഞങ്ങളെപ്പോലെ സെറ്റും കൂട്ടും ഒക്കെയുണ്ട്?”

“നിങ്ങടെ കൂട്ടുകെട്ട് സ്നേഹം‌കൊണ്ടല്ലേ? ഇവരുടേത് ഗുരുത്വാകർഷണം‌കൊണ്ടാ.” ടീച്ചർ ചിരിച്ചു. “ഗാലക്സികളുടെ ചെറുതും വലുതുമായ കൂട്ടങ്ങളുണ്ട്. ചെറുകൂട്ടങ്ങളെ ഗ്രൂപ്പുകൾ എന്നു വിളിക്കും; വലിയ കൂട്ടങ്ങളെ ഗാലക്സി ക്ലസ്റ്ററുകൾ എന്നും. ആകാശഗംഗ ഉൾപ്പെടുന്ന ഗ്രൂപ്പ് 50-നടുത്തു ഗാലക്സികൾ മാത്രമുള്ള ചെറിയ ഒന്നാണ്. നമ്മൾ ഉൾപ്പെടുന്നത് ആയതിനാൽ ഈ കൂട്ടത്തെ ‘ലോക്കൽ ഗ്രൂപ്പ്’ എന്നാണു വിളിക്കുന്നത്. ഇതിന്റെ ഏതാണ്ട് കേന്ദ്രഭാഗത്താണ് ആകാശഗംഗ. ചെറുതായിട്ടുപോലും ഒരുകോടി പ്രകാശവർഷത്തോളം പരന്നു കിടക്കുന്ന ഒന്നാണ് ഈ ലോക്കൽ ഗ്രൂപ്. ആയിരക്കണക്കിനു ഗാലക്സികൾ‌വരെ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ ഉണ്ട്. ”

ചിത്രം 1 – നമ്മുടെ ലോക്കൽ ഗ്രൂപ്പ്. രണ്ടു വലിയ ഗാലക്സികളിൽ ഇടത്തു മുകളിലുള്ളത് ആകാശഗംഗ; വലത്തു താഴെ ആൻഡ്രോമെഡ. കടപ്പാട് – Azcolvin429, Wikimedia Commons

“ആകാശഗംഗയാണോ ലോക്കൽ ഗ്രൂപ്പിലെ നേതാവ്?”

“ഒരു നേതാവ് എന്നു വേണമെങ്കിൽ പറയാം. ആൻഡ്രോമെഡ ഗാലക്സിയും എം 33 എന്ന ഗാലക്സിയുമാണ് അതിലെ മറ്റു രണ്ടു വലിയ ഗാലക്സികൾ.”

“പ്രപഞ്ചത്തിൽ എത്ര ഗാലക്സി ക്ലസ്റ്റർ ഉണ്ടാകും?”

“കണക്കാക്കിയിട്ടില്ല. ഗാലക്സി ക്ലസ്റ്ററുകൾ മാത്രമല്ല, അവയ്ക്കിടയിൽ ധാരാളം ഒറ്റയൊറ്റ ഗാലക്സികളും ഉണ്ട്. കുറേ ഗാലക്സി ക്ലസ്റ്ററുകളും അവയ്ക്കിടയിൽ ചിതറിക്കിടക്കുന്ന ഗ്രൂപ്പുകളും ഗാലക്സികളും ചേർന്നു വലിയ കൂട്ടങ്ങളും ഉണ്ട് – സൂപ്പർ ക്ലസ്റ്ററുകൾ.”

“അപ്പോൾ ഈ സൂപ്പറും അല്ലാത്തതും ഒക്കെയായ ക്ലസ്റ്ററുകൾക്കും പേരുണ്ടോ?”

“നമ്മൾ അവയെ കാണുന്ന ദിശയിലെ രാശിയുടെ പേരു ചേർത്താണ് അവയെ വിളിക്കാറ്. നമ്മുടെ ലോക്കൽ ഗ്രൂപ്പ് ഉൾപ്പെടുന്ന ക്ലസ്റ്റർ ഒരു സൂപ്പർ ക്ലസ്റ്ററാണ് – പേര് വിർഗോ സൂപ്പർ ക്ലസ്റ്റർ. ഇതാണു നമ്മുടെ ‘ലോക്കൽ സൂപ്പർ ക്ലസ്റ്റർ’. അതിൽ രണ്ടായിരത്തിനടുത്ത് ഗാലക്സികളുണ്ട്. ആ സൂപ്പർ ക്ലസ്റ്ററിന്റെ ഒരു അരികിലാണ് ആകാശഗംഗ ഉൾപ്പെടുന്ന ലോക്കൽ ഗ്രൂപ്പ്.”

ചിത്രം 2 – വിർഗോ ക്ലസ്റ്ററിന്റെ ചിത്രം. ഇതിൽ 700ൽപ്പരം ഗാലക്സികൾ കാണാം. ആറരക്കോടി പ്രകാശവർഷം അകലെയുള്ള വിർഗോ ക്ലസ്റ്ററാണ് നമ്മുടെ ലോക്കൽ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രം. അതുകൊണ്ടാണ് നമ്മുടെ ലോക്കൽ സൂപ്പർ ക്ലസ്റ്ററിനും വിർഗോ സൂപ്പർ ക്ലസ്റ്റർ എന്നു പേരു വന്നത്. കടപ്പാട് – astronomy.com

“അതുശരി. ആ സൂപ്പർ ക്ലസ്റ്ററിനും കേന്ദ്രം ഒക്കെ ഉണ്ടോ? അതിനെയും നമ്മൾ വട്ടംചുറ്റുന്നുണ്ടോ?”

“ഉണ്ട്. വിർഗോ എന്നു പേരുള്ള ഒരു ക്ലസ്റ്റർ നമ്മുടെ ലോക്കൽ സൂപ്പർ ക്ലസ്റ്ററിൽ ഉണ്ട്. ആ ഗാലക്സിക്കൂട്ടമാണ് അതിന്റെ കേന്ദ്രം. അതാണ് നമ്മുടെ ലോക്കൽ സൂപ്പർ ക്ലസ്റ്ററിലെ ഏറ്റവും മാസുള്ള ഗാലക്സി ക്ലസ്റ്റർ. ലോക്കൽ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രം വിർഗോ ക്ലസ്റ്റർ ആയതുകൊണ്ടാണ് അതിനെ വിർഗോ സൂപ്പർ ക്ലസ്റ്റർ എന്നു വിളിക്കുന്നത്. നമ്മൾ ഉൾപ്പെടുന്ന ലോക്കൽ ഗ്രൂപ്പും മറ്റു ക്ലസ്റ്ററുകളും ആ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രത്തെ ചുറ്റുന്നുണ്ട്.”

“അത് എത്ര വേഗത്തിലാ? എങ്ങോട്ടാ?”

“സെക്കൻഡിൽ 400 കിലോമീറ്റർ വേഗത്തിലാണു നമ്മുടെ സൂപ്പർ ക്ലസ്റ്ററിന്റെ കറക്കം; ക്ലോക്കിന്റെ ദിശയിൽ. സൂപ്പർ ക്ലസ്റ്ററിലെ ആകാശഗംഗയുടെ നീക്കം സഞ്ചാരപാതയ്ക്കു കുത്തനെ നിന്നുകൊണ്ടാണ്. ആകാശഗംഗ അങ്ങനെ പായുമ്പോൾ അതിലുള്ള സൗരയൂഥവും കൂടെ പോകുന്നുണ്ടല്ലോ. സൗരയൂഥത്തിന്റെ ആകാശഗംഗയിലെ കറക്കവും‌ ഇതും ചേർത്ത് ഒന്നു സങ്കല്പിക്കൂ!”

ചിത്രം 3 – നമ്മുടെ ലോക്കൽ സൂപ്പർ ക്ലസ്റ്ററായ വിർഗോ സൂപ്പർ ക്ലസ്റ്റർ. വലത്തു താഴെ നമ്മുടെ ലോക്കൽ ഗ്രൂപ്പ്. ഈ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രഭാഗത്തുള്ള വിർഗോ ക്ലസ്റ്ററാണ് മദ്ധ്യഭാഗത്തു വലത്തായി കൂടുതൽ ഗാലക്സികളുടെ കൂട്ടമായി കാണുന്നത്. കടപ്പാട് – earthsky.org, Wikimedia Commons

പൂവ് വീണ്ടും സങ്കല്പത്തിൽ മുഴുകി. അതു സങ്കല്പിക്കാൻ അവൻ അല്പം കൂടുതൽ സമയം എടുത്തു. സൂപ്പർ ക്ലസ്റ്ററിൽ കുത്തനെ നില്ക്കുന്ന ആകാശഗംഗയുടെ സഞ്ചാരം. ആ ആകാശഗംഗയിൽ കുത്തനെ നില്ക്കുന്ന സൗരയൂഥത്തിന്റെ സഞ്ചാരം. രണ്ടും ചേർത്തു സങ്കല്പിക്കാൻ പൂവ് ലേശം ബുദ്ധിമുട്ടി. പക്ഷേ, അവൻ വിജയിച്ചു. “അപ്പോൾ… സൗരയൂഥം നീങ്ങുന്നത്… സ്പ്രിങ് പോലെ ആയിരിക്കും. ആകാശഗംഗയിലെ ഭൂമിയുടെ നീക്കം പോലെ? അല്ലെ?”

“അതേടാ മിടുക്കാ! നിന്നെ സമ്മതിച്ചിരിക്കുന്നു! സ്പൈറൽ ആകൃതിയിലാണ് ആ നീക്കം.”

വലിയ കണ്ടുപിടുത്തം നടത്തിയതുപോലെ, വലിയ അംഗീകാരം കിട്ടിയതുപോലെ, പൂവിന്റെ മുഖം നക്ഷത്രം‌പോലെ തിളങ്ങി. അപ്പോൾ ടീച്ചർ അടുത്ത സമസ്യ അവന് ഇട്ടുകൊടുത്തു: “ഇപ്പോൾ പറഞ്ഞത് സൗരയൂഥത്തിന്റെ ഒന്നാകെയുള്ള നീക്കത്തിന്റെ കാര്യമല്ലേ? ഗാലക്സിയിലൂടെയുള്ള ഭൂമിയുടെ നീക്കത്തിന്റെ കാര്യം മുമ്പ് നീ പറഞ്ഞല്ലോ – സ്പ്രിങ് പോലെ എന്ന്. ആ പോക്കുകൂടി ഇപ്പോൾ സങ്കല്പിച്ച സഞ്ചാരത്തോടൊപ്പം ഒന്നു ചേർക്കാൻ നോക്കൂ!”

ചിത്രം 4 – നമുക്കു സമീപമുള്ള സൂപ്പർ ക്ലസ്റ്ററുകളുടെ മാപ്പ്. കടപ്പാട് – Richard Powell

പൂവിന്റെ ദൃഷ്ടി മുകളിലേക്കായി. അവൻ കുറേനേരം അങ്ങനെ ഇരുന്നു. ചൂണ്ടുവിരൽ ചരിച്ചും കുത്തനെയും ഒക്കെ പിടിച്ചു കറക്കിയും ചുഴറ്റിയും എന്തൊക്കെയോ കാട്ടുന്നുണ്ടായിരുന്നു. ഒടുവിൽ അവൻ ടീച്ചറെ നോക്കി. എന്നിട്ടു പറഞ്ഞു: “ഒരു ഐഡിയയൊക്കെ കിട്ടി. പക്ഷെ, പറഞ്ഞുകേൾപ്പിക്കാൻ പറ്റുന്നില്ല.”

ടീച്ചർ മനസുതുറന്നു ചിരിച്ചു. “വേണ്ടാ. നീ വിഷമിക്കണ്ടാ. ഞാനും സങ്കല്പിച്ചുനോക്കിയിട്ടുള്ളതാ അതൊക്കെ. അതിരിക്കട്ടെ, നീ എല്ലാത്തിന്റെയും ദിശ ചോദിക്കുന്ന ആളല്ലേ? സൂപ്പർ ക്ലസ്റ്ററിലെ നമ്മുടെ ഗാലക്സിയുടെ പ്രദക്ഷിണദിശ അറിയണ്ടേ?”

“അയ്യോ, വേണം.”

“ചിങ്ങം രാശിയില്ലേ? ഭൂമിയിൽനിന്ന് നോക്കുമ്പോൾ അതിനെ കാണുന്ന ദിശയിലാണ് ആകാശഗംഗയുടെ ആ ചുറ്റൽ. എന്നുവച്ചാൽ, ആ ദിശയിലേക്കും നമ്മൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിങ്ങം രാശി ഞാൻ പൂവിനു കാണിച്ചുതന്നതല്ലെ?”

“അതെ. ഞാൻ രാത്രി മുറ്റത്തിറങ്ങുമ്പഴൊക്കെ ആകാശത്തു നോക്കും, നമ്മളേം നോക്കി ആകാശത്തു കിടക്കുന്ന സിംഹം വന്നിട്ടുണ്ടോന്ന്.”  അതിനും ടീച്ചറുടെ അഭിനന്ദനം നിറഞ്ഞ നോട്ടം കിട്ടിയപ്പോൾ അതിന്റെകൂടി ഗൗരവത്തിൽ പൂവ് ചോദിച്ചു: “ടീച്ചറേ, ഈ സൂപ്പർ ക്ലസ്റ്ററുകൾക്കെല്ലാം‌കൂടി വല്ല പൊതുകേന്ദ്രവും ഉണ്ടോ?! എല്ലാം‌കൂടി അതിനെയും ചുറ്റുന്നുണ്ടോ?”

“ഇല്ല. അങ്ങനെ പൊതുകേന്ദ്രമൊന്നും ഇല്ല. അങ്ങനെ ഒരു പ്രദക്ഷിണവും ഇല്ല. പ്രപഞ്ചത്തിന്റെ വലിയപങ്കും ഇപ്പോൾ ഇത്തരം സൂപ്പർ ക്ലസ്റ്ററുകൾ ആണെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. അവയ്ക്ക് ഇടയിലെല്ലാം ഒറ്റപ്പെട്ട ധാരാളം ഗാലക്സികളും ക്ലസ്റ്ററുകളും വാതകപടലങ്ങളും ഒക്കെ ഉണ്ട്. ഈ ഗാലക്സികളും ക്ലസ്റ്ററുകളും സൂപ്പർ ക്ലസ്റ്ററുകളും എല്ലാം തമ്മിൽത്തമ്മിൽ അകന്നുകൊണ്ടിരിക്കുകയാണ്, അതും അതിവേഗത്തിൽ.”

“അതിവേഗം എന്നു പറഞ്ഞാൽ…?”

“വേഗം എത്ര എന്നു ചോദിച്ചാൽ, അതൊരു സങ്കീർണ്ണമായ വിഷയമാണ്, പൂവേ. എല്ലാം തമ്മിൽത്തമ്മിൽ അകലുകയാണ്. എല്ലാം അകലുക എന്നുവച്ചാൽ പ്രപഞ്ചം മൊത്തത്തിൽ വികസിക്കുകയാണ്.”

“എല്ലാം തമ്മിൽ അകലുക എന്നു പറയുമ്പോൾ…” പൂവ് വീണ്ടും ചിന്താകുലനായി.

ടീച്ചർ അവനു മനസിലാകുന്ന ഒരു ഉദാഹരണം പറഞ്ഞു. “നിറയെ പുള്ളിക്കുത്തുകൾ ഉള്ള ഒരു ബലൂൺ വീർപ്പിക്കുന്നതു സങ്കല്പിച്ചുനോക്കൂ! അതിലെ എല്ലാ പുള്ളിക്കുത്തും പരസ്പരം അകലില്ലേ? ഓരോ പുള്ളിക്കുത്തിനും തോന്നും അത് ഒരിടത്തു നില്ക്കുകയാണ്, മറ്റുള്ളവയാണ് അകലുന്നത് എന്ന്. അതേസമയം, മറ്റുള്ളവയെ അപേക്ഷിച്ച് അതും അകലുകയല്ലേ?”

“ടീച്ചറേ, നമ്മുടെ ആപേക്ഷികത, അല്ലേ?” പൂവ് ചിരിച്ചുകൊണ്ടു ചോദിച്ചു. അവനു കാര്യം മനസിലായി എന്നു ടീച്ചർക്കും മനസിലായി.

“അതെ. ഓരോ ഗാലക്സിയെ അപേക്ഷിച്ചും മറ്റുള്ളവ അകന്നുകൊണ്ടിരിക്കും. അങ്ങനെ ആകുമ്പോൾ, ഓരോ ഗാലക്സിയെ അപേക്ഷിച്ചും വളരെ അകലെ ഉള്ളവ വളരെവേഗം അകലുമല്ലോ. അതുകൊണ്ട്, ഏതെങ്കിലും ഗാലക്സിയുടെ മാത്രമായി വേഗം പറയാനാവില്ല. പ്രപഞ്ചമാകെ വികസിക്കുന്നതിന്റെ വേഗമായി ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്ന സ്ഥിരസംഖ്യ സെക്കൻഡിൽ 70 കിലോമീറ്റർ ആണ്. ഇതിനെ നമ്മുടെ വേഗമായും കണക്കാക്കാം.”

“ഓകെ, ഓകെ. പിടികിട്ടി. ടീച്ചറേ, തമ്മിൽത്തമ്മിൽ അകലുകയാകുമ്പോൾ നമ്മളും മറ്റുള്ളവയിൽനിന്ന് അകലുകയാണല്ലോ. അപ്പോൾ, നമ്മൾ നീങ്ങുന്നത് ഏതു ദിശയിലാ” പൂവിന്റെ പതിവു സംശയം തലപൊക്കി.

അതു പ്രതീക്ഷിച്ച ടീച്ചർ പതിവുചിരിയോടെ പറഞ്ഞു: “ഇവിടെ പൂവ് പെട്ടുപോകുകയേ ഉള്ളൂ. ഏതു വശത്തുള്ള ഗാലക്സിയിലേക്കു നോക്കിയാലും അതും നമ്മളും തമ്മിൽ അകലുന്നതായാണു കാണുക. അപ്പോൾപ്പിന്നെ ഏതു ദിശ നമ്മൾ തെരഞ്ഞെടുക്കും? മറ്റെല്ലാ ചലനത്തിനും ഉള്ളതുപോലെ ഏതെങ്കിലും ഒരു ദിശ ഇതിനു പറയാൻ കഴിയില്ല, അത്രതന്നെ.”

ദിശയില്ലാത്ത സഞ്ചാരം! ആ ആശയം അവനെ കൂടുതൽ ചിന്തിപ്പിച്ചു. അതിഭയങ്കരവേഗത്തിൽ വട്ടം ചുറ്റുന്ന പടുകൂറ്റൻ ഗാലക്സിക്കൂട്ടങ്ങളും അവയെല്ലാം അതിവേഗം പാഞ്ഞ് അകലുന്നതും ഒക്കെ സങ്കല്പിച്ച് അവൻ കുറേനേരം തരിച്ച് ഇരുന്നുപോയി. പിന്നെ ചകിതഭാവത്തിൽ അല്പം ഉറക്കെത്തന്നെ അത്മഗതം എന്നോണം പറഞ്ഞു: “അയ്യോ! …നമ്മൾ അതിന്റെയൊക്കെ ഒപ്പവും കറങ്ങുകയും പായുകയുമാണോ!” പൂവ് തലയിൽ കൈ വച്ചു.

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാധ്യമങ്ങൾ നിരന്തരം നമ്മെ കബളിപ്പിക്കുന്നത് എന്തിന് ?
Next post അല്പം മുളവർത്തമാനം – LUCA TALK – സെപ്റ്റംബർ 27 ന്
Close