Read Time:15 Minute

ഫിസിക്സിലെ അതികായരായ ജൂലിയൻ ഷ്വിങ്ഗർ, അബ്ദസ് സലാം (ഇരുവരും നൊബേൽ പുരസ്കാരം നേടിയവർ) എന്നിവരുടെ ഒപ്പം നടക്കുന്ന ഈ മലയാളി വനിതയെ നിങ്ങൾക്ക് അറിയുമോ? ഇല്ലെങ്കിൽ അറിയണം. ഇവരാണ് തയ്യൂർ കൃഷ്ണൻ രാധ എന്ന ടി.കെ. രാധ.

പാർട്ടിക്കിൾ ഫിസിക്സുമായി ബന്ധപ്പെട്ട ക്വാണ്ടം ഫീൽഡ് തിയറി എന്ന ഗവേഷണ മേഖലയിൽ ശ്രദ്ധേയമായ സ്ഥാനം നേടുകയും പിന്നീട് പിന്നണിയിലേക്കു മാറേണ്ടിയും വന്ന രാധയുടെ കഥ നമ്മൾ അറിയേണ്ടതാണ്.

ഇന്ത്യ ബ്രിട്ടിഷ് ഭരണത്തിലായിരുന്ന കാലത്ത് ടി.കെ. കൃഷ്ണ അയ്യരുടെയും സി.വി. കൃഷ്ണ (കാവേരി) യുടെയും നാലാമത്തെ സന്തതിയായി രാധ ജനിച്ചു. രാധയുടെ പിതാവും സഹോദരനും ചെന്നൈയിലെ (അന്ന് മദ്രാസ്) പ്രശസ്തമായ പ്രസിഡെൻസി കോളേജിൽ നിന്ന് ബിരുദം നേടിയവരായിരുന്നു. രാധയുടെ ചേച്ചിമാരും നന്നായി പഠിക്കുന്നവർ ആയിരുന്നെങ്കിലും സ്ത്രീകൾ ഉപരിപഠനത്തിനു പോകുന്ന പതിവ് അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ അവർ ചില കലാ പഠനങ്ങളിലേക്ക് തിരിഞ്ഞു. കൂടുതൽ പഠിക്കണമെന്ന രാധയുടെ ആഗ്രഹത്തിന് കുടുംബം തടസ്സം നിന്നില്ല. ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്ക് ഗണിതത്തിനായിരുന്നു ഏറ്റവും കൂടുതൽ മാർക്ക് എങ്കിലും ഫിസിക്സിൽ ഉപരിപഠനം നടത്താനായിരുന്നു രാധയുടെ താത്പര്യം. ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്ക് അച്ഛനേക്കാളും ചേട്ടനേക്കാളും മാർക്ക് വാങ്ങി എന്നത് ഉപരിപഠനത്തിന് സഹായകരമായി.

പ്രസിഡെൻസി കോളേജ്, ചെന്നൈ

അന്ന് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം അനുവദിക്കുന്ന അപൂർവ്വം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു പ്രസിഡൻസി കോളേജ്. ആൺ പിള്ളേരോടൊപ്പം അകലെ പഠിക്കാൻ പോകുന്നതിൽ അമ്മയ്ക്ക് കുറച്ച് ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അച്ഛൻ്റെ പിന്തുണ കിട്ടി. അവിടെ പഠിക്കാൻ ചേരുമ്പോൾ അവിടുത്തെ മുൻ വിദ്യാർത്ഥിയായിരുന്ന അച്ഛൻ്റെ ‘ ഒരു ഫോട്ടോ അവിടെ അപ്പോഴും തൂങ്ങിയിരുന്നു. അച്ഛനേക്കാളും മിടുക്കിയായിരുന്ന രാധ ഡിഗ്രി ഓണേഴ്സ് പരീക്ഷ സ്വർണമെഡൽ നേട്ടത്തോടെ പാസ്സായി. ആ സ്വർണ മെഡൽ നേട്ടം വീണ്ടും ഉപരി പഠനത്തിനു സഹായകരമായി. അന്ന് മദ്രാസ് സർവ്വകലാശാലയിൽ അല്ലാഡി രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ തിയററ്റിക്കൽ ഫിസിക്സിൽ ഒരു കോഴ്സ് തുടങ്ങിയിരുന്നു.

(ഒരു കുടുംബ ഫോട്ടോ: വലത്തു നിന്ന് മൂന്നാമത്തേത് രാധ)

അന്ന് മദ്രാസിൽ ആരും പാർട്ടിക്കിൾ ഫിസിക്സിൽ ഗവേഷണം നടത്തുന്നുണ്ടായിരുന്നില്ല. എന്നാൽ മുംബൈയിൽ ഹോമി ഭാഭയുടെ നേതൃത്വത്തിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചിൽ (TIFR) രംഗത്ത് ഗവേഷണം നടക്കുന്നുണ്ടായിരുന്നു. ആ വഴി ചില ഗവേഷണ പേപ്പറുകൾ സംഘടിപ്പിക്കാൻ ഇവർക്കു കഴിഞ്ഞു. അത് ഈ മെയിലിനും ഇൻ്റർനെറ്റിനും മുമ്പുള്ള കാലമാണെന്നോർക്കുക. TIFR – ൽ വന്നിരുന്ന ചില വിശിഷ്ട വ്യക്തികളെ മദ്രാസിലേക്കു ക്ഷണിക്കുവാനും അവർക്കു കഴിഞ്ഞു. ചെലവിൻ്റെ വലിയൊരു ഭാഗം അല്ലാഡി രാമകൃഷ്ണൻ്റെ വകയായിരുന്നു. വിദ്യാർത്ഥികളും ചെറിയ തുകകൾ നൽകി

(രാധ. റോബെർട്ട് മാർഷക്കിനും ഭാര്യയ്ക്കും ഒപ്പം, പിന്നിൽ നില്കുന്നത് അല്ലാഡി രാമകൃഷ്ണനും ഭാര്യ ലളിതയും.)

അങ്ങനെ റോബർട്ട് മാർഷക്, ലിയോണാർഡ് ഷിഫ്, ഡൊണാൾഡ് ഗ്ലോൺ തുടങ്ങിയവരൊക്കെ അവിടെയെത്തി. ഇവർ കൊണ്ടു വന്ന ഗവേഷണ പേപ്പറുകൾ അവരുടെ മുന്നിൽ പുതിയ ജാലകങ്ങൾ തുറന്നു. സാധാരണ ഗതിയിൽ ഗവേഷണ പേപ്പറുകൾ കടൽ വഴി എത്താൻ മാസങ്ങൾ എടുക്കും. എന്നാൽ കുറേ പേപ്പറുകൾ വിമാനം വഴി അയക്കാൻ ഈ ശാസ്ത്രജ്ഞരെ ഇവർ പ്രേരിപ്പിച്ചു. അതു ഫലം ചെയ്തു. മാസ്റ്റർ പഠനം സ്വാഭാവികമെന്നോണം ഗവേഷണത്തിലേക്കു കടന്നു.

അക്കാലത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ നീൽസ് ബോറിനെയും ഇവർ മദ്രാസിൽ എത്തിച്ചു. ഇവരെക്കുറിച്ച് നീൽസ് ബോർ ഒരു പത്രസമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ചത് നെഹ്രുവിന്റെ ശ്രദ്ധയിൽ വന്നു. അങ്ങനെ 1961 ഡിസംബറിൽ മദ്രാസിൽ എത്തിയ നെഹ്രുവിനെ അല്ലാഡി രാമകൃഷ്ണനും ശിഷ്യരും സന്ദർശിച്ചു. അതിൽ മിടുക്കികളായ നാലു പെൺകുട്ടികളെയും കണ്ടത് നെഹ്രുവിനെ അത്ഭുത പരതന്ത്രനാക്കി. അവർക്കു വേണ്ടി എന്തു ചെയ്യണമെന്നു ചോദിച്ചപ്പോൾ മാത്തമാറ്റിക്കൽ സയൻസസിനായി മദ്രാസിൽ ഒരു സ്ഥാപനം തുടങ്ങാൻ സഹായിക്കണമെന്ന് ആയിരുന്നു അവരുടെ ആവശ്യം. അങ്ങനെയാണ് ഇൻസ്റ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് 62-ൽ പിറവിയെടുക്കുന്നത്. രാധയുൾപ്പടെ അവരെല്ലാവരും തന്നെ ആ സ്ഥാപനത്തിൻറെ ഭാഗമായി. 1962-ൽ രാധ ഗവേഷണ തീസ്സിസ്സ് സമർപ്പിക്കുമ്പോഴേക്കും 14 പേപ്പറുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, രണ്ടെണ്ണം പ്രിൻ്റിംഗിൻ്റെ വഴിയിലായിരുന്നു.

രാധയുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ച് അറിയുമായിരുന്ന റോബെർട്ട് ഓപ്പൺഹീമർ (ആറ്റംബോബിൻ്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ഓപ്പൺഹീമർ തന്നെ) അദ്ദേഹത്തിൻ്റെ ഗവേഷണ സ്ഥാപനമായ പ്രിൻസ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് അവരെ ക്ഷണിച്ചത് മറ്റൊരു വഴിത്തിരിവായി. ആൽബെർട്ട് ഐൻസ്റ്റൈൻ ഏറെക്കാലം ജോലി ചെയ്ത സ്ഥാപനമാണ് അത്. ഐൻസ്റ്റൈൻ്റെ കാല്പാടുകൾ പതിഞ്ഞ വഴികളിലൂടെ നടക്കാൻ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ അവർ ഇപ്പോഴും ഓർക്കുന്നു.

അവിടെ ജോലി ചെയ്യവേ ഓപ്പൺഹീമർ ഉൾപ്പടെയുള്ള നിരവധി ഒന്നാം കിട ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള സാഹചര്യം അവർ ഉപയോഗപ്പെടുത്തി. പല സ്ഥാപനങ്ങളിൽ നിന്നും അവർക്ക് കോൺഫറൻസുകളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. കാനഡയിൽ യൂണിവേഴ്സിറ്റി ഓഫ് അൽബർട്ട്യിൽ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് ഒരു സെമിനാറിന് ചെന്നപ്പോൾ അവർ പ്രൊഫസർ വെമ്പു ഗൗരിശങ്കർ എന്ന ശാസ്ത്രജ്ഞനുമായി പരിചയപ്പെടുകയും താമസിയാതെ അവർ വിവാഹിതരാവുകയും ഉണ്ടായി. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട് അവർക്ക് ഒരു അസിസ്റ്റൻറ് പ്രൊഫസർഷിപ്പ് വാഗ്ദാനം ചെയ്തു. അവർ ജോലി തുടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് രണ്ടു കുട്ടികൾ ഉണ്ടാവുകയും അവരെ നോക്കാൻ ആളില്ലാതെ ആവുകയും ചെയ്ത സന്ദർഭത്തിൽ അവർക്ക് ജോലിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. മൂന്നുനാലു വർഷത്തിനകം ഫിസിക്സിൽ വന്ന വലിയ മാറ്റങ്ങളെ കുറിച്ച് പഠിക്കാനും പുതിയ ഗവേഷണങ്ങൾ മനസ്സിലാക്കാനും കഴിയുന്നില്ലെന്ന് തോന്നലുണ്ടായതോടെ അവർ ഫിസിക്സ് വിട്ടു. അങ്ങനെ വലിയൊരു ശാസ്ത്രജ്ഞയാവേണ്ടിയിരുന്ന അവരുടെ ജീവിതത്തിന്റെ ഒരു അധ്യായം കൂടി കഴിഞ്ഞു.

(ഡോ. ടി.കെ. രാധ, ഭർത്താവ് വെമ്പു ഗൗരിശങ്കർ മക്കളായ അരവിന്ദ്, സീത എന്നിവരോടൊപ്പം)

പിന്നീട് കുട്ടികൾ കുറച്ചു വലുതായപ്പോൾ അവർ ജോലിയിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചു. സ്വന്തമായി കമ്പ്യൂട്ടർ സയൻസ് പഠിച്ച അവർ നല്ല ഒരു പ്രോഗ്രാമറായി. 1976 മുതൽ 1992 വരെ അവർ ജോലി ഭംഗിയായി നിർവഹിച്ചു. മറ്റുള്ളവരുടെ പ്രോജക്ടുകൾക്കായി പ്രോഗ്രാം എഴുതുമ്പോൾ പോലും അവർക്ക് സ്വന്തമായി പലതും കോൺട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അതിന്റെ പേരിൽ ആ ഗവേഷകർ പലരും അവരുടെ ഗവേഷണ പേപ്പറിൽ ഇവരുടെ കൂടെ പേർ ചേർത്തു.

ആ ജോലിയിൽനിന്ന് പിരിഞ്ഞ ശേഷവും അവർ വെറുതെയിരുന്നില്ല. തൻറെ പേരക്കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കമ്പ്യൂട്ടർ കോഡിംഗ് പഠിപ്പിക്കുന്നില്ല എന്നറിഞ്ഞ് അവർ അതിനുള്ള ശ്രമവും ആരംഭിച്ചു. സ്കൂളുകളിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ വേണ്ടി അവർ നടത്തിയ ശ്രമത്തിന്റെ പേരിൽ അവർ വീണ്ടും പ്രശസ്ത ആവുകയും അതിൻ്റെ പേരിൽ YMCA women of distinction ബഹുമതി ലഭിക്കുകയും ചെയ്തു. ഇതു കൂടാതെ അവർ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വളണ്ടിയർ ആയിട്ട് വർക്ക് ചെയ്യുകയും പാലിയേറ്റീവ് കെയറിൽ കോഴ്സ് പഠിക്കുകയും ചെയ്തിട്ടുണ്ട്. സജീവ ഗവേഷണത്തിൽ നിന്ന് പിന്മാറിയെങ്കിലും വിദ്യാർത്ഥികളെ ഗണിതവും ഫിസിക്സും പഠിപ്പിക്കുന്ന ജോലി അവർ തുടർന്നു വന്നിരുന്നു.

വാൽകഷണം: ഡോ.ടി.കെ. രാധ ഇപ്പോൾ എന്തു ചെയ്യുന്നു എന്നറിയാൻ അവരുടെ ഒപ്പം മദ്രാസിൽ ഗവേഷകനായിരുന്ന, ഇപ്പോൾ അമേരിക്കയിൽ ജോലിചെയ്യുന്ന പ്രൊഫസർ എ.പി. ബാലചന്ദ്രനുമായി ഞാൻ ബന്ധപ്പെട്ടു. അദ്ദേഹത്തിൻ്റെ മറുപടി: അവർ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. ഇപ്പോൾ വലിയ ബന്ധമില്ല. ആൽബർട്ടിയിൽ ഉണ്ടെന്നറിയാം.

1. ഇടത്തുനിന്ന് 1960-കളിൽ : ഡോ. ജി. ഭാമതി, അംബ, ഡോ. ടി.കെ. രാധ, 2. രണ്ടാമത്തെ ചിത്രം – അംബ, ടി.കെ. രാധ, ജി. ഭാമതി മൂവരും പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടിയപ്പോൾ

റഫറൻസുകൾ

  1. https://www.ias.edu/news/losing-track-and-finding-traces-institutes-lesser-known-histories >>>
  2. http://krishnaswami-alladi.com/ >>>
  3. Bindu A. Bambah, “Women in High Energy Physics in Post Independent India,” Physics News: Bulletin of the Indian Physics Association January–June 2021, Vol. 51, No. 1–2. >>>
  4. https://ggstem.wordpress.com/2018/03/15/my-hidden-figures-three-octogenarian-indian-women-with-particle-physics-python-programming-and-music/ >>>
  5. https://homegrown.co.in/homegrown-voices/tk-radha-the-lesser-known-legacy-of-one-of-the-first-indian-woman-in-stem >>>
  6. https://www.ias.edu/ideas/rediscovering-one-institutes-first-women-color >>>
IInternational Year of Quantum Science and Technology (IYQ)
female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
38 %
Sad
Sad
13 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സമത്വവും തുല്യതയും വനിതാദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ
Next post വൈകിയോടുന്ന മാസങ്ങളും വേഷം മാറുന്ന ധ്രുവനും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 34
Close