ലബോറട്ടറിയിലെന്താ ക്ലോസറ്റിനു കാര്യം ?
ഈ ശാസ്ത്രജ്ഞരുടെ ഒരു കാര്യം! പച്ച ലേസറൊക്കെ അടിച്ച് ഇവരീ കക്കൂസിൽ എന്ത് പരീക്ഷണം ചെയ്യുകയാ?
ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber
ഒരു ലാബ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ടെസ്റ്റ് ട്യൂബും ബ്യൂറെറ്റും ഒക്കെയുള്ള ഒരു രസതന്ത്ര പരീക്ഷണശാലയാണ്, അല്ലേ? ഭൗതികശാസ്ത്ര ലാബാണെങ്കിൽ കുറച്ച് ലെൻസുകളും ചില ഇലക്ട്രിക് സർക്യൂട്ടുകളുമൊക്കെ ഓർമ വരുന്നുണ്ടാകാം. ഇതൊക്കെ മനസ്സിൽ വച്ച് ഒരു ഭൗതികശാസ്ത്ര ലാബിൽ കടക്കുമ്പോൾ അവിടെ ലേസറൊക്കെ അടിച്ച് ഒരു കക്കൂസ് ഇരിക്കുന്നത് കണ്ടാലോ. ദാ ചിത്രം നോക്കൂ.
ഈ ശാസ്ത്രജ്ഞരുടെ ഒരു കാര്യം! പച്ച ലേസറൊക്കെ അടിച്ച് ഇവരീ കക്കൂസിൽ എന്ത് പരീക്ഷണം ചെയ്യുകയാ? ശാസ്ത്രജ്ഞർക്ക് കക്കൂസ് എന്നോ അടുക്കളയെന്നോ ഒന്നുമില്ല. പരീക്ഷണത്തിനൊരു കാരണം ഉണ്ടെങ്കിൽ അവർ എന്തിനെയും പരീക്ഷണ വസ്തുവാക്കും. ഈ വിഷയത്തിൽ ജപ്പാൻകാരാണു കേമന്മാർ. കക്കൂസ് ഏറ്റവും മുന്തിയതാക്കാൻ അവർ എന്തൊക്കെ ചെയ്യുമെന്നോ? കാര്യസാധ്യത്തിനു ശേഷം തനിയെ കഴുകാനുള്ള ഉപകരണങ്ങൾ തുടങ്ങി പുറത്തേക്ക് ഒച്ച കേൾക്കാതിരിക്കാനുള്ള സജ്ജീകരണങ്ങൾ, ചൂടുള്ള സീറ്റർ മുതൽ അണു നശീകരണംവരെ വലിയ രീതിയിൽ വ്യവസായിക പ്രാധാന്യത്തോടെ ഗവേഷണം നടത്തുന്ന രാജ്യമാണു ജപ്പാൻ. കക്കൂസുകളിലെ, പ്രത്യേകിച്ചും പൊതുകക്കൂസുകളിലെ, അണുനശീകരണം വികസിതരാജ്യങ്ങൾക്കുപോലും കീറാമുട്ടിയാണ്. ഇന്ത്യയിലെ കാര്യം നമുക്കെല്ലാം അറിയാം. പുറത്ത് പോയാൽ കഴിയുന്നതും പൊതുകക്കൂസുകൾ ഒഴിവാക്കാനാണു നമ്മൾ ശ്രമിക്കാറ്. വൃത്തികേട് തന്നെ വില്ലൻ. ഒരു രാജ്യത്തിന്റെ പുരോഗതി കണക്കാക്കുന്നതും അവിടെ എത്ര കക്കൂസുണ്ട്, അത് ഏതുതരമാണ് എന്നൊക്കെ നോക്കിയാണ്. കേരളം തന്നെ ഇന്ത്യയിൽ ക്ഷേമവികസന സൂചികകളിൽ ഒന്നാം സ്ഥാനത്ത് വരുന്നത് ഇവിടെ ഓരോ വീടിനും ഉള്ള സെപ്റ്റിക് ടാങ്ക് കക്കൂസുകളുടെ എണ്ണം കൂടി നോക്കിയാണ്.
എന്തുകൊണ്ടാണു സെപ്റ്റിക് ടാങ്ക് കക്കൂസുകൾ വികസന സൂചികയിൽ വരുന്നത്? അവ പഴയ തരം കക്കൂസുകളെ അപേക്ഷിച്ച് കുറച്ച് മാത്രം അണുക്കളെയേ പുറത്തുവിടുകയുള്ളൂ. അപ്പോഴും ധാരാളം അണുക്കൾ പുറത്ത് വരുന്നുണ്ട്. നമുക്കിവിടെ ഇന്ത്യൻ ക്ലോസെറ്റുകളും യൂറോപ്യൻ ക്ലോസെറ്റുകളും ഉണ്ട്. തുറന്നിരിക്കുന്നതിനാൽ ഇന്ത്യൻ ക്ലോസെറ്റിൽ നിന്നും കൂടുതൽ അണുക്കൾ പുറത്തുവരും. യൂറോപ്യൻ ക്ലോസെറ്റിനു ഒരു മൂടിയൊക്കെ കണ്ടിട്ടുണ്ടല്ലോ. ഒരു അലങ്കാരമായോ അല്ലെങ്കിൽ കക്കൂസ് ബ്ലോക്കാകുമ്പോൾ അടച്ച് വയ്ക്കാനോ ഒക്കെയാണു നമ്മളിപ്പോൾ അത് ഉപയോഗിക്കാറുള്ളത്. ശരിയ്ക്കും അതിന്റെ ഉപയോഗം എന്താണെന്നറിയാമോ? ആ മൂടികൊണ്ട് അടച്ചുവെച്ചു വേണം നമ്മൾ ഫ്ലഷ് ചെയ്യാൻ. അല്ലെങ്കിൽ അണുക്കൾ പുറത്തെ വായുവിലേക്ക് പ്രസരിക്കും. പക്ഷേ പൊതുകക്കൂസുകളിൽ ഇത്തരം മൂടികൾ ഒരു ബാധ്യതയാണ്. അവയെ വൃത്തിയാക്കാനും അണുനശീകരണം നടത്താനും ബുദ്ധിമുട്ടാണ്. അണുക്കൾക്ക് പറ്റിപ്പിടിക്കാൻ ഒരു പ്രതലം കൂടിയാണു ഈ മൂടികൾ എന്നതിനാൽ പൊതുവെ പൊതുകക്കൂസുകളിൽ ഈ മൂടി ഊരിവയ്ക്കുകയാണു പതിവ്.
ഇങ്ങനെ തുറന്ന കക്കൂസുകളിൽ ഫ്ലഷ് ചെയ്യുമ്പോൾ അണുക്കൾ പുറത്തുവരുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്ര ശക്തിയായി, എത്ര ഉയരത്തിൽ, എത്ര സമയത്തേക്ക് എന്നൊന്നും നമുക്കറിയില്ലായിരുന്നു. അത് കണ്ടുപിടിക്കാനുള്ള ഗവേഷണ ത്തിനാണ് ഈ കക്കൂസ് കൊളറാഡോ യൂണിവേഴ്സിറ്റിയുടെ ഫിസിക്സ് ലാബിൽ വന്നത്.
കോവിഡ് നമ്മെ പലതും പഠിപ്പിച്ചു. അതിൽ ഏറ്റവും പ്രധാനമായത് വായുവിലൂടെ എത്ര വേഗമാണ് ഈ അണുക്കൾ പരന്ന് രോഗം ഒരാളിൽ നിന്നും മറ്റൊരാളിൽ എത്തുന്നത് എന്നതായിരുന്നു. രണ്ട് വർഷത്തോളം ലോകം മുഴുവൻ വായുവിനെ മാസ്ക് വെച്ച് അരിച്ച് ശ്വസിച്ചാണ് കോവിഡിനെ വരുതിയിലാക്കിയത്. അപ്പോൾ കക്കൂസുകൾ പോലെ കൂടുതൽ അണുക്കൾ ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ എങ്ങനെയൊക്കെ അണുക്കൾ എത്രയൊക്കെ അളവിൽ കാണാം എന്ന അറിവ് പ്രധാനമാണ്. മുടിയില്ലാത്ത കക്കൂസിൽ ഫ്ലഷ് ചെയ്യുമ്പോൾ അണുക്കൾ എങ്ങനെ പരക്കുന്നു എന്ന ഗവേഷണമാണ് കോളറാഡോ ശാസ്ത്രജ്ഞർ നടത്തിയത് എന്ന് പറഞ്ഞല്ലോ. അതിനായി അവർ ഒരു പച്ച ലേസർ ഉപയോഗിച്ചു. ഫ്ലഷ് ചെയ്യുമ്പോൾ ക്ലോസെറ്റിനു ചുറ്റുമുള്ള വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മ കണികകളിലേക്ക് എയ്റൊസോളു (aerosol) കളിലേക്ക് ഈ ലേസർ ഉപയോഗിച്ച് വെളിച്ചം വീഴ്ത്തി. അതുവഴി, ഫ്ലഷ് ചെയ്യുമ്പോൾ പുറത്തേക്കു പ്രസരിക്കുന്ന, കണ്ണുകൊണ്ടു കാണാനാകാത്ത, ഈ എയ്റോസോളുകളുടെ ഫോട്ടോ ഒരു സാധാരണ ക്യാമറ വച്ച് എടുത്തു.
അവർ ശരിക്കും ഞെട്ടിപോയി ഒരു സാധാരണ ഫ്ലഷിൽ നിന്ന് 5 അടിക്കു മുകളിൽ വരെ ഈ അണുക്കൾ നിറഞ്ഞ എയ്റൊസോളുകൾ വരുന്നു. മനുഷ്യർ ശ്വാസവായുവിനെ സ്വീകരിക്കുന്ന പരിധിക്കുള്ളിലെ പ്രതല ഉയരമാണിത്. മാത്രമല്ല ഒരു മിനുട്ട് വരെ അവയിങ്ങനെ പ്രസരിച്ചു കൊണ്ടിരിക്കും. പൾസ് ലേസർ കെടുകയും കത്തുകയും ചെയ്യുന്ന ലൈറ്റ് പോലെ ഒരു നിശ്ചിത സമയത്തേക്ക് മാത്രം പുറത്തു വരുന്ന ലേസർ ഉപയോഗിച്ചതു കൊണ്ടാണ് ഈ കണക്കുകൾ കൃത്യമായി കണ്ടെത്താനായത്.
പൊതുകക്കൂസുകളുടെ അണു നശീകരണത്തെ ഗൗരവമായി സമീപിക്കാനും, ഒരുപക്ഷേ, ഓരോ ഉപയോഗത്തിനു ശേഷവും അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പൊതുകക്കൂസുകൾ അണുവിമുക്തമാക്കാനുള്ള തീരുമാനമെടുക്കാനും ഈ ഗവേഷണം വഴിവച്ചേക്കും. എന്നു മാത്രമല്ല, നമ്മുടെ അറിവുകൾ കൂടുന്ന തിനനുസരിച്ച് കക്കൂസ് ഡിസൈനുകളും മാറുന്നുണ്ട്. പുതിയകാലത്തെ കക്കൂസുകൾ എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കാനും ഈ ഗവേഷണം വഴിതെളിക്കുന്നു.
വീഡിയോ കാണാം
അധികവായനയ്ക്ക്
Crimaldi, J.P., True, A.C., Linden, K.G. et al. Commercial toilets emit energetic and rapidly spreading aerosol plumes. Sci Rep 12, 20493 (2022). https://doi.org/10.1038/s41598-022-24686-5- Click here