Read Time:13 Minute


ഡോ.യു.നന്ദകുമാർ

കോവിഡ് രോഗം പടർന്നു പിടിച്ച നാൾ മുതൽ നാം വാക്‌സിൻ എവിടെ വരെ ആയി എന്ന്  അന്വേഷിച്ചു കൊണ്ടിരുന്നു. വാക്‌സിൻ ഇന്ത്യയിൽ ഇനിയും എത്തിയിട്ടില്ല, എത്തും എന്നുറപ്പായി. അതിനകം തുടങ്ങുകയായി ഭീതി വിപണനം. നമ്മുടെ മുഖ്യധാരയിൽ സ്വാധീനമുള്ള മാതൃഭൂമി, മനോരമ എന്നീ മാധ്യമങ്ങളും ഇതിനകം വാക്സിൻ പേടി പൊതുബോധത്തിൽ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. അതിനാൽ വാക്സിൻ ഭീതി ചർച്ചാവിഷയം തന്നെ. വാക്‌സിൻ കയ്യെത്താവുന്ന ദൂരത്തെത്തുമ്പോളാണ് ഭീതി വിപണിയൊരുങ്ങുന്നത്. അതുവരെ അത് നിർജ്ജീവമായിരിക്കും. വാക്‌സിൻ വിരുദ്ധത മൂലം ഉണ്ടാക്കുന്ന ആശങ്കകളും ഭയവും ജനങ്ങളെ ശാസ്ത്രചിന്തയിൽ നിന്നകത്തി കപടശാസ്ത്രത്തിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്നു. കപടശാസ്ത്രം ലളിതവൽക്കരണത്തിലൂടെ അസംഭവ്യമായ കഥകൾക്ക് വിശ്വാസയോഗ്യം എന്ന് തോന്നിക്കുന്ന വിശദീകരണങ്ങൾ നൽകൂന്നു.

ഇപ്പോൾ പടർന്നു പിടിക്കുന്ന വാക്സിൻ വിരുദ്ധ കഥകൾ പരിശോധിക്കാം.

2. വാക്‌സിൻ സ്വീകരിച്ചു; പിന്നാലെ നഴ്‌സ്‌ കുഴഞ്ഞുവീണു.

“യു എസിൽ ഉടനീളം വാക്സിൻ സ്വീകരിച്ച ആളുകൾ ബോധരഹിതരാകുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നു എന്ന് റിപോർട്ടുകൾ ഉണ്ട്.” വാക്‌സിൻ വിരുദ്ധതയെ അനുകൂലിക്കുന്ന ഹാഷ് റ്റാഗുകളും ഒപ്പമുണ്ട്. ഇത് വായിക്കുന്നവർക്ക് എന്തോ ഭീകരാവസ്ഥ അമേരിക്കയിൽ ഉണ്ടായി വരുന്നു എന്നും ജനങ്ങൾ അരക്ഷിതരാകുന്നു എന്നും തോന്നാം. മാധ്യമപ്രവർത്തകർ അന്വേഷണം കൂടാതെ ഇത്തരം റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ നൈതികത പ്രസക്തമായ ഒരു ചോദ്യമാണ്. നമുക്ക് ലഭ്യമായ വിവരം പരിശോധിക്കാം.

ഏതാനും നാളുകൾക്ക് മുമ്പുള്ള കണക്കുകൾ അനുസരിച്ച് ഉദ്ദേശം 5,56,000 ഡോസ് വാക്‌സിനുകൾ നൽകിക്കഴിഞ്ഞു. ഇത് ആദ്യ ഇഞ്ചക്ഷൻ ആണ്. രണ്ടു ഡോസ് ആയാലേ വാക്‌സിൻ പൂർണ്ണമാകുകയുള്ളു. ആദ്യ ഡോസ് കിട്ടിയവരിൽ അഞ്ചു പേർക്ക് തീവ്രമായ അലർജി ഉണ്ടായി. മരണം ഉണ്ടായില്ല. അലർജി ഉണ്ടായ നാലു പേർക്ക് മറ്റു പദാർത്ഥങ്ങളോടും ചില മരുന്നുകളോടും അലർജി ഉണ്ടായ ചരിത്രം ഉള്ളവരാണെന്ന് കൂടുതൽ അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്.. മറ്റ് അലർജി രോഗങ്ങൾ ഉള്ളവർ തത്കാലം  മാറി നിൽക്കാൻ ഉപദേശിച്ചിട്ടുള്ളത് ഓർക്കുമല്ലോ. വാക്‌സിൻ റിസ്‌ക് ലക്ഷത്തിൽ ഒരാളിന് പോലും ഇല്ല1 എന്നല്ലേ ഇതിനർത്ഥം? ഇതിനു സമാനമായ റിയാക്ഷൻ മറ്റു മരുന്നുകളിലും കാണാറുണ്ട്.

ഫൈസർ വാക്സിൻ അതിന്റെ  വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ വാക്സിൻ റോൾഔട്ട് നടക്കുകയാണ്; അതായത് വാക്സിൻ സമൂഹത്തിൽ ഉപയോഗിക്കാൻ യുക്തമെന്നർത്ഥം. നാലാം ഘട്ടമെന്നു പൊതുവായി പറയുന്ന ഇക്കാലത്തും അതീവ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗരേഖയനുസരിച്ചാണ് ഇത് നടക്കുക. Adverse events following COVID-19 immunization (AEFIs) കണ്ടെത്തുന്നതും നിരീക്ഷിക്കുന്നതും ചെയ്യുന്നതിൻറെ രീതി ഇതിൽ പ്രതിപാദിക്കുന്നു. (വിശദവിവരങ്ങൾക്ക്)

ഇതനുസരിച്ചു വാക്സിൻ സ്വീകരിച്ചവർ തങ്ങൾക്കുണ്ടാകുന്ന എല്ലാ അസാധാരണ അനുഭവങ്ങളും റിപ്പോർട്ട് ചെയ്യണം. അപ്രകാരം റിപ്പോർട്ട് ചെയ്യുമ്പോൾ വാക്സിനുകൾക്ക് ഉണ്ടാകാവുന്ന സർവ്വസാധാരണമായ വ്യതിയാനങ്ങൾ പോലും റിപ്പോർട്ടിൽ ഇടം പിടിക്കും. ഉദാഹരണത്തിന് കുത്തിവെയ്പ്പ് എടുത്ത സ്ഥലത്ത് കാണുന്ന തടിപ്പ്, വേദന, ചൂട്, ഇവയെല്ലാം പ്രതികൂലാനുഭവങ്ങളായി (Adverse events) പരിഗണിക്കപ്പെടും. എന്നാൽ തീവ്ര പാർശ്വഫലങ്ങൾ പ്രത്യേക അന്വേഷണത്തിന് വിധേയമാകുകയും ചെയ്യും. (ഇതേപ്പറ്റി കൂടുതൽ അറിയാൻ):

ഇനി നമ്മുടെ വാർത്താ ചാനലുകളിൽ പ്രചാരം നേടിയ നഴ്സിന്റെ കഥ എന്താണെന്ന് നോക്കാം. റ്റിഫാനി ഡോവർ എന്ന നഴ്‌സ്‌ മാനേജർ വാക്‌സിൻ എടുത്തതിനു ശേഷം തല ചുറ്റി അടുത്തുനിന്ന ആളിന് മേൽ ചരിഞ്ഞു വീണു.നിമിഷങ്ങൾക്കുള്ളിൽ അവർ പൂർണ ആരോഗ്യവതിയായി പോകുകയും ചെയ്തു. സംഭവം ക്യാമറയിൽ റെക്കോർഡ് ചെയ്തവർ ചാനലുകളിൽ നൽകിയതാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. തനിക്ക് തലചുറ്റൽ വരിക പതിവുണ്ടെന്നും, വേദനയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ കുറഞ്ഞ സമയം തലചുറ്റൽ വന്നുപോകുമെന്നും റ്റിഫാനി തന്നെ വിശദീകരിച്ചു; എങ്കിലും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ ഇത്തരം വിവരങ്ങൾ മറച്ചുവെക്കുന്നു. സത്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല. (വിശദാംശങ്ങൾക്ക്)3

2.ലോക നേതാക്കളിൽ പ്രമുഖനായ ഒരു വാക്സിൻ വിരുദ്ധനാണു ബ്രസീലിയൻ പ്രസിഡണ്ട് ബോൾസനാരോ

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കോവിഡ് ലഘുവായ ഒരു ഫ്ലൂ മാത്രമാണ്. അദ്ദേഹം വാക്‌സിൻ സ്വീകരിക്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു. മാത്രമല്ല, വാക്‌സിൻ സ്വീകരിക്കുന്നവർ സ്വന്തം റിസ്കിൽ ആണ് വാക്‌സിൻ എടുക്കുന്നത് എന്ന രേഖ സമർപ്പിക്കുകയും വേണം. അയൽ രാജ്യങ്ങളായ അർജന്റീന, ചിലി എന്നിവ വാക്‌സിൻ പ്ലാൻ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴും ബ്രസീലിന്റെ വാക്‌സിൻ പ്ലാൻ തീർത്തും അവ്യക്തമായിരുന്നു. പ്രസിഡന്റിന്റെ നിലപാട് വാക്‌സിൻ വിരുദ്ധമാണെന്നറിഞ്ഞപ്പോൾ സുപ്രീം കോടതി വാക്സിൻ പദ്ധതി പ്രഖ്യാപിക്കാൻ ആവശ്യപ്പെടുകയും, ജില്ലാ ഭരണകൂടത്തിന് വാക്‌സിൻ വിതരണ പദ്ധതിയുമായി മുമ്പോട്ടു പോകാൻ അനുമതി നൽകുകയും ചെയ്തു. മറ്റു രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട വാക്‌സിൻ ബ്രസീലിലും അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി 10 – 1 എന്ന നിലയിൽ വിധി പ്രസ്താവിച്ചു. ഫൈസർ കമ്പനിയെ കളിയാക്കിക്കൊണ്ട് ബോൾസനാരോ പറഞ്ഞത്: ‘എന്ത് വന്നാലും ഫൈസർ ഉത്തരവാദിത്തം ഏൽക്കില്ല. പാർശ്വഫലങ്ങൾ നിങ്ങളുടെ മാത്രം പ്രശ്നമാകും. നിങ്ങൾ ചീങ്കണ്ണിയായാലോ, ആണുങ്ങൾ പെൺശബ്ദത്തിൽ സംസാരിച്ചാലോ, പെണ്ണുങ്ങൾക്ക് താടിമീശകൾ വന്നാലോ അവർ അസ്വസ്ഥരാകില്ല.” എന്നാണ്.

ബ്രസീലിൽ കോവിഡ് അവസ്ഥ ശുഭകരമല്ല. കോവിഡ് ഇതുവരെ 75 ലക്ഷം പേരെ ബാധിക്കുകയും 185000 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും നാളുകളിൽ ദിനം പ്രതി ഏതാണ്ട് 50000 പേർ രോഗബാധിതർ ആവുകയും ഏതാണ്ട് 1000 പേർ മരിക്കുകയും ചെയ്യുന്നു. ഇത്തരം യാഥാർഥ്യങ്ങൾക്ക് മുന്നിലാണ് രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ പരസ്യമായി വാക്‌സിൻ വിരുദ്ധത രാഷ്ട്രനയമാക്കാൻ ശ്രമിക്കുന്നത്. (കൂടുതൽ വിവരങ്ങൾക്ക്)5

3. മൈക്രോചിപ്സ് / ക്വാണ്ടം ഡോട്ട്സ്

അനേക മാസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ചുറ്റി നടക്കുന്ന വ്യാജവാർത്തയാണ് വാക്‌സിനുകളിൽ മൈക്രോചിപ്‌സ്‌ അടങ്ങിയിട്ടുണ്ട് എന്നത്. ഈ കപടശാസ്ത്ര സിദ്ധാന്തമനുസരിച്ചു ശരീരത്തിൽ കടന്നാൽ ചിപ്പുകള്‍ പ്രവർത്തിച്ചു തുടങ്ങുകയും 5G ആന്റീന പോലെ ദുരരെനിന്നും സിഗ്നലുകൾ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യും. ഇതിന്റെ പ്രതി സ്ഥാനത്ത് ബിൽ ഗേറ്റ്സ് ആണ്. വികസ്വര രാജ്യങ്ങളിൽ വാക്‌സിൻ നൽകുന്നതിനുള്ള സഹായമായി 160 കോടി അമേരിക്കൻ ഡോളർ ബിൽ ഗേറ്റ്സ് വാഗ്‌ദാനം ചെയ്തിരുന്നു; അതിനു ശേഷമാണ് ഗൂഢാലോചന സിദ്ധാന്തം രൂപപ്പെട്ടത്.

വാക്‌സിൻ ഗവേഷണകാലത്ത്  വാക്‌സിൻ സുരക്ഷക്കായി വേണമെങ്കിൽ സിറിഞ്ചിൽ ബാർകോഡ് ചെയ്യാമെന്ന് Apiject എന്ന സിറിഞ്ച് ഉത്പാദകർ അഭിപ്രായപ്പെട്ടിരുന്നു. അതാണ് വ്യാജവാർത്തയ്ക്ക് കാരണമായത് എന്ന കരുതപ്പെടുന്നു. ഫൈസറും മോഡെർണയും ഇതിനകം വാക്‌സിനിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് അറിയിച്ചുകഴിഞ്ഞു. (കൂടുതൽ വിവരങ്ങൾ):4

കേരളത്തിലെ ഗൂഢാലോചന സിദ്ധാന്തക്കാർ ചെറിയ മാറ്റം വരുത്തിയാണ് ഇതേ ആശയം അവതരിപ്പിക്കുന്നത്. വാക്സിൻ അവരുടെ പദ്ധതികളെ തകിടം മറിക്കുമെന്ന് കാണുന്ന ചില സമാന്തര വൈദ്യ ശാഖകൾ ഇതിന് പിന്തുണ നൽകുന്നു.  ക്വാൻഡം ഡോട്ട്സ് എന്നാൽ സെമികണ്ടക്ടർ സ്വഭാവമുള്ള നാനോ ക്രിസ്റ്റലുകൾ ആണ് അവ. ത്രിമാന സ്പേസിൽ പ്രവർത്തിക്കുന്ന കണികകൾ ആയ നാനോക്രിസ്റ്റലുകൾ ഉപയോഗപ്പെടുത്തി വലിയ തന്മാത്രകളെ ലേബൽ ചെയ്യാനും അവയുടെ പാത പിന്തുടരാനും സാധി‌ക്കും.

വാക്‌സിൻ വ്യാപനപഠനങ്ങൾക്കും വൈറസിനെ നിർജീവമാക്കാനും ഇതുപയോഗിക്കാം. ഇനിയും വളരെ മുന്നോട്ടു പോകാനുള്ള ഗവേഷണമേഖലയാണിത്. (കൂടുതൽ വിവരങ്ങൾക്ക്:)6  അവരുടെ അഭിപ്രായത്തിൽ ക്വാൻഡം ഡോട്ട്സ് പ്രവർത്തിക്കുന്നത് മൈക്രോചിപ്‌സ്‌ പോലെതന്നെ..നമ്മുടെ ശരീരത്തിലെ വിവരങ്ങൾ ബിൽ ഗേറ്റ്സ് നു തന്നെ ലഭിക്കും. ഇത്തരം അന്ധവിശ്വാസങ്ങൾ കുറേശ്ശെ വർധിച്ചു വരുന്നതായാണ് നമുക്ക് തോന്നുക.

എന്തായാലും വാക്സിൻ വിരുദ്ധതയും വാക്സിന് എതിരായ പ്രവർത്തനവും ശക്തമായി നേരിടേണ്ട കാര്യങ്ങൾ തന്നെയാണ്.


  1. ഒരു ലക്ഷത്തിൽ ഒരാളിനെ പാർശ്വഫലം ഉണ്ടായുള്ളൂ എന്നല്ല, Severe dverse reactions ഉണ്ടായത് എന്നാണ്. ഫൈസർ വാക്സിൻ മൂന്നാം ഘട്ട പഠനം പൂർത്തിയാക്കിയ ശേഷം സമൂഹത്തിൽ വിതരണം ചെയ്യുകയാണിപ്പോൾ. ഇതിലെ ആദ്യ വർഷങ്ങൾ നാലാം ഘട്ടമെന്നും അറിയപ്പെടുന്നു. ഈ ഘട്ടത്തിൽ സർവെയ്‌ലൻസ് ആണ് ചെയ്യുക. അഞ്ചു ലക്ഷത്തിൽ അഞ്ചുപേർ എന്നത് സർവെയ്‌ലൻസ് റിപ്പോർട്ടിൽ വരുന്നതാണ്. ഉദ്ദേശം 70 – 80% പേർക്കും എന്തെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടാകാം. അതിൽ ഗൗരവമുള്ളത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. പൂർണ റിപ്പോർട്ട് ഈ ലിങ്കിൽ ഉണ്ട്. https://www.cdc.gov/vaccines/covid-19/info-by-product/pfizer/reactogenicity.html
  2. സമൂഹത്തിൽ പ്രയോഗത്തിൽ വരുന്നതിനും പാർശ്വ ഫലങ്ങൾ കണ്ടെത്തുന്നതിനും ലോകാരോഗ്യ സംഘടനയുടെ മാർഗരേഖ
  3. Fact check: Nurse who fainted after COVID-19 vaccine has an underlying health condition
  4. Microchips? Nope. Here’s The Full List of Ingredients in The COVID-19 Vaccines
  5. Bolsonaro Injects Anxiety Into Brazil As It Waits for a Vaccine
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് വൈറസിന്റെ പുതിയ ഉപവിഭാഗം – ആശങ്ക വേണ്ട, കരുതൽ വേണം
Next post ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം
Close