രാവിലെ പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുന്നവര്‍ ആരെങ്കിലും ഓർക്കാറുണ്ടോ നക്ഷത്രങ്ങളെ പറ്റി? ഇല്ലെങ്കിൽ ഇനിമുതൽ നക്ഷത്രസ്മൃതിയോടെ പല്ലുതേച്ചു തുടങ്ങുക. നാം ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിലെ ഫ്ലൂറൈഡ് ഘടകം പണ്ടെങ്ങോ മരിച്ചുപോയ ഏതോ ഒരു നക്ഷത്രത്തിന്റെ അവശിഷ്ടമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.


നക്ഷത്രങ്ങളിൽ നിന്നും പുറത്തുവരുന്ന പ്രകാശകിരണങ്ങളെ വിശകലനം ചെയ്ത്, അവയിൽ ഏതൊക്കെ മൂലകങ്ങൾ ഉണ്ട് എന്നു കണ്ടുപിടിക്കുന്നതിനുള്ള കഴിവ് ശാസ്ത്രലോകം വികസിപ്പിച്ചിട്ടുണ്ട്. ഒരു പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശകിരണം ഒരു പ്രത്യേക മൂലകത്തെ പ്രതിനിധീകരിക്കുന്നു. ലുണ്ട് സർവ്വകലാശാലയിലെ ഹെൻറിക് ജോൺസനും സംഘവും ഈ പഠനത്തിനായി ഹവായിയിലെ ദൂരദർശിനിയോടൊപ്പം ഇൻഫ്രാറെഡ് തരംഗങ്ങളെ വളരെ വിശദമായി പഠിക്കാനുതകുന്ന ഒരു പുതിയ ഉപകരണം കൂടി പ്രയോജനപ്പെടുത്തി.
പ്രപഞ്ചത്തിലെ മൂലകങ്ങളെല്ലാം തന്നെ നക്ഷത്രാന്തർഭാഗത്തെ ഉയർന്ന താപനിലയിലും മർദ്ദത്തിലും രൂപം കൊള്ളുന്നവയാണ്. ഫ്ലൂറിന്‍ എന്ന രാസസംയുക്തത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രധാനമായും മൂന്ന് സിദ്ധാന്തങ്ങളാണുണ്ടായിരുന്നത്. ചുവപ്പുഭീമൻ നക്ഷത്രങ്ങളിലാണ് ഫ്ലൂറിൻ രൂപം കൊള്ളുന്നതെന്ന അതിലൊന്നിനെ ശരിവെയ്കുന്നതാണ് പുതിയ കണ്ടെത്തൽ. രൂപം കൊണ്ടതിനു ശേഷം ഇത് നക്ഷത്രത്തിന്റെ പുറംഭാഗത്തേക്കു നീങ്ങുന്നു. നക്ഷത്രം അതിന്റെ പുറംപാളി പൊഴിച്ചുകളഞ്ഞ് പ്ലാനറ്ററി നെബുലയായി രൂപം കൊള്ളുമ്പോൾ അതിലേക്കും പിന്നീട് നക്ഷത്രാന്തരമാദ്ധ്യമത്തിലേക്കും ഫ്ലൂറിൻ പരക്കുന്നു. അതിന്റെ പൊട്ടിത്തെറിയിലൂടെ ഒരു നക്ഷത്രമോ ഗ്രഹയൂഥമോ രൂപം കൊള്ളുമ്പോൾ അവയിലും ഫ്ലൂറിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നു.
അധികവായനക്ക്