പൂച്ച അടുത്തുണ്ടായാലും മൈൻഡ് ചെയ്യാതെ ഉലാത്തുന്ന എലിയെക്കണ്ടാൽ അഹങ്കാരിയും ധീരനും ആയി കരുതേണ്ട. അതിന്റെ ഉള്ളിൽ കയറിയ ഒരു പരാദം തലച്ചോറിൽ പ്രവർത്തിച്ച് നിയന്ത്രിച്ച് എട്ടിന്റെ പണി കൊടുത്തതാവും.
ഒരു പരാദ പ്രോട്ടോസോവയായ ടോക്സോപ്ലാസ്മ ഗോണ്ടി (Toxoplasma gondii) ആണ് ടോക്സോപ്ലാസ്മോസിസ് (Toxoplasmosis) എന്ന രോഗം ലോകം മുഴുവൻ ഉണ്ടാക്കുന്നത്. മാംസപേശികൾക്ക് വേദനയും പനിയും തലവേദനയും ഒക്കെയാണ് പൊതു ലക്ഷണങ്ങൾ. പൂച്ചകാഷ്ടത്തിലൂടെയാണ് മനുഷ്യർക്ക് രോഗം പിടിപെടുന്നത്.
മനുഷ്യരടക്കം ഉഷ്ണരക്തമുള്ള എല്ലാ മൃഗങ്ങളിലും ഇവ പരാദമായി വളരാമെങ്കിലും അവയുടെ ഏറ്റവും അവസാന ലക്ഷ്യ ആതിഥേയർ പൂച്ചകളാണ്. അവയിൽ മാത്രമേ ഈ പ്രോട്ടോസോവയുടെ പ്രജനനം സാദ്ധ്യമാകുകയുള്ളു. അതിനാൽ യാദൃശ്ചികമായി എലികളിലും അണ്ണാന്മാരിലും ഒക്കെ എത്തിയാൽ അവയുടെ തലച്ചോറിൽ പ്രവർത്തിച്ച് പൂച്ച മൂത്രത്തോടുള്ള അറപ്പും ഭയവും, അകൽച്ചയും ഒക്കെ കുറക്കും. എലികളിൽ ഇത് വളരെ പ്രകടമായി കാണാം.
എലികളുടെ സ്വാഭാവിക സ്വഭാവ സവിശേഷതകളെ മാറ്റും. പൂച്ചയുടെ സാന്നിദ്ധ്യം ഉള്ള ഇടങ്ങളിലും ഭയമില്ലാതെ ഉലാത്തും. പേടിച്ചോടാതെ അടുത്തുപോകും. ഇതുവഴി എലി പൂച്ചയുടെ ഉള്ളിലെത്താൻ അവസരം കൂടുമല്ലോ. പരാദജീവിയായ ടോക്സോപ്ലാസ്മ ഗോണ്ടിയുടെ പ്ലാൻ വിജയിക്കുന്നു. പൂച്ചയിൽ പ്രവേശിക്കാൻ അവസരം ലഭിച്ചാൽ അവിടെ വെച്ച് അത് പെറ്റുപെരുകുകയും ചെയ്യും.
നരിയും പുലിയും , സിഹവും എല്ലാം പെടും. കഴുതപ്പുലി എന്നും വിളിക്കുന്ന ഹൈനകളേപ്പോലുള്ള ഇരകളിലും എത്തിയ ഗോണ്ടികൾ അവയുടെ തലച്ചോറീനെ ബാധിച്ച് ധൈര്യശാലികളായി, സിംഹത്തിന്റെയും മറ്റും മുന്നിൽ കൂസാതെ നിന്ന് – ഇരകളാവുന്ന റിപ്പോർട്ടുകളുണ്ട്. കെനിയയിലെ മസായി മാരയിൽ നടന്ന ഒരു പഠനത്തിൽ ഈ പരാദ സാന്നിദ്ധ്യമുള്ള ഒരു വയസിൽ കുറവ് പ്രായമുള്ള ഹൈനക്കുഞ്ഞുങ്ങൾ വലിയ തോതിൽ സിംഹങ്ങളാൽ കൊല്ലപ്പെടുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പാവം പിള്ളേർ ഒരു പേടിയും ഇല്ലാതെ സിംഹത്തിന്റെ മീശ രോമം പിരിക്കാൻ പോവുന്നുണ്ടാവും. ഗോണ്ടിയുടെ ഓരോ കളികൾ!