Read Time:18 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

 “പൂവേ, നീ പേടിക്കണ്ടാ. അതു സംഭവിക്കാൻ 450 കോടി കൊല്ലം കഴിയണം.” നമ്മുടെ ഗാലക്സിയായ ആകാശഗംഗയും ആൻഡ്രോമെഡയും പരസ്പരം അടുക്കുകയാണെന്നും അവ കൂടിക്കലർന്നു പുതിയ ഗാലക്സി രൂപപ്പെടുമെന്നും ടീച്ചർ പറഞ്ഞതു കേട്ടപ്പോൾ, നമ്മുടെ സൗരയൂഥവും ഭൂമിയുമൊക്കെ തകരാറില്ലാതെ പുതിയ ഗാലക്സിയിൽ നിലനില്ക്കുമോ എന്ന ആശങ്കയിലായിരുന്നു പൂവ്. അതു മാറ്റാനുള്ള ശ്രമത്തിൽ, ടീച്ചർ ചില പുതിയ കാര്യങ്ങൾ‌കൂടി അവനു പറഞ്ഞുകൊടുത്തു. “എന്നുമാത്രമല്ല, പൂവിന് ആശ്വാസം പകരുന്ന ഒരു പുതിയപഠനവും ഈയിടെ – ഈയിടെ എന്നു പറഞ്ഞാൽ 2024 ജൂലായ് 31-ന് – വന്നിട്ടുണ്ട്. അടുത്തുള്ള മറ്റു ഗാലക്സികളുടെ ഗ്രാവിറ്റികൂടി കണക്കിലെടുത്തു നടത്തിയതാണ് ആ പഠനം. അതു പറയുന്നത്, അടുത്ത ആയിരം‌കോടി കൊല്ലത്തിനിടെ ആകാശഗംഗയും ആൻഡ്രോമെഡയും കൂടിക്കലരാനുള്ള സാദ്ധ്യത പകുതിയേ ഉള്ളെന്നാണ്. അപ്പോഴും അതു സംഭവിക്കാൻ പകുതി സാദ്ധ്യതയുണ്ട്. ഏതായാലും, ഈ പുതിയ വാദം ശാസ്ത്രസമൂഹം വിശദമായി പരിശോധിക്കേണ്ടതുണ്ട്.”

 “എന്നാലും…, അന്നു നമ്മളാരും ഇല്ലെങ്കിലും ഭൂമിയിൽ മനുഷ്യരും ജീവികളുമൊക്കെ ഉണ്ടാവില്ലേ? അതെല്ലാം നശിക്കില്ലേ?”

 “അക്കാലം എത്തുമ്പോഴേക്ക് ഭൂമിതന്നെ ഉണ്ടാകുമോ എന്ന് അറിയില്ല. ഭൂമി ഉണ്ടായിട്ടുതന്നെ ഏതാണ്ട് അത്രയും കാലം ആയിരിക്കുന്നു; 450 കോടി കൊല്ലം. ഇനി ഏതാണ്ട് 500 കോടി കൊല്ലംകൂടി ഭൂമി ഉണ്ടായേക്കാം.”

 “അതു കഴിഞ്ഞാൽ…?”

സൂര്യൻ ചുവപ്പുഭീമനായി വീർത്തുവലുതാകുമ്പോഴത്തെ സ്ഥിതി കടപ്പാട് : Astronomy -Roen Kelly

 “അത്രയും കൊല്ലം കഴിയുമ്പോഴേക്കും സൂര്യൻ വീർത്ത് ഒരു ചുവപ്പുഭീമൻ ആകുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. അതു നമ്മുടെ ഭൂമിയുടെ ഭ്രമണപഥത്തെക്കാളും വലുതാകും. ഭൂമിയെ വിഴുങ്ങും. അതിനൊക്കെ എത്രയോ മുമ്പേ കടലുകൾ വറ്റുകയും അന്തരീക്ഷം നശിക്കുകയും ഭൂമി ചുട്ടുപഴുത്ത് ഉരുകുകയുമൊക്കെ ചെയ്യും. ജീവൻ ഭൂമിയിൽ ഇല്ലാതെയാകും.”

 “അതിനുമുമ്പ് മനുഷ്യർ താമസിക്കാൻ പറ്റിയ വല്ല ഗ്രഹവും കണ്ടുപിടിച്ച് അവിടേക്കു കുടിയേറുമായിരിക്കും, അല്ലേ?”

“ഹഹഹ! ഇത് ഭൗതികശാസ്ത്രജ്ഞരുടെ കണക്കാണ്. കാലാവസ്ഥാശാസ്ത്രജ്ഞരുടെ കണക്കു വേറെയാ. ഇപ്പോഴത്തെ ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും ഒക്കെവച്ച് അവർ പറയുന്നത്, ഏതാനും നൂറ്റാണ്ടുകൾക്കകംതന്നെ ഭൂമി ജീവജാലങ്ങൾക്കു ജീവിക്കാൻ പറ്റാതാകാം എന്നാണ്. ചൂട് ഏറുമ്പോൾ ചില ജീവജാലങ്ങൾ ചൂടുകുറഞ്ഞ മേഖലകളിലേക്കു ജീവിതം മാറ്റാം. ചിലവ സ്വയം മാറ്റങ്ങൾക്കു വിധേയമാകാം. അതുകൊണ്ട്, 450 കോടി കൊല്ലത്തിനപ്പുറം ഉണ്ടാകാവുന്ന ഈ കൂട്ടിയിടിയെപ്പറ്റി ഓർത്ത് പൂവ് സങ്കടപ്പെടണ്ടാ.”

 പൂവു വീണ്ടും ചിന്തയിൽ മുഴുകി. “അപ്പോൾ… ആൻഡ്രോമെഡയുടെ അടുത്തേക്കുള്ള പാച്ചിലുമുണ്ട്.” അവൻ തല മുന്നോട്ടും പിന്നോട്ടും ആട്ടി. “നമ്മൾ ആ ഓട്ടവും ഓടുകയാണ്!”

 തമ്മിൽത്തമ്മിൽ അകലുന്ന ഗാലക്സികളെയും ഗാലക്സികളുടെ ഗ്രൂപ്പുകളെയും ക്ലസ്റ്ററുകളെയും സൂപ്പർ ക്ലസ്റ്ററുകളെയും ഒക്കെ സങ്കല്പിച്ച് അന്തം‌വിട്ട പൂവ് ക്രമേണ തെല്ലൊന്നു സമാധാനിച്ചു. “ഹാവൂ…! എന്നാലും ഈ ചലനവും‌കൂടി ആയപ്പോഴെങ്കിലും ഭൂമിയുടെ പുറത്തിരുന്നുള്ള നമ്മുടെ ഓട്ടപ്പാച്ചിലുകൾ ഒന്ന് അവസാനിച്ചുകിട്ടിയല്ലോ!”

 “എന്ന് ആരു പറഞ്ഞു?” ഷംസിയട്ടീച്ചർ അവന്റെ സമാധാനം നിർദ്ദാക്ഷിണ്യം തല്ലിത്തകർത്തു.

 പൂവ് അസ്വസ്ഥനായി. “ശെടാ, ഇനിയും ചലനങ്ങളോ? ഈ പ്രപഞ്ചം എന്തിനാ നമ്മളെയിട്ട് ഇങ്ങനെ നാനാവഴിക്കു വട്ടം ചുറ്റിച്ച് വലയ്ക്കുന്നത്!?”

 “ശെടാ, പ്രപഞ്ചം പലതരത്തിൽ ചലിക്കുന്നതിനു നീ എന്തിനാ ദേഷ്യപ്പെടുന്നത്? നിന്നെ വലയ്ക്കാൻ അതിന് ഉദ്ദേശ്യമൊന്നും ഇല്ലല്ലോ. പിന്നെന്താ? ഇതുവരെ പറഞ്ഞതിൽ ഭൂമിയുടെ ചില ചലനങ്ങൾ ഒഴികെ ഏതാണു നിന്നെ ബാധിക്കുന്നത്?”

 ശരിയാണല്ലോ എന്നു പൂവിനും തോന്നി. “അതെ. ഞാൻ എന്തിനാ അസ്വസ്ഥപ്പെടുന്നത്!? ഓരോന്നും ഓരോ പുതിയ അറിവല്ലേ? എന്നാപ്പിന്നെ, സന്തോഷമായിട്ടു കേൾക്കാം. ടീച്ചർ പറഞ്ഞോളൂ. ഏതാണ് ഇതുവരെ പറയാത്ത ചലനം?”

 ടീച്ചർ അവന്റെ ഭാവമാറ്റവും നിഷ്ക്കളങ്കതയും ശ്രദ്ധിക്കുകയായിരുന്നു. അവർ അവനെ ഉച്ചിയിൽ പിടിച്ചു വാത്സല്യത്തോടെ കുലുക്കിക്കൊണ്ടു പറഞ്ഞു: “എന്നാൽ പൂക്കുഞ്ഞു കേട്ടോളൂ. ഗാലക്സികളെല്ലാം പരസ്പരം അകലുകയാണെങ്കിലും അടുത്തടുത്തുള്ളവയും കൂട്ടം ചേർന്നു നില്ക്കുന്നവയും ഒക്കെ തമ്മിൽത്തമ്മിൽ ആകർഷിക്കുന്നുമുണ്ട്.

 “ഓഹോ. അപ്പോൾ അവയൊക്കെ പരസ്പരം അടുക്കുമോ?”

 “ചിലതൊക്കെ അടുക്കും. അകന്നുപോകുന്ന ചിലതിന്റെ സഞ്ചാരവേഗം കുറയും. ചിലതിന്റെ ഗതി മാറും.”

 “നമ്മുടെ ആകാശഗംഗയും വല്ലവരുടെയും ആകർഷണത്തിലാണോ?”

 “അതാണു ഞാൻ പറയാൻ തുടങ്ങിയത്. ആകാശഗംഗ നമ്മുടെ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രമായ വിർഗോ ക്ലസ്റ്ററിന്റെ നേർക്കു നീങ്ങുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നു. ആകാശഗംഗ മാത്രമല്ല, വിർഗോ സൂപ്പർ ക്ലസ്റ്ററിൽ നമുക്കുചുറ്റുമുള്ള മറ്റു ഗാലക്സികളും.”

ആറരക്കോടി പ്രകാശവർഷം പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന 1300 ഗാലക്സികൾ ചേർന്ന വിർഗോ ഗാലക്സി ക്ലസ്റ്ററിന്റെ ചെറിയ ഒരു ഭാഗത്തിന്റെ അൾട്രാവയലറ്റ് ചിത്രം. കടപ്പാട് : NASA/JPL-Caltech/SSC

 “അപ്പോൾ അവയെല്ലാം ഭാവിയിൽ കൂടിക്കലരുമായിരിക്കും…” പൂവ് ഭാവിയിലെ സാധ്യത വിലയിരുത്തി.

 “അതെ, അതാണ് സ്വാഭാവികമായും ഉണ്ടാകുക. എന്നാൽ, കൂടുതൽ നിരീക്ഷണവും പഠനവും ഒക്കെ നടത്തിയപ്പോൾ, ആ വിർഗോ ക്ലസ്റ്റർ ഉൾപ്പെടെ വിർഗോ സൂപ്പർ ക്ലസ്റ്ററിലുള്ള ഗാലക്സികളെല്ലാം അതേ ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു കണ്ടു – അതിനും അപ്പുറമുള്ള അതിശക്തമായ ഒരു ഗുരുത്വകേന്ദ്രത്തിലേക്ക്. ശാസ്ത്രജ്ഞർ അതിനു ‘ഗ്രേറ്റ് അറ്റ്രാക്റ്റർ’ എന്നു പേരിട്ടു.”

 “ഓ!” വിസ്മയം‌കൊണ്ട് പൂവിന്റെ കണ്ണുകൾ പിന്നെയും വിടർന്നു. “അതെവിടെയാ ഈ ഗ്രേറ്റ് അറ്റ്രാക്റ്റർ?” ഏതു വശത്തേക്കാണു പോക്കെന്ന് അറിയാനുള്ള പൂവിന്റെ താത്പര്യം പിന്നെയും തലപൊക്കി.

 “വിർഗോരാശിയ്ക്ക് അടുത്തുള്ള സെന്റോറസ് രാശിയുടെ ദിശയിൽ. ആ ദിശയിൽ നമ്മുടെ ഗാലക്സിയിൽനിന്ന് 18 കോടിയോളം പ്രകാശവർഷം അകലെയാണ് ഗ്രേറ്റ് അറ്റ്രാക്റ്റർ എന്നാണ് ശാസ്ത്രജ്ഞർ നിർണ്ണയിച്ചത്.”

 “അവിടേക്കു നമ്മൾ പായുന്ന വേഗം‌ അറിയാമോ ടീച്ചർ?”

 “അറിയാമല്ലോ. സെക്കൻഡിൽ 600 കിലോമീറ്റർ. മണിക്കൂറിൽ 21.6 ലക്ഷം കിലോമീറ്റർ. ആണ്ടിൽ 1892 കോടി കിലോമീറ്റർ. പ്രകാശവേഗത്തിൽ പോയാൽപ്പോലും 18 കോടി കൊല്ലം എടുക്കും ആ ദൂരം താണ്ടാൻ. അപ്പോൾ, ഈ വേഗത്തിൽ പോയാൽ എത്ര കോടി കൊല്ലം എടുക്കും എന്നു പൂവുതന്നെ കണക്കുകൂട്ടിനോക്കൂ.”

 പൂവ് ആ ചലനവും‌കൂടി ചേർത്ത് നമ്മുടെ പോക്ക് മനസിൽ സങ്കല്പിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ, അവന്റെ കുഞ്ഞുതലയിൽ അതെല്ലാം‌കൂടി ഇണങ്ങിച്ചേരുന്നില്ല. അവന്റെ മുഖത്തെ മിന്നിമറയുന്ന ഭാവങ്ങൾ, കൈകൾകൊണ്ടുള്ള അവന്റെ പലതരം വിക്ഷേപങ്ങൾ… ടീച്ചർ അതൊക്കെ കൗതുകത്തോടും സന്തോഷത്തോടും സ്നേഹത്തോടും നോക്കിയിരിക്കുന്നതൊന്നും അവൻ അറിഞ്ഞില്ല. ഒടുവിൽ, എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ ‘ശരിയാവില്ല, വിട്ടുകളയാം’ എന്ന ഭാവത്തിൽ നിരാശതയോടെ അവൻ ടീച്ചർക്കുനേരെ തിരിഞ്ഞു. “… അപ്പോൾ… എന്താണീ മഹാഭയങ്കരനായ ഗ്രേറ്റ് അറ്റ്രാക്റ്റർ?”

 “സാധാരണപ്രകാശം കടന്നുവരാത്ത മറവിലാണ് അതിന്റെ സ്ഥാനം. നമ്മുടെ ആകാശഗംഗയുടെ തലത്തിന്റെ നേർക്ക് അങ്ങേപ്പുറത്ത്. ആകാശഗംഗയിലെ വാതകപടലങ്ങളും മറ്റു ദ്രവ്യങ്ങളും മറയ്ക്കുന്ന ഭാഗത്താണത്. അവയെ തുളച്ചെത്തുന്ന എക്സ് റേ, ഇൻഫ്രാറെഡ് രശ്മികളെ നിരീക്ഷിച്ചും വിശകലനം ചെയ്തുമാണ് ആ മേഖലയെപ്പറ്റി നാം ഇന്നു പഠിക്കുന്നത്. അങ്ങനെ നാം കണ്ടെത്തിയത്, 50 കോടി പ്രകാശവർഷം അകലെയുള്ള മറ്റൊരു വൻ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രമാണ് അതെന്നാണ്. ഹവായ് ഭാഷയിൽ അതിവിശാലമായ ആകാശം എന്ന് അർത്ഥമുള്ള ‘ലാനിയാകിയ’ എന്നാണ് ആ സൂപ്പർ ക്ലസ്റ്ററിനു നല്കിയ പേര്. ഈ വമ്പൻ സൂപ്പർ ക്ലസ്റ്റർ 50 കോടി പ്രകാശവർഷത്തോളം വ്യാപിച്ചുകിടക്കുകയാണ്.”

 അൻപതുകോടി പ്രകാശവർഷത്തോളം പടർന്നുകിടക്കുന്ന ലാനിയാകിയയെ കുഞ്ഞുമനസിൽ സൃഷ്ടിക്കാൻ പൂവ് പണിപ്പെട്ടു. ഗാലക്സികളുടെ അവ്യക്തമായ ഒരു പെരും‌കടൽ അവന്റെ മനസിൽ ആർത്തിരമ്പി. അതിനു കുറേക്കൂടി വ്യക്തത പകരാൻ കുറച്ചുകാര്യങ്ങൾ‌കൂടി അറിയണമെന്നു പൂവിനു തോന്നി. അതു ചോദിക്കുമ്മുമ്പ് അവന്റെ മനസു വായിച്ചിട്ടെന്നോണം ടീച്ചർ ലാനിയാകിയയെ കുറച്ചുകൂടി പരിചയപ്പെടുത്തി:

ഹബ്ൾ ടെലിസ്കോപ്പിന്റെ അത്യാധുനിക ക്യാമറ ഗ്രേറ്റ് അട്രാക്റ്ററിന്റെ ദിശയിൽ നിരീക്ഷിച്ചു പകർത്തിയതാണു ചിത്രം. ആ ക്യാമറ നീലയും ഇഫ്രാറെഡും പ്രകാശങ്ങൾ സ്വീകരിച്ചു രൂപം നല്കിയ ഈ ചിത്രത്തിൽനിന്നു ഗ്രേറ്റ് അട്രാക്റ്ററെ മനസിലാക്കാനാവില്ല. 22 കോടി പ്രകാശവർഷം വിസ്തൃതിയും ആയിരംലക്ഷംകോടി സൂര്യന്റെ മാസുമുള്ള നോർമ്മ എന്ന സൂപ്പർ ക്ലസ്റ്റർ ഈ ദിശയിലുണ്ട്. ഇതിൽ കാണുന്ന ഏറ്റവും വലിയ രൂപം ഇ‌എസ്‌ഒ 137-002 എന്ന സ്പൈറൽ ഗാലക്സിയാണ്. കടപ്പാട് : ESA/Hubble & NASA

 “നാലു സൂപ്പർ ക്ലസ്റ്ററുകൾ ചേർന്നതാണത്. ആ നാലു സൂപ്പർ ക്ലസ്റ്ററിലെ ക്ലസ്റ്ററുകളും ഗ്രൂപ്പുകളുംകൂടി അഞ്ഞൂറിലധികം വരും. ഒരുലക്ഷത്തോളം ഗാലക്സികളുണ്ട് ലാനിയാകിയയിൽ. അതിന്റെ കേന്ദ്രഭാഗത്ത് വളരെയേറെ മാസുള്ള ‘നോർമ’ എന്ന ഗാലക്സി ക്ലസ്റ്ററിനെയും ശാസ്ത്രജ്ഞർ നിർണ്ണയിച്ചിട്ടുണ്ട്. അതാണോ ഗ്രേറ്റ് അറ്റ്രാക്റ്റർ എന്നു നിശ്ചയമില്ല. ആ ഭാഗത്താണെന്നേ അറിയൂ. ആ ഭാഗത്തേക്കാണ് ലാനിയാകിയയിലെ എല്ലാവരുടെയും സഞ്ചാരം. നമ്മുടെ ലോക്കൽ ക്ലസ്റ്ററായ വിർഗോ സൂപ്പർ ക്ലസ്റ്ററും ലാനിയാകിയയുടെ ഭാഗമാണെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ മനസിലാക്കിയിരിക്കുന്നത്. എന്നുവച്ചാൽ, നമ്മളും ആ യാത്രയിലാണ്.”

ലാനിയകിയ സൂപ്പർ ക്ലസ്റ്ററിന്റെയും സമീപത്തുള്ള സൂപ്പർ ക്ലസ്റ്ററുകളുടെയും 3ഡി വീഡിയോ

 “അപ്പോൾ ആ കേന്ദ്രത്തിലേക്ക് അതിന്റെ നാലുപാടുമുള്ള സൂപ്പർ ക്ലസ്റ്ററുകളെല്ലാം ഇങ്ങനെ വന്നുകൊണ്ടിരിക്കുകയായിരിക്കും, അല്ലെ ടീച്ചർ?”

 “അതെ. പക്ഷെ, കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയപ്പോൾ കണ്ടത്, ലാനിയാകിയയെ ആകെത്തന്നെ അതിനുമപ്പുറത്തുള്ള ഏതോ അതിഭയങ്കര ഗുരുത്വകേന്ദ്രം ആകർഷിക്കുന്നു എന്നാണ്.”

 “ങേ! അവരെല്ലാം‌കൂടി അങ്ങോട്ടുള്ള യാത്രയിലാണോ?! അത് ഏതുവഴിക്കാ?”

 “വഴി അതുതന്നെ. നാമെല്ലാം മറ്റൊരു അതിഭീമൻ സൂപ്പർ ക്ലസ്റ്ററിന്റെ ആകർഷണത്തിൽ അങ്ങോട്ടു പാഞ്ഞുകൊണ്ടിരിക്കുകയാണ്.”

 “ങേ! അതാരാണാ മഹാഭയങ്കരൻ!?” പൂവ് വിസ്മയവും ഭയവും‌കൊണ്ട് പൊട്ടിത്തെറിക്കുമെന്നു ടീച്ചർക്കു തോന്നി.

ലാനിയകിയ സൂപ്പർ ക്ലസ്റ്ററിന്റെയും അതിന്റെ ഭാഗമായ ഗാലക്സികളുടെയും മാപ്പ്. കടപ്പാട് : Andrew Z. Colvin
എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കവ്വായി കായലിന്റെ ജിയോ ടൂറിസം സാധ്യതകൾ
Close