Read Time:13 Minute

ഉരുൾപൊട്ടൽ പ്രവചനം സാധ്യമാണോ?

ഉരുൾപൊട്ടലിന്റെ കൃത്യമായ സമയവും സ്ഥലവും സംബന്ധിച്ച കൃത്യമായ പ്രവചനം വെല്ലുവിളിയാണെങ്കിലും, സാങ്കേതികവിദ്യയിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ പ്രക്രിയകളെക്കുറിച്ചുള്ള ധാരണയും അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും സാധിക്കും

ഗുരുത്വാകർഷണത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിൽ ഒരു ചരിവിലൂടെ പാറ, ഭൂമി അല്ലെങ്കിൽ അവശിഷ്ടങ്ങൾ പോലുള്ള വസ്തുക്കളുടെ വൻതോതിലുള്ള താഴോട്ടുള്ള ചലനമാണ് മണ്ണിടിച്ചിൽ അഥവാ ഉരുൾപൊട്ടൽ. അവ പെട്ടെന്നോ, സാവധാനത്തിൽ ദീർഘകാലം കൊണ്ടോ സംഭവിക്കാം. ഒരു ചരിവിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ശക്തി ഒരു ചരിവിന്റെ പ്രതിരോധ ശക്തിയെക്കാൾ കൂടുതലാകുമ്പോൾ, ചരിവ് പരാജയപ്പെടുകയും ഉരുൾപൊട്ടൽ സംഭവിക്കുകയും ചെയ്യുന്നു. ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന്റെ ബാഹ്യ കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

  1. കനത്ത മഴ മൂലം നിലം വലിയ തോതിൽ കുതിരുന്നു
  2. ഒരു ചരിവിന്റെ അടിത്തട്ടിലെ മണ്ണൊലിപ്പ്
  3. Weathering (വെള്ളം, ഐസ്, ആസിഡുകൾ, ലവണങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, താപനിലയിലെ മാറ്റങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം മൂലം പാറകൾ പൊടിയുന്നതിനെ അപക്ഷയം (Weathering) എന്ന് പറയുന്നു) മൂലം മെറ്റീരിയലിന്റെ ശക്തിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
മണ്ണിടിച്ചിലിനെ അവയുടെ ചലനത്തിന്റെ രീതി അനുസരിച്ച് തരംതിരിച്ചിരിക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം
  • Falls: പാറക്കെട്ടിൽ നിന്നോ കുത്തനെയുള്ള ചരിവിൽ നിന്നോ പാറകൾ തകർന്നു വീഴുന്ന തരത്തിലുള്ള മണ്ണിടിച്ചിലാണ് ഇത്.
  • Topples: ഒരു ചരിവിൽ നിന്ന് പാറ, മണ്ണ് അല്ലെങ്കിൽ അവശിഷ്ടങ്ങൾ എന്നിവ മുന്നോട്ടു കറങ്ങി താഴെ വീഴുന്നതിനെ ടോപ്പ്ൾ എന്ന് പറയുന്നു.
  • Slides: സ്ലൈഡ്-ടൈപ്പ് മണ്ണിടിച്ചിൽ എന്നത് ഒരു സവിശേഷമായ വിള്ളൽ അല്ലെങ്കിൽ സ്ലിപ്പ് പ്രതലത്തിൽ സംഭവിക്കുന്ന വസ്തുക്കളുടെ താഴേക്കുള്ള ചലനമാണ്. രണ്ടു തരത്തിലുള്ള സ്ലൈഡ് ടൈപ്പ് മണ്ണിടിച്ചിലുണ്ട് (A)റൊട്ടേഷൻ സ്ലൈഡുകൾ, (B)ട്രാൻസ്ലേഷണൽ സ്ലൈഡുകൾ.
  • Flows: ദ്രാവകത്തിന്റെ രൂപത്തിൽ ഒരു ചരിവിലൂടെ വസ്തുക്കളുടെ താഴോട്ടുള്ള ചലനം ഉൾപ്പെടുന്ന മണ്ണിടിച്ചിലാണ് ഇത്.

മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് എന്താണ്?

  1. വെള്ളം : ചരിവിലെ മെറ്റീരിയലിലേക്ക് വെള്ളം ഇറങ്ങുന്നത് മണ്ണിടിച്ചിൽ സംഭവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കാരണം, വെള്ളം ഭാരം വർദ്ധിപ്പിക്കുകയും മെറ്റീരിയലിന്റെ ശക്തി കുറയ്ക്കുകയും ഘർഷണം കുറയ്ക്കുകയും ചെയ്യുന്നു.
  2. മണ്ണൊലിപ്പ്: ഒരു ചരിവിന്റെ അടിഭാഗം തുടർച്ചയായി നശിക്കുകയാണെങ്കിൽ, (ഉദാഹരണത്തിന് കടലോ നദിയോ, മൂലം) ചരിവ് ക്രമേണ സ്വയം പിടിച്ചുനിർത്താൻ കഴിയാത്തത്ര കുത്തനെയാകും.
  3. ചരിവ് കോൺ : മണ്ണിടിച്ചിലിനെ സംബന്ധിച്ചിടത്തോളം ചരിവ് കോൺ (Slope angle)  ഒരു പ്രധാന ഘടകം ആണ്.  ഇതിനെ കുത്തനെയാക്കുന്ന ഏതൊരു മാറ്റവും (തീരദേശ മണ്ണൊലിപ്പ് പോലുള്ളവ) മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു
  4. പാറകളുടെ തരം : ചരിവിലെ പാറകളുടെ തരം (Rock type) മണ്ണിടിച്ചിലിനെ സ്വാധീനിക്കുന്ന ഘടകമാണ്.
  5. തരികളുടെ ആകൃതി : ഒരു പാറയിൽ അടങ്ങിയിരിക്കുന്ന തരികളുടെ ആകൃതി (Grain shape) മണ്ണിടിച്ചിലിനെ സ്വാധീനിക്കുന്ന ഘടകമാണ്.
  6. വിള്ളലുകൾ: പാറകളിലെ വിള്ളലുകളും പാളികളും മണ്ണിടിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുന്നു.
  7. അപക്ഷയം: അപക്ഷയം (Weathering) മൂലം പാറകൾ തമ്മിലുള്ള ബന്ധം കുറയുന്നതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുന്നു.
  8. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്: സസ്യങ്ങൾ വസ്തുക്കളെ ഒരുമിച്ച് ബന്ധിപ്പിക്കാൻ സഹായിക്കുന്നു; സസ്യങ്ങൾ നീക്കം ചെയ്യുന്നത് മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  9. അഗ്നിപർവ്വതങ്ങളും ഭൂകമ്പവും: അഗ്നിപർവ്വതങ്ങളും ഭൂകമ്പവും മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  10. മനുഷ്യന്റെ പ്രവർത്തനം: ഖനനം, ട്രാഫിക് പ്രകമ്പനങ്ങൾ തുടങ്ങിയവ മൂലവും അല്ലെങ്കിൽ നഗരവൽക്കരണം ഉപരിതല ജല ഡ്രെയിനേജ് പാറ്റേണുകളിൽ വരുത്തുന്ന മാറ്റം മൂലവും മണ്ണിടിച്ചിലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മണ്ണിടിച്ചിൽ തടയലും പരിഹാരവും

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ കഴിയാത്തപ്പോൾ ഉപയോഗിക്കുന്ന ചില സാധാരണ പരിഹാര രീതികൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും ഒരു രീതിയോ അതിന്റെ സംയോജനമോ ചലിക്കുന്ന കുന്നിൻചെരിവിനെ പൂർണ്ണമായും സ്ഥിരപ്പെടുത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല.

  • ഉപരിതല, ഭൂഗർഭ ഡ്രെയിനേജ് മെച്ചപ്പെടുത്തൽ: മണ്ണിടിച്ചിലിന് വെള്ളം ഒരു പ്രധാന ഘടകമായതിനാൽ, സൈറ്റിലെ ഉപരിതല, ഭൂഗർഭ ഡ്രെയിനേജ് മെച്ചപ്പെടുത്തുന്നത് മണ്ണിടിച്ചിൽ സാധ്യതയുള്ള ചരിവുകളുടെ സ്ഥിരത വർദ്ധിപ്പിക്കും.
  • മുകൾ ഭാഗത്തെ മണ്ണ് നീക്കുക: ഉരുൾപൊട്ടലിന്റെ മുകൾ ഭാഗത്തുള്ള മണ്ണും പാറയും നീക്കം ചെയ്യുന്നത് മർദ്ദം കുറയ്ക്കുകയും മണ്ണിടിച്ചിൽ മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യും.
  • പൈൽസും സംരക്ഷണ ഭിത്തിയും: മണ്ണിലേക്ക് ഇറക്കുന്ന ലോഹ കമ്പികളാണ് പൈൽസ്. ശരിയായി സ്ഥാപിച്ച പൈൽസുകൾ മണ്ണിടിച്ചിലിന് താഴെയുള്ള പാറകളിലാണ് ഉറപ്പിക്കുന്നത് . ഇതിനു മണ്ണിടിച്ചിൽ തടയാൻ കഴിയും. പൈൽസിന് ഇടയിലുള്ള വിടവുകളിലൂടെ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ, ലാൻസ്ലൈഡ് തടയാൻ സംരക്ഷണ ഭിത്തികൾ പലപ്പോഴും നിർമ്മിക്കുന്നു.
  • സസ്യങ്ങളുടെ സംരക്ഷണം: മരങ്ങൾ, പുല്ലുകൾ, സസ്യങ്ങൾ എന്നിവയ്ക്ക് മണ്ണിലേക്ക് നുഴഞ്ഞുകയറുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനും ഉപരിതല ജലപ്രവാഹം മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് മന്ദഗതിയിലാക്കാനും, മണ്ണിൽ നിന്ന് വെള്ളം നീക്കം ചെയ്യാനും കഴിയുന്നതിനാൽ ഉരുൾപൊട്ടൽ തടയാൻ കഴിയും.
  • പാറ വീഴുന്നത് തടയുക: (1) പാറക്കെട്ടിന്റെ അടിത്തട്ടിലുള്ള കുഴികൾ, (2) Heavy ഡ്യൂട്ടി വേലികൾ, (3) പാറക്കെട്ടിൽ നിന്ന് സ്വതന്ത്രമായ പാറകളെ വീഴാതെ തടയുന്ന കോൺക്രീറ്റ് ഭിത്തികൾ തുടങ്ങിയവക്ക് ഉരുൾപൊട്ടൽ തടയാൻ കഴിയും. ചില സന്ദർഭങ്ങളിൽ, പാറയുടെ അയഞ്ഞ ബ്ലോക്കുകൾ പാറ ബോൾട്ടുകൾ ഉപയോഗിച്ച് പാറക്കെട്ടുകളിൽ ഉറപ്പിക്കുന്നു.
  • ഗ്രേഡിങ്ങും ടെറസിങ്ങും: മണ്ണിടിച്ചിലിനുള്ള സാധ്യത കുറയ്ക്കുന്നതിന് ചരിവിന്റെ ആകൃതിയും ഗ്രേഡിയന്റും പരിഷ്കരിക്കുന്നത് ഗ്രേഡിംഗിൽ ഉൾപ്പെടുന്നു. കുത്തനെയുള്ള ചരിവുകളിൽ പരന്നതോ മെല്ലെ ചരിഞ്ഞതോ ആയ പ്രദേശങ്ങൾ സൃഷ്ടിക്കുകയും മണ്ണിടിച്ചിൽ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിനെ ടെറസിങ് എന്ന് പറയുന്നു.

മണ്ണിടിച്ചിൽ അപകട മേഖല കണ്ടെത്തൽ

മണ്ണിടിച്ചിൽ സാധ്യതയുടെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്തെ സോണുകളായി വിഭജിക്കുന്ന പ്രക്രിയയാണ് മണ്ണിടിച്ചിൽ ഹസാർഡ് സോണേഷൻ (LHS). ദുരന്ത നിവാരണത്തിന്റെ നിര്ണായക ഘടകമാണിത്. മണ്ണിടിച്ചിൽ അപകടങ്ങളുടെ സ്പേഷ്യൽ വിതരണം മനസിലാക്കുന്നതിനും കമ്മ്യൂണിറ്റികളിലും ഇൻഫ്രാസ്ട്രക്ചറുകളിലും മണ്ണിടിച്ചിലിന്റെ അപകടസാധ്യതയും ആഘാതവും കുറയ്ക്കുന്നതിന് തീരുമാനങ്ങൾ എടുക്കുന്നതിനും നയരൂപകർത്താക്കൾ, ആസൂത്രകർ, അടിയന്തര മാനേജ്മെന്റ് ഏജൻസികൾ എന്നിവരെ മണ്ണിടിച്ചിൽ ഹസാർഡ് സോണേഷൻ സഹായിക്കുന്നു.

ഉരുൾപൊട്ടൽ പ്രവചനം

മണ്ണിടിച്ചിൽ പ്രവചിക്കുന്നതിൽ ചരിവ് അസ്ഥിരതയ്ക്ക് കാരണമാകുന്ന വിവിധ ഘടകങ്ങൾ വിലയിരുത്തുന്നത് ഉൾപ്പെടുന്നു. ഉരുൾപൊട്ടലിന്റെ കൃത്യമായ സമയവും സ്ഥലവും സംബന്ധിച്ച കൃത്യമായ പ്രവചനം വെല്ലുവിളിയാണെങ്കിലും, സാങ്കേതികവിദ്യയിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ പ്രക്രിയകളെക്കുറിച്ചുള്ള ധാരണയും അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും സാധിക്കുന്നു.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്
Next post കേരളത്തിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും: ദുരന്തലഘൂകരണ നിർദ്ദേശങ്ങൾ
Close