തിരുവോണത്തിന്റെ നക്ഷത്രവഴി
തിരുവോണം നക്ഷത്രം മറ്റു നാടുകളിൽ മറ്റു സംസ്കാരങ്ങളിൽ ഒക്കെയും സെലിബ്രിറ്റി തന്നെ. ഈ ഓണനാളുകളിൽ തിരുവോണം നക്ഷത്രത്തെ വിശദമായി പരിചയപ്പെടാം..
ശ്യാം വി.എസ്. എഴുതുന്നു…
ഓണം എന്നത് കേവല ഉത്സവദിനങ്ങൾ എന്നതിനപ്പുറം മലയാളികളിൽ ആഴത്തിൽ തന്നെയുള്ള വികാരമാണ്. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ഓണം മാബലിയുടെ വരവാണ്. ഓണം വീട്ടുകാരെല്ലാം വന്നു ചേരുന്ന ദിവസവും ആചാരാനുഷ്ഠാനാഘോഷവും കാർഷികോത്സവവും കച്ചവടമഹാമഹവും ഒക്കെയാണ്. ഓണം സന്തോഷത്തിന്റെ, സമൃദ്ധിയുടെ, പൂക്കള – സദ്യ – പുത്തൻതുണിവട്ടത്തിന്റേയുമൊക്കെ അവസരമാണ്. ഇനി, ഇത് സംബന്ധിച്ച കഥകൾ – ഐതിഹ്യങ്ങളാണെങ്കിൽ നിറയെ. ചരിത്ര സാദ്ധ്യതകളും തഥൈവ. വ്യാഖ്യാനങ്ങളും. എൻ.വി. കൃഷ്ണവാര്യരുടെ ഒരു പഠനപ്രകാരം പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നമ്മൾ സോ കോൾഡ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. പറയുന്നു. ഇങ്ങനെ ഓണവുമായി ബന്ധപ്പെട്ട ചരിത്രസൂചനകൾക്കും വിവരങ്ങൾക്കും വിശേഷങ്ങൾക്കുമൊന്നും യാതൊരതിരും പഞ്ഞവുമില്ല.
പേര് വന്ന വഴി
ഓണാഘോഷം നടക്കുന്നത് ഭാരതീയ കാലഗണനപ്രകാരം ശ്രാവണനക്ഷത്രത്തിൽ പൌർണ്ണമി വരുന്ന ശ്രാവണമാസത്തിലാണെന്നതിനാല്‍, ഓണം എന്നത് തിരുവോണം അഥവാ ശ്രാവണം എന്നതിന്റെ ചുരുക്കപ്പേരാണ്. ശ്രാവണമാസം ഉത്തരേന്ത്യയില്‍ ജൂലായ് – ആഗസ്റ്റ് മാസങ്ങളിലും ദക്ഷിണേന്ത്യയില്‍ ആഗസ്റ്റ് – സെപ്റ്റെംബർ മാസങ്ങളിലുമാണ് വരുന്നത്. ശ്രാവണത്തിന്റെ പാലി ഭാഷയിലെ സമാന്തരമാണ് ‘സാവണം’. അത് ആദിരൂപം ലോപിച്ച് ‘ആവണം’ എന്നും പിന്നീട് ഓണം എന്നും ഉള്ള പ്രയോഗത്തിലേക്ക് വരികയാണ് ചെയ്തത്. ‘പണ്ടാരം’, ‘മോതിരം’ ഒക്കെയും പ്രാകൃതഭാഷയായപാലിയിൽ നിന്നു നമ്മളെടുത്ത വാക്കുകളാണ്. (പ്രകൃതം എന്നതാണ് പ്രാകൃതം ആയത്. തനതായ ഭാഷ.)
ശ്രാവണ നക്ഷത്രം അഥവാ തിരുവോണം

ശ്രാവണ നക്ഷത്രം അഥവാ തിരുവോണം നക്ഷത്രത്തിലേക്ക് വരാം. പാശ്ചാത്യ ജ്യോതിശ്ശാസ്ത്രത്തില്‍ പറയുന്ന അക്വില എന്ന നക്ഷത്രസമൂഹത്തിലെ ആള്‍ട്ടെയര്‍ ഉൾപ്പെടെ തിളക്കമാര്‍ന്ന മൂന്നു പേരുള്ള ഒരു നക്ഷത്രക്കൂട്ടമാണ് നമ്മുടെയീ ശ്രാവണം. ആൽഫാ അക്വില ആണ് ആൾട്ടെയർ. ശ്രാവണനക്ഷത്രത്തിന്റെ വശങ്ങളിലായി ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നു. ഒരേ വരിയിൽ. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുതന്നെയുണ്ട്.
നമ്മുടെ നാട്ടിലെ ആശയ – വ്യഖ്യാന പരിസരങ്ങളിലേക്കു വരുമ്പോൾ ഈ മൂന്നു നക്ഷത്രങ്ങൾ മഹാബലിയെ ശരിപ്പെടുത്താനായി വാമനന്‍ കൈക്കൊണ്ട ഭീമാകാരമായ ത്രിവിക്രമരൂപത്തിന്റെ മൂന്നു കാല്പാടുകളായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശ്രാവണം എന്ന ഈ നക്ഷത്ര(ക്കൂട്ട)ത്തിന്‍റെ പേര് മഹാബലിയുടെയും വാമനന്‍റെയും ഐതിഹ്യവുമായി മറ്റൊരു തരത്തിലും ബന്ധപ്പെടുത്തി വച്ചിട്ടുണ്ട്. ശ്രവണം എന്നാല്‍ ശ്രവിക്കുക – കേൾക്കുക ഗൗനിക്കുക എന്നൊക്കെയാണ് അർത്ഥം വരിക. ജ്ഞാനാരാധികനായിരുന്ന മഹാബലി ഒരിക്കലൊരു യജ്ഞം നടത്തിക്കൊണ്ടിരിക്കെ അവിടെയെത്തിയ ഒരു ബാലൻ മൂന്നടി മണ്ണു ദാനമായി ചോദിക്കുകയാണ്. അവിടെയുണ്ടായിരുന്ന ശുക്രാചാര്യർക്ക് ഉടനടി ആളെ പിടികിട്ടുകയും ഈ അതിഥി എന്തോ ഗൂഢദൗത്യവുമായി എത്തിയ സാക്ഷാല്‍ മഹാവിഷ്ണുവല്ലാതെ മറ്റാരുമല്ലെന്ന് ബലിക്ക് അപായസൂചന നൽകുകയും ചെയ്തു. തന്‍റെ ഗുരുവിന്റെ മുന്നറിയിപ്പ് ശ്രവിക്കാതെ, കേള്‍ക്കാതെയിരുന്ന അദ്ദേഹം സുതലത്തിലേക്ക് മൂന്നു ചവിട്ടാൽ താഴ്ത്തപ്പെടുകയാണ്. ഈ ഐതിഹ്യം ചിത്രീകരിക്കുന്ന ഈ മൂന്നു നക്ഷത്രങ്ങള്‍, സദുപദേശം കേള്‍ക്കുകയും ഗൗനിക്കുകയും ചെയ്യണമെന്ന ജാഗ്രതാനിര്‍ദ്ദേശവുമായി ആകാശത്തില്‍ നിരന്തരമായ ഒരോര്‍മ്മപ്പെടുത്തലെന്ന നിലയില്‍ നിൽക്കുന്നു.
അക്വീല – ഗരുഡൻ രാശി
മുൻപ് സൂചിപ്പിച്ചതു പോലെ അക്വീല – ഗരുഡൻ രാശിയിൽ ആണ് നമ്മുടെ തിരുവോണം – ആൾട്ടെയർ നക്ഷത്രം ഉള്ളത്. ഖഗോളമധ്യരേഖയിലെ ഒരു നക്ഷത്രസമൂഹമാണ് അക്വില. ലാറ്റിൻ ഭാഷയിൽ ‘കഴുകൻ’ എന്നാണ് ഇതിന്റെ അർത്ഥം വരിക.

ഗ്രീക്ക്-റോമൻ പുരാണങ്ങളിൽ
ഗ്രീക്ക്-റോമൻ പുരാണങ്ങളിൽ സിയൂസ് വ്യാഴദേവന്റെ ഇടിമിന്നലുകളെ വഹിച്ച പക്ഷിയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇംഗ്ലീഷിൽ ഈഗിൾ. ഒരു പരുന്തിന്റെ ആകൃതിയിലാണ് ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്. ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ അൾട്ടേറിനെയും അതിന്റെ വടക്കു പടിഞ്ഞാറും തെക്കു കിഴക്കുമായി കിടക്കുന്ന നക്ഷത്രങ്ങളെയും ചേർത്താണ് ചിറകുകൾക്ക് രൂപം കൊടുത്തിട്ടുള്ളത്. തല തെക്കു പടിഞ്ഞാറു ദിശയിലേക്ക് നീട്ടി വെച്ചിരിക്കുന്നു. ആട്ടിടയനായ ഗാനിമീഡിനെ ഒളിമ്പസ് പർവതത്തിലേക്ക് കൊണ്ടുപോകാൻ ഇടിമിന്നൽ ഖഡ്ഗങ്ങൾ വഹിച്ച ഈ കഴുകനെയാണ് സീയൂസ് അയച്ചത് എന്നാണ് കഥ.
റോമാക്കാർക്ക് ഈ നക്ഷത്രസമൂഹം Vultur Volans അഥവാ പറക്കും കഴുകൻ ആയിരുന്നു. ബാബിലോണിയക്കാരും സുമേറിയക്കാരുമെല്ലാം Altair നെ “കഴുകൻ നക്ഷത്രം” എന്ന് തന്നെ വിളിച്ചു. നമുക്ക് അത് ഗരുഡൻ രാശിയായി മാറി.

പലനാടുകളിൽ, പല സംസ്കാരങ്ങളിൽ
ഇംഗ്ലണ്ടിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും മധ്യകാല ജ്യോതിഷങ്ങൾ അൾട്ടയറിനെയും വേഗയെയും പക്ഷികളായി തന്നെയാണ് ചിത്രീകരിച്ചത്. അറബിയിൽ ഈ നക്ഷത്രത്തെക്കുറിച്ച് ‘അൽ നെസ്ർ അൽ-ടെയർ’ എന്ന പദം മുഹമ്മദ് അൽ അഖ്‌സാസ്സി അൽ മൗക്കത്തി (Mohammad Al Achasi Al Mouakket) ന്റെ നക്ഷത്ര കാറ്റലോഗിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം വളരെ പ്രശസ്തനായ ഒരു ഈജിപ്ഷ്യൻ ജ്യോതിശാസ്ത്രവിദഗ്ധൻ ആയിരുന്നു. സത്യത്തിൽ ഈ അറബ് വാക്കാണ് Altair ൽ എത്തിയത്. തിരുവോണം നക്ഷത്രം മറ്റു നാടുകളിൽ, സംസ്കാരങ്ങളിൽ ഒക്കെയും സെലിബ്രിറ്റി തന്നെ. ഈജിപ്തുകാർക്കിത് ഹോറസ് ദേവന്റെ ഫാൽക്കൺ ആണ്. ജപ്പാനിൽ, അത് ഹിക്കോബോഷിയാണ്.
ചൈനീസ് പുരാതന ജ്യോതിശാസ്ത്രത്തിൽ അതിന്റെ പ്രധാന മൂന്നു ശാഖകളിലെ ‘സ്വർഗീയ വലയത്തി’ലാണ് അക്വിലയുടെ സ്ഥാനം. ചൈനയിലെ ക്വി സി (Qi Xi) സങ്കല്പങ്ങളിൽ തിരുവോണം നക്ഷത്രഗണത്തെ സംബന്ധിച്ച മനോഹരമായ ഒരു നാടോടി പ്രണയകഥ വരെയുണ്ട് ! കഥാന്ത്യം ഒരു ഇടയനായ നിയു ലാംഗ് (Niu Lang) എന്ന നമ്മുടെ തിരുവോണം നക്ഷത്രവും അവന്റെ രണ്ട് കുട്ടികളും (β, γ അക്വിലേ) ഭാര്യയും അമ്മയുമായ നെയ്ത്തുകാരിയായ ചി നു (Zhi Nu) വിൽ നിന്ന് ദൈവകോപത്താൽ എന്നെന്നേക്കുമായി വേർപിരിയുകയാണ്.

എങ്കിലും കാഴ്ചയകലത്തിൽ ക്ഷീരപഥനദിയുടെ രണ്ടു വശങ്ങളിലായി അവർ നിലകൊള്ളുന്നു. മഹാബലി വർഷത്തിലൊരിക്കൽ വരുന്നതു പോലെ ഇവരും കൊല്ലത്തിലൊരിക്കൽ ഒരുമിക്കുന്നു എന്നൊരു സദൃശ്യതയും ഉണ്ട്! മാഗ്‌പൈ പക്ഷികൾ ആകാശഗംഗയ്ക്ക് കുറുകെ ഒരു പാലം തീർത്ത് രണ്ടുപേർക്കും സന്ധിയ്ക്കാൻ വഴിയൊരുക്കുന്നു. കാൾ സാഗന്റെ കോൺടാക്ട് എന്ന നോവൽ / സിനിമയിലും ജാക്കി ചാന്റെ കരാട്ടേ കിഡ് (The karate Kid) സിനിമയിലെ പാവകളി പശ്ചാത്തലത്തിലും ഒക്കെ ഈ കഥ പരാമർശിക്കുന്നുമുണ്ട്.
ഫ്രഞ്ച് പോളിനേഷ്യൻ ഭാഗങ്ങളിൽ അക്വിലയ്ക്ക് നിരവധി ചിത്രീകരണങ്ങളുണ്ട്. അവിടുത്തെ ഫുട്ടൂണാ ദ്വീപിൽ ഇതിനെ കൗ-അമോംഗ എന്നാണ് വിളിച്ചിരുന്നത്. വാള് (Sword) എന്ന ആയുധത്തിന്റെ ഫൂട്ടൂനൻ ഭാഷയിൽ ഉള്ള പേരാണ് മോംഗ. ഹവായിയിൽ ചെന്നാൽ പ്രാചീനകാലം മുതൽ നമ്മുടെ തിരുവോണത്തെ ‘ഹുമു’ എന്നാണ് പറഞ്ഞു വരുന്നത്. നമ്മുടെ കുപ്പായത്തിന്റെ കുടുക്കിനും ചൂണ്ടയിൽ കൊളുത്തുന്ന / ബന്ധിപ്പിക്കുന്ന ഭാഗത്തിനും ഒക്കെ അവരുടെ ഭാഷയിലെ വാക്കാണത്. മാർക്വേസസ് ദ്വീപുകളിൽ ഈ നക്ഷത്രസമൂഹത്തിന്റെ പേരാണ് പാവോ-ടോവ (Pao – Toa) അർത്ഥം – “ക്ഷീണിതനായ യോദ്ധാവ്”. വിശാലമായ പസഫിക് സമുദ്രമദ്ധ്യത്തെ പുക്കപുക്കാ (Pukapuka) ദ്വീപുകളിലെ ജനങ്ങൾ തിരുവോണം നക്ഷത്രത്തെ ‘ടുരു’ (Turu) എന്ന് വിളിക്കുകയും നല്ല തിളക്കമുള്ളതിനാൽ അതിനെ ഒരു വഴികാട്ടി നക്ഷത്രമായി ഉപയോഗിക്കുകയും ചെയ്തു. ഇന്തോനേഷ്യൻ – തിമൂറുകളുടെയും – അവിടുത്തെ ബൂഗിസ് (Bugis) നാവികരുടെയും വഴികാട്ടി ആയിരുന്നു കിഴക്കൻ നക്ഷത്രം എന്നർത്ഥം വരുന്ന bintoéng timoro എന്ന തിരുവോണം. “വലിയ/പഴയ കടച്ചക്ക” എന്നർത്ഥം വരുന്ന മൈ-ലാപ്പ (Mai-lapa) എന്നാണ് മൈക്രോനേഷ്യ (Micronesia) യിലെ ജനങ്ങൾ തിരുവോണത്തെ വിളിച്ചിരുന്നത്. ന്യൂസിലൻഡിലെ ഏറെ ചരിത്രം പറയാനുള്ള മാവോറി ജനതയ്ക്ക് (Maori People) ഈ നക്ഷത്രം വളരെ പ്രധാനപ്പെട്ടതായിരുന്നു. അവരുടെ പ്രപഞ്ചശാസ്ത്ര ആശയങ്ങളിൽ അൽറ്റെയർ/തിരുവോണം വളരെ പ്രസക്തമായ പൗട്ടു-ടെ-റങ്ങി (Poutu-te-rangi) ആണ്. അതായത് “ആകാശത്തിന്റെ നെടുംതൂൺ/സ്തൂപം”. വർഷാവർഷമുള്ള അവരുടെ മധുരക്കിഴങ്ങു വിളവെടുപ്പ് ഉത്സവവും തിരുവോണം നക്ഷത്രവുമായി ബന്ധപ്പെട്ടിട്ടാണ് ആഘോഷിക്കുക.

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ ഉള്ള കൂരി ജനത (Koori People) തിരുവോണത്തെ അവരുടെ ആദിമ മിഥോളജിയിലെ വലിയ പക്ഷിയായ ബഞ്ചിൽ (Bunjil) ആയാണ് കാണുന്നത്. കൂടെയുള്ള β, γ അക്വില നക്ഷത്രങ്ങൾ എന്നിവ അതിന്റെ രണ്ട് ഭാര്യമാരായ കറുത്ത അരയന്നങ്ങളും !
ചരിത്രപരമായ പരാമർശങ്ങൾ നോക്കിയാൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 നക്ഷത്രരാശികൾ ഉൾപ്പെട്ട കാറ്റലോഗിൽ മുതൽ ഇടം പിടിച്ച ഒരു പ്രധാന നക്ഷത്രരാശിയാണ് അക്വില/ഗരുഡൻ. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യൂഡോക്സസ്, അരാറ്റസ് എന്നിവരും ഈ നക്ഷത്രരാശിയെ പരാമർശിച്ചിട്ടുണ്ട്.

2016 ൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ നക്ഷത്രങ്ങളുടെ പേരുകൾ ഏകീകരിയ്ക്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പ് (IAU Working Group on Star Names – WGSN) രൂപീകരിക്കുകയുണ്ടായി. ആ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ ബുള്ളറ്റിൻ നക്ഷത്രങ്ങളുടെ സാർവത്രികമായി അംഗീകരിയ്ക്കപ്പെട്ട പേരുകളുടെ ആദ്യ രണ്ടു ബാച്ചുകൾ പുറത്തിറക്കി. നമ്മുടെ തിരുവോണം നക്ഷത്രത്തിന് ആൾട്ടയർ എന്ന് തന്നെയാണ് നിലവിൽ പേര് അംഗീകരിച്ചു കിട്ടിയിരിക്കുന്നതും. നമുക്കു ചരിത്രത്തിൽ നിന്ന് തിരുവോണം നക്ഷത്രത്തിന്റെ വിശേഷങ്ങളിലേക്കു വരാം.
തിരുവോണം നക്ഷത്രത്തിന്റെ വിശേഷങ്ങൾ

അക്വില നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രവും നമ്മുടെ രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള പന്ത്രണ്ടാമത്തെ നക്ഷത്രവുമാണ് തിരുവോണം അഥവാ ആൾട്ടെയർ. ജി-ക്ളൗഡ് എന്ന നക്ഷത്രാന്തരീയ വാതകം/പൊടിപടലശേഖരത്തിലാണ് ഇതിന്റെ സ്ഥാനം.
സൂര്യനിൽ നിന്ന് 16.7 പ്രകാശവർഷം (ഏകദേശം 158000000000000 കിമി) അകലെ സ്ഥിതി ചെയ്യുന്ന തിരുവോണം നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 0.77 ആണ്. (ഒരു ഖഗോളവസ്തുവിനെ അതിലേക്കുള്ള ദൂരം പരിഗണിക്കാതെ ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രഭയുടെ അളവാണ് ദൃശ്യകാന്തിമാനം അഥവാ പ്രകാശമാനം (ഇംഗ്ലീഷ്: Apparent Magnitude). സൂര്യന്റേത് : −26.74 )

ആകാശത്തു നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് നന്നായി കാണാവുന്ന നക്ഷത്രങ്ങളിൽ ഏറ്റവും അടുത്തുള്ളവയിൽ ഒന്നാണ് തിരുവോണം . നമ്മുടെ സൂര്യനേക്കാളും ഒരല്പം വലിയ നക്ഷത്രം. സൂര്യന്റെ 1.8 മടങ്ങ് പിണ്ഡവും 11 മടങ്ങ് പ്രകാശതീവ്രതയും അതിനുണ്ട്. പ്രായവും കൂടുതൽ. ഉപരിതല താപനില ആറായിരത്തി അഞ്ഞൂറു മുതൽ എണ്ണായിരം വരെ ഡിഗ്രി ആവും. സൂര്യന്റേത് ആറായിരത്തിലും താഴെയാണ്.

സൂര്യനേക്കാൾ വലുത്
നമ്മുടെ സൂര്യനേക്കാളും ഒരല്പം വലിയ നക്ഷത്രം. സൂര്യന്റെ 1.8 മടങ്ങ് പിണ്ഡവും 11 മടങ്ങ് പ്രകാശതീവ്രതയും അതിനുണ്ട്
തിരുവോണത്തിന്റെ ഭ്രമണവേഗതയാണെങ്കിൽ വളരെ കൂടുതലാണ്. സ്വന്തം അച്ചുതണ്ടിനു ചുറ്റും 9 മണിക്കൂർ കൊണ്ട് ഇതൊരു വട്ടം ചുറ്റിത്തിരിയുന്നു.സൂര്യനാണെങ്കിൽ സ്വന്തം അച്ചുതണ്ടിനു ചുറ്റും ഒരുവട്ടം കറങ്ങാൻ ഏകദേശം 25 ദിവസങ്ങൾ വേണം. ഇങ്ങനെ അസാധാരണമായി ഉയർന്ന ഭ്രമണവേഗം ഉള്ളതിനാൽ തന്നെ ഇതിന്റെ മധ്യരേഖയിലെ വ്യാസം ധ്രുവങ്ങളിലെ വ്യാസത്തേക്കാൾ കൂടുതലാണ്. അതിനാൽ മധ്യരേഖയിൽ താപനിലയും കുറയും. ഗ്രാവിറ്റി ഡാർക്കനിങ് അഥവാ വോൺ സീപ്പെൽ പ്രഭാവം (Von Ziepel Effect) എന്നൊക്കെയാണ് ഈ പ്രതിഭാസത്തിനു പറയുക.

സൂര്യനല്ലാതെ മറ്റൊരു നക്ഷത്രത്തിന്റെ ഉപരിതലത്തിന്റെ ഏറ്റവും വിശദമായ റിസോൾവ്ഡ് ചിത്രം ആദ്യമായി എടുക്കുന്നത് നമ്മുടെ തിരുവോണത്തിന്റേതാണ്. രണ്ടായിരത്തി ഏഴിൽ അമേരിക്കയിലെ മൗണ്ട് വിൽസണിൽ സ്ഥിതി ചെയ്യുന്ന ചര അറേ (CHARA – Center for High Angular Resolution Astronomy Array) ഇന്റർഫറോമീറ്റർ ഉപയോഗിച്ച് ഇൻഫ്രാറെഡ് സ്പെക്ട്രത്തിലാണ് ഇതിന്റെ ഉപരിതല ചിത്രം പകർത്തിയത്. ഭൂമിയിൽ നിന്നുള്ള നേർരേഖയ്ക്ക് ഏകദേശം 60° യോളം ചെരിഞ്ഞിട്ടാണ് ഇതിന്റെ സ്വയംഭ്രമണത്തിന്റെ അച്ചുതണ്ട്.

നാസയുടെ വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് എക്‌സ്‌പ്ലോറർ എന്നൊരു പേടകം ഉപയോഗിച്ച് 1999-ൽ നടത്തിയ ചില നിരീക്ഷണങ്ങളിൽ അൾടെയറിന്റെ തെളിച്ചത്തിൽ നേരിയ ചാഞ്ചാട്ടം ഉണ്ടാകുന്നതായി കണ്ടു. അതും ചെറിയ ഇടവേളകളിൽ. ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ തന്നെ കാന്തിമാനത്തിന്റെ ആയിരത്തിലൊന്നിൽ അല്പം കൂടുതൽ എന്ന നിലയ്‌ക്കൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നതായും മനസിലായി. രണ്ടായിരത്തി അഞ്ചിൽ തിരുവോണത്തെ ഒരു ഡെൽറ്റാ സ്‌കൂട്ടി (Delta Scuti) ചര നക്ഷത്രമായി തിരിച്ചറിഞ്ഞു. ചുരുങ്ങിയ കാലയളവിൽ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവിൽ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കിൽ അത്തരം നക്ഷത്രത്തെ ചര നക്ഷത്രം (variable star) എന്നാണ് വിളിക്കുക.
നമ്മുടെ കഥാനായക നക്ഷത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ രൂപം (shape) ആണ്. തിരുവോണം വലിയ സ്പീഡിൽ സ്വന്തം കേന്ദ്രത്തെ ആസ്പദമാക്കി ഭ്രമണം ചെയ്തുകൊണ്ടിരിയ്ക്കുന്നുവെന്നു സൂചിപ്പിച്ചല്ലോ. ഒരു നക്ഷത്രത്തിന്റെ മധ്യരേഖയിലെ അപകേന്ദ്രബലം അതിന്റെ ഗുരുത്വാകർഷണബലത്തിന് തുല്യമായി വരാൻ വേണ്ട ഭ്രമണവേഗതയെ ആ നക്ഷത്രത്തിന്റെ ബ്രേക്ക്-അപ്പ് പ്രവേഗം എന്നാണ് പറയുക. നക്ഷത്രം സുസ്ഥിരമായി നിലനിൽക്കണമെങ്കിൽ നക്ഷത്രത്തിന്റെ ഭ്രമണവേഗത ബ്രേക്ക് അപ്പ് പ്രവേഗത്തിലും താഴെയായിരിയ്ക്കണം.

മധ്യരേഖയിൽ തിരുവോണത്തിന്റെ ഭ്രമണവേഗം ഓരോ സെക്കന്റിലും 286 മുതൽ 300 കി.മി വരെ ആണ്. ഇത് ആ നക്ഷത്രഗോളത്തിന്റെ ബ്രേക്ക് അപ്പ് വേഗതയായ 400 കി.മി / സെക്കന്റിനോട് അടുത്ത ഒരു വേഗതയാണ്. ഇത്തരം ഉയർന്ന വേഗതയിൽ കറങ്ങുന്നതിനാൽ ധ്രുവപ്രദേശങ്ങൾ മധ്യരേഖാപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ പരന്നതാണ്. അതായത് ഇക്വേറ്റർ അല്പം വെളിയിലേക്ക് മുഴച്ചും ധ്രുവപ്രദേശങ്ങൾ അല്പം പരന്നും ഇരിക്കുന്ന ഒരു ചമ്മിയ (Oblate) ആകൃതി ! മധ്യരേഖാ വ്യാസം നക്ഷത്രത്തിന്റെ ധ്രുവ വ്യാസത്തേക്കാൾ 20 ശതമാനത്തിലധികം കൂടുതലാണ്.
‘അമ്പടാ ശ്രവണാ’.. – തിരുവോണത്തിന് ഒരു ഹായ് പറയൂ…
ഭ്രമണപരമായി പരന്നതായിരിക്കാമെന്നു മുൻപു തന്നെ അനുമാനങ്ങൾ ഉണ്ടായിരുന്നെങ്കിലും തിരുവോണം നക്ഷത്രത്തിന്റെ ആകൃതി സംബന്ധിച്ച കൃത്യമായ നിരീക്ഷണ ഡാറ്റയോ തെളിവുവിവരങ്ങളോ ലഭ്യമായിരുന്നില്ല. 1960-കളിൽ ആസ്‌ത്രേലിയയിലെ നരാബ്രി ഒബ്‌സർവേറ്ററി (Narrabri Stellar Intensity Interferometer) യിലെ ഹാൻബറി ബ്രൗണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് അൾടെയറിന്റെ കോണീയ വ്യാസം അളന്നു. 3 മില്ലി ആർക് സെക്കൻഡ് ആണ് വ്യാസമെന്നു മനസിലാക്കാനായത്. പിന്നീട്, 1999-ലും 2000-ലും കാലിഫോർണിയയിലെ പലോമർ ടെസ്റ്റ്ബെഡ് ഇന്റർഫെറോമീറ്റർ (Palomar Testbed Interferometer – PTI) ശേഖരിച്ച ഇൻഫ്രാറെഡ് ഇന്റർഫെറോമെട്രിക് അളവുകൾ ഉപയോഗിച്ച്, തിരുവോണത്തിന്റെ പരന്ന ആകൃതി സ്ഥിരീകരിച്ചു. സൂര്യനു പുറമേ ഏതാണ്ട് അതേ പോലെ ഒക്കെത്തന്നെ ഉള്ള ഒരു വലിയ നക്ഷത്രത്തെ അടുത്തു പഠിക്കാനും നിരീക്ഷിക്കാനും കിട്ടുന്നത് ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ തിരുവോണത്തെ നേരിട്ടു കാണൽ വളരെ എളുപ്പമാണ്. രാത്രിയിലെങ്ങാനും പുറത്തിറങ്ങി മാനത്തേക്കു നോക്കുമ്പോൾ ഒരല്പ്പം ആകാശം തെളിയുന്നെങ്കിൽ, അവിടെ, തലയ്ക്കു മീതേ, ഒരല്പം തെക്കുകിഴക്കായി ഏതാണ്ടൊരു 15° മാറി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair).

ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നു മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. കാണാൻ ശ്രമിക്കണേ. ഇക്കഥകൾ ഒക്കെ അറിഞ്ഞിട്ട് തിരുവോണം നക്ഷത്രത്തെ നേരിൽ കാണാനായാല് ‘അമ്പടാ ശ്രവണാ’.. എന്നൊരു ഓണക്കമൻറ് കൂടി വരട്ടെ.
ഭൂമിമലയാളത്തിലെ ഏവർക്കും ഹൃദ്യമായസ്നേഹം നിറഞ്ഞഉഗ്രൻ ഓണാശംസകൾ
അനുബന്ധ വായനയ്ക്ക്


