
1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ തൊണ്ണൂറു വയസ്സുള്ള തെത്സുകോയുടെ ബാല്യകാലത്തെ സവിശേഷമായ സ്കൂൾ ഓർമക്കുറിപ്പുകളാണ് ‘തോത്തോ-ചാൻ; ജനാലയ്ക്കരികിലെ പെൺകുട്ടി.’ (Totto-Chan the Little Girl at the Window) ലോകത്തെ ഇരുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ പുസ്തകം ജപ്പാനിൽ എൺപത് ലക്ഷം കോപ്പികൾ വിറ്റു. ലോകമാകെയെടുത്താൽ രണ്ടരക്കോടി കോപ്പികളും. തോത്തോ-ചാൻറെ അസാധാരണമായ പ്രസാധനത്തെക്കുറിച്ച് The Totto Chan Syndrome എന്ന പേരിൽ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു.

യുക്രൈനിലെ കുട്ടികളെ ഓർത്ത് തോത്തോ വീണ്ടും യുദ്ധത്തെക്കുറിച്ച് എഴുതുന്നു
യുക്രൈനിലെ കുട്ടികളെക്കുറിച്ചുള്ള വിചാരമാണ് തന്നെക്കൊണ്ട് വീണ്ടും പേനയെടുപ്പിച്ചതെന്ന് അവർ കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. “യുക്രെയ്നിലെ കുട്ടികളെ കുറിച്ച് ആലോചിച്ചപ്പോൾ, യുദ്ധകാലത്ത് ഒരു കുട്ടി എന്ന നിലയിലുള്ള എൻറെ അനുഭവങ്ങൾ എനിക്ക് ഓർമ്മ വന്നു. അത്എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ എഴുതണമെന്ന് ഞാൻ കരുതി,” കുറോയാനഗി പറഞ്ഞു. “യുദ്ധത്തിൽ കുട്ടികൾ നേരിടുന്ന പ്രധാനപ്രശ്നം സ്വാതന്ത്ര്യമാണ്. അവർക്ക് ഇഷ്ടമുള്ളതൊന്നും ചെയ്യാനാവില്ല. അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കുക എളുപ്പമുള്ള കാര്യമല്ല, പക്ഷേ എനിക്കാവുന്നത് ചെയ്തു എന്നാണ് ഞാൻ കരുതുന്നത്.” കുറോയാനഗി കൂട്ടിച്ചേർത്തു.
1945ൽ ടോക്കിയോയിൽ അമേരിക്ക നടത്തിയ വിനാശകരമായ ബോംബാക്രമണത്തെ തുടർന്ന് അമോറിയുടെ നഗരപ്രാന്തത്തിലേക്ക് പലായനം ചെയ്ത കുറോയാനഗിയുടെ ജീവിതത്തിലേക്കാണ് ഈ രണ്ടാം ഭാഗം ഊന്നുന്നത്. സംഗീതവിദ്യാലയത്തിലെ പഠനവും പില്ക്കാലത്ത് നിപ്പോൺ ഹോസോ ക്യോകൈ എന്ന ടെലിവിഷൻ/റേഡിയോ സ്റ്റേഷനിലെ നടി എന്ന നിലയിലുള്ള ജീവിതവും ന്യൂയോർക്കിലെ പഠനവും ഒക്കെയാണ് തോത്തോ-ചാൻ എന്നു തന്നെ പേരിട്ട ഈ രണ്ടാം ഭാഗത്തിൽ.
42 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എഴുതിയത് സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള നല്ല അവസരമായെന്നും കുറോയാനഗി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “രണ്ടാം ഭാഗം എഴുതുമ്പോൾ, വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ മാറിയിട്ടില്ലെന്ന് കണ്ട് എനിക്ക് അത്ഭുതമായി,” അവർ പറഞ്ഞു. “പുതിയ പുസ്തകം രസകരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ഇന്നത്തെ കുട്ടികളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി കുറോയാനഗി പറഞ്ഞു, “അവർ പുസ്തകങ്ങളെ സ്നേഹിക്കാൻ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”
“കുട്ടിക്കാലത്ത് ഞാൻ ധാരാളം പുസ്തകങ്ങൾ വായിച്ചു, കാരണം അവ എന്റെ ഒരേയൊരു വിനോദമായിരുന്നു. ഞാൻ ഇപ്പോഴും ഉറങ്ങുന്നതിനുമുമ്പ് പുസ്തകം വായിക്കുകയും അവയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നു. ‘തോത്തോ-ചാൻ’ വായിക്കുന്നതിലൂടെ കുട്ടികൾ വായന രസകരമാണെന്ന് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അവർ പറഞ്ഞു.

തോത്തോ ചാൻ ചൈനയിലാണ് കൂടുതൽ വിറ്റഴിക്കപ്പെട്ടത്.
ജപ്പാനിൽ പ്രസിദ്ധീകരിച്ച, ജാപ്പാനീസ് ഭാഷയിലെ കൃതിയെങ്കിലും ഈ പുസ്തകം കൂടുതൽ വിറ്റഴിക്കപ്പെട്ടത് ചൈനയിലാണ്. ആകെ വിറ്റ രണ്ടരക്കോടിയിൽ ഏതാണ്ട് ഒന്നേമുക്കാൽ കോടി കോപ്പിയും മാൻഡാരിൻ ഭാഷയിലുള്ള ചൈനീസ് വിവർത്തനമാണ്. (168 ലക്ഷം കോപ്പികൾ) ചൈനയിൽ “ടോട്ട-ചാൻ” വൻ ഹിറ്റാണ്. രണ്ട് പതിറ്റാണ്ടായി ഈ വിവർത്തനം പ്രസിദ്ധീകരിക്കുന്ന ചൈനീസ് കമ്പനി പറയുന്നത് പുസ്തകത്തിന്റെ സന്ദേശം വളരെ ജനപ്രിയമാണെന്നാണ്.
“ചൈനീസ് വായനക്കാർ – ലോകമെമ്പാടുമുള്ള മറ്റു പലരെയും പോലെ – ഈ പുസ്തകത്തിൽ കാണിച്ചിരിക്കുന്നതുപോലെ, ഓരോ കുട്ടിയുടെയും വ്യക്തിത്വത്തെക്കുറിച്ചും ശ്രദ്ധിക്കുന്ന അധ്യാപകരിലേക്ക് ആകർഷിക്കപ്പെടുന്നു,” ചൈനീസ് പ്രസാധകർ പറഞ്ഞു. “’നിങ്ങൾ നിങ്ങളാകൂ!’, ‘നിങ്ങളുടെ ജീവിതം ആസ്വദിക്കാൻ കഴിയുന്നിടത്തോളം കാലം നിങ്ങൾ മികച്ചവരാകേണ്ട ആവശ്യമില്ല.” എന്നതാണ് പുസ്തകത്തിൻറെ സന്ദേശം എന്നാണ് ചൈനക്കാർ കരുതുന്നത്.
ചൈനയിലെ നിരവധി സ്കൂൾ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ച തോത്തോ-ചാന്റെ രണ്ടാം ഭാഗം ജൂണിൽ പ്രസിദ്ധീകരിക്കുമെന്നും ചൈനീസ് പ്രസാധകർ അറിയിച്ചു. “ആദ്യഭാഗം വായിച്ച കുട്ടികൾ വളർന്നു. പെൺകുട്ടിക്ക് അടുത്തതായി എന്ത് സംഭവിച്ചുവെന്ന് അറിയാൻ അവർക്ക് താൽപ്പര്യമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” ചൈനീസ് പ്രസാധകൻ വിചാരിക്കുന്നു.

ഇന്ത്യൻ വിവർത്തനങ്ങൾ
ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ ഇരുപത്തഞ്ച് പതിപ്പുകൾ പുറത്തിറക്കി. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആണ് ആദ്യമായി മലയാളവിവർത്തനം പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ഭാഷകളിൽ മലയാളത്തിലാണ് ഈ പുസ്തകം ഏറ്റവും കൂടുതൽ വില്ക്കപ്പെടുന്നത്. മലയാളവിവർത്തനം ഏകദേശം രണ്ടുലക്ഷത്തോളം കോപ്പികൾ വിറ്റിട്ടുണ്ട്.
ഇംഗ്ലീഷ് പതിപ്പിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പകർപ്പവകാശം ലഭിച്ചിരുന്നില്ല. അമേരിക്കൻ പതിപ്പിന് താങ്ങാനാവാത്ത വിലയും. ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കാനും തോത്തോ-ചാന്റെ പ്രസാധകരായ കൊടാൻഷയുമായി എൻബിടി കരാർ ഒപ്പിട്ടു. ഇന്ത്യൻ ഇംഗ്ലീഷ് പതിപ്പ് ഉടനെ പുറത്തിറങ്ങും.
തോത്തോ-ചാൻറെ പുതിയ പുസ്തകവും താമസിയാതെ നമ്മുടെ കൈകളിൽ എത്തും എന്ന് ആശിക്കുന്നു.

തെത്സുകോയുടെ ചുരുക്കപ്പേരായ തോത്തോയിൽ നിന്നാണ് തോത്തോ -ചാൻ എന്ന പേര് വരുന്നത്. മലയാളത്തിൽ അത് ടോട്ടോച്ചാൻ എന്ന് തെറ്റായി എഴുതി സ്ഥാപിക്കപ്പെട്ടു പോയി. തോത്തോ-ചാൻ എന്ന പേര് തന്നെ ഉപയോഗിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഉള്ളിൽ ഉണ്ടായിരുന്ന അത്തരം ഉച്ചാരണത്തെറ്റുകൾ തക്കാക്കോ മുള്ളൂർ എന്ന ജപ്പാൻകാരിയുടെ സഹായത്തോടെ ഞാൻ തിരുത്തിയിരുന്നു. ഒരു മലയാളിയെ വിവാഹം കഴിച്ച് എറണാകുളത്ത് വരാപ്പുഴയിൽ താമസിക്കുകയായിരുന്നു തക്കാക്കോ മുള്ളൂർ. വിവർത്തനത്തിലെ മറ്റു പരിമിതികളും പരിഹരിച്ച് പുതിയ മലയാളവിവർത്തനം താമസിയാതെ പുറത്തിറങ്ങും.
മലയാള വിവത്തനം ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു……..