മാറുന്ന അമേരിക്കൻ നിലപാടുകളും പാരിസ് ഉടമ്പടിയുടെ ഭാവിയും
വർദ്ധിച്ചുവരുന്ന താപനിലയെ നേരിടാനുള്ള ലോകരാഷ്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിശ്രമമായ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ പിന്മാറുമെന്ന് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റപാടെ പ്രസ്താവിച്ചു കഴിഞ്ഞു. പാരീസ് കരാറിൽ നിന്ന് രണ്ടാമതും പിൻവലിയാനുള്ള ട്രംപിന്റെ തീരുമാനം ആഗോള കാലാവസ്ഥാ ശ്രമങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു. ചരിത്രപരമായി ലോകത്തിലെ ഏറ്റവും വലിയ ഹരിതഗ്രഹ വാതക എമിറ്റർ ആയ യുഎസിന്റെ പിന്മാറ്റം ഉൽസർജനം കുറയ്ക്കൽ, കാലാവസ്ഥാ ധനസഹായം, അന്താരാഷ്ട്ര സഹകരണം എന്നിവയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. 2025 ൽ രൂപീകൃതമായ പാരീസ് കരാറിന് പുറത്ത് നിൽക്കുന്ന രാജ്യങ്ങളായ ഇറാൻ, യെമൻ, ലിബിയ എന്നിവയ്‌ക്കൊപ്പം ഇനി യുഎസുമുണ്ടാകും!
ചരിത്രപരമായി നോക്കിയാൽ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളിയിരിക്കുന്നത് യുഎസാണ്; 2019 വരെ ഏകദേശം 25 ശതമാനമാണ് അവരുടെ പങ്ക്. നിലവിലെ എമിഷൻ കണക്കിലെടുത്താലും ലോകജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള അവർ 2023 ൽ 11.3 ശതമാനം എമിഷൻ നടത്തി; രണ്ടാം സ്ഥാനം. 2023-ൽ ലോകത്തിലെ മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 30.1 ശതമാനം ചൈനയുടേതായിരുന്നു; ഇത് ലോക ജനസംഖ്യയുടെ 17 ശതമാനത്തിന്റെ പങ്കാണ് എന്നൊരു ന്യായം അവർക്കുണ്ട്. യു.എസ്.എ.യുടെ പ്രതിശീർഷ ഉൽസർജനവും വളരെ ഉയർന്നതാണ്, 17.6 കി.ഗ്രാം (CO2e). അതേ സമയം, 18 ശതമാനം ജനസംഖ്യയുള്ള ഇന്ത്യ ഈ മലിനീകരണക്കാരിൽ നിന്നെല്ലാം വളരെ പിന്നിലാണ്, 2019 വരെയുള്ള ചരിത്രപരമായ ഇന്ത്യയുടെ ഉദ്‌വമനം വെറും 3 ശതമാനം മാത്രമാണ്. നിലവിലുള്ള ഉൽസർജനവും കുറവാണ്; 2023 ൽ 7.8 ശതമാനം, പ്രതിശീർഷ ഉൽസർജനം 2.9 കി. ഗ്രാം (CO2e). ചുമ്മാതല്ല, ഇന്ത്യ സ്ഥിരം പറയുന്നത്, ‘ഇന്ത്യ കാലാവസ്ഥാ പ്രശ്നത്തിന് ഉത്തരവാദിയല്ല, പക്ഷേ പരിഹാരത്തിന് കൂടെയുണ്ടാകും’ (India is not part of the climate problem, but will be a part of the solution).
ലോക നേതാക്കൾ, കാലാവസ്ഥാ വക്താക്കൾ, ശാസ്ത്രജ്ഞർ എന്നിവർ പ്രസിഡന്റ് ട്രംപിന്റെ പാരിസ് കരാറിൽ നിന്ന് പുറത്താകാനുള്ള തീരുമാനത്തെ അതിശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഉടനെയൊന്നും അലിയുന്ന ലക്ഷണം കാണുന്നില്ല. പാരീസ് ഉടമ്പടി പ്രകാരമുള്ള പ്രതിബദ്ധതകൾ രാജ്യങ്ങൾ പുനഃപരിശോധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന, ഈ വർഷം അവസാനത്തോടെ ബ്രസീലിൽ നടക്കാൻ പോകുന്ന COP30 ചർച്ചകൾക്ക് മുന്നോടിയായി, ഇങ്ങനെയൊരു തീരുമാനം തികച്ചും നിരാശാജനകമാണ്. മാത്രമല്ല, 2035 ലക്ഷ്യം വെച്ചുകൊണ്ടു പാരിസ് ഉടമ്പടിയിലെ കക്ഷികൾ ദേശീയ കാലാവസ്ഥാ നടപടികൾ (Nationally Determined Contributions, NDCs) പുതുക്കി നല്കേണ്ടത് 2025 ഫെബ്രുവരിയിലാണ്. പല രാജ്യങ്ങൾക്കും ആഗോള ധനസഹായമില്ലാതെ NDC ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, ഇന്ത്യയുടെ NDC ലക്ഷ്യങ്ങളിൽ നാലാമത്തേത് ശ്രദ്ധിക്കുക, “സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ഉൾപ്പെടെയുള്ള ചിലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം എന്നിവ ഉപയോഗിച്ച് 2030-ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 50 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കും”. ഇതൊരു സോപാധിക NCD ലക്ഷ്യമാണ്, ‘ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം’ ലഭിക്കുന്നില്ലെങ്കിൽ ഇതിൽ പറഞ്ഞ ‘2030-ഓടെ’, ‘50 ശതമാനം’ എന്നിവ നിറവേറ്റുന്നത് അത്ര എളുപ്പമായിരിക്കില്ല (ഇന്ത്യ ഇതിനകം 43.8% കൈവരിച്ചു കഴിഞ്ഞുവെന്നത് വിസ്മരിക്കുന്നില്ല). പല രാജ്യങ്ങളും ഇത്തരം സോപാധിക ലക്ഷ്യങ്ങൾ NDC ൽ ഉൾപ്പെടുത്തിയിട്ടുണ്ട്!
ക്യോട്ടോ ഉടമ്പടിയിലും അമേരിക്ക ഇടഞ്ഞു!
പാരിസ് ഉടമ്പടിക്ക് മുമ്പുണ്ടായിരുന്ന ക്യോട്ടോ ഉടമ്പടിയിലെ കാർബൺ കുറയ്ക്കൽ വ്യവസ്ഥകൾ തുടക്കത്തിൽ വികസിത രാഷ്ടങ്ങൾക്ക് മാത്രമായിരുന്നു ബാധകം. അന്നു തൊട്ടേ അമേരിക്ക ഉടക്കി നിൽക്കുകയാണ്! ഏതാണ്ട് 150 വർഷത്തിലേറെ നീണ്ട വ്യാവസായിക പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ (ജി.എച്ച്.ജി.)ഉദ്‌വമനത്തിന് വികസിത രാജ്യങ്ങളാണ് പ്രധാനമായും ഉത്തരവാദികളെന്ന് അംഗീകരിച്ചു കൊണ്ടാണ് ക്യോട്ടോ പ്രോട്ടോക്കോൾ രൂപകല്പന ചെയ്തത്. അതിനാൽ, വികസിത രാജ്യങ്ങൾക്ക് പ്രോട്ടോക്കോൾ കൂടുതൽ ഭാരം വരുത്തിവച്ചു; ആകെ 37 വ്യാവസായിക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നിശ്ചിത അളവിൽ അവരുടെ ജി.എച്ച്. ജി. ഉദ്‌വമനം കുറയ്ക്കാൻ ക്യോട്ടോ പ്രോട്ടോക്കോൾ നിർബന്ധിച്ചപ്പോൾ, വികസ്വര രാജ്യങ്ങളോട് സ്വമേധയാ പാലിക്കാനാണ് ആവശ്യപ്പെട്ടത്. ചൈനയും ഇന്ത്യയും ഉൾപ്പെടെ 100 ലധികം വികസ്വര രാജ്യങ്ങളെ ക്യോട്ടോ കരാറിൽ നിന്ന് മൊത്തത്തിൽ ഒഴിവാക്കിയിരുന്നു.
1997-ൽ ക്യോട്ടോ പ്രോട്ടോക്കോൾ കൊണ്ടുവരുന്നതിൽ പ്രധാന പങ്കാളിയായിരുന്നു അന്നത്തെ യു.എസ്. വൈസ് പ്രസിഡന്റ് അൽ ഗോർ. പ്രസിഡന്റ് ബിൽ ക്ലിന്റണുവേണ്ടി അൽ ഗോർ 1998 നവംബറിൽ കരാറിൽ ഒപ്പുവെച്ചുവെങ്കിലും യു.എസ്. സെനറ്റ് ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഈ പ്രോട്ടോക്കോൾ പ്രകാരമുള്ള എമിഷൻ മാനദണ്ഡങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണയിയാണെന്ന ന്യായമാണ് അവർ ഉയർത്തിയത്. മാത്രമല്ല, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെ ഒഴിവാക്കിയതും അവർക്ക് ഇഷ്ടപ്പെട്ടില്ല. സമാനമായ എതിർപ്പുകൾ കൊണ്ട് പിന്നീട് വന്ന പ്രസിഡന്റ് ജോർജ്ജ് ബുഷും ഒപ്പിടാൻ വിസമ്മതിച്ചു. 2012 ഓടെ കാർബൺ ഡൈ ഓക്സൈഡ്, മീതെയിൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം 1990 ലെ നിലവാരത്തേക്കാൾ 7.0 ശതമാനം കുറയ്ക്കാൻ യുഎസിനെ നിർബന്ധിതമാകുന്ന ക്യോട്ടോ കരാറിനെ താൻ എതിർക്കുന്നുവെന്ന് ബുഷ് തുറന്നു പറഞ്ഞു; കാരണം ഇത് യുഎസ് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. വികസിത രാജ്യങ്ങളും (അനെക്സ് ) വികസ്വര രാജ്യങ്ങളും (നോൺ അനെക്സ്) തമ്മിലുള്ള വിഭജനം അന്യായമാണെന്നും വികസ്വര രാജ്യങ്ങളും തങ്ങളുടെ ഉദ്‌വമനം കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു, തുടക്കത്തിൽ ക്യോട്ടോ പ്രോട്ടോക്കോൾ അംഗീകരിച്ച അമേരിക്ക 2001-ൽ അതിൽ നിന്ന് പിന്മാറി.
പാരിസ് ഉടമ്പടിയിലെ അമേരിക്കൻ പങ്കാളിത്തത്തിന് സംഭവിക്കുന്നത്
ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനും എല്ലാ രാജ്യങ്ങളെയും, വികസിത-വികസ്വര ഭേദമന്യേ ഉൾക്കൊള്ളുന്നതിനും ക്യോട്ടോ പ്രോട്ടോക്കോളിന് പകരമായി 2015-ൽ അംഗീകരിച്ച അത്യന്തം പ്രാധാന്യമുള്ള അന്താരാഷ്ട്ര കരാറാണ് പാരീസ് ഉടമ്പടി. ഈ നൂറ്റാണ്ടിലെ ആഗോള താപനിലയിലെ വർദ്ധനവ് വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമത്തിൽ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറയ്ക്കാനും, വർദ്ധനവ് 1.5 ഡിഗ്രിയായി പരിമിതപ്പെടുത്താനുള്ള മാർഗങ്ങൾ പിന്തുടരാനും കരാർ ലക്ഷ്യമിടുന്നു. ഈ കരാർ ബന്ധനരഹിതമാണ്, അതായത് രാജ്യങ്ങൾ അവരുടെ കാലാവസ്ഥാ ഉദ്‌വമനം കുറയ്ക്കുന്നത് നിയമപരമായ ബാധ്യതയായല്ല, പകരം, ഓരോ രാജ്യവും അവരുടേതായ ഉദ്‌വമന ലക്ഷ്യങ്ങളും അവ നേടുന്നതിനുള്ള തന്ത്രങ്ങളും നിശ്ചയിക്കുന്നു; അവ നടപ്പിലാക്കുന്നു .
പാരിസ് ഉടമ്പടി പ്രകാരം, എല്ലാ രാജ്യങ്ങളും നെറ്റ് സീറോ ലക്ഷ്യവും അതിലേക്ക് എത്തുന്നതിനുള്ള കാലാവസ്ഥാ നടപടികളും സ്വയം പ്രഖ്യാപിക്കണമെന്നും നിഷ്കർഷിച്ചു. നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന് ഓരോ രാജ്യവും ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’ (Nationally Determined Contributions, NCD) പ്രഖ്യാപിക്കണം, അഞ്ചു വർഷം കൂടുമ്പോൾ പുതുക്കുകയും വേണം. ഇത് തയ്യാറാക്കേണ്ടത് ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (Common But Differentiated Responsibilities and Respective Capabilities, in the light of different National Circumstances, CBDR-RCNC) അനുസരിച്ചായിരിക്കണമെന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതായത് ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്, എന്നാൽ തുല്യ ഉത്തരവാദിത്തമല്ല! ചരിത്രപരമായി ഏറ്റവുമധികം ഹരിതഗ്രഹ വാതകങ്ങൾ തള്ളി കാലാവസ്ഥയെ കുഴപ്പത്തിലാക്കിയ അമേരിക്കയെ പോലുള്ള രാജ്യങ്ങൾക്ക് ഉത്തരവാദിത്തം കൂടുതലുണ്ടാകും!
കാലാവസ്ഥാ മലിനീകരണം കുറയ്ക്കുന്നതിനും കാലക്രമേണ ആ പ്രതിബദ്ധതകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ പ്രധാന രാജ്യങ്ങളുടെയും പ്രതിബദ്ധതകൾ കരാറിൽ ഉൾപ്പെടുന്നു. വികസിത രാജ്യങ്ങൾക്ക് അവരുടെ കാലാവസ്ഥാ ലഘൂകരണത്തിലും (mitigation) പൊരുത്തപ്പെടൽ (adaptation) ശ്രമങ്ങളിലും വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഒരു പാത ഈ ഉടമ്പടി നൽകുന്നു. കൂടാതെ രാജ്യങ്ങളുടെ വ്യക്തിഗതവും കൂട്ടായതുമായ കാലാവസ്ഥാ ലക്ഷ്യങ്ങളുടെ സുതാര്യമായ നിരീക്ഷണം, റിപ്പോർട്ട് ചെയ്യൽ, നടപ്പാക്കൽ എന്നിവയ്ക്കുള്ള ചട്ടക്കൂടും കരാർ സൃഷ്ടിക്കുന്നു.
2015 ഡിസംബറിൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ആഗോള കർമ പദ്ധതിയായ പാരീസ് ഉടമ്പടിയിൽ അമേരിക്കയും 200 ൽ പരം മറ്റ് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചപ്പോൾ, ഇന്നത്തെ കുട്ടികൾക്കും യുവതലമുറക്കും “കൂടുതൽ സുരക്ഷിതവും, കൂടുതൽ സമ്പന്നവും, കൂടുതൽ സ്വതന്ത്രവുമായ ഒരു ലോകം” (“A world that is safer and more secure, more prosperous, and more free”) ആണ് കിട്ടാൻ പോകുന്നതെന്ന് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ പറയുകയുണ്ടായി.
2016 ഏപ്രിലിൽ പാരീസ് കരാറിൽ അമേരിക്ക ഒപ്പുവയ്ക്കുകയും 2016 സെപ്റ്റംബറിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി അത് അംഗീകരിക്കുകയും ചെയ്തു. ഇതിന് പുറമെ, ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളർ സംഭാവന ചെയ്യാൻ പ്രസിഡന്റ് ഒബാമ അമേരിക്കയെ പ്രതിജ്ഞാബദ്ധമാക്കി. കരാറിന്റെ നിബന്ധനകൾ പ്രകാരം ആഗോള ഉദ്‌വമനത്തിന്റെ കുറഞ്ഞത് 55 ശതമാനമെങ്കിലും പ്രതിനിധീകരിക്കുന്ന കുറഞ്ഞത് 55 രാജ്യങ്ങളെങ്കിലും ഔപചാരികമായി ചേർന്നാലെ പാരീസ് കരാർ പ്രാബല്യത്തിൽ വരൂ. ഇത് 2016 ഒക്ടോബർ 5 നാണ് തികയുന്നത്. 30 ദിവസത്തിന് ശേഷം, അതായത്, 2016 നവംബർ 4 ന് പാരിസ് കരാർ പ്രാബല്യത്തിലായി. 2025 ആകുമ്പോഴേക്കും മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം 2005 ലെ നിലവാരത്തേക്കാൾ 26 മുതൽ 28 ശതമാനം വരെ കുറയ്ക്കുമെന്നും യുഎസ് INDC (Intended Nationally Determined Contributions) വഴി അറിയിച്ചിരുന്നു.
എന്നാൽ രണ്ട് വർഷത്തിനുള്ളിൽ, പുതുതായി അധികാരമേറ്റ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒബാമ വിഭാവനം ചെയ്ത “കൂടുതൽ സുരക്ഷിതവും, സമ്പന്നവും, സ്വതന്ത്രവുമായ” ലോകത്തിന്റെ അവസ്ഥയാകെ അപകടത്തിലാക്കി! മേൽപ്പറഞ്ഞ എല്ലാ അഭിലാഷങ്ങളും വാഗ്ദാനങ്ങളും കാറ്റിൽ പറത്തി 2017 ജൂൺ 1 ന്, സാമ്പത്തിക ആശങ്കകളുടെ പേരു പറഞ്ഞ് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനായുള്ള പാരീസ് കരാറിലെ എല്ലാ പങ്കാളിത്തവും അമേരിക്ക നിർത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ കരാർ യുഎസ് സമ്പദ്‌വ്യവസ്ഥയെ “ദുർബലപ്പെടുത്തുകയും” യുഎസിനെ “ശാശ്വതമായ പ്രതികൂലാവസ്ഥയിലാക്കുകയും” ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമവായം ട്രംപ് നിരസിക്കുകയും ആഗോളതാപനം എന്ന ആശയം അമേരിക്കയുടെ മത്സരശേഷിയെ തകർക്കാൻ ചൈന സൃഷ്ടിച്ചതാണെന്ന് പറയുകയും ചെയ്തു. ഒബാമയുടെ ‘ക്ലീൻ പവർ പ്ലാനും’ ഉം മറ്റ് പരിസ്ഥിതി നിയന്ത്രണങ്ങളും റദ്ദാക്കാൻ അദ്ദേഹം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. കരാറിലെ ചില നിബന്ധനകൾ കാരണം അദ്ദേഹത്തിന് നാലു വർഷം കാത്തിരിക്കേണ്ടിവന്നുവെന്നതുകൊണ്ട് ഇത്തരമൊരു പിൻമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ലോകത്തിന് അനുഭവിക്കേണ്ടി വന്നില്ല!
പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 28, പ്രസ്തുത ഉടമ്പടിയിൽ ഒപ്പ് വെച്ച ഒരു രാജ്യത്തിന് എങ്ങിനെ അതിൽ നിന്ന് പിന്മാറാം എന്നാണ് വിവരിക്കുന്നത്. ഈ കരാർ പ്രാബല്യത്തിൽ വന്ന തീയതി മുതൽ (2016 നവംബർ 4) മൂന്ന് വർഷത്തിന് ശേഷം ഏത് സമയത്തും, ഒരു കക്ഷിക്ക് രേഖാമൂലമുള്ള അറിയിപ്പ് നൽകി ഈ കരാറിൽ നിന്ന് പിന്മാറാം. പിൻവലിക്കൽ അറിയിപ്പ് ലഭിച്ച തീയതി മുതൽ ഒരു വർഷം കഴിയുമ്പോഴോ അല്ലെങ്കിൽ പിൻവലിക്കൽ അറിയിപ്പിൽ വ്യക്തമാക്കിയേക്കാവുന്ന പിന്നീടുള്ള തീയതിയിലോ അത്തരം ഏതൊരു പിൻവലിക്കലും പ്രാബല്യത്തിൽ വരും. അതായത്, 2016 നവംബർ 4 ന് ശേഷം മൂന്നു വർഷം കഴിഞ്ഞു മാത്രമേ യുഎസിന് പിൻമാറ്റ അറിയിപ്പ് നൽകാനാകുമായിരുന്നുള്ളൂ. നാല് വർഷത്തെ പിന്മാറ്റ പ്രക്രിയ യുഎസ് പാലിക്കുമെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി. നിശ്ചിത മൂന്നു വർഷത്തിന് ശേഷം, 2019 നവംബർ 4 ന്, പിന്മാറാനുള്ള ഉദ്ദേശ്യം അറിയിച്ചുകൊണ്ട് ഭരണകൂടം ഔദ്യോഗിക അറിയിപ്പ് നൽകി, അത് പ്രാബല്യത്തിൽ വരാൻ വീണ്ടും ഒരു വർഷം കാത്തിരുന്നു. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു ദിവസം കഴിഞ്ഞ്, 2020 നവംബർ 4 ന് പിൻവാങ്ങൽ പ്രാബല്യത്തിൽ വന്നു.
2020 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന്, പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ജോ ബൈഡൻ അധികാരമേറ്റ ആദ്യ ദിവസം തന്നെ പാരീസ് കരാറിൽ വീണ്ടും ചേരുമെന്ന് പ്രഖ്യാപിച്ചു. 2021 ജനുവരി 20 ന്, പ്രസിഡന്റ് ബൈഡൻ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, കരാറിൽ വീണ്ടും ചേരുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. പിൻവാങ്ങൽ പ്രാബല്യത്തിൽ വന്ന് 107 ദിവസങ്ങൾക്ക് ശേഷം, 2021 ഫെബ്രുവരി 19 ന്, പാരീസ് കരാറിൽ അമേരിക്ക ഔദ്യോഗികമായി വീണ്ടും ചേർന്നു. ചുരുക്കത്തിൽ 107 ദിവസം മാത്രമാണ് യുഎസ് കരാറിൽ നിന്ന് പുറത്തായിരുന്നത്. ഇതിന്റെ അർത്ഥം, ആ വർഷങ്ങളിലെ കരാർ പ്രകാരമുള്ള പ്രതിബദ്ധതകൾ പാലിക്കാൻ അമേരിക്ക ബാധ്യസ്ഥരായിരുന്നു എന്നാണ്. ചുരുക്കത്തിൽ അന്നത്തെ ട്രമ്പിന്റെ പിന്മാറ്റം കൊണ്ട് കാര്യമായ കുഴപ്പമൊന്നുമുണ്ടായില്ല.
പാരിസ് ഉടമ്പടിയിൽ വീണ്ടും ചേരുക മാത്രമല്ല, 2021 ഏപ്രിലിൽ, 2030 ആകുമ്പോഴേക്കും (2005 ലെ നിലവാരത്തിൽ നിന്ന്) കാർബൺ ഉൽസർജനം 50 മുതൽ 52 ശതമാനം വരെ കുറയ്ക്കുന്നതിനും 2050 ഓടെ നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കാനും യുഎസ് NDC ലക്ഷ്യങ്ങൾ പുതുക്കി നല്കി. തുടർന്ന് 2024 ഡിസംബറിൽ, 2035 ആകുമ്പോഴേക്കും ഉൽസർജനം 61 മുതൽ 66 ശതമാനം വരെ കുറയ്ക്കാനുള്ള ലക്ഷ്യവുമായി NDC മൂന്നാമതും പുതുക്കി (NDC 3.0).
ഈ ധാരണകളൊക്കെ അട്ടിമറിച്ചുകൊണ്ട് 2025 ജനുവരി 20 ന്, തന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ, പാരിസ് കരാറിൽ നിന്ന് അമേരിക്കയെ പിൻവലിക്കാനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരിക്കയാണ്. കരാറിൽ നിന്ന് ഔദ്യോഗികമായി പുറത്തുപോകാൻ യുഎസിന് പഴയപോലെ നാലു വർഷം കത്തിരിക്കേണ്ട, ഇത്തവണ ഒരു വർഷം കാത്തിരുന്നാൽ മതിയാകും. ബൈഡൻ കാലഘട്ടത്തിലെ പല പരിസ്ഥിതി നിയന്ത്രണങ്ങളെയും മാറ്റിമറിക്കാൻ അദ്ദേഹം ഒരു “ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ” തന്നെ പ്രഖ്യാപിച്ചു.
ട്രംപിന്റെ പ്രചാരണത്തിനായി ഫോസിൽ ഇന്ധന വ്യവസായം 75 ദശലക്ഷം ഡോളർ സംഭാവന നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഫോസിൽ ഇന്ധന വികസനം പരിമിതപ്പെടുത്തുകയും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിയന്ത്രണങ്ങൾ പൊളിച്ചുമാറ്റുക എന്നതാണ് ട്രംപിന്റെ ഊർജ്ജ നയങ്ങളുടെ ലക്ഷ്യം. ഈ സമീപനത്തിൽ ഫെഡറൽ ഭൂമികൾ ഡ്രില്ലിംഗിനായി വീണ്ടും തുറക്കുക, പുനരുപയോഗ ഊർജ്ജത്തിനുള്ള പ്രോത്സാഹനങ്ങൾ നിർത്തലാക്കുക എന്നിവ ഉൾപ്പെടുന്നു. ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയുടെ ചെലവിൽ സാമ്പത്തിക വളർച്ചയിൽ ഹ്രസ്വകാല ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ നയങ്ങൾ എന്ന് വിമർശകർ വാദിക്കുന്നു.
അമേരിക്ക പാരിസ് കരാറിൽ നിന്ന് പിൻവലിയുമെങ്കിലും 1992 ൽ രൂപീകൃതമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (United Nations Framework Convention on Climate Change, UNFCC)എന്ന മാതൃ ചട്ടക്കൂട് കൺവെൻഷന്റെ ഭാഗമായി തുടരും. അതിനാൽ, യുഎസിന് ഇപ്പോഴും അതിന്റെ ഹരിതഗൃഹ വാതക ഇൻവെന്ററി റിപ്പോർട്ടുകൾ നല്കേണ്ടി വരും. അവർക്ക് വർഷം തോറും നടക്കുന്ന COP കളിലും സംബന്ധിക്കാം.
ട്രമ്പിന്റെ പിന്മാറ്റം ഉയർത്തുന്ന പ്രശ്നങ്ങൾ
പാരീസ് ഉടമ്പടി ബന്ധനാത്മകമല്ലെങ്കിലും, അതിന്റെ പ്രതീകാത്മകവും പ്രായോഗികവുമായ പ്രാധാന്യം വളരെ വലുതാണ്. പുനരുപയോഗ ഊർജ്ജത്തിൽ ആഗോള നിക്ഷേപങ്ങൾ നടത്തുന്നതിനും, സാങ്കേതിക കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിനും ഇതുപകരിച്ചു. ഫോസ്സിലിതര ഊർജ്ജ സ്രോതസ്സുകളായ കാറ്റ്, സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ ഉപയോഗവും സാങ്കേതിക വിദ്യയും ഗണ്യമായി വളർന്നു. ഫോസിൽ ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശുദ്ധമായ ഊർജ്ജ നിക്ഷേപങ്ങൾ ഇരട്ടിയായി. 2023 ൽ ദുബായിൽ നടന്ന COP 28 ചർച്ചകളിൽ “ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം” (transition away) എന്ന തീരുമാനമുണ്ടായത് ഇതിന്റെ കൂടെ വെളിച്ചത്തിലാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ഘട്ടംഘട്ടമായി നിർത്തണം’ (phase out) എന്ന വാക്കായിരുന്നു വേണ്ടിയിരുന്നത് എന്ന് അഭിപ്രായമുള്ള രാജ്യങ്ങളും ഉണ്ടായിരുന്നു. ഈ നിർദ്ദേശത്തെ യുഎസും, യൂറോപ്യൻ യൂണിയനുമുൾപ്പെടെയുള്ള പാശ്ചാത്യ മഹാശക്തികളെല്ലാം പിന്തുണച്ചുവെന്നത് മറന്നു കൂടാ. സാധാരണ, അമേരിക്കയിൽ ഭരണമാറ്റം ഉണ്ടായാലും നയങ്ങൾക്കും നിലപാടുകൾക്കും കാര്യമായ മറ്റമുണ്ടാകാറില്ല. പക്ഷേ ട്രംപ് അതു ചെയ്തു! അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡൊണാൾഡ് ട്രംപ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളിലൊന്നായ “ഡ്രിൽ, ബേബി, ഡ്രിൽ” ആവർത്തിച്ചു. യുഎസിൽ കൂടുതൽ എണ്ണ, വാതക ഉൽപാദനത്തിനും ഉപഭോഗത്തിനും വേണ്ടി താൻ മുന്നോട്ട് പോകുമെന്ന് സൂചിപ്പിക്കുന്നു.
ലോകം കണ്ടതിൽ ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു 2024 എന്ന ലോക കാലാവസ്ഥാ സംഘടനയുടെ (WMO) സ്ഥിരീകരണം ശ്രദ്ധിക്കുക. WMO യുടെ വിശകലനം അനുസരിച്ച്, ആഗോള ശരാശരി ഉപരിതല താപനില 1850-1900 ശരാശരിയേക്കാൾ 1.55 ഡിഗ്രി സെൽഷ്യസിനു മുകളിൽആയിരുന്നു. ഇതിനർത്ഥം, 1850-1900 ലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ആഗോള ശരാശരി താപനിലയുള്ള ആദ്യ കലണ്ടർ വർഷം നമ്മൾ അനുഭവിച്ചിരിക്കുന്നു എന്നാണ്! അതു പോലെ തന്നെ, അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ അടുത്തിടെയുണ്ടായ (2025 ജനുവരി 7 മുതൽ) കാട്ടുതീയുടെ കാരണം കാലാവസ്ഥയിൽ വന്ന (വരുത്തിയ!)മാറ്റം തന്നെയാണ് എന്നാണ് ശാസ്ത്രമതം. കാട്ടുതീ, വരൾച്ച, നിരന്തരമായ ചൂട്, മിന്നൽ കൊടുങ്കാറ്റുകൾ എന്നിവയെല്ലാം ചൂട് വർദ്ധിച്ചു വരുന്ന ലോകത്ത് വഷളാകുകയും നിയന്ത്രണാതീതമായ ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പണ്ടേ സ്ഥിരീകരിക്കപ്പെട്ടതാണ്.
ലോസ് ഏഞ്ചൽസ് കാട്ടുതീ ദുരന്തം പൊട്ടിപ്പുറപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് സ്ഥിരീകരിച്ചതെന്നതാണ് വൈരുദ്ധ്യം. തീവ്രമായ ചുഴലിക്കാറ്റ്, വരൾച്ച, താരതമ്യേന ഉയർന്ന താപനില എന്നിവയുൾപ്പെടെയുള്ള അഭൂതപൂർവമായ സങ്കീർണ്ണ കാലാവസ്ഥാ സാഹചര്യങ്ങളുമായി തീപിടുത്തങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ വിവരിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിൽ തീപിടുത്തം കുറഞ്ഞത് 27 മരണങ്ങൾക്കും 250 ശതകോടി ഡോളറിന്റെ നാശനഷ്ടങ്ങൾക്കും കാരണമായി. പക്ഷേ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും രാഷ്ട്രീയ വിഭജനം സൃഷ്ടിക്കാനുമാണ് ട്രംപ് ദുരന്തത്തെ ഉപയോഗിച്ചത്.
ആഗോളതലത്തിൽ, ട്രംപിന്റെ തീരുമാനം മറ്റ് രാജ്യങ്ങളെ അവരുടെ കാലാവസ്ഥാ അഭിലാഷങ്ങൾ കുറയ്ക്കാൻ ധൈര്യപ്പെടുത്തിയേക്കും. ഫോസിൽ ഇന്ധനങ്ങളെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങൾ പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള പരിവർത്തനങ്ങൾ വൈകിപ്പിക്കുന്നതിനുള്ള ന്യായീകരണമായി യുഎസ് പിന്മാറ്റത്തെ കാണാൻ സാധ്യതയുണ്ട്. കൂടാതെ, യുഎസ് നേതൃത്വത്തിന്റെ അഭാവം അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിലെ വിശ്വാസത്തെയും സഹകരണത്തെയും ദുർബലപ്പെടുത്തുകയും കൂട്ടായ പ്രവർത്തനം കൈവരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും.
2009-ലെ കോപ്പൻഹേഗൻ COP യുടെ സാമ്പത്തിക പ്രതിബദ്ധതകളെ അടിസ്ഥാനമാക്കിയാണ് പാരീസ് കരാർ രൂപം കൊണ്ടിട്ടുള്ളത്. വികസ്വരരാജ്യങ്ങളെയും കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിന് വികസിതരാജ്യങ്ങൾ 2020-ഓടെ, പ്രതിവർഷം 100 ശതകോടി ഡോളർ സമാഹരിച്ച് നൽകാമെന്ന് ഉറപ്പ് നല്കിയിരുന്നതാണ്. പക്ഷേ, ഈ 100 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലേക്കെത്തുന്നത് 2022 ൽ മാത്രമാണ്. അതു പോലെ തന്നെ, 2025-ന് മുമ്പ്, “വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് പ്രതിവർഷം 100 ശതകോടി ഡോളർ എന്ന നിലയിൽ നിന്ന് ഒരു പുതിയ കൂട്ടായ അളവ് ലക്ഷ്യം (New Collective Quantified Goal on Climate Finance, NCQG) സ്ഥാപിക്കും” എന്നും തീരുമാനിച്ചിരുന്നു. ഈ പിന്തുണ ദരിദ്ര രാഷ്ട്രങ്ങളുടെ കാലാവസ്ഥാ ലഘൂകരണ നടപടികളിലും (mitigation) പൊരുത്തപ്പെടൽ ശ്രമങ്ങളിലും (adaptation) അവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നീണ്ട ചർച്ചകൾക്കൊടുവിൽ, വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം 2035-ഓടെ പ്രതിവർഷം 300 ശതകോടി ഡോളറായി ഉയർത്തുന്ന ഒരു സുപ്രധാന കരാറിൽ എത്തി. അതോടൊപ്പം ധനസഹായം 2035-ഓടെ പൊതു-സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് പ്രതിവർഷം 1.3 ട്രില്യൺ (1,30,000കോടി) ഡോളറായി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും എന്നും പറഞ്ഞിട്ടുണ്ട്. മുൻപറഞ്ഞ NCQG യിൽ എത്രയാണ് ധനസഹായം (ഗ്രാന്റ്) എത്രയാണ് വായ്പ എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. അത്തരം കാര്യങ്ങൾ അടുത്ത വർഷം ബ്രസീലിലെ ബെലെം, എന്ന സ്ഥലത്ത് നടക്കാൻ പോകുന്ന COP 30 ൽ വെച്ചു തീരുമാനിക്കും. ഇതിന്റെ ഭാവിയും തുലാസ്സിലാണ്. അമേരിക്ക പിന്മാറിയാൽ മറ്റ് വികസിത രാഷ്ട്രങ്ങൾ ആ ബാധ്യത ഏറ്റെടുക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
പാരീസ് ഉടമ്പടിയിൽ നിന്ന് പിൻവലിയുന്നതിനു പുറമേ, കാലാവസ്ഥാ മാറ്റം ലഘൂകരിക്കുന്നതിനും ആഗോളതലത്തിൽ കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുന്നതിനും മറ്റ് രാജ്യങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകുന്ന സാമ്പത്തിക സംഭാവനകൾ പരിമിതപ്പെടുത്താൻ “അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളിൽ അമേരിക്കയെ ഒന്നാം സ്ഥാനത്ത് നിർത്തുക” (Putting America First in International Environmental Agreements) എന്ന എക്സിക്യൂട്ടീവ് ഉത്തരവ് ശ്രമിക്കുന്നു. വികസ്വര രാജ്യങ്ങളെ ഇക്കാര്യത്തിൽ സഹായിക്കുന്നതിന് 2024 ൽ യുഎസ് ഏകദേശം 11 ശതകോടി ഡോളർ നൽകി. സമുദ്രനിരപ്പ് ഉയരുന്നതിനും, തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്കും, മറ്റ് കാലാവസ്ഥാ പ്രത്യാഘാതങ്ങൾക്കും എതിരായ പോരാട്ടത്തിൽ ദുർബല രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന് ഈ ഫണ്ടുകൾ നിർണായകമായിരുന്നു.
പാരീസ് ഉടമ്പടിയിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചർച്ചകൾക്ക് കീഴിൽ വാഗ്ദാനം ചെയ്തിരുന്ന എല്ലാ യുഎസ് ഫണ്ടിംഗും ഉടൻ നിർത്താൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു. മുൻ ബൈഡൻ ഭരണകൂടം ഐക്യരാഷ്ട്രസഭയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളർ നൽകുന്നതിന് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ പണം യുഎൻ ഫണ്ടിന് ലഭിച്ചിട്ടില്ല . ട്രംപിന്റെ കീഴിൽ ഇത് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. UNFCCC സെക്രട്ടേറിയറ്റിന്റെ ബജറ്റിന്റെ ഏകദേശം 22 ശതമാനം യുഎസ് ആണ് നൽകുന്നത്. 2024-2025 വർഷത്തേക്ക് പ്രവർത്തന ചെലവ് 96.5 ദശലക്ഷം ഡോളർ എന്ന് പ്രതീക്ഷിക്കുന്നു.
പാരീസ് ഉടമ്പടിയിലെ കക്ഷികളായ രാജ്യങ്ങൾക്ക് NDC പ്രക്രിയ നിർബന്ധമാണെങ്കിലും, ഒരു കക്ഷി അവരുടെ NDC പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്താനുള്ള വകുപ്പൊന്നുമില്ല. രാജ്യങ്ങൾക്ക് അവരുടെ NDC-കൾ നിർണ്ണയിക്കാൻ പൂർണ്ണ വിവേചനാധികാരമുണ്ട്. 2035-ൽ 2005 ലെ നിലവാരത്തേക്കാൾ മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനം 61-66 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ NDC യുടെ ഭാഗമായി നിശ്ചയിച്ചിരുന്നു. മറ്റ് ഘടകങ്ങൾക്കൊപ്പം ഇതൊക്കെ ജലരേഖയായി മാറുമോ?
പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നത് അമേരിക്കക്കാരെ കാലാവസ്ഥാ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കില്ല എന്ന് പുതിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് എന്നാണ് മനസ്സിലാക്കുക? സ്വന്തം രാജ്യത്തെ അനുഭവങ്ങൾ ഉണ്ടായിട്ടു കൂടി ട്രമ്പിനെ പോലുള്ള ശാസ്ത്രനിരാസികൾ പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണ് ലോകത്തിന്റെ ദുര്യോഗം. ലോസ് ഏഞ്ചൽസ് ദുരന്തമുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളൊന്നും നിലപാടുകളിൽ മാറ്റം വരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ, ഹാ കഷ്ടം എന്നേ പറയാനുള്ളൂ!
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും