രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
താടിക്കു കൈകൊടുത്ത് ഇരുന്നുപോയ പൂവ് ഉണർന്നത് മറ്റൊരു സമസ്യയുമായാണ്. “ടീച്ചറേ, സൗരയൂഥത്തിന്റെ ബേരിസെന്റർ അപ്പപ്പോൾ മാറിക്കൊണ്ടിരുന്നാൽ ഗ്രഹങ്ങളുടെ സഞ്ചാരത്തിലെല്ലാം അപ്പപ്പോൾ മാറ്റം വരുമല്ലോ? അങ്ങനെയായാൽ മറ്റു ഗ്രഹങ്ങളിലേക്കൊക്കെ നമ്മൾ പേടകങ്ങൾ അയയ്ക്കുമ്പോൾ ലക്ഷ്യം കൃത്യമായി നിർണ്ണയിക്കാൻ കഴിയാതെവരില്ലേ?”
“അതില്ല. കാരണം, പ്രപഞ്ചത്തിനു സ്വന്തം ആസൂത്രണവും കണക്കുമൊന്നും ഇല്ലെങ്കിലും നമുക്കുണ്ടല്ലോ. ഗ്രഹങ്ങളുടെ ഓരോ സമയത്തെയും സ്ഥാനങ്ങളും അതുപ്രകാരം ബേരിസെന്ററിനു വരുന്ന മാറ്റവുമൊക്കെ മുൻകൂട്ടി കണക്കാക്കാൻ നല്ല സൂപ്പർ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ശാസ്ത്രജ്ഞർക്കു കഴിയും. ബേരിസെന്ററിന്റെ വർഷങ്ങൾക്കുമുമ്പത്തെ സ്ഥാനങ്ങളും നമുക്കു നിർണ്ണയിക്കാൻ കഴിയും. ദാ, ഈ ചിത്രങ്ങൾ നോക്കൂ!”
ഷംസിയട്ടീച്ചർ ലാപ്‌ടോപ് കമ്പ്യൂട്ടർ തുറന്ന് പൂവിനെ ഒരു ചിത്രം കാണിച്ചു. “ഇത് 1945 മുതൽ 1995 വരെ സൗരയൂഥത്തിന്റെ ബേരിസെന്ററിന് ഉണ്ടായ സ്ഥാനമാറ്റമാണ്. ഏതാണ്ടു നടുവിലായി കുത്തുകുത്തിട്ടു വരച്ച ഒരു വട്ടം കണ്ടോ. അതാണു സൂര്യന്റെ വലിപ്പം.”
“ഓ! അപ്പോൾ സൂര്യന്റെ പുറത്തേക്ക് ഇത്രയൊക്കെ മാറിപ്പോകാറുണ്ട് സൗരയൂഥത്തിന്റെ ബേരിസെന്റർ!?”
“അതെ. 1944-ൽ തുടങ്ങി ആ പാതയിലൂടെ പൂവ് ഒന്നു വിരലോടിച്ചുനോക്കൂ!”
കമ്പ്യൂട്ടർസ്ക്രീനിലെ ആ വരയിലൂടെ പൂവ് വിരലോടിച്ചുകൊണ്ടു പറഞ്ഞു: “ഒരു സഞ്ചാരപാതപോലെ ഉണ്ടല്ലോ – വലിയ വട്ടമായിവന്നു ചെറുതായി ‘ത’-പോലെ ചുറ്റിക്കെട്ടി പിന്നെയും വലിയവട്ടമായി പിന്നെയും ചുറ്റിക്കെട്ടി… ഒരു തുടർച്ച…”
“ദാ, ഇതു നോക്കൂ!” ടീച്ചർ അടുത്ത ചിത്രം കാട്ടിക്കൊടുത്തു. “ഇത് ബേരിസെന്ററിന്റെ ഭാവിയിലെ സ്ഥാനങ്ങൾകൂടി ഉള്ളതാണ്. 2000 മുതൽ 2051 വരെ ഉള്ളത്.”
പൂവ് കുറേനേരം ചിത്രം നോക്കി ഇരുന്നു. ആ ചിത്രത്തിലും ബേരിസെന്ററിന്റെ പാതയിലൂടെ അവൻ വിരലോടിച്ചുനോക്കി. അപ്പോഴാണു മറ്റൊരു കാഴ്ചപ്പാട് ഉദിച്ചത്: “ബേരിസെന്റർ ഇങ്ങനെ തുടർച്ചയായി മാറുമ്പോൾ ഇതിൽ ഓരോ ബേരിസെന്ററിനും അനുസരിച്ച് സൂര്യന്റെ വോബ്ലിങ് മാറിക്കൊണ്ടിരിക്കും? അപ്പോൾ സൂര്യന്റെ ബോബ്ലിങ്ങിനും ഒരു സ്ഥിരം താളമില്ല!”
2020 ജനുവരി 1 മുതൽ 2055 ഡിസംബർ 31 വരെ ബേരിസെന്ററിലെ മാറ്റം കാരണം സൂര്യന്റെ സ്ഥാനത്തിനു വരുന്ന മാറ്റം
“തീർച്ചയായും ഇല്ല. ദാ, ഇത് സൂര്യന്റെ സ്ഥാനത്തിന് 1944 മുതൽ 2020 വരെ വന്ന മാറ്റമാണ്.” ടീച്ചർ അടുത്ത ചിത്രം എടുത്തു. അതും പൂവ് മുമ്പെ പറഞ്ഞതുപോലെ ‘ത’-പോലെ അകത്തേക്ക് ഇടയ്ക്കിടെ ചുറ്റി വീണ്ടും വലുതായി അങ്ങനെ പോകുന്ന പാത.
“അപ്പോഴൊക്കെ ഗ്രഹങ്ങളുടെ പാതകളിലും അതിനനുസരിച്ച മാറ്റം വരില്ലേ?”
“വരും. ബേരിസെന്ററിനെയല്ലേ അവയും ചുറ്റുന്നത്.”
പൂവ് സ്വന്തം സൗരയൂഥവീക്ഷണം വികസിപ്പിച്ചു: “ഗ്രഹങ്ങളുടെ സ്ഥാനം മാറുമ്പോൾ ബേരിസെന്റർ മാറും. അപ്പോൾ ഗ്രഹങ്ങളുടെ പാതയിൽ മാറ്റം വരും. അപ്പോൾ അതിനനുസരിച്ചു ബേരിസെന്റർ വീണ്ടും മാറും. അപ്പോൾ ഗ്രഹങ്ങളുടെ പാതകളും വീണ്ടും മാറും. ഓരോ നിമിഷവും… ഛെ! മൊത്തം കുഴപ്പമായല്ലോ! പഠിച്ചുവച്ചതെല്ലാം പോയല്ലോ! എല്ലാക്കാലത്തും എല്ലാ ഗ്രഹങ്ങളും ഒരേ പാതയിൽക്കൂടിയാ സഞ്ചരിക്കുന്നത് എന്നാ ഞാൻ വിചാരിച്ചിരുന്നത്.”
“ഒരു ഛെ-യുമില്ല, പൂവേ. സയൻസെന്നു പറയുന്നത് അങ്ങനെയാണ്. പഠിച്ചുവച്ചത് കൂടുതൽ അറിയുന്തോറും മാറിക്കൊണ്ടിരിക്കും. അതല്ലേ വിശ്വാസവും സയൻസും തമ്മിലുള്ള വ്യത്യാസംതന്നെ.”
“അതൊക്കെ ശരി. എന്നാലും എല്ലാം ഇങ്ങനെ മാറിമറിഞ്ഞുകൊണ്ടിരുന്നാൽ പാവം ശാസ്ത്രജ്ഞർ എന്തു ചെയ്യും? ഇതെല്ലാം ചേർത്ത് ഇവയുടെയൊക്കെ സഞ്ചാരപാതയും ചലനവുമെല്ലാം നിർണ്ണയിക്കുക എന്നു പറഞ്ഞാൽ… ഭയങ്കര തല വേണം, അല്ലേ ടീച്ചറേ? എന്നാൽത്തന്നെ ഭ്രാന്തു പിടിച്ചു പോവില്ലേ!”
“ഹഹഹ!” ടീച്ചർ പൊട്ടിച്ചിരിച്ചു. പൂവ് വീണ്ടും എന്തോ ആലോചിക്കുന്നതുകണ്ട് ഷംസിയട്ടീച്ചർ ചിരിച്ചുകൊണ്ടുതന്നെ ചോദിച്ചു: “പൂവേ, ചിന്തിച്ചാൽ ഭ്രാന്തുപിടിക്കുമെങ്കിൽ നീ ഒരുപാടു ചിന്തിക്കണ്ടാ. അല്ല, എന്താ നീ ഇപ്പോൾ ചിന്തിച്ചത്?”
“ അതേ… ഈ… ചലനങ്ങൾ… അത് അത്രയ്ക്കു കോംപ്ലിക്കേറ്റഡാണ് അല്ലെ? നമ്മളേ… എത്ര ഗോളങ്ങളുടെ എന്തെല്ലാം കാര്യങ്ങൾ നോക്കിയാലാണ് ഓരോന്നും കണക്കാക്കാൻ പറ്റുകാന്ന് ആലോചിക്കുവാരുന്നു. എന്നുവച്ചാലേ… ഇവയുടെയൊക്കെ സഞ്ചാരംതന്നെ അപ്പപ്പോ പലകാരണങ്ങളുകൊണ്ട് മാറുകയല്ലേ. അതൊക്കെ വച്ചല്ലേ ഓരോരോ കാര്യങ്ങൾ കണക്കാക്കേണ്ടത്?”
“അതിന് നമുക്ക് ഇപ്പോഴും പല കാര്യവും കൃത്യമായി അറിയില്ലല്ലോ. വ്യാഴവും ശനിയുമൊക്കെ സൂര്യനെ ചുറ്റാൻ എടുക്കുന്ന കാലവും സഞ്ചാരപഥവും മറ്റും അറിയാമെങ്കിലും അവയുടെയൊക്കെ പാതകൾ കിറുകൃത്യമായി ഇനിയും മനസിലായിട്ടില്ല.”
“ങേ! അവയുടെ പാതകൾ അറിയില്ലെന്നോ?!”
“അങ്ങനെ ഞാൻ പറഞ്ഞോ? പാതകൾ അറിയില്ലെന്നല്ലല്ലോ ഞാൻ പറഞ്ഞത്. പാതകൾ കിറുകൃത്യമായി മനസിലായിട്ടില്ല എന്നല്ലെ? പലതരം മാറ്റങ്ങൾക്കു വിധേയമാകുന്നവയല്ലെ അവയുടെ പാതകളും?”
“സോറി ടീച്ചർ, വർത്താനം പറയുമ്പഴും കിറുകൃത്യമായി പറയണം, അല്ലേ!?”
“തീർച്ചയായും. സയൻസ് പറയുമ്പോൾ വിശേഷിച്ചും. ങാ, അതു സാരമില്ല. അപ്പോൾ… നമ്മൾ പറഞ്ഞുവന്നത്… ങാ, കൃത്യത. അറിയാവുന്ന കൃത്യതയ്ക്ക് അനുസരിച്ചേ ഇപ്പോൾ ബേരിസെന്റർ നിർണ്ണയിക്കാൻ കഴിയൂ. കിറുകൃത്യം വിവരങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ടു സൗരയൂഥത്തിന്റെ ഓരോ സമയത്തെയും ബേരിസെന്റ അത്രയ്ക്കു കൃത്യതയോടെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. നൂറുമീറ്ററിന്റെയെങ്കിലും കൃത്യതയോടെ അതു കണക്കാക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചതുതന്നെ ഈ അടുത്തിടെ മാത്രമാണ്, 2020-ൽ. ഗുരുത്വാകർഷണത്തെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അതിന്റെ ആവശ്യത്തിനായാണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.”
“ഓഹോ. അപ്പോൾ ഓരോന്നായി നമ്മുടെ ശാസ്ത്രജ്ഞർ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്.”
“പിന്നല്ലാതെ. ലോകത്തിന്റെ നാനാകോണിലുമുള്ള ഗവേഷണശാലകളിൽ നൂറുകണക്കിനു ശാസ്ത്രജ്ഞരാണ് അഹോരാത്രം ഇതിനൊക്കെയായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അതിരിക്കട്ടെ, പറഞ്ഞിടത്തോളം കാര്യങ്ങൾ പൂവിനു മനസിലായോ?”
“ഒരുവിധം. പക്ഷേ കുറച്ചുനേരം ഇരുന്നു ചിന്തിച്ചാലേ എല്ലാത്തിനും ഒരു വ്യക്തത വരൂ. എന്നാലേ മനസിൽ ഉറയ്ക്കൂ.”
“അതെ. ചിന്തിക്കുക, മനസിൽ ഉറപ്പിക്കുക, ഭാവന ചെയ്യുക, അങ്ങനെ തോന്നുന്ന ആശയങ്ങൾ ശാസ്ത്രീയമായി പരീക്ഷിച്ചുനോക്കുക,… അങ്ങനെയങ്ങനെയാണു ശാസ്ത്രത്തിന്റെ രീതി. അതിനൊരു ത്രിൽ ഇല്ലേ?”
“അതു ശരിയാ. ഓരോ കാര്യവും അറിയുമ്പോൾ ഒര് അത്ഭുതമാ. പുതിയ അറിവു കിട്ടിയതിന്റെ ഒരു സന്തോഷവും. പിന്നെ കൂട്ടുകാരോടൊക്കെ ഇതു വച്ചു നല്ല തള്ളു തള്ളുമ്പോൾ ഒരു അഭിമാനവുമാ. ഹിഹിഹി…” പൂവ് കണ്ണിറുക്കി ചിരിച്ചു.
“മിടുക്കൻ! നീ തീർച്ചയായും ഒരു വലിയ ശാസ്ത്രജ്ഞനാകും.” ടീച്ചർ അവനു കുറച്ച് ഐസ് ക്രീം എടുത്തുകൊടുത്തു.
അതുകഴിച്ചുകഴിഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു: “ശാസ്ത്രജ്ഞർക്കും ഇങ്ങനെതന്നെയാ. തല പുണ്ണാക്കി ചിന്തിച്ച് ഓരോന്നു കണ്ടെത്തുമ്പോൾ കിട്ടുന്നതു പ്രപഞ്ചത്തോളം സന്തോഷം! ശരി. എങ്കിൽ ഇന്ന് പൂവ് പോയി എല്ലാം മനസിൽ നന്നായി അടുക്കി വയ്ക്കൂ!”
“ശരി ടീച്ചർ. നാളെ യാത്രയൊന്നും ഇല്ലല്ലോ, അല്ലേ?”
“ഇല്ല. എന്തെങ്കിലും സംശയമോ ആശയക്കുഴപ്പമോ ഉണ്ടായാൽ നേരെ ഇങ്ങോട്ടു വണ്ടി വിട്ടോളൂ!” പൂവിനു നെറ്റിയിൽ ഒരു സ്നേഹമുദ്ര കൊടുത്ത് ഷംസിയട്ടീച്ചർ അവനെ യാത്രയാക്കി.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള