‘The Forest Unseen’ എന്ന തന്റെ ആദ്യപുസ്തകത്തിലൂടെ ലോകപ്രശസ്തനായ ബ്രിട്ടീഷ്-അമേരിക്കൻ ജീവശാസ്ത്രജ്ഞൻ ഡേവിഡ് ജോർജ് ഹാസ്കൽ (David George Haskell) ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പ്രകൃതിശാസ്ത്രസംബന്ധിയായ മികച്ച പുസ്തകങ്ങൾക്ക് നൽകപ്പെടുന്ന ജോൺ ബറോസ് മെഡൽ 2018ൽ ഈ പുസ്തകം നേടുകയുണ്ടായി.
വൃക്ഷങ്ങൾക്ക് പറയാനുള്ള കഥകൾ എന്ന് കേൾക്കുമ്പോൾ കാട്ടിലെ വൃക്ഷങ്ങൾ മാത്രമാണെന്ന് വിചാരിക്കരുത്. മൂന്നു ഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ, ആദ്യഭാഗത്ത് വനവൃക്ഷങ്ങളും രണ്ടാം ഭാഗത്ത് അത്യപൂർവ്വമായ പുരാതന വൃക്ഷങ്ങളും മൂന്നാം ഭാഗത്ത് നഗരവൃക്ഷങ്ങളും കഥകളുടെ ലോകം തീർക്കുന്നു. പ്രകൃതിയിൽ ഒന്നും ഒറ്റയായി നിലനിൽക്കുന്നില്ല. മരവും മഴയും സസ്യജന്തുജാലങ്ങളും കാറ്റും വെളിച്ചവും മനുഷ്യനുമെല്ലാം അദൃശ്യമായ ചില നൂലിഴകളിലൂടെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയം.
പുസ്തകം ആരംഭിക്കുന്നത് ഇക്വഡോറിലെ സെയ്ബോ (Ceibo) മരങ്ങളിൽനിന്നുമാണ്. വനത്തിലെ മറ്റുവൃക്ഷങ്ങളേക്കാൾ ഉയരത്തിൽ വളരുന്ന ഈ ഭീമാകരൻ മരം തന്റെ തലപ്പുകളിൽ പ്രത്യേകമായ ചെറുആവാസവ്യവസ്ഥകൾ പോലും സൃഷ്ടിക്കുന്നു. അപൂർവയിനം സസ്യങ്ങളും ജന്തുക്കളും ചെറുഅരുവികളും അനേകം സൂക്ഷ്മ-കാലാവസ്ഥകളും (Micro-climates) അടങ്ങിയ ഈ ആവാസവ്യവസ്ഥകൾ നേരിട്ട് കണ്ടിട്ടുള്ളവർ ശാസ്ത്രജ്ഞരിൽപോലും ചുരുക്കം. മഴപെയ്യുമ്പോൾ കാട് കൂടുതൽ സുന്ദരി ആകുന്നു. സെയ്ബോ മരങ്ങളുടെ ഓരോ തട്ടിലൂടെയും മഴവെള്ളം വീഴുകയും ഒലിച്ചിറങ്ങുകയും ചെയ്യുമ്പോഴുണ്ടാകുന്ന ശബ്ദവിന്യാസങ്ങൾ വായനക്കാരന് കാതോർത്ത് കേൾക്കാവുന്ന വിധം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ഓരോ വൃക്ഷവും അതിനോട് ബന്ധപ്പെട്ടുനിൽക്കുന്ന ജീവികളുടെയും പരിസ്ഥിതിയുടെയും ഓർമ്മകൾ സൂക്ഷിക്കുന്നു. ഉദാഹരണമായി ഒന്റാരിയോയിലെ ബൽസാം ഫിർ മരങ്ങളെക്കുറിച്ച് (Balsam Firs of Ontario) വിവരിക്കുമ്പോൾ ഒരു പുഴു തന്റെ ഇല തിന്നുന്നതുപോലും മരം ഓർത്തുവെക്കുകയും ഈ ഓർമ്മകൾ തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്നതായി പറയുന്നു. സൂര്യപ്രകാശം, ഗുരുത്വാകർഷണം, ചൂട്, ധാതുക്കൾ എന്നിവയുടെ ലഭ്യതയും, മണ്ണിലെ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും സാന്നിധ്യവും, വേരുകളിലും ശാഖകളിലും ഓർമ്മകളായി സൂക്ഷിക്കപ്പെടുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്നത് ഇപ്പോഴും ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. എപ്പിജനറ്റിക് വ്യതിയാനങ്ങൾ (Epigenetic variations) വഴിയാണെന്ന് ശാസ്ത്രാനുമാനം.
ഓരോ വൃക്ഷത്തെക്കുറിച്ച് പറയുമ്പോഴും അതുമായി ബന്ധപ്പെട്ടുജീവിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളും കഥകളും എഴുത്തുകാരൻ തുറന്നു കാണിക്കുന്നു. സെയ്ബോ മരത്തെ ജീവവൃക്ഷമായി കാണുകയും അവയുടെ സംരക്ഷണത്തിനായി പോരാടുകയും ചെയ്യുന്ന വൗരാനി (Waorani) ഗോത്രത്തിന്റെ കഥ. കൊടുംശൈത്യത്തിലും വളരുന്ന യൂറോപ്യൻ ഹെയ്സൽ നട്ട് (European Hazelnut) മരങ്ങളെ കൂട്ടുപിടിച്ച് മനുഷ്യവാസം ഇല്ലാതിരുന്ന ആദിമ സ്കോട്ട്ലൻഡിൽ ആദ്യമായി വാസമുറപ്പിച്ച പ്രാചീന മനുഷ്യരുടെ കഥ. യുദ്ധഭീതി ഒഴിയാത്ത ഇസ്രായേൽ-പാലസ്തീൻ അതിർത്തി പ്രദേശങ്ങളുടെയും അവിടെ ഒലീവ് മരങ്ങളെമാത്രം ആശ്രയിച്ചുജീവിക്കുന്ന കർഷകരുടെയും കഥ. ഇങ്ങനെ അതിശയകരവും ഹൃദയസ്പർശിയുമായ ധാരാളം കഥകൾകൊണ്ട് സമ്പന്നമാണ് ഈ പുസ്തകം.
പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കൗതുകകരമായ ചില ആശയങ്ങൾ പങ്കുവെക്കുന്നുണ്ട് എഴുത്തുകാരൻ. അതിൽ പ്രധാനം പ്രകൃതിയുടെ മനോഹാരിതയെ കണ്ടാസ്വദിക്കാനുള്ള കണ്ണുകൾ ഉണ്ടാവുക എന്നതാണ്. അപ്പോൾ പ്രകൃതിയുമായി ഒരു ആത്മബന്ധം രൂപപ്പെടുകയും പ്രകൃതിസംരക്ഷണം വ്യക്തിപരമായ ഒരു ഉത്തരവാദിത്തമായി തോന്നുകയും ചെയ്യും. പാരിസ്ഥിതിക സൗന്ദര്യശാസ്ത്രം (Ecological Aesthetics) എന്ന ഈ ആശയമാണ് പ്രകൃതി സംരക്ഷണത്തിൽ എല്ലാവരെയും ഉൾപ്പെടുത്താനുള്ള ഒരു മാർഗ്ഗം. മറ്റൊരു രസകരമായ ആശയം പ്രകൃതി സംരക്ഷണത്തിൽ നഗരങ്ങൾക്ക് പ്രാധാന്യമുണ്ട് എന്നതാണ്. എല്ലാ മനുഷ്യരും ഗ്രാമങ്ങളിലും വനങ്ങളിലും ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടാൽ വൈകാതെ അവയെല്ലാം നശിച്ചു നഗരങ്ങളായി മാറില്ലേ?
ഭാഷയുടെ കാവ്യാത്മകഭംഗികൊണ്ട് വശ്യമാണ് ഈ പുസ്തകം. റേച്ചൽ കാർസന്റെ പുസ്തകങ്ങളിലേതുപോലെയുള്ള കാവ്യാത്മകമായ രചനാരീതിയാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്. വായനയുടെ പലഘട്ടങ്ങളിലും ഇതൊരു ശാസ്ത്രപുസ്തകമാണെന്ന് തോന്നുകയേയില്ല. പകരം സാഹിത്യഭംഗിയുള്ള ഒരു സർഗാത്മകരചന പോലെയാകും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ശാസ്ത്രകുതുകികൾക്ക് മാത്രമല്ല സർഗാത്മകസാഹിത്യം ഇഷ്ടപ്പെടുന്ന ഏവർക്കും ഇതൊരു മറക്കാനാവാത്ത വായനാനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല.