Read Time:5 Minute
കോവിഡ് വാക്സിൻ ഉല്പാദനത്തിൽ മേധാവിത്വം വഹിക്കുന്നത് സമ്പന്നരാജ്യങ്ങളാണ്. ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന വാക്സിനുകളിൽ വലിയ പങ്ക് വികസിതരാജ്യങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്തു വരികയാണ്. ഈ വർഷം വാക്സിൻ കമ്പനികൾ ഉല്പാദിപ്പിക്കുന്ന 12.5 ബില്ല്യൻ ഡോസ് വാക്സിനിൽ 6.4 ബില്ല്യൻ ഡോസും 13 ശതമാനം വരുന്ന സമ്പന്ന രാജ്യങ്ങൾ മുൻകൂർ വാങ്ങി കഴിഞ്ഞിരിക്കയാണ്. ആസ്ത്രേലിയയും കാനഡയും അവരുടെ ജനസംഖ്യയേക്കാൾ അഞ്ചിരട്ടി വാക്സിൻ ഡോസുകളാണ് വാങ്ങികൂട്ടിയിട്ടുള്ളത്.
വിലയുടെ കാര്യത്തിലും അവികസിത രാജ്യങ്ങൾ പ്രതിസന്ധികളെ നേരിടുകയാണ്. വാക്സിൻ കമ്പനികൾ വിവിധ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള കരാർ വില രഹസ്യമായി സൂക്ഷിച്ചിരിക്കയാണ്. എങ്കിലും യൂനിസെഫ് വാക്സിൻ വില സംബന്ധിച്ച വിവരങ്ങൾ വിവിധ സ്രോതസ്സുകളിലൂടെ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് എറ്റവും കുറഞ്ഞവിലക്കുള്ള ഓക്സ്ഫോർഡ്- ആസ്റ്റ്രസെനക്ക വാക്സിൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഡോസിന് രണ്ട് ഡോളറിന് നൽകുമ്പോൾ, ഇതേ വാസ്കിൻ മനുഷ്യ പരീക്ഷണം നടത്തിയ ദക്ഷിണാഫ്രിക്കക്കും ഉഗാണ്ടക്കും ഇരട്ടി വിലക്കാണ് നൽകുന്നത്. 60-80 % ലാഭവിഹിതവുമായി അമേരിക്കൻ കമ്പനികളായ മൊഡോണയും ഫൈസർ-ബയോൺടെക്കും അവരുടെ വാക്സിൻ അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങൾക്ക് ഒരു ഡോസിന് 15.25-19.50 ഡോളറിന് വിൽക്കുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതോ 25-37 ഡോളറിനും !!!
സമ്പന്നരാജ്യങ്ങൾക്ക് അനുകൂലമായ വാക്സിൻ വ്യവഹാരത്തിന്റെ ഫലമായി 85 ഓളം ദരിദ്രരാജ്യങ്ങൾക്ക് 2023 ന് മുൻപ് കോവിഡ് വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും തന്മൂലം ഒഴിവാക്കാവുന്ന 2.5 ദലക്ഷം കോവിഡ് മരണങ്ങൾ വികസ്വരാജ്യങ്ങളിൽ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
കോവിഡ് വാക്സിൻ ലഭ്യതയുടെ കാര്യത്തിലുള്ള ധനിക ദരിദ്രരാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ വർണ്ണവിവേചനം (Vaccine Apartheid) എന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ലോകം കോവിഡ് കാലത്ത് ധാർമ്മിക പരാജയമെന്ന അത്യാപത്തിന്റെ വക്കത്താണെന്നാണ് (Catastrophic Moral Failure.) ഈ സ്ഥിതി വിശേഷം സൂചിപ്പിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുള്ളത്.
വികസ്വരരാജ്യങ്ങൾക്ക് മിതമായ വിലക്ക് വാക്സിൻ ലഭ്യമാക്കുന്നതിനായി വാക്സിനു മേലുള്ള പേറ്റന്റ് താത്ക്കാലികമായി മരവിപ്പിക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാരസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസ്വരരാജ്യങ്ങളിൽ ലഭ്യമായ വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോവുന്ന വാക്സിൻ നിർമ്മാണ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തി അവശ്യാനുസരണം വാക്സിൻ ഉല്പാദിപ്പിക്കാൻ കഴിയും. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും, അമേരിക്ക, ബ്രിട്ടൻ, സ്വിറ്റ്സർലണ്ട്, കാനഡ എന്നീ രാജ്യങ്ങളും പേറ്റന്റ് മരവിപ്പിക്കലിനെ എതിർത്തിരിക്കയാണ് ഇവരുടെ ഇംഗീതത്തിന് വിപരീതമായ തീരുമാനം ലോകവ്യാപാര സംഘടന സ്വീകരിക്കില്ലെന്ന് ഉറപ്പാണ്..
വാക്സിൻ വർണ്ണവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയാരോഗ്യ പ്രവർത്തകർ നിരവധി രാജ്യങ്ങളിൽ “People’s Vaccine NOT Profit Vaccine” എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തി വരികയാണ്
Related
0
0