കെട്ടിടങ്ങളെ തണുപ്പിക്കാൻ വെളുത്ത നിറത്തിലുള്ള പെയിന്റുകൾ പൂശിയ മേൽക്കൂരകൾ ഉപയോഗിക്കുന്ന വിദ്യയാണ് റേഡിയേറ്റീവ് കൂളിംഗ്. സാധാരണയായി ഉപയോഗിച്ചു വരുന്ന ടൈറ്റാനിയം ഡൈ ഓക്സൈഡ് അടിസ്ഥാനമാക്കിയുള്ള പെയിന്റുകൾ സൂര്യപകാശത്തിന്റെ 80-90% പ്രതിഫലിപ്പിക്കുന്നവയാണ്. ഒപ്പം അൾട്രാവയലറ്റ് പ്രകാശം ആഗിരണം ചെയ്യുന്നതിനാൽ അവയ്ക്ക് പ്രതലങ്ങളെ അന്തരീക്ഷ താപനിലയേക്കാൾ താഴെ തണുപ്പിക്കാൻ കഴിയില്ല. യുഎസിലെ പെർഡ്യൂ സർവ്വകലാശാലയിൽ പുതിയതായി വികസിപ്പിച്ചെടുത്ത പെയിന്റ് 98% സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതായി കണ്ടെത്തി. ഇത് എയർ കണ്ടീഷനിംഗിന്റെ ആവശ്യകത കുറയ്ക്കുകയും തന്മൂലം അവ ഉൽപാദിപ്പിക്കുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളിലും പേപ്പറിലും കണ്ടുവരുന്ന ബേരിയം സൾഫേറ്റ് സംയുക്തം ആണ് പെയിന്റിന്റെ അടിസ്ഥാന ഘടകം. കൂടുതൽ വീര്യവും വ്യത്യസ്ത വലുപ്പത്തിലുമുള്ള ബേരിയം സൾഫേറ്റ് നാനോപരലുകളാണ് ഇതിൽ ചേർത്തിരിക്കുന്നത്. ഇവ പ്രകാശത്തിന്റെ വിസരണം കൂട്ടാൻ സഹായിക്കുന്നു. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വെളുപ്പ് നിറമുള്ളതാണ് ഈ പെയിന്റ്. തീവ്രത കൂടിയ സൂര്യപ്രകാശത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറയ്ക്കാൻ ഈ പെയിന്റ് സഹായിക്കുന്നതായി കണ്ടെത്തി, 1000 ചതുരശ്ര അടി ഉള്ള മേൽക്കൂര പെയിന്റ് ചെയ്യുമ്പോൾ 10 കിലോവാട്ടിന്റെ കൂളിംഗ് പവർ ആണ് കിട്ടുന്നത്.
ഇത് പല കെട്ടിടങ്ങളിലും ഉപയോഗിക്കുന്ന എയർ കണ്ടിഷണറുകളെക്കാളും മികച്ചതാണ്. റേഡിയേറ്റീവ് കൂളിംഗ് പ്രാപ്തമാക്കാൻ നിലവിൽ കട്ടികൂടിയതും നിരവധി പാളികളുള്ളതുമായ പെയിന്റ് ഉപയോഗിക്കുമ്പോൾ ബേരിയം സൾഫേറ്റിന്റെ നേർത്ത ഒരു പാളി മതി യാകും ഇത്തരത്തിലുള്ള മേൽക്കുരയ്ക്ക്. ഏതാനും ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയ്ക്കാൻ ബേരിയം സൾഫേറ്റ് പെയിന്റിന് സാധ്യമാകും എന്ന് പറയപ്പെടുന്നു. രണ്ടു വർഷത്തിനകം ഇത് വിപണിയിൽ ലഭ്യമായേക്കും.
എഴുത്ത് : ഡോ.ദീപ.കെ.ജി.