ഡോ. അരുണ്‍ മംഗലത്ത്
ഇന്‍ഫോക്ലിനിക്ക്
ആൻറിബയോട്ടിക് മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം ഉയർത്തുന്ന ഭീഷണി വളരെ ഗൗരവമായാണ് കാണേണ്ടത്.. ആന്‍റിബയോട്ടിക് അവബോധവാരത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ ലേഖനം.
രണ്ടാംലോകമഹായുദ്ധത്തിൽ വെടിയുണ്ട മുതൽ ആണവായുധം വരെ പലതരം ആയുധങ്ങൾ പരീക്ഷിക്കപ്പെട്ടെങ്കിലും അതിൽ മാന്ത്രികവെടിയുണ്ട ( മാജിക് ബുള്ളറ്റ് ) ഒന്നേ ഉണ്ടായിരുന്നുള്ളൂ. പെൻസിലിൻ. ബാക്ടീരിയൽ അണുബാധകൾക്കെതിരെ ശക്തമായ പ്രതിരോധം. പരിക്കേറ്റതും അവയവങ്ങൾ നഷ്ടപ്പെട്ടതുമായ അനേകായിരം ആളുകളുടെ ജീവൻ രക്ഷിച്ച ദിവ്യാമൃതം. പെൻസിലിന്റെ കണ്ടെത്തലോടെ ബാക്ടീരിയൽ അണുബാധകളെയെല്ലാം എന്നന്നേക്കുമായി കീഴടക്കി എന്ന് മനുഷ്യൻ അഹങ്കരിച്ചുവെങ്കിലും തിരിച്ചടി നേരിടാൻ അധികകാലം വേണ്ടിവന്നില്ല. 1928 അലക്സാണ്ടർ ഫ്ലെമിംഗ് കണ്ടെത്തിയ പെനിസില്ലിൻ 1940കളോടെ മനുഷ്യരിൽ വിജയകരമായി ഉപയോഗിച്ചുതുടങ്ങിയെങ്കിലും ഒരു പതിറ്റാണ്ടിനുള്ളിൽ തന്നെ ഈ ആൻറിബയോട്ടിക്കിനെ എതിർത്തു നിൽക്കാൻ പ്രാപ്തിയുള്ള അണുക്കൾ രംഗത്തെത്തി. ഗവേഷണങ്ങളിലൂടെ പുതിയ ആൻറിബയോട്ടിക് വികസിപ്പിച്ചെടുക്കാൻ സാധിച്ചെങ്കിലും 1962 ആയപ്പോഴേക്കും MRSA എന്ന അതിഭീകരമായ ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കൾ രംഗപ്രവേശം ചെയ്തു. തുടർന്ന് സർക്കാർ സഹായത്തോടെയും അല്ലാതെയും വിവിധ കമ്പനികൾ ധാരാളം ആൻറിബയോട്ടിക്കുകൾ വികസിപ്പിച്ചെങ്കിലും ഇന്ന് നിലവിലുള്ള മിക്കവാറും എല്ലാ ആൻറിബയോട്ടിക്കുകൾക്കുമെതിരെ പ്രതിരോധമുള്ള രോഗാണുക്കൾ നമുക്കു ചുറ്റുമുണ്ട്. 1972ൽ ഉപയോഗിച്ചുതുടങ്ങിയ വാങ്കോമൈസിൻ എന്ന ആൻറിബയോട്ടിക് മിക്കവാറും എല്ലാ ബാക്ടീരിയകളെയും കൊല്ലും എന്നു വിശ്വസിച്ചു പോന്നിരുന്നു എങ്കിലും വെറും ഏഴ് വർഷത്തിനുള്ളിൽ ഈ ആൻറിബയോട്ടിക്കിനെതിരേ പ്രതിരോധശേഷിയുള്ള രോഗാണുക്കൾ ഉള്ളതായി കണ്ടെത്തപ്പെട്ടു. ഈ വെല്ലുവിളി നേരിടാൻ 1980കളിൽ മരുന്നുകമ്പനികൾ ധാരാളം നൂതനവും ശക്തവുമായ ആൻറിബയോട്ടിക്കുകൾ കണ്ടെത്തുകയുണ്ടായി. എന്നാൽ ഈ കാലയളവിനു ശേഷം പുതുതായി കണ്ടെത്തുന്ന ആൻറിബയോട്ടിക്കുകളുടെ എണ്ണം കുറയുകയും പ്രതിരോധം കൂടുതൽ അപകടകരമായ ഒരു വെല്ലുവിളിയായി മാറുകയും ചെയ്തു. ഇന്ന് വീണ്ടും നാം പഴയതുപോലെ ബാക്ടീരിയൽ അണുബാധകളെ പേടിക്കാൻ തുടങ്ങിയിരിക്കുന്നു.
ഉപയോഗവും ദുരുപയോഗവും
വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും കാർഷികരംഗത്തും മൃഗം വളർത്തലും വ്യാപകമായി ആൻറിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയിൽ നിർമ്മിക്കപ്പെടുന്ന 80% ആൻറിബയോട്ടിക്കുകളും മൃഗങ്ങളിൽ ഉപയോഗിക്കാനാണ് വിതരണം ചെയ്യപ്പെടുന്നത് എന്നു സൂചിപ്പിക്കുന്ന കണക്കുകളുണ്ട്. അവയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മാംസത്തിന്റെ അളവു കൂട്ടാനുമാണ് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കപ്പെടുന്നത്. ഇത് മൃഗങ്ങളിൽ പ്രതിരോധശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. സാവധാനം ഈ രോഗാണുക്കൾ മനുഷ്യരിലും എത്തുന്നു. ഇവ മൂലമുണ്ടാകുന്ന അണുബാധകൾ ഗുരുതരമാകാം. ഇത്തരത്തിൽ കാലികൾക്കും മറ്റും നൽകുന്ന ആൻറിബയോട്ടിക്കുകൾ അവയുടെ മലത്തിലൂടെ മൂത്രത്തിലൂടെയും മണ്ണിലെത്തുമ്പോൾ വ്യാപകമായ പ്രതിരോധശേഷി ബാക്ടീരിയകൾക്ക് ലഭിക്കുന്നു . ടെട്രാസൈക്ലിൻ, സ്റ്റ്രെപ്റ്റോമൈസിൻ തുടങ്ങിയ ആൻറിബയോട്ടിക് മരുന്നുകൾ ഫലവൃക്ഷങ്ങൾക്കുമേൽ സ്പ്രേ ചെയ്യുന്ന തെറ്റായ രീതിയും നിലവിലുണ്ട്. കീടനാശിനി എന്ന നിലയിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ എല്ലാതരം രോഗാണുക്കളും ഈ ആൻറിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം നേടാനുള്ള സാഹചര്യം നമ്മൾ തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ട്.
ഇതിനുപുറമേ മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞു വരുന്ന പ്രശ്നവും നാം നേരിടുന്നു. അണുനാശിനികളുടെ വ്യാപകമായ ഉപയോഗം കാരണം സാധാരണ ഗതിയിൽ കാണപ്പെടുന്ന നിരുപദ്രവകാരികളായ സൂക്ഷ്മജീവികളുമായിപ്പോലും മനുഷ്യർ സമ്പർക്കത്തിൽ വരുന്നില്ല. ഇത്തരത്തിൽ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ദുർബ്ബലമാകുമ്പോൾ തീർത്തും നിസ്സാരമായ രോഗാണുക്കൾ വളരെ ഗുരുതരമായ അണുബാധ ഉണ്ടാക്കിയേക്കാം.
പുതിയ ആൻറിബയോട്ടിക്കുകൾ എവിടെ ?
കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി ആൻറിബയോട്ടിക്കുകൾക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധശേഷിയ്ക്കെതിരെ നാം പിടിച്ചുനിന്നത് പുതിയ ആൻറിബയോട്ടിക്കുകൾ കണ്ടുപിടിച്ചു കൊണ്ടാണ്. എന്നാൽ മരുന്ന് ഗവേഷണങ്ങളോടുള്ള ജനങ്ങളുടെയും ഭരണകൂടങ്ങളുടെയും പ്രതിപത്തിക്കുറവും സാമ്പത്തിക സാഹചര്യങ്ങൾ പ്രതികൂലമായതും മൂലം കൊല്ലം ലോകത്തെ 18 പ്രധാന മരുന്നുകമ്പനികളിൽ 15 എണ്ണവും ഈ രംഗത്തെ ഗവേഷണങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്. താരതമ്യേന കുറഞ്ഞ കാലത്തേക്ക് മാത്രം ഉപയോഗിക്കേണ്ടതും മിക്കവാറും അവസരങ്ങളിൽ രോഗം പൂർണമായും മാറ്റാവുന്നതുമായ മരുന്നുകളായ ആൻറിബയോട്ടിക്കുകൾ നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ലാഭം ദീർഘകാലം ഉപയോഗിക്കേണ്ട വിലകൂടിയ മരുന്നുകളായ ക്യാൻസർ മരുന്നുകൾ,ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയിൽ നിന്നു ലഭിക്കുന്ന ലാഭത്തോടു താരതമ്യപ്പെടുത്തിയാൽ വളരെ കുറവാണ് എന്നതാണ് മറ്റൊരു കാരണം. കൂടാതെ, പുതിയ ആൻറിബയോട്ടിക്കുകളെ കൂടുതൽ ഭീകരമായ രോഗാണുക്കളെ നേരിടാൻ വേണ്ടി സൂക്ഷിച്ചു വയ്ക്കുന്നതിനാൽ അവയുടെ വിപണനം കുറയുന്നതും തൽഫലമായി കമ്പനികൾക്കു ലഭിക്കുന്ന വിറ്റുവരവ് കുറയുന്നതും അവരെ നിരുത്സാഹപ്പെടുത്തുന്നു. ഏതു നിമിഷവും ഈ മരുന്നിനെതിരെ രോഗാണുക്കൾ പ്രതിരോധം നേടാം എന്നത് മരുന്നിൻറെ ഉപയോഗത്തെ അപ്പാടെ ഇല്ലാതാക്കാം എന്ന സാഹചര്യവുമുണ്ട്. ഇത്തരം നഷ്ടങ്ങൾ ഭയന്നു സ്വകാര്യകമ്പനികൾ മിക്കതും പുതിയ മരുന്നുകളുടെ കണ്ടെത്തലിൽ നിന്ന് പിന്നാക്കം പോകുകയാണ്. സർക്കാർ ഈ രംഗത്തേക്ക് കടന്നെത്തി പുതിയ ഗവേഷണങ്ങൾ നടത്തുന്നതുമില്ല.
ഭാവിയുടെ ഭീഷണി.
ആൻറിബയോട്ടിക് മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം ഉയർത്തുന്ന ഭീഷണി വികസിതരാജ്യങ്ങൾ വളരെ ഗൗരവമായാണ് കാണുന്നത്. എച്ച്ഐവി- എയ്ഡ്സ്, പാർക്കിൻസൺ രോഗം, എംഫിസീമ, കൊലപാതകം എന്നിവ കാരണം മരണപ്പെടുന്നവരുടെ എണ്ണം ഒരുമിച്ചു കൂടിയാൽ പോലും ആൻറിബയോട്ടിക്കുകളോട് പ്രതിരോധം നേടിയ ഒരു സുപ്രധാന രോഗാണുവായ എം.ആർ.എസ്.എ കാരണം മരണപ്പെടുന്ന ആളുകളുടെ എണ്ണത്തോടൊപ്പം എത്താനാവില്ല. വികസ്വര രാജ്യങ്ങൾ നേരിടുന്നത് കൂടുതൽ വലിയ ഭീഷണിയാണ്. ക്ഷയരോഗാണു പോലെ നമ്മുടെ നാട്ടിൽ സാധാരണമായ രോഗാണുക്കൾ ആൻറിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം നേടുന്നത് വളരെ വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു ലോകാരോഗ്യസംഘടന 2015 മുതൽ എല്ലാ നവംബർ മാസത്തിൽ ഒരാഴ്ച ലോക ആൻറിബയോട്ടിക് അവബോധ ദിനമായി ആചരിക്കുന്നത്. ഏതാനും ലളിതമായ ചില നിർദ്ദേശങ്ങൾ പാലിക്കുക വഴി ആൻറി മൈക്രോബിയൽ പ്രതിരോധത്തെ തടഞ്ഞുനിർത്താൻ സാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന അവകാശപ്പെടുന്നത്.
- കൃത്യമായി വാക്സിനുകൾ സ്വീകരിക്കുക. – വാക്സിനുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അതുവഴി ആൻറി മൈക്രോബിയൽ മരുന്നുകളുടെ ആവശ്യം കുറയ്ക്കുകയും ചെയ്യുന്നു.
- ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക – ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നതു മുതൽ പാകം ചെയ്യുന്നതും കഴിക്കുന്നതും വരെ അവ രോഗാണുക്കളുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാരകമായ ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനും അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
- കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. – ആശുപത്രികളിൽ മുതൽ വീടുകളിൽ വരെ അണുബാധ തടയുന്നതിന് പ്രയോഗിക്കാവുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ് കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നത്. ആൻറിബയോട്ടിക് പ്രതിരോധം തടയുന്നതിന് ഒരുപക്ഷേ ഏറ്റവും ഫലപ്രദമായ നടപടി ഇതായിരിക്കും എന്നാണ് ലോകാരോഗ്യസംഘടനയുടെ അഭിപ്രായം.
- ശുദ്ധമായ കുടിവെള്ളവും മാലിന്യ നിർമാർജ്ജനവും – കുടിവെള്ളം മലിനമാകാതെ അണുവിമുക്തമായ രീതിയിൽ വിതരണം ചെയ്യാനും ഉപയോഗിക്കാനുമുള്ള സംവിധാനം ഒരുക്കുകയും മലിനവസ്തുക്കൾ കൃത്യമായി നിർമാർജനം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നത് അണുബാധകളും അതുവഴി ആൻറിബയോട്ടിക്കുകൾ ഉപയോഗവും കുറയ്ക്കും
- സുരക്ഷിതമായ ലൈംഗികത – ലോകത്ത് ഓരോ വർഷവും 10 ലക്ഷത്തോളം ആളുകൾക്ക് ലൈംഗികരോഗങ്ങൾ പകരുന്നു എന്നാണ് കണക്ക്. ഉറ പോലെയുള്ള സംവിധാനങ്ങളുടെ ഉപയോഗം വഴി ഇവ പകരുന്നത് ഏതാണ്ട് പൂർണമായും തടയാൻ സാധിക്കും.
- ആൻറിബയോട്ടിക്കുകളുടെ ഉപയോഗം സസൂക്ഷ്മം നിരീക്ഷിക്കുക. –അനിയന്ത്രിതമായ അശാസ്ത്രീയവുമായ ആൻറിബയോട്ടിക് ഉപയോഗം തടയാൻ വേണ്ട നടപടികൾ സർക്കാരും പൊതുജനങ്ങളും സ്വീകരിക്കേണ്ടതാണ്.
ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന പ്രശ്നത്തെ നാം ഇനിയും ഗൗരവമായി നേരിട്ടില്ലെങ്കിൽ നൂറു കൊല്ലം മുൻപുണ്ടായിരുന്നപോലെ ബാക്റ്റീരിയൽ അണുബാധകൾക്കുമുന്നിൽ വാലും ചുരുട്ടി ഓടേണ്ട അവസ്ഥ നമുക്കു വരാം. അതുകൊണ്ട് സ്വന്തം വീട്ടിൽ ആരംഭിക്കാവുന്ന മുൻ നമുക്കു തുടങ്ങാം.