Read Time:20 Minute

ശാസ്ത്രഗതി 2023 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

ഇന്ത്യയുടെ സീസ്മിക് സോണേഷൻ മാപ്പ് പ്രകാരം ജോഷിമഠ് ഉൾപ്പെടുന്ന പ്രദേശം ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള സോൺ അഞ്ചിലാണ് സ്ഥിതിചെയ്യുന്നത്.
ഇപ്പോൾ നടക്കുന്ന ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം എത്രയോ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. ഭൂകമ്പവും ഉരുൾ പൊട്ടലും ആവർത്തിച്ചനുഭവിച്ചു.
ഈ ഹിമാലയത്തിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും പ്രദേശത്തിന്റെ ഭൗമ പരിസ്ഥിതി കണക്കിലെടുത്ത് ഒരു വികസനപ്രവർത്തനം – ആസൂത്രണം ചെയ്യേണ്ടതുമാണ്.

നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഉത്തരാഖണ്ഡിലെ ചമോളി ജില്ലയിലെ ജോഷിമഠ് പട്ടണത്തിൽ കണ്ടുവരുന്ന ദുരന്താനുഭവങ്ങൾ. ശരാശരി 1890 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തിരക്കേറിയ ജോഷിമഠ്, ഋഷികേശ്-ബദരീനാഥ് യാത്രയ്ക്ക് പോകുന്നവരുടെയും ട്രെക്കിങ്ങിനായി എത്തുന്നവരുടെയും ഇടത്താവളമാണ്. 2023 ജനുവരി ആദ്യ ആഴ്ചയിൽ 723 കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടപ്പോൾ മാത്രമാണ് പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ളു എന്നതാണ് നമ്മുടെ പിഴവ്. ഗർവാൾ ഹിമാലയത്തിലെ സ്വാഭാവികമായിത്തന്നെ ദുരന്തസാധ്യത വർധിച്ച ഈ പട്ടണത്തിൽ ഇരുപതിനായിരത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നു എന്നത് അപായ സാധ്യതയുടെ വ്യാപ്തി വർധിപ്പി ക്കുന്നു. ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. 2022 ഡിസംബർ 27 മുതൽ 2023 ജനുവരി 8 വരെയുള്ള 12 ദിവസങ്ങൾക്കുള്ളിൽ മാത്രം കൂടുതലായി 5.4 സെ.മീ. ഭൂമി ഇടിഞ്ഞുതാഴുന്നു എന്നാണ് ഐഎസ്ആർഒ കാർട്ടോസാറ്റ് 25 ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ഏപ്രിൽ മുതൽ നവംബർ 2022 വരെയുള്ള പത്തു മാസത്തിനുള്ളിൽ 8.9 സെ.മീ. ഇടിഞ്ഞു താഴ്ന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും നിരീക്ഷിച്ചിട്ടുണ്ട്. പട്ടണത്തിന്റെ തെക്ക്-കിഴക്ക് ഭാഗം ഇടിഞ്ഞു താഴുകയും തെക്ക്-പടിഞ്ഞാറ് ഭാഗം ഉയരുന്നതായും റൂർക്കി ഐഐടിയുടെ പഠനവും സൂചിപ്പിക്കുന്നു. ജോഷിമഠിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രതിഭാസം. മറിച്ച് മുഴുവൻ താഴ്വരയേയും ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2013 മുതലാണ് കെട്ടിടങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളിൽ നിന്നും അറിയുവാൻ കഴിയുന്നത്. ടൗണിനെ അപായമേഖല, ബഫർമേഖല, സുരക്ഷിതമേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി സംസ്ഥാനസർക്കാർ തിരിച്ചിട്ടുണ്ട്.

ഭൂപ്രകൃതി, ഭൂവിജ്ഞാനീയം

മലയുടെ മധ്യ ചരിവിലുള്ള (Middle Slope) പട്ടണത്തിനെ ചുറ്റി പടിഞ്ഞാറുഭാഗത്ത് കർമ്മനാശ, കിഴക്ക് ധാക് നള, തെക്ക് ധൗളി ഗംഗ, വടക്ക് അളകനന്ദ എന്നീ നദികൾ ഒഴുകുന്നു. പട്ടണപ്രദേശത്തെ മലഞ്ചരിവ് ശരാശരി 30 ഡിഗ്രിയാണ്. മലയിടിച്ചിലിനുള്ള സാധ്യത വളരെ കൂടിയ പ്രദേശമാണ്. ഇന്ത്യയുടെ സൈസ്മിക് സോണേഷൻ മാപ്പ് പ്രകാരം ഈ പ്രദേശം ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള സോൺ അഞ്ചിലാണ് സ്ഥിതിചെയ്യുന്നത്. റിക്ടർ സ്കെയിലിൽ തീവ്രത 5-ൽ താഴെയുള്ള ഭൂകമ്പങ്ങൾ ആവർത്തിച്ച് അനുഭവിച്ചിട്ടുള്ള മേഖലയാണിത്. വൈകൃത ഭ്രംശ മേഖല (Vaikritha Thrust) കടന്നുപോകുന്നത് യമുനോത്രി – ബദരീനാഥ് പ്രദേശങ്ങളിലൂടെയാണ്. ഭൗമശാസ്ത്രപരമായി ദുർബല മേഖലകളായ മെയിൻ സെൻട്രൽ ഭ്രംശ മേഖല (Main Central Thrust), പാണ്ടി കേശ്വര ഭ്രംശമേഖല (Pandikeswar Thrust) എന്നിവ പട്ടണത്തിന്റെ തൊട്ടടുത്തു തന്നെയാണ് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടനിരകളെ അപേക്ഷിച്ച് ഹിമാലയ പർവതം പ്രായം കുറഞ്ഞതും ദൃഢത കുറഞ്ഞ ശിലകളാൽ നിർമ്മിച്ചവയുമാണ്. ഏതാണ്ട് 40 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് മാത്രമാണ് ഇന്ന് നാം കാണുന്ന പർവതനിരകൾ ഉയർന്നുവന്നത്. ഇന്ത്യൻ ഫലകം വർഷം തോറും രണ്ട് സെ.മീ. വടക്ക്-കിഴക്ക് ദിശയിൽ സഞ്ചരിക്കുകയും യുറേഷ്യൻ ഫലകവുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് എന്നുമാണ് പഠനങ്ങൾ ചൂണ്ടിക്കാണിത്. ഈ സംഘർഷം ഇരുവശത്തുമുള്ള ഭൂഭാഗങ്ങളിൽ സമ്മർദം ചെലുത്തുന്നതിന്റെ ഫലമായി ഭൂഗർഭത്തിൽ ധാരാളം ഊർജം സംഭരിച്ചുവെയ്ക്കപ്പെടുന്നുണ്ട്. ഇടക്കിടയ്ക്ക് കുമിഞ്ഞുകൂടുന്ന മർദം മോചിപ്പിക്കുന്നത് ഭൂകമ്പത്തിലൂടെയാണ്. സജീവമായ ഈ പ്രതിഭാസം പർവതനിരകളിൽ അടിക്കടി ഭൂചലനങ്ങൾക്ക് കാരണമാവുകയും അനേകം വിള്ളലുകൾ സൃഷ്ടിച്ച് ദുർബലത വർധിപ്പിക്കുകയും ചെയ്യുന്നു.

വർഷങ്ങൾക്കുമുമ്പ് നടന്ന ഉരുൾ പൊട്ടലിൽ നിക്ഷേപിച്ച കൂറ്റൻ പാറകളും അവസാദങ്ങളും അടങ്ങിയ മലഞ്ചരിവാണ് ഇന്നത്തെ ടൗൺ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർമ്മാണങ്ങൾ എല്ലാംതന്നെ ഏതാനും മീറ്ററുകളോളം കനമുള്ള ക്ഷയിച്ച ശിലകളും മേൽമണ്ണും അടങ്ങിയ പാളിയിലാണ് (overburden) നിലയുറപ്പിച്ചിട്ടുള്ളത്.

പഠനങ്ങളും റിപ്പോർട്ടുകളും

1970-ലെ അളകനന്ദ മിന്നൽ പ്രളയത്തിനുശേഷം 1976-ൽ എം.സി മിശ്ര ചെയർമാനായ കമ്മീഷൻ പ്രദേശത്തിന്റെ പാരിസ്ഥിതിക ദുർബലതയെപ്പറ്റി പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുകയുണ്ടായി. അനേക വർഷങ്ങൾക്കുമുമ്പ് നടന്ന ഉരുൾ പൊട്ടലിൽ നിക്ഷേപിച്ച, കൂറ്റൻ പാറകളും അവസാദങ്ങളും അടങ്ങിയ ദുർബലമായ ഒരു മലഞ്ചരിവാണ് ഈ പ്രദേശമെന്നും ഉള്ള മരങ്ങൾ സംരക്ഷിച്ച് അപക്ഷയം സംഭവിച്ച വനമേഖലകളിൽ വനവൽക്കരണം നടത്തണമെന്നും നിർദേശിച്ചരുന്നു. ഇടിഞ്ഞുതാഴൽ പ്രതിഭാസം പ്രദേശത്ത് അന്നേ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. 1999-ലെ ചമോളി ഭൂകമ്പത്തെ തുടർന്നുണ്ടായ വിള്ളലുകളും പ്രദേശത്തെ കൂടുതൽ ദുർബലപ്പെടുത്തി.

2006-ൽ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയുടെ പഠനത്തിൽ അളകനന്ദയുടേയും ധൗളി ഗംഗയുടെയും ശക്തമായ ഒഴുക്കിന്റെ ഫലമായി മലയുടെ അടിവാരത്ത് അപക്ഷരണവും വിരൂപണവും സംഭവിച്ച് മലയുടെ അടിഭാഗം തകർന്നടിയാൻ (Toe Cutting) ഇടയാക്കുന്നതായി കണ്ടെത്തി. ധൗളി ഗംഗ വിഷ്ണു പ്രയാഗിൽ അളകനന്ദയുമായി ചേരുന്ന പ്രദേശത്ത് ജലത്തിന്റെ അളവും ഒഴുക്കും ക്രമാതീതമായി വർധിക്കുന്നതിനാൽ, അളകനന്ദയുടെ ഇടതുഭാഗത്തുള്ള മലഞ്ചരിവിനെ അസ്ഥിരമാക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. 2009-ൽ തുടങ്ങിയ തപോവൻ, വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിക്കായി നിർമ്മിക്കുന്ന തുരംഗം ടൗണിന്റെ അടി തുരന്നാണ് പോകുന്നതെന്നും ഭൂമി ഇടിഞ്ഞു താഴലിനെ ഇത് സഹായിക്കുന്നു എന്നും ഗാർവാൾ യൂണിവേഴ്സിറ്റി ജിയോളജി വിഭാഗം ചൂണ്ടിക്കാട്ടി.

തുരംഗങ്ങളുടെ നിർമ്മാണം ജല ഭൃതതങ്ങളിൽ (aquifers) വിള്ളൽ വീഴ്ത്തുകയും തുടർന്ന് ജല ചോർച്ച 700-800 ലിറ്റർ/ സെക്കന്റ് എന്ന തോതിൽ ഉണ്ടായതായി ശാസ്ത്രപഠനങ്ങൾ ഉയർത്തിക്കാട്ടുന്നു. അതായത് 70 മുതൽ 80 ദശലക്ഷം ലിറ്റർ വരെ വെള്ളം വൃഥാ ഒഴുകിപ്പോയി എന്നർഥം. ഇതിന്റെ ഫലമായി പ്രദേശത്തെ പല ഉറവകളും വറ്റിപ്പോകുമെന്നും കാലക്രമേണ പ്രദേശം താഴ്ന്നുപോകുമെന്നും 2010-ൽ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. നിർജലീകരണം മലഞ്ചരിവിലെ അവസാദങ്ങളുടെ ദൃഢത കുറയ്ക്കാൻ ഇടയാക്കി. ഭൂഗർഭജല ചൂഷണത്തിന്റെ ഫലമായി മണ്ണിലെ നിർജലീകരണം മൂലം മൃതഗതിയിൽ തന്നുകൊണ്ടിരിക്കുന്ന ഇൻഡോനേഷ്യയിലെ ജക്കാർത്തയുടെ പശ്ചാത്തലത്തിൽ ഇതിനെ വിലയിരുത്തേണ്ടതാണ്. നിർമ്മാണത്തിലെ ആസൂത്രണമില്ലായ്മ ഭാരമേറിയ നിർമ്മാണങ്ങൾ മല മുകളിൽ ഉയരുമ്പോൾ സ്വാഭാവികമായി മലയിടിച്ചിലിനെ അത് ത്വരിതപ്പെടുത്തുന്നു. 2013 ലാണ് കേദാർ നാഥിൽ മേഘസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായത്. 2014-ൽ സുപ്രീംകോടതി, പ്രദേശത്തെ ഭൗമ പാരിസ്ഥിതിക അവസ്ഥ പഠിച്ച്, വൻ ജലവൈദ്യുതി പദ്ധതികൾ പ്രദേശത്തിന് താങ്ങാൻ ശേഷിയുണ്ടോ എന്ന് പരിശോധിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. തുരംഗങ്ങൾ, വനനശീകരണം, കൂറ്റൻ നിർമ്മാണങ്ങൾ എന്നിവ ഇവിടെ അനുയോജ്യമല്ലെന്നും അതിന്റെ കാരണമായി ചൂണ്ടിക്കാണിച്ചത് ഈ പ്രദേശം മർദം കുമിഞ്ഞുകൂടുന്ന ദുർബല മേഖലയായ മെയിൻ സെൻട്രൽ ഭ്രംശമേഖലയിലാണ് സ്ഥിതിചെയ്യുന്നത് എന്നതാണ്. ബഹുനില കെട്ടിടങ്ങളുടെ ബാഹുല്യം ടൗണിന്റെ സംവഹനശേഷിയിൽ (carrying capacity) അധികമാണെന്ന് 2014-ൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ചൂണ്ടിക്കാണിച്ചു. ഉത്തരാഖണ്ഡ് ദുരന്തനിവാരണ അതോറിറ്റി സർവേ നടത്തി 2022-ൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ പറയുന്നത്, ഓടകളുടേയും അഴുക്കുചാലുകളുടേയും സംവിധാനത്തിന്റെ അശാസ്ത്രീയതയും ഭൂമി താഴലിനെ സഹായിക്കുന്നു എന്നാണ്. അഴുക്കുചാൽ ജലം മേൽമണ്ണിലേക്ക് അധികമായി ഊർന്നിറങ്ങുന്നത് ഭാരമുള്ള നിർമ്മാണങ്ങളെ വഹിക്കുവാനുള്ള ശേഷി ചോർത്തിക്കളയുന്നു. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന ഋഷി കേശ്- ബദരീനാഥ് യമുനോത്രി, ഗം ഗോത്രി ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് നിർമ്മാണത്തിനായി നടത്തുന്ന ബ്ലാസ്റ്റിങ്ങും ഹെവി മെഷിനറികളുടെ സാന്നിധ്യവും പ്രശ്നങ്ങൾ രൂക്ഷമാക്കുവാൻ സഹായിച്ചു.

അശാസ്ത്രീയമായ ജലനിർഗമന ക്രമങ്ങൾ

മനുഷ്യ ഇടപെടലുകൾ പ്രകൃതിദത്തമായ നീർച്ചാലുകളെ ഇല്ലാതാക്കുകയും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. അധികമായി വെള്ളം മണ്ണിലേക്ക് താഴ്ന്ന് സമ്മർദം വർധി പ്പിക്കുകയും മേൽമണ്ണിന്റെ ഉറപ്പ് കുറയ്ക്കുന്നതിനു ഇടയാക്കുകയും ചെയ്യുന്നു. അതിതീവ്രമഴ അധികജലത്തെ ഭൂമിയിലുള്ള വിള്ളലുകളിലേക്ക് കടത്തിവിടുകയും താഴെയുള്ള അപക്ഷയം സംഭവിച്ച ശിലകളിൽ ജലമർദം സ്വരൂപിച്ച് ദൃഢത കുറയ്ക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു.

അതിതീവ്രമഴ മൂലം നദികൾ പ്രക്ഷുബ്ധമാവുകയും ശിലാപക്ഷയത്തിന്റെ നിരക്ക് വർധിക്കുകയും വർധിച്ച അളവിൽ അവസാദങ്ങൾ നദികളിൽ നിക്ഷേപിക്കുകയും തുടർന്ന് നദിയുടെ വിസ്തൃതി കുറയ്ക്കുവാൻ കാരണമാവുകയും ചെയ്തു.

അതിതീവ്രമഴ

അതിവൃഷ്ടി മൂലം മലമുകളിൽ നിന്ന് ശക്തമായി താഴേക്ക് പതിക്കുന്ന നീർച്ചാലുകളുടെ വീതി മണ്ണാലിപ്പു മൂലം വർധിക്കുകയും ഗതി തന്നെ മാറി മറ്റൊരു ദിശയിലേക്ക് ഒഴുകുന്നതും മലയോരത്തെ ദുർബലമാക്കുന്നതുമായി ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബ്ലാസ്റ്റിങ്ങിന്റെയും കുന്നിടിക്കലിന്റെയും ഫലമായി കല്ലും മണ്ണും അലക്ഷ്യമായി നദികളിൽ നിക്ഷേപിക്കുന്നത് നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

മനുഷ്യ പ്രകൃതി സംഘർഷം

ജോഷിമഠിലെ ഇന്നത്തെ ദുരന്തം ഒരു കാരണം കൊണ്ടുമാത്രമല്ല ഉണ്ടായിട്ടുള്ളത്. പാരിസ്ഥിതികമായും ഭൗമശാസ്ത്രപരവുമായും ലോലമായ മേഖലയിൽ ഉണ്ടായിട്ടുള്ള മേഘസ്ഫോടനം, ഉരുൾപൊട്ടൽ, ഭൂകമ്പം, അതിതീവ്ര മഴ, പ്രളയം എന്നീ പ്രകൃതിക്ഷോഭങ്ങളോടൊപ്പം വികലമായ നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളും ഒത്തുചേർന്നപ്പോൾ ഉണ്ടായതാണ് ഇപ്പോഴത്തെ ദുരന്തം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ദുരന്തം പടിവാതിക്കൽ എത്തുമ്പോൾ മാത്രം പ്രതികരിക്കാം എന്നുള്ള പഴഞ്ചൻ രീതി നാം ഇന്നും തുടരുന്നു എന്നത് ലജ്ജാകരമാണ്. ദുരന്തനിവാരണ നയം 2005-ൽ ദേശീയ തലത്തിൽ നടപ്പാക്കിയതാണ് എന്നോർക്കുക. ദുരന്ത സാധ്യതാപ്രദേശങ്ങൾ തിരിച്ചറിഞ്ഞ് കരുതലും മുന്നൊരുക്കങ്ങളുമാണ് നടത്തേണ്ടത് എന്ന് ഈ വിപത്ത് നമ്മെ ഒന്നുകൂ ടി ഓർമ്മിപ്പിക്കുന്നു.

ഇപ്പോൾ നടക്കുന്ന ഭൂമി ഇടിഞ്ഞുതാഴൽ പ്രതിഭാസം എത്രയോ വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ്. ഭൂകമ്പവും ഉരുൾപൊട്ടലും ആവർത്തിച്ചനുഭവിച്ചു. 2013 ലെ മേഘസ് ഫോടനം, ഫെബ്രുവരി 2021 ലെ പ്രളയം എന്നിവ പ്രദേശത്തെ കൂടുതൽ അസ്ഥിരമാക്കി. എത്ര മുന്നറിയിപ്പുകൾ ശാസ്ത്രജ്ഞർ നൽകി. അതിന്റെ പാരമ്യതയിൽ എത്തിയപ്പോഴാണ് നമ്മൾ കണ്ണുതുറന്നത്.

ഇതാവരുത് നമ്മുടെ നയം. ഹിമാലയത്തിൽ ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കുകയും പ്രദേശത്തിന്റെ ഭൗമ പരിസ്ഥിതി കണക്കിലെടുത്ത് ഒരു വികസ പ്രവർത്തനം ആസൂത്രണം ചെയ്യേ ണ്ടതുമാണ്. വലിയ വ്യവസായങ്ങൾ അവിടെ സാധ്യമല്ല. ടൂറിസം കൊണ്ട് മാത്രം ജീവിക്കുന്ന അനേകമാളുകൾ ഈ പ്രദേശത്തുണ്ട്. മറ്റു തൊഴിലുകൾ അവർക്കറിയുകയും ഇല്ല. വികസനം പുതിയ വെളിച്ചം അവരുടെ ജീവിതത്തിൽ കൊണ്ടുവരുമെന്ന് സ്വപ്നം കണ്ടിരുന്നവരാണ്. അവരുടെ ജീവനോപാധി പൂർണ്ണമായും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരെയെല്ലാം മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടുക എത്രമാത്രം പ്രായോഗികമായിരിക്കും? ഈ പ്രദേശത്തിന് യോജിച്ച കെട്ടിട രൂപകല്പന നടത്തി സുരക്ഷിതമേഖലകളിൽ അവരെ പുനരധിവസിപ്പിച്ച് അവരുടെ ജീവനോപാധിയെ പരിരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകേണ്ടതുണ്ട്. ഓരോ പ്രദേശത്തിന്റെയും സംവഹന ശേഷിക്കനുസരിച്ചേ നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കാവൂ എന്ന് ഈ ദുരന്തം നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷം ഒഴിവാക്കി പ്രകൃതിയുമായി ചേർന്നു പ്രവർത്തിക്കുകയാണ് നമ്മുടെ നിലനിൽപ്പിന് യോജിച്ചത് എന്ന് ജോഷിമഠിലെ സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കേരളത്തിലെ മലനിരകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കും ഈ അനുഭവങ്ങൾ പാഠമാകണം.


2023 ഫെബ്രുവരി ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

ശാസ്ത്രഗതി മാസിക ഓൺലൈനായി വരിചേരാം..


വീഡിയോ കാണാം
വായിക്കാം
Happy
Happy
11 %
Sad
Sad
78 %
Excited
Excited
11 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post റഡോൺ എന്നും നമ്മുടെ സന്തതസഹചാരി
Next post ലബോറട്ടറിയിലെന്താ ക്ലോസറ്റിനു കാര്യം ?
Close