കോവിഡ്-19 രോഗത്തിനു കാരണമാവുന്ന SARS-CoV-2 പോലുള്ള RNA വൈറസുകളുടെ ജനിതക ക്രമത്തിൽ (Genomic sequence) മ്യൂട്ടേഷനുകൾ വഴി പടിപടിയായി മാറ്റങ്ങൾ വരാം. കോവിഡ് വൈറസിൽ മാസത്തിൽ ഒന്നോ രണ്ടോ മ്യൂട്ടേഷനുകൾ എന്ന തോതിൽ മാറ്റം വരാമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനകം ലോകത്തുള്ള എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ച വൈറസ് ഈ ക്രമത്തിൽ മാറ്റങ്ങൾക്ക് വിധേയമായാൽ അത് നിരവധി താവഴികളായി മാറിയിരിക്കുമല്ലോ. ജിനോമിക ക്രമം തിട്ടപ്പെടുത്തുന്ന സീക്വെൻസിങ്ങ് പഠനങ്ങളിലൂടെ ഓരോയിടത്തും വൈറസ് എവിടെ നിന്നു വന്നു എത്ര വേഗത്തിൽ വ്യാപിച്ചു എന്നൊക്കെ അറിയാൻ കഴിയും. അഞ്ചു വൻ ഗ്രൂപ്പുകളായി കൈപിരിഞ്ഞ വൈറസ്സിൻ്റെ G614 എന്ന വൻ ഗ്രൂപ്പ് (Clade) ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ച് എണ്ണത്തിൽ ഒന്നാമതെത്തി. മനുഷ്യകോശങ്ങളിലേക്ക് കയറി പറ്റാൻ വൈറസ് ഉപയോഗിക്കുന്ന അതിൻ്റെ ആവരണത്തിലുള്ള സ്പൈക്ക് പ്രോട്ടീനിനെ (Spike protein) ബാധിക്കുന്ന ഒരു മ്യൂട്ടേഷനാണ് വേഗത്തിൽ പകരാനുള്ള ശേഷി ഈ ഗ്രൂപ്പിന് നൽകിയതെന്ന് കരുതപ്പെടുന്നു.
വേഗത്തിൽ പടരുമോ എന്നതു മാത്രമല്ല ആശങ്ക. മറ്റു മൂന്നു കാര്യങ്ങൾ കൂടെ അറിയേണ്ടതുണ്ട്.
- കൂടുതൽ രൂക്ഷമായ രോഗവും കൂടുതൽ മരണങ്ങളും ഉണ്ടാവുമോ എന്നത്
- സാധാരണ ഉപയോഗിക്കുന്ന പി.സി.ആർ / ആൻ്റിജൻ ടെസ്റ്റുകൾക്ക് ഇതിനെ കണ്ടെത്താൻ കഴിയുമോ എന്ന്
- ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്ന വാക്സീനുകൾ ഇതിനെ തടയാൻ പര്യാപ്തമാവുമോ എന്ന്.
മൂന്നു കാര്യങ്ങളിലും അമിതമായ ആശങ്ക വേണ്ടന്നാണ് ആദ്യ സൂചനകൾ. രോഗ തീവ്രത കൂടുതലാണെന്നതിന് ഇതു വരെ തെളിവൊന്നുമില്ല. മാത്രമല്ല, ഈ ഉപ-ഗ്രൂപ്പിൻ്റെ മറ്റൊരു പ്രത്യേകത ORF-8 എന്ന മറ്റൊരു പ്രോട്ടീനിലെ Q27stop എന്ന മ്യൂട്ടേഷൻ ഈ പ്രോട്ടിനിന്റെ ഒരു ഭാഗം ഇല്ലാതാക്കി അതിനെ പ്രവർത്തനരഹിതമാക്കുന്നു എന്നതാണ്. ഇതേ മ്യൂട്ടേഷൻ ഉള്ള വൈറസ് ഉപ-ഗ്രൂപ്പ് പണ്ട് സിംഗപ്പൂരിൽ കണ്ടീരുന്നു. അവിടെ അന്ന് വൈറസ് ബാധയേറ്റവർക്ക് രോഗം വളരെ ലഘുവായിരുന്നു എന്നാണ് കണ്ടത്. B.1.1.7 ബാധിക്കുന്നവർക്കും സമാനമായി ലഘു രോഗമാണോ വരുന്നത് എന്ന് ഇനിയും കണ്ടെറിയേണ്ടിയിരിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന പി.സി.ആർ ടെസ്റ്റുകളും ആൻ്റിജൻ ടെസ്റ്റുകളും വഴി ഈ ഇനം വൈറസിനെ കണ്ടെത്താൻ തടസ്സമൊന്നുമില്ല എന്നാണ് ഇതു വരെയുള്ള അനുഭവമ്മ് വെച്ച് മനസ്സിലാക്കുന്നത്.
പൊതുവിൽ പറഞ്ഞാൽ, പുതിയ വൈറസ് ഉപ-ഗ്രൂപ്പിൻ്റെ ആവിർഭാവം കാരണം വലിയ ഭീതി ഉണ്ടാവേണ്ട കാര്യമില്ല. എന്നാൽ വൈറസ്സ് നമ്മുടെ സമൂഹത്തിൽ എത്താതിരിക്കുകയോ എത്തിയാൽ പടരാതിരിക്കുകയോ ചെയ്യാൻ വേണ്ടിയുള്ള പ്രതിരോധ പ്രവർത്തങ്ങൾ ചെയ്യുന്നത് ആവശ്യമാണു താനും.
ആശങ്ക വേണ്ട, പക്ഷെ കരുതൽ വേണം.