Home » ശാസ്ത്രം » ശാസ്ത്ര ചിന്തകൾ » ടൂത്ത്‌പേസ്റ്റിലും നക്ഷത്രസാന്നിദ്ധ്യം

ടൂത്ത്‌പേസ്റ്റിലും നക്ഷത്രസാന്നിദ്ധ്യം

ചുവപ്പു ഭീമന്‍ നക്ഷത്രത്തിന്റെ ഭാവനാ ചിത്രം, നാസ സൃഷ്ടിച്ച ചിത്രം വിക്കമീഡിയ കോമണ്‍സില്‍ നിന്നും പകര്‍ത്തിയത്

രാവിലെ പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്നവര്‍ ആരെങ്കിലും ഓർക്കാറുണ്ടോ നക്ഷത്രങ്ങളെ പറ്റി? ഇല്ലെങ്കിൽ ഇനിമുതൽ നക്ഷത്രസ്മൃതിയോടെ പല്ലുതേച്ചു തുടങ്ങുക. നാം ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിലെ ഫ്ലൂറൈഡ് ഘടകം പണ്ടെങ്ങോ മരിച്ചുപോയ ഏതോ ഒരു നക്ഷത്രത്തിന്റെ അവശിഷ്ടമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പിണ്ഡം കൂടിയ നക്ഷത്രങ്ങളിൽ നിന്നാണ് ഫ്ലൂറിൻ രൂപം കൊണ്ടതെന്ന് സ്വീഡനിലെ ലുണ്ട് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഈ നക്ഷത്രങ്ങളുടെ അവസാനഘട്ടമായ ചുവന്ന ഭീമൻ അവസ്ഥയിലാണത്രെ ഇവയിൽ ഫ്ലൂറിൻ രൂപപ്പെടുന്നത്. ഇങ്ങനെ നശിച്ചുപോയ ഏതോ ഒരു നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ടതാണ് നമ്മുടെ സൂര്യനും സൗരയൂഥവും എന്നതിനാലാണ് ഇവിടെയും നമുക്ക് ഫ്ലൂറിനും അതിന്റെ സംയുക്തങ്ങളും കിട്ടുന്നത്.

ഫ്ലൂറിന്‍ സംയുക്തങ്ങളടങ്ങിയ ധാതുക്കള്‍
ഫ്ലൂറിന്‍ സംയുക്തങ്ങളടങ്ങിയ ധാതുക്കള്‍

നക്ഷത്രങ്ങളിൽ നിന്നും പുറത്തുവരുന്ന പ്രകാശകിരണങ്ങളെ വിശകലനം ചെയ്ത്, അവയിൽ ഏതൊക്കെ മൂലകങ്ങൾ ഉണ്ട് എന്നു കണ്ടുപിടിക്കുന്നതിനുള്ള കഴിവ് ശാസ്ത്രലോകം വികസിപ്പിച്ചിട്ടുണ്ട്. ഒരു പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശകിരണം ഒരു പ്രത്യേക മൂലകത്തെ പ്രതിനിധീകരിക്കുന്നു. ലുണ്ട് സർവ്വകലാശാലയിലെ ഹെൻറിക് ജോൺസനും സംഘവും ഈ പഠനത്തിനായി ഹവായിയിലെ ദൂരദർശിനിയോടൊപ്പം ഇൻഫ്രാറെഡ് തരംഗങ്ങളെ വളരെ വിശദമായി പഠിക്കാനുതകുന്ന ഒരു പുതിയ ഉപകരണം കൂടി പ്രയോജനപ്പെടുത്തി.

പ്രപഞ്ചത്തിലെ മൂലകങ്ങളെല്ലാം തന്നെ നക്ഷത്രാന്തർഭാഗത്തെ ഉയർന്ന താപനിലയിലും മർദ്ദത്തിലും രൂപം കൊള്ളുന്നവയാണ്. ഫ്ലൂറിന്‍ എന്ന രാസസംയുക്തത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രധാനമായും മൂന്ന് സിദ്ധാന്തങ്ങളാണുണ്ടായിരുന്നത്. ചുവപ്പുഭീമൻ നക്ഷത്രങ്ങളിലാണ് ഫ്ലൂറിൻ രൂപം കൊള്ളുന്നതെന്ന അതിലൊന്നിനെ ശരിവെയ്കുന്നതാണ് പുതിയ കണ്ടെത്തൽ. രൂപം കൊണ്ടതിനു ശേഷം ഇത് നക്ഷത്രത്തിന്റെ പുറംഭാഗത്തേക്കു നീങ്ങുന്നു. നക്ഷത്രം അതിന്റെ പുറംപാളി പൊഴിച്ചുകളഞ്ഞ് പ്ലാനറ്ററി നെബുലയായി രൂപം കൊള്ളുമ്പോൾ അതിലേക്കും പിന്നീട് നക്ഷത്രാന്തരമാദ്ധ്യമത്തിലേക്കും ഫ്ലൂറിൻ പരക്കുന്നു. അതിന്റെ പൊട്ടിത്തെറിയിലൂടെ ഒരു നക്ഷത്രമോ ഗ്രഹയൂഥമോ രൂപം കൊള്ളുമ്പോൾ അവയിലും ഫ്ലൂറിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നു.

About the author

തയ്യാറാക്കിയത്: ഷാജി അരിക്കാട്
[email protected]

സ്രോതസ്സ്: ലുണ്ട് സർവ്വകലാശാല വെബ്സൈറ്റ്

 

Check Also

Deep Web

ഡീപ്പ് വെബ് – ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടനാഴികളിലൂടെ

ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ പ്രധാന ഭാഗം ആയ ഡീപ് വെബ് സന്ദര്ശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാൽ ഉള്ള പ്രശ്നങ്ങൾ

Leave a Reply

%d bloggers like this: