രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“അതേ പൂവേ. പ്രപഞ്ചത്തിൽ എല്ലാം ചലിച്ചുകൊണ്ടിരിക്കുകയാണ്.” ഷംസിയട്ടീച്ചർ പറഞ്ഞു. “ചലിക്കാത്തതായി ഒന്നുമില്ല. അരമണിക്കൂർ ഉറക്കം തൂങ്ങി ഇരുന്ന പൂവുപോലും എങ്ങോട്ടെല്ലാം എത്രലക്ഷം കിലോമീറ്ററാണു ചലിച്ചത്! ആ ചലനം നിലച്ചാൽ, അല്ലെങ്കിൽ ചലനങ്ങളിൽ മാറ്റം വന്നാൽ എല്ലാം തെറ്റും. പലതും കൂട്ടിയിടിക്കും. ചിലതൊക്കെ തകരും.”
“എന്നിട്ട് എന്താ അങ്ങനെയൊന്നും സംഭവിക്കാത്തത്?”
“സംഭവിക്കുന്നില്ലെന്ന് ആരു പറഞ്ഞു? ഈ ചലനത്തിനിടയിലും കൂട്ടിയിടിയും അല്പസ്വല്പം തകരലും ഒക്കെയുണ്ട്. കൗതുകമുള്ള ഒരു കാര്യംകൂടി പറയാം. എല്ലാ ഗാലക്സികളും തമ്മിൽ അകലുന്നു എന്നു പറയുമ്പോഴും ആൻഡ്രോമെഡയും ആകാശഗംഗയും തമ്മിൽ അതിവേഗം അടുക്കുകയാണ്.”
“അതിവേഗം എന്നുവച്ചാൽ?”
“സെക്കൻഡിൽ 113 കിലോമീറ്റർ വേഗത്തിൽ.”
“അയ്യോ! അപ്പോൾ നമ്മൾ അതുമായി കൂട്ടിയിടിക്കുമോ?!”
“തീർച്ചയായും. പക്ഷെ, നേർക്കുനേർ വന്ന് ഇടിക്കുകയാവില്ല എന്നാണു പുതിയ കണ്ടുപിടുത്തം പറയുന്നത്. ശാസ്ത്രജ്ഞർ അവയുടെ ചലനത്തിന്റെ വിവരങ്ങളെല്ലാം ചേർത്ത് കമ്പ്യൂട്ടറിൽ അത് ആവിഷ്ക്കരിച്ചുനോക്കി.”
“എന്നിട്ട്…” പൂവിന് ആകാംക്ഷ പെരുകി.
ആൻഡ്രോമെഡയുടെയും ആകാശഗംഗയുടെയും കൂടിക്കലരൽ നാസ കമ്പ്യൂട്ടറിൽ സൃഷ്ടിച്ചത്. വീഡിയോ കാണാം
“രണ്ടു വശത്തുകൂടെ പരസ്പരം കടന്നുപോകാവുന്നതുപോലെ ആണ് അവ അടുക്കുന്നത്. സമാന്തരമായ രണ്ടു പാതയിലൂടെ എതിർദിശകളിൽ രണ്ടു ട്രയിൻ വരുന്നതുപോലെ. സൂപ്പർ ക്ലസ്റ്ററിലെ അവയുടെ ചലനപാത ഇപ്പോൾ അങ്ങനെയാണ്. അതുകൊണ്ടാണ് പരസ്പരം അടുക്കുന്നതും. പക്ഷെ, അടുത്ത് എത്തുമ്പോൾ അവ പരസ്പരം ആകർഷിക്കും. അടുത്തേക്കു വരുന്തോറും ആകർഷണം കാരണം വേഗം കൂടും. എങ്കിലും, തമ്മിൽ മുട്ടാതെ പരസ്പരം കടന്നുപോകും. എന്നാൽ, പരസ്പരം കടക്കുന്നതോടെ ആകർഷണം കൊണ്ടുതന്നെ ആ വേഗം കുറയും. വന്ന ആയത്തിൽ രണ്ടു ഗാലക്സിയും കുറച്ചുകൂടി മുന്നോട്ടുപോയിട്ട് വേഗം കുറഞ്ഞ് തിരികെ വരും. അപ്പോഴേക്ക് രണ്ടിന്റെയും വേഗം നന്നേ കുറഞ്ഞിരിക്കും.”
“ഹാവൂ! അപ്പോൾ ഇടിച്ചുതകരില്ല! അത്രയും ആശ്വാസം!”
“ങാ, ആശ്വസിച്ചോളൂ! അവ ഇടിച്ചുതകരില്ല. പക്ഷെ, ഇടിക്കും. ഇടി എന്നു പറഞ്ഞാൽ രണ്ടു സാധനങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയല്ല. വലിയ പ്രദേശമാകെ വ്യാപിച്ചുകിടക്കുന്ന എണ്ണമറ്റ ഗോളങ്ങളും വാതകപടലങ്ങളുമൊക്കെയല്ലേ? തിരിച്ചുവരുന്ന വരവിൽ രണ്ടു ഗാലക്സിയും പരസ്പരം കൂടിക്കലരും. വന്നവരവിൽ പരസ്പരം ഉള്ളിലൂടെ ഇരുവശത്തേക്കും കടന്നുപോകും. അങ്ങനെ അകലുന്ന ഗാലക്സികൾ തിരികെവന്ന് ഒരിക്കൽക്കൂടി കൂടിക്കലരുമത്രേ!”
“അയ്യോ! അങ്ങനെ രണ്ടുവട്ടം കൂടിക്കലർന്നാലും നക്ഷത്രങ്ങളൊന്നും കൂട്ടിയിടിക്കില്ലേ?”
“ഇല്ലെന്നാണ് ശാസ്ത്രജ്ഞർ ആ ഇടിയുടെ ത്രീഡി ആനിമേഷൻ ഉണ്ടാക്കിനോക്കിയപ്പോൾ കണ്ടത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒന്നും കൂട്ടിയിടിക്കാൻ ഇടയില്ലാത്തവിധം അകലം രണ്ടു ഗാലക്സിയിലും നക്ഷത്രങ്ങൾതമ്മിൽ ഉണ്ട്. എന്നാലും, രണ്ടിലെയും ചില നക്ഷത്രങ്ങൾ കൂടിയിടിച്ചുകൂടെന്നില്ല. ഏതായാലും സംഭവം വലിയ കോലാഹലം ആയിരിക്കും.”
“എത്രകാലം എടുക്കും രണ്ടും മുഴുവനായി കൂടിക്കലരാൻ?”
“ഈ കോലാഹലങ്ങൾ 200 കോടി വർഷം നീണ്ടുനില്ക്കും. അപ്പോഴേക്ക് രണ്ടു ഗാലക്സിയും ചേർന്ന് വലിയ ഒരു ഗാലക്സി ആകും. ആകാശഗംഗയുടെ ഇരട്ടി, അതായത് രണ്ടുലക്ഷം പ്രകാശവർഷം, ആയിരിക്കും ഇതിന്റെ വ്യാസം എന്നാണു ശാസ്ത്രജ്ഞർ ഇപ്പോൾ ഊഹിക്കുന്നത്.”
“അപ്പോൾ നമ്മളൊക്കെ ആ ഗാലക്സിയിലെ അംഗങ്ങളായി മാറും, അല്ലെ?”
“നമ്മളോ?” ടീച്ചർ കുസൃതിച്ചിരി ചിരിച്ചുകൊണ്ടു ചോദിച്ചു.
പൂവും ചിരിച്ചു. അവൻ പറഞ്ഞു: “നമ്മൾ എന്നു പറഞ്ഞത് നമ്മുടെ ഭൂമിയെയും സൂര്യനെയും ഒക്കെ ഉദ്ദേശിച്ചാ.”
“സൂര്യനും ഗ്രഹങ്ങൾക്കും കുഴപ്പമൊന്നും പറ്റില്ലെന്നാണു ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത്.”
പൂവിനു പിന്നെയും ആശ്വാസം. അപ്പോൾ മറ്റൊരു സംശയം: “പക്ഷെ, അപ്പോൾ നമ്മൾ… – ഓ, നമ്മൾ എന്നു വച്ചാൽ സൂര്യനും സൗരയൂഥവും – ആകാശഗംഗയുടെ ഭാഗമാണെന്നു പറയാൻ പറ്റില്ലല്ലോ!”
“ഇല്ലല്ലോ. എല്ലാം പുതിയ ഗാലക്സിയിലെ അംഗങ്ങളാകില്ലെ? ആ പുതിയ ഗാലക്സിക്കു പേരുവരെ ശാസ്ത്രജ്ഞർ നിർദ്ദേശിച്ചുകഴിഞ്ഞു!”
“ഓഹോ! അതെന്താ?”
“മിൽക്കോമെഡ എന്നും മിൽക്‌ഡ്രോമെഡ എന്നും രണ്ടു നിർദ്ദേശമാണ് ഇപ്പോൾ ഉള്ളത്.”
“മിൽക്കോമെഡ മതി. മിൽക് പേഡ പോലെ. കേൾക്കുമ്പോൾത്തന്നെ ഒരു ഇഷ്ടം തോന്നും.” പൂവ് ഊറിച്ചിരിച്ചു.
ഷംസിയട്ടീച്ചർ അവന്റെ കുസൃതിച്ചിരിക്ക് ഒപ്പം ചേർന്നു. ചിരി ഒതുക്കി പൂവ് അടുത്ത ചോദ്യം തൊടുത്തു: “ആദ്യം കൂട്ടിമുട്ടുന്ന ഭാഗത്താണോ സൂര്യനും നമ്മളുമൊക്കെ?”
“മിൽക്കി വേയുടെ കറക്കം കാരണം ആൻഡ്രോമെഡയുടെ എതിർവശത്തേക്കാണു സൗരയൂഥത്തിന്റെ ഇപ്പോഴത്തെ നീക്കം. അതുകൊണ്ട്, നമ്മളും ആൻഡ്രോമെഡയും തമ്മിൽ അടുക്കുന്ന വേഗം രണ്ടു ഗാലക്സിയും തമ്മിൽ അടുക്കുന്നതിനെക്കാൾ അല്പം കുറവാണ്. പക്ഷെ, സൗരയൂഥത്തിന്റെ സ്ഥാനം മിൽക്കി വേയുടെ കറക്കത്തിനൊത്തു മാറിക്കൊണ്ടിരിക്കുകയല്ലേ? ഇടിയുടെ കാലം ആകുമ്പോഴേക്ക് അതിനു മാറ്റം വരുമല്ലോ. അതുപോലെതന്നെ, പുതിയ കണ്ടുപിടുത്തപ്രകാരം രണ്ടു ഗാലക്സിയും പരസ്പരം കടന്നുപോയിട്ട് മറുവശത്തുകൂടി വന്നല്ലേ കലരുന്നത്. ഇതൊക്കെ കാരണം പൂവ് ചോദിച്ചതിന്റെ ഉത്തരം പറയാൻ ഞാൻ ഇനിയും ഒരുപാട് റഫർ ചെയ്യേണ്ടിവരും.”
“ഇടിയെല്ലാം കഴിയുമ്പോൾ സൗരയൂഥവും ഭൂമിയുമൊക്കെ തകരാറില്ലാതെ പുതിയ ഗാലക്സിയിൽ നിലനില്ക്കുമോ ടീച്ചറേ?” പൂവിന് എന്നിട്ടും സമാധാനം ആകുന്നില്ല. സുന്ദരമായ ഭൂമിയെപ്പറ്റി ഓർത്തപ്പോൾ അവനു മനസിൽ വല്ലാത്ത നൊമ്പരം.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്