ഓരോ ദിവസവും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ കറവപ്പശുക്കളുടെ അകിടുമായി ബന്ധപ്പെട്ടിട്ടുള്ളവ ഏറെയാണ്. അകിടു വീക്കം (മാസ്റ്റൈറ്റിസ് ) അകിടിനു നീര്, കല്ലിപ്പ്, കാമ്പുകളിൽ തടസ്സം, കാമ്പുകളിൽ നിന്നു പഴുപ്പ്, പാലിനു ചുവപ്പു നിറം, അരിമ്പാറ തുടങ്ങിയവ അതിലുൾപ്പെടുന്നു.
പശുക്കളുടെ അകിടിനെയും കാമ്പുകളെയും ബാധിക്കുന്ന ഇത്തരം രോഗങ്ങൾ പാലുൽപ്പാദനം കുറയ്ക്കുക മാത്രമല്ല; കാമ്പുകൾ പൂർണ്ണമായോ ഭാഗികമായോ നഷ്ട്ടപ്പെടുത്തുകയും, തൽഫലമായി ക്ഷീരകർഷകർക്ക് വൻ സാമ്പത്തിക ഞെരുക്കമുണ്ടാക്കുകയും ചെയ്യുന്നു. സാധാരണയായി ഉൽപ്പാദനശേഷി കൂടുതലുള്ളതും സങ്കരയിനത്തിൽപ്പെട്ടതുമായ കന്നുകാലികളിലാണ് തദ്ദേശീയ ഇനങ്ങളേക്കാൾ അകിടു വീക്കം ഉൾപ്പെടെയുള്ള അകിടു രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് രോഗകാരികൾ.
അകിടുവീക്കം
അകിടുകളെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ളതും ലോകമെമ്പാടുമുള്ള ഉരുക്കളിൽ കാണപ്പെടുന്നതുമായ ഒന്നാണ് അകിടു വീക്കം. കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ സ്ഥലത്ത് കൂടുതൽ പശുക്കളെ പാർപ്പിക്കുക , പരിപാലന മുറകളിലുള്ള വ്യത്യാസം തുടങ്ങിയവ രോഗബാധയ്ക്ക് കാരണമാകുന്നു. ഉൽപ്പാദനം കൂടിയ മൃഗങ്ങളിൽ രോഗ സാധ്യത കൂടുതലാണ്. സ്‌റ്റഫൈലോ കോക്കസ്, സ്ട്രെപ്റ്റോ കോക്കസ് തുടങ്ങിയ ബാക്ടീരിയകളാണ് മുഖ്യമായും രോഗമുണ്ടാക്കുന്നത്.
പ്രതിരോധ മാർഗ്ഗങ്ങൾ
കറവയ്ക്കു മുമ്പ് അകിടുകൾ കഴുകി വൃത്തിയുള്ള കോട്ടൺ തുണികൊണ്ട് തുടയ്ക്കുക. കൃത്യമായ ഇടവേളകളിൽ കറവ നടത്തുക. കറവ സമയത്ത് അതീവ ശുചിത്വം പാലിക്കുകയും അതിവേഗത്തിൽ പൂർണ്ണമായി കറന്നെടുക്കുകയും വേണം.
അതിനു ശേഷം പോവിഡോൺ അയഡിൻ ലായനിയിൽ കാമ്പുകൾ മുക്കുക. കറവ വറ്റിയതിനു ശേഷവും 2 ആഴ്ചത്തേക്ക് ഇത് തുടരുകയും പ്രസവത്തിനു 2 ആഴ്ച മുമ്പ് വീണ്ടും തുടങ്ങുകയും വേണം. കറവയ്ക്കു മുമ്പ് കാലിത്തീറ്റയും കറവയ്ക്കു ശേഷം പരുഷാഹാരവും നൽകുക. കറവ കഴിഞ്ഞയുടനെ പശുക്കളെ കിടക്കാൻ അനുവദിക്കരുത്. തൊഴുത്തിന്റെ തറ വൃത്തിയായി ഉണക്കി സൂക്ഷിക്കുകയും പ്രാണികളെ നിയന്ത്രിക്കുകയും ചെയ്യണം.
അകിടിലെ അൾസർ രോഗം (ബൊവൈൻ അൾസറേറ്റീവ് മാമ്മിലൈറ്റിസ്)
അകിടുകളിലും കാമ്പിലും അൾസർ പോലെ കാണപ്പെടുന്നതും വളരെ വേഗം പടർന്നു പിടിക്കുന്നതുമായ ഈ രോഗമുണ്ടാക്കുന്നത് ഹെർപ്പിസ് വൈറസ്സുകളാണ്. തൊലിക്കു ചുവന്ന നിറമായിരിക്കും. വട്ടത്തിലുള്ള ആഴമേറിയ മുറിവുകൾ ഒറ്റയ്ക്കോ കൂടിച്ചേർന്നോ കാമ്പുകളുടെ അടിഭാഗത്തായി കാണാം. മറ്റു മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗത്തിന് പ്രത്യേക ചികിൽസയില്ല. പുതുതായി കൊണ്ടു വരുന്ന കന്നുകാലികളെ ക്വാറൻ്റൈൻ ചെയ്യുകയും തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പ്രാണികളെ നിയന്ത്രിക്കുകയും ചെയ്താൽ രോഗബാധ ഫലപ്രദമായി തടയാം.
അകിടിലെ പോക്സ് രോഗം (കപട പശു പോക്സ്)
മനുഷ്യരിലെ ചിക്കൻപോക്സിന് സമാനമായ ചെറിയ കുരുക്കൾ അകിടിലും കാമ്പിലും കാണാം. തൊഴിൽ ജന്യ രോഗമാണ്. കറവക്കാരിലേക്കും പശു പരിപാലകരിലേക്കും പകരാൻ സാധ്യതയുണ്ട്. ആരംഭത്തിൽ കാണുന്ന ചെറിയ കുരുക്കൾ പൊട്ടുകയും പിന്നീട് എല്ലാം കൂടിച്ചേർന്ന് വലിയ മുറിവായി പൊറ്റപ്പിടിച്ച് കാണപ്പെടുന്നു. കാമ്പുകൾ ചുവന്ന നിറത്തിലാവുകയും ചെയ്യുന്നു. മുറിവുകളിലെ പൊറ്റ പൊളിച്ചുമാറ്റി ആൻ്റിബയോട്ടിക്, ബോറിക് ആസിഡ് പോലുള്ള അണുനാശകങ്ങൾ അടങ്ങിയ ലേപനങ്ങൾ പുരട്ടാം. മരുന്നു ലായനിയിൽ കാമ്പുകൾ മുക്കുന്നതും ക്വാറൻ്റെൻ അനുഷ്ഠിക്കുന്നതുമാണ് പ്രതിരോധ മാർഗ്ഗങ്ങൾ.

അരിമ്പാറ / പാപ്പിലോമറ്റോസിസ്
അതിവേഗം പടർന്നു പിടിക്കുന്നതും പാപ്പിലോമ വൈറസ്സുകൾ ഉണ്ടാക്കുന്നതുമായ രോഗമാണ് അരിമ്പാറ. വളരെ ചെറിയ കുരുക്കൾ പോലെയോ കോളി ഫ്ലവർ പോലെ വളർച്ചയുള്ളതോ ആയ അരിമ്പാറകൾ കറവപ്പശുക്കളിലും കിടാരികളിലും കാണാം. കിടാരികളിലാണ് കൂടുതൽ കാണപ്പെടുന്നത്. അകിട്, മൂക്ക്, കാലുകൾ, ചുണ്ട്, കവിൾത്തടങ്ങൾ, കഴുത്ത്, ചെവി എന്നിവിടങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. അകിടിലും കാമ്പുകളിലും കാണപ്പെടുന്ന അരിമ്പാറകൾ സുഗമമായ കറവയെ തടസ്സപ്പെടുത്തുകയും, കറവക്കാരിലേക്കും കർഷകരിലേക്കും പകരുകയും ചെയ്യും. ഒരിക്കൽ അരിമ്പാറ ബാധിച്ച പശുക്കൾ 3 – 4 ആഴ്ചകൾക്കുള്ളിൽ രോഗപ്രതിരോധശേഷി വീണ്ടെടുക്കും. ശസ്ത്രക്രിയയിലൂടെ അരിമ്പാറകൾ നീക്കം ചെയ്യാമെങ്കിലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. വലിയ അരിമ്പാറയുടെ അടിഭാഗത്തായി ഒരു നൂല് ഉപയോഗിച്ച് ദൃഢമായി കെട്ടിയാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് വിട്ടു പോകും.
ഹോമിയോ മരുന്നുകളായ തൂജ ജെൽ ലേപനവും തുള്ളിമരുന്നും, ലിഥിയം ആൻ്റിമണി തിയോമലേറ്റ് കുത്തിവയ്പ്പും വളരെ ഫലപ്രദമാണ്. 3-4 ആഴ്ചകൾക്കുള്ളിൽ അരിമ്പാറകൾ പൂർണ്ണമായും അടർന്നു പോകുന്നതായി കാണാം. അരിമ്പാറയ്ക്കെതിരെ ഓട്ടോ വാക്സിനുകളും ഉപയോഗിക്കാറുണ്ട്. ഫോർമാൽഡിഹൈഡ്, ഗ്ലൂട്ടിറാൾഡിഹൈഡ് എന്നീ അണുനാശിനികൾ ഉപയോഗിച്ച് തൊഴുത്ത് അണുവിമുക്തമാക്കണം. വൈറസുകൾ പ്രാണികളിലൂടെയും പകരുമെന്നതിനാൽ ബാഹ്യ പരാദനിയന്ത്രണം പ്രധാനമാണ്. കറവപ്പശുക്കളെയും കിടാരികളെയും ഒന്നിച്ചു കെട്ടുന്നത് ഫലപ്രദമായി കണ്ടുവരുന്നു. അരിമ്പാറയുള്ള പശുക്കളെ മാറ്റി പാർപ്പിക്കുകയോ തൊഴുത്തിൻ്റെ ഒരു ഭാഗത്തേക്കോ കെട്ടുക. അവയെ കുളിപ്പിക്കാൻ പ്രത്യേകം ബ്രഷ് ഉപയോഗിക്കുന്നതും , ഏറ്റവും അവസാനം കുളിപ്പിക്കുകയും പാൽ കറക്കുന്നതും രോഗ പകർച്ച തടയും.
അകിടിലെ ചർമ്മ രോഗങ്ങൾ
രാസവസ്തുക്കളുടെ അമിതമായ ഉപയോഗം, സൂര്യാഘാതം, ബാക്ടീരിയ തുടങ്ങിയവ മൂലം അകിടിലും ചർമ്മ രോഗങ്ങൾ ഉണ്ടാകാം. തൊഴുത്തു കഴുകാനും അകിടും കാമ്പുകളും വൃത്തിയാക്കാനുമായി വീര്യം കുറഞ്ഞ രാസവസ്തുക്കൾ കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുക.

അകിടിൽ ഫിസ്റ്റുല
കാമ്പിനു പുറത്ത് ഒരു ദ്വാരത്തിലൂടെ പാൽ പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കും. അത് ജൻമനായുള്ളതോ പിന്നീട് വന്നതോ ആവാം. ചില സന്ദർഭങ്ങളിൽ പഴുപ്പും പുറത്തേക്കു വരാറുണ്ട്. തീവ്രതയേറിയ സന്ദർഭങ്ങളിൽ ചികിൽസ ഫലപ്രദമാകാതെ വരുകയും ഉൽപ്പാദനം നിലയ്ക്കുകയും ചെയ്യും.
കാമ്പിലെ തടസ്സം (സ്പൈഡർ ടീറ്റ് )
നാരു പോലെയുള്ള ചില പദാർത്ഥങ്ങൾ പാൽക്കുഴലിനെ തടസ്സപ്പെടുന്നതാണ് ഇതിനു കാരണം. ജൻമനാ തന്നെ കാണപ്പെടുന്നതും അല്ലാത്തതുമായ ഇത്തരം തടസ്സങ്ങൾ പശുക്കളിലും എരുമകളിലും കാണാറുണ്ട്.
കാമ്പ് തടസ്സപ്പെടൽ
അകിടിൽ നിന്നും പാൽ കറന്നെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് ഇത്. ചിലപ്പോൾ വേദന അനുഭവപ്പെടാം. ഇത്തരം തടസ്സങ്ങൾ സ്ഥിരമോ താൽക്കാലികമോ ആകാം. അകിടു വീക്കം, കാമ്പുകളിൽ മുറിവുണ്ടാകുക, മുറിവുകളിൽ രക്തം കട്ടപിടിക്കുകയോ നീർ വീഴ്ചയുണ്ടാകുകയോ ചെയ്യുക, പാൽക്കുഴലുകൾ ചുരുങ്ങുക, ദശ വളർച്ച, ജനിതകമായ കാരണങ്ങൾ എന്നിവ മൂലം ഇത്തരം തടസ്സങ്ങളുണ്ടാകാം. അടിസ്ഥാന കാരണമെന്തെന്ന് മനസ്സിലാക്കി ചികിൽസ നിശ്ചയിക്കേണ്ടി വരുന്നതിനാൽ സ്വയം ചികിൽസ ഒഴിവാക്കണം. നീരു കുറയുന്നതിനായി ലേപനങ്ങൾ പുരട്ടുക, ഉപകരണങ്ങളുടെ സഹായത്തോടെ പാൽക്കുഴലുകൾ വികസിപ്പിക്കുക, ദശ വളർച്ച മുറിച്ചുമാറ്റുക, തുടങ്ങിയവയാണ് പരിഹാരമാർഗ്ഗങ്ങൾ.
ലീക്കിംഗ് കാമ്പുകൾ (ലീക്കിംഗ് റ്റീറ്റ്സ്)
കാമ്പുകളിലെ ചെറുപേശികൾക്ക് ബലക്ഷയം സംഭവിക്കുമ്പോഴാണ് അകിടിൽ നിന്നും പാൽ ചോർന്നു പോകുന്നത്. ഇത് അകിടു വീക്കത്തിലേക്കു നയിക്കുന്നു. പാലുൽപ്പാദനം കൂടിയ പശുക്കളിലാണ് ഇത് മുഖ്യമായും കണ്ടു വരുന്നത്. ജനിതക കാരണങ്ങളാണ് പ്രധാനമായും ചൂണ്ടി കാണിക്കപ്പെടുന്നത്. ആയതിനാൽ ആരോഗ്യമുള്ളതും, തുല്യമായ കാമ്പുകളുമുള്ള പശുക്കളെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
റോസ് മിൽക്ക്
കറവ സമയത്ത് കാമ്പുകളിൽ കൂടുതൽ മർദ്ധം പ്രയോഗിക്കുമ്പോൾ കാമ്പിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുമ്പോഴാണ് റോസ് നിറത്തിൽ പാൽ കാണപ്പെടുന്നത്. പാൽ വലിച്ചു കുടിക്കുമ്പോൾ കിടാങ്ങളുടെ പല്ലുകൊണ്ടുണ്ടാകുന്ന മുറിവുകളും ഇതിന് കാരണമാകാം. പാലുൽപ്പാദനം കൂടിയ പശുക്കളിലാണ് കൂടുതലായും കാണപ്പെടുന്നത്. രക്തത്തിൽ ഫോസ്ഫറസ് എന്ന ധാതുവിൻ്റെ അപര്യാപ്തത കൊണ്ടും, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ മൂലവും പാലിന് നിറവ്യത്യാസമുണ്ടാകാം. ഫലപ്രദമായ ചികിൽസ ലഭ്യമാണ്. കൂടാതെ, തൊട്ടാവാടി സമൂലം അരച്ച് ഓരോ ഉരുള വീതം രണ്ടു നേരം വായിൽ കൊടുക്കുന്നത് ഫലപ്രദമായി കാണുന്നു.

പ്രസവവുമായി ബന്ധപ്പെട്ട നീര്
പ്രസവത്തിനു മുമ്പോ പ്രസവാനന്തരമോ അകിടുകൾ നീരു വന്ന് വീർക്കുന്നത് സാധാരണമാണ്. സ്വാഭാവികമായി പ്രസവശേഷം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഇത് അപ്രത്യക്ഷമാകുന്നതിനാൽ പ്രത്യേക ചികിൽസ ആവശ്യമില്ല. അകിടിൽ നന്നായി തണുത്ത വെള്ളം ഒഴിച്ചു കൊടുക്കുകയോ ഐസ് കട്ടകൾ വയ്ക്കുകയോ ചെയ്താൽ മതി. എന്നാൽ, പ്രസവത്തിനു മുമ്പ് അകിടിൽ അമിതമായ നീരുണ്ടാവുകയും കാമ്പുകളിൽ നിന്ന് പാൽ ഒലിച്ചുപോകുകയും ചെയ്യുന്നുവെങ്കിൽ പാൽ കറന്നു നീക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അകിടു വീക്കമുണ്ടാകാനും പാലുൽപ്പാദനം ഗണ്യമായി കുറയാനും സാധ്യതയുണ്ട്.
എന്നാൽ പ്രസവശേഷം കിടാവിനുള്ള കന്നിപ്പാൽ മറ്റൊരു പശുവിൽ നിന്നു നൽകേണ്ടി വരും. അകിടിൽ നീരിനോടൊപ്പം ചൂടും വേദനയും അനുഭവപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കല്ലിപ്പായി മാറുകയും പാലുൽപ്പാദനം കുറയ്ക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ വിദഗ്ധോപദേശം തേടുന്നതാണ് ഉചിതം.
കോവൽ ഇലയും കറ്റാർവാഴയും പച്ചമഞ്ഞളും ഉപ്പും ചേർത്ത് അരച്ച് അകിടിൽ പുരട്ടുന്നതും നീരു കുറയാൻ സഹായിക്കും.
അകിട് റോട്ട് കണ്ടീഷൻ (udder cleft dermatitis)
അകിടിൽ നീര് കൂടുതലായി കാണപ്പെടുമ്പോൾ അകിട് തുടയിൽ ഉരുസുന്ന ഭാഗത്ത് ഉണ്ടാകുന്ന ചർമ്മ രോഗമാണ് ഇത്. അസ്സഹനീയമായ ദുർഗന്ധമാണ് പ്രധാന ലക്ഷണം. പലവിധ ചികിൽസകൾ ചെയ്യാമെങ്കിലും ശാശ്വതമായ പരിഹാരമാർഗ്ഗങ്ങളില്ല. വലിയ ഫാമുകളിൽ ഇത്തരം പശുക്കളെ വിറ്റൊഴിക്കുകയാണ് പതിവ്.
അകിടു രോഗങ്ങൾ തടയുന്നതിനായി തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിൽ അനുവർത്തിക്കുന്ന മാർഗ്ഗങ്ങൾ
- വൃത്തിയോടെയുള്ള കറവയും കറവ യന്ത്രം വൃത്തിയാക്കലും കറവയ്ക്കുശേഷം, കറവ യന്ത്രം ആദ്യം ശുദ്ധജലത്തിൽ കഴുകി, പിന്നീട് സോപ്പു ലായനിയിൽ മുക്കി ബ്രഷ് ഉപയോഗിച്ച്, ഉരച്ച് കഴുകുന്നു. വീണ്ടും ശുദ്ധ ജലത്തിൽ കഴുകി സോപ്പിന്റെ അംശം പൂർണ്ണമായും നീക്കം ചെയ്തിനു ശേഷം, ബക്കറ്റിൽ നിറച്ചു വച്ചിരിക്കുന്ന ചൂടുവെള്ളത്തിൽ കറവയന്ത്രം മുക്കിവയ്ക്കുന്നു. തുടർന്ന് , പമ്പ് പ്രവർത്തിപ്പിച്ചു കൊണ്ട് ചൂടുവെള്ളം യന്ത്രത്തിന്റെ ഉൾഭാഗങ്ങളിലൂടെ കടത്തിവിടുന്നതോടെ ശുചീകരണ പ്രക്രിയ അവസാനിക്കുന്നു. പിന്നീട് ഉണങ്ങുന്നതിനായി കറവ യന്ത്രം സൂക്ഷിക്കുന്ന മുറിയിൽ തന്നെ സൂക്ഷിക്കണം.
- കറവ തുടങ്ങുന്നതിന് മുമ്പ് തൊഴുത്തിൽ നിന്നു ചാണകം പൂർണ്ണമായും നീക്കി, പശുക്കളെ ശുദ്ധജലമുപയോഗിച്ച് കഴുകി വൃത്തിയാക്കുന്നു. പൊടികളും അഴുക്കുകളും പാലിൽ വീഴാൻ സാധ്യതയുള്ളതിനാൽ ശരീരം ഉരച്ചു കഴുകുന്ന ബ്രഷിന്റെ ഉപയോഗം പൂർണ്ണമായി കറവ സമയത്ത് ഒഴിവാക്കാം.
- കറവ തുടങ്ങുന്നതിന് മുമ്പ് കറവക്കാർ കൈകൾ സോപ്പ് ലായനിയിലും പിന്നീട് 2% വീര്യമുള്ള പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിലും കഴുകി വൃത്തിയാക്കുന്നു.
- കറവയ്ക്ക് മുമ്പ് അകിട് പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിൽ കഴുകിയതിനു ശേഷം ഓരോ കാമ്പും രണ്ടോ മൂന്നോ തവണ വലിച്ച്, പാൽ കറന്നുകളഞ്ഞതിനു ശേഷം പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിൽ മുക്കിയ കറവയന്ത്രം ഘടിപ്പിക്കുന്നു. ഏകദേശം 8 – 10 മിനിറ്റുവരെ നീളുന്ന കറവയ്ക്കു ശേഷം അകിടിൽ ബാക്കി ശേഷിക്കുന്ന പാൽ കൈയ്യുപയോഗിച്ച് പൂർണ്ണമായും കറന്നെടുക്കുന്നു.
- ഓരോ കാമ്പും പോവിഡോൺ അയൊഡിൻ ലായനിയിൽ മുക്കുന്നു.
- കറവയ്ക്കിടയിൽ പശു ചാണകമിടുന്ന പക്ഷം ഷൗവൽ ഉപയോഗിച്ച് ശേഖരിക്കും. ചാണകവും മൂത്രവും തറയിൽ വീണ് ചിതറിത്തെറിച്ചു പാൽ മലിനപ്പെടാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.
- കറവയ്ക്ക് മുൻപുള്ള ശുചീകരണം കൂടാതെ ഇടവേളകളിലും ചാണകം മാറ്റി പശുവിന്റെ പിൻഭാഗത്തു നിന്നും നീക്കം ചെയ്യുന്നു, ഒരു കാരണവശാലും പശുക്കൾ ചാണകത്തിൽ കിടക്കാൻ അനുവദിക്കാറില്ല.
- അധികമുള്ള കാമ്പുകൾ നീക്കം ചെയ്യുക. ചില പശുക്കൾക്ക് നാലിൽ കൂടുതൽ കാമ്പുകൾ കാണാപ്പെടാറുണ്ട്. ഇപ്രകാരം കാണപ്പെടുന്ന ചെറു കാമ്പുകൾ പശുക്കൾക്ക് അഭംഗിയാകുന്നതു കൂടാതെ, യന്ത്രക്കറവയെ തടസ്സപ്പെടുത്തുകയും അകിടുവീക്കമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കിടാവ് ജനിച്ച് 1-2 മാസങ്ങൾക്കുള്ളിൽ അധികമുള്ള കാമ്പുകൾ മുറിച്ചു മാറ്റുകയാണ് പ്രതിവിധി.
- തൊഴുത്ത് ശുചീകരണം – തൊഴുത്ത് ശുചീകരണത്തിന് ഫീനോൾ, കുമ്മായം ,സോഡാക്കാരം എന്നിവ ഉപയോഗിക്കുന്നു. ആഴ്ചയിലൊരിക്കൽ തൊഴുത്തിന്റെ മേൽ ഭാഗവും ഭിത്തികളുമെല്ലാം തുടച്ചു വൃത്തിയാക്കുന്നു.
- കറവയ്ക്ക് അരമണിക്കൂർ മുമ്പ് മാത്രം തീറ്റ നൽകുന്നതു കൊണ്ട് കറവ സമയത്ത് അനാവശ്യ പൊടിയും മറ്റു മാലിന്യങ്ങളും പാലിൽ കലരുന്നത് തടയുന്നു.
- അകിടിൻ്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം പശുക്കളുടെ കറവ വറ്റിക്കൽ പ്രക്രിയയാണ്. ശാസ്ത്രീയവും കൃത്യതയുമാർന്ന കറവ വറ്റിക്കൽ രീതി അകിടുരോഗങ്ങൾ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. പശുക്കളെ പ്രസവാനന്തരം മൂന്നാം മാസത്തിൽ കൃത്രിമ ബീജാധാനത്തിനു വിധേയമാക്കുന്നു. ചെനയുടെ ആറാം മാസം മുതൽ കറവ വറ്റിക്കുന്നതിനായി കാലിത്തീറ്റ അൽപാൽപ്പം കുറച്ചു നൽകുന്നു. ഏഴാം മാസത്തിൽ, മൂന്നുദിവസത്തിൽ ഒരിക്കൽ എന്ന രീതിയിൽ കറവയുടെ ഇടവേള വർധിപ്പിക്കുന്നു. വീണ്ടും ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ ഇടവേള നീട്ടി കറവ പൂർണ്ണമായും നിർത്തുന്നു. ഓരോ കറവയ്ക്കു ശേഷവും കാമ്പ് പോവിഡോൺ അയൊഡിൻ ലായനിയിൽ നിർബന്ധമായും മുക്കുന്നു. കറവ വറ്റിയെന്ന് ഉറപ്പാക്കിയാൽ ഓരോ കാമ്പും സ്പിരിറ്റ് ഉപയോഗിച്ച് തുടച്ചതിനു ശേഷം, ആന്റിബയോട്ടിക് മരുന്നുകളടങ്ങിയ ഓയിന്റ്മെൻറ് 2.5 ഗ്രാം വീതം ഓരോ കാമ്പിലും കയറ്റുന്നു. വീണ്ടും ഓയിന്റ്മെന്റ് കാമ്പിന്റെ ഉൾഭാഗത്ത് എല്ലായിടത്തും എത്തുന്ന രീതിയിൽ തള്ളവിരൽ കൊണ്ട് തടവുന്നു.
- മൂന്നോ നാലോ മാസങ്ങൾ കൂടുമ്പോൾ കറവയിലുള്ള എല്ലാ പശുക്കളുടെയും പാൽ പരിശോധിക്കുകയും സബ് ക്ലിനിക്കൽ അകിടു വീക്കമുള്ളവയെ കണ്ടെത്തി ചികിത്സിക്കുകയും ചെയ്യാറുണ്ട്. അകിടിന് നീരോ, കുരുക്കളോ ഉള്ളവയുടെ പാൽ അവസാനമാണ് കറക്കുന്നത്.
- അകിടുരോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന കോപ്പർ, കൊബാൾട്ട്, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുലവണങ്ങൾ അടങ്ങിയ മിശ്രിതം 30 ഗ്രാം വീതം ദിവസേന പശുക്കൾക്ക് നൽകുന്നുമുണ്ട്.