കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന ഉത്തരവാദിത്തങ്ങൾ നൽകുന്നതിനുള്ള സർക്കാർ തീരുമാനം ശ്ലാഘനീയമാണ്. പുതിയ ദുരന്തങ്ങൾ ഉൾപ്പെടെ, ഏത് വരുന്ന ദുരന്തങ്ങളേയും നേരിടുന്നതിന് പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും എന്നത് മുൻപ് നിരവധി സംവാദങ്ങളിൽ സൂചിപ്പിക്കപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ പ്രളയ കാലം വരെ ദുരന്ത നിവാരണ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല റവന്യൂ സംവിധാനത്തിൽ നിക്ഷിപ്തം ആയിരുന്നു. 2019 ൽ പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ പദ്ധതികൾ തയ്യാറാക്കുന്നതോടെ ഇതിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇതോടെ ദുരന്ത മാനേജ്മെന്റിന്റെ മൂലസ്ഥാനത്തേക്ക് പ്രാദേശിക സർക്കാരുകൾ കടന്നു വരുന്നു.
കൊറോണക്കാലത്തെ വെല്ലുവിളികൾ
കൊറോണ സാമൂഹിക വ്യാപന സാദ്ധ്യതയുള്ള ഒരു രോഗം എന്ന നിലയിൽ അതീവ അപകടകാരിയായ ഒന്നാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമെ ഇതിനെ നേരിടാനാകൂ എന്ന് പൊതു ജനാരോഗ്യ വിദഗ്ദ്ധരും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി കഴിഞ്ഞു. ജനതയുടെ നിത്യജീവിത പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ് പ്രതിരോധത്തിൽ ഏറ്റവും വലിയ വെല്ലുവിളി. ഇതോടൊപ്പം സമ്പൂർണ്ണ അടച്ചിടലിലൂടെ ജനങ്ങളാകെ വീട്ടിൽ ഇരിക്കേണ്ടി വരുമ്പോൾ അവരുടെ അതിജീവനം ഉറപ്പാക്കുക എന്ന വലിയ വെല്ലുവിളിയും സർക്കാരുകൾക്ക് നേരിടേണ്ടി വരുന്നു.
ജനങ്ങൾ ആവശ്യമായ പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും, അവർക്ക് ആവശ്യമായ പിന്തുണകൾ എത്തിക്കുന്നതിനും ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നത് ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾക്കാണ്. ഈ അർത്ഥത്തിൽ പ്രാദേശിക സർക്കാരുകളുടെ പൊതുജനാരോഗ്യ ദുരന്ത കാലത്തെ പങ്ക് നിർണ്ണായകമാണ്. ജനങ്ങളും സർക്കാരും തമ്മിലുള്ള വിടവ് നികത്തുന്ന ഒരു ജനകീയ പാലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയും.
കേരളത്തിന് പുറത്തു നിന്നും, വിശിഷ്യാ വിദേശത്തു നിന്നും വന്നവരിലൂടെയാണ് കേരളത്തിൽ രോഗ വ്യാപനത്തിന്റെ തുടക്കം. ഈ സാഹചര്യത്തിൽ അവരെ കണ്ടെത്തൽ, ആവശ്യമായ പിന്തുടരൽ, നിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കൽ തുടങ്ങി രോഗ വാഹക സാദ്ധ്യതയുള്ളവരുടെ കൃത്യമായ വിവര ശേഖരണവും , തുടർച്ചയായ പിന്തുടരലും കൊറോണ വ്യാപനം തടയുന്നതിൽ വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങൾ ആണ്.
പ്രാദേശിക സർക്കാരുകളും പൊതു ജനാരോഗ്യവും
73,74 ഭരണ ഘടന ഭേദഗതികൾ അനുസരിച്ച് പ്രാദേശിക സർക്കാരുകൾക്ക് 29 ഇടപെടൽ മേഖലകളിൽ അധികാരങ്ങൾ കൈമാറിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായ മേഖലകളിൽ ഒന്നാണ് പൊതുജനാരോഗ്യം. 1995ലെ സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളുടേയും, ഉപ കേന്ദ്രങ്ങളുടേയും ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്. ഇതോടൊപ്പം ഓരോ തദ്ദേശ സ്ഥാപനത്തിനും കീഴിൽ വരുന്ന 20 മുതൽ 30 വരെയുള്ള അംഗൻവാടി ശൃംഖലയും ആരോഗ്യ സംരക്ഷണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ഓരോ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലും 10 മുതൽ 20 വരെ ജീവനക്കാർ പ്രവർത്തിക്കുന്നു. ഇതോടൊപ്പം സന്നദ്ധ പ്രവർത്തകരും പ്രാദേശിക ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.
ഇതോടൊപ്പം സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ ശൃംഖലയായ കുടുംബശ്രീ സംവിധാനത്തിലും ഒരോ യൂണിറ്റിന് ഒന്ന് എന്ന തോതിൽ ആരോഗ്യ വളണ്ടിയർമാർ ഉണ്ട്. ശരാശരി 200 കുടുംബശ്രീ യൂണിറ്റുകൾ ഓരോ പഞ്ചായത്തിലും പ്രവർത്തിക്കുന്നു. ഇതെല്ലാം ചേർന്നാൽ ഏറ്റവും ചുരുങ്ങിയത് 25o ആരോഗ്യ പ്രവർത്തകരെയെങ്കിലും അവശ്യ ഘട്ടങ്ങളിൽ കർമ്മ നിരതരാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിശിഷ്യ, പഞ്ചായത്തുകളിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങൾക്ക് ഒരു സ്റ്റാന്റിങ് കമ്മറ്റി പ്രവർത്തിക്കുന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഒരു പ്രാദേശിക സർക്കാരിന്റെ ആരോഗ്യ മന്ത്രിയാണ്. അതത് പ്രാദേശിക സർക്കാർ, പ്രദേശത്തെ ജനതയുടെ ആരോഗ്യ സ്ഥിതി വിവര ശേഖരണം, ആരോഗ്യ സുരക്ഷാ പദ്ധതികളുടെ രൂപീകരണം, നടത്തിപ്പ് എന്നിവ പ്രാദേശിക സർക്കാരുകളുടെ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റികളുടെ ചുമതലയാണ്.
പൊതുജനാരോഗ്യ സംരക്ഷണം മുഖ്യ ചുമതലയായ പ്രാദേശിക സർക്കാരുകളുടെ പങ്ക് ഒരു പൊതുജനാരോഗ്യ ദുരന്ത വ്യാപന കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്.
സമഗ്ര ആരോഗ്യ വിവരശേഖരം തയ്യാറാക്കൽ
പഞ്ചായത്തിലെ കുടുംബങ്ങളുടെ ഒരു സമഗ്ര ഡാറ്റാബേസ് ഉണ്ടെങ്കിൽ ഇത്തരം ഘട്ടങ്ങളിൽ അത് ഏറെ സഹായകമാകും. സമീപ കാലഘട്ടത്തിൽ ഐ.സി.ഡി.എസ്. സംവിധാനം അംഗൻവാടികൾ വഴി ഡിജിറ്റൽ വിവര ശേഖരണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഈ വിവരങ്ങൾ നിലവിലെ രീതി അനുസരിച്ച് മറ്റു വകുപ്പുകൾക്ക് ലഭ്യമാകില്ല. ഈ പരിമിതി പരിഹരിച്ചാൽ പഞ്ചായത്ത് തലത്തിൽ ഒരു പൊതു ഡാറ്റാ ബേസ് തയ്യാറാക്കാം. ഓരോ ദുരന്തം വരുമ്പോഴും അപ്പപ്പോൾ വിവരം ശേഖരിക്കുക എന്ന രീതി ഇതിലൂടെ ഒഴിവാക്കാൻ കഴിയും. ദുരന്ത ഘട്ടങ്ങളിൽ ആവശ്യമായ തയ്യാറെടുപ്പ് നടത്താനും, വേഗത്തിലൂടെ ഇടപെടാനും ഇത് സഹായകമാകും. വ്യക്തികളുടെയും കുടുംബങ്ങളുടേയും ആരോഗ്യ വിവരങ്ങൾ, കുട്ടികൾ, വൃദ്ധർ, കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളും ഈ പൊതു വിവര ശേഖരത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ സാധിക്കും. ജി. പി. എസ്. സംവിധാനത്തിന്റെ സഹായത്തോടെ നടത്തുന്ന വിവര ശേഖരണം ആയതിനാൽതന്നെ പ്രദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവര വിശകലനവും എളുപ്പമാവും
ജനകീയ സംഘടനാ സംവിധാനങ്ങളുടെ ഉപയോഗം
മുൻപ് സൂചിപ്പിച്ചത് പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കുടുംബശ്രീ, അംഗൻവാടി, ആശാ , ആരോഗ്യം എന്നിവരുൾപ്പെട്ട ആരോഗ്യ പ്രവർത്തക ശൃംഖലയെ പൊതുജനാരോഗ്യ ദുരന്ത ഘട്ടങ്ങളിൽ ഒരു അടിയന്തിര ഇടപെടൽ സേനയായി ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തൽ, അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകൽ, സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കൽ, ചികിത്സ ആവശ്യമായ ഘട്ടങ്ങളിൽ അത് ലഭ്യമാക്കൽ, അവരെ തുടർന്ന് വിലയിരുത്തൽ, രോഗ വ്യാപനം തടയുന്നതിന് വേണ്ടി രോഗ സാധ്യത ഉള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരെ കണ്ടെത്തൽ, ആവശ്യമായ നിർദ്ദേശങ്ങൾ നൽകൽ, തുടർ നിരീക്ഷണങ്ങൾ നടത്തൽ മുതലായവ ജനകീയ പ്രവർത്തക ശൃംഖല വഴി ചെയ്യാനാവും. രോഗ ബാധിത കുടുംബത്തിന് മാനസിക പിന്തുണയും സംരക്ഷണവും നൽകി, അവർ ഒറ്റപ്പെടില്ല എന്ന് ഉറപ്പാക്കുന്നതിനും ഇതിലൂടെ കഴിയും. ഇതോടെ രോഗ ബാധിതരായ കുടുംബങ്ങളുടെ സാമൂഹിക ഒറ്റപ്പെടലിന് ഒരു പരിധി വരെ പരിഹാരം കാണാനാകും. ഇപ്പോൾ സർക്കാർ നടപ്പാക്കുന്ന സന്നദ്ധ പ്രവർത്തക ശൃംഖലയെ സ്ഥിരം സംവിധാനമായി വികസിപ്പിക്കാനും ഉപയോഗിക്കാനും കഴിയുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും.
വിവിധ തലങ്ങളിലെ ഇടപെടലുകൾ ഓരോ തരം പൊതു ജനാരോഗ്യ ദുരന്തത്തിന്റേയും സ്വഭാവത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പടരുന്ന പൊതു ജനാരോഗ്യ ദുരന്തങ്ങളുടെ കാര്യത്തിൽ രോഗ വാഹകരെ മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തുക, അവരെ സംരക്ഷിക്കുന്നവർക്ക് സാധ്യമായ നിർദ്ദേശങ്ങളും മുന്നൊരുക്കങ്ങളും നൽകുക, അവശ്യ ഘട്ടങ്ങളിൽ ചികിത്സ ഉറപ്പാക്കുക, വ്യക്തിക്കും കുടുംബത്തിനും ആവശ്യമായ സേവനങ്ങൾ, ഭക്ഷണം എന്നിവ ഉറപ്പാക്കുക, അവർക്കാവശ്യമുള്ള ഘട്ടങ്ങളിൽ മാനസീക പിന്തുണ നൽകുക, അയൽവാസികളെ അവർ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് അറിവുള്ളവരാക്കുക എന്നിവയൊക്കെ സന്നദ്ധ തദ്ദേശ സംവിധാനത്തിന് ചെയ്യാനാകും. ആവശ്യമായ ഘട്ടത്തിൽ രോഗികൾ വന്ന് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആകും.
പൊതു ജനാരോഗ്യ ദുരന്ത ഘട്ടങ്ങളിൽ പ്രാദേശിക സർക്കാരുകൾ ചെയ്യേണ്ട പൊതു ഇടപെടലുകളും പ്രധാനമാണ്. ജനങ്ങളുടെ ഇടപെടലുകൾ വഴിയുള്ള രോഗ വ്യാപന സാദ്ധ്യത തടയൽ ആണ് അതിൽ പ്രധാനം. ജനങ്ങൾ സ്വീകരിക്കേണ്ട പൊതു മുൻകരുതലുകളെ സംബന്ധിച്ച വിവരം നൽകുക, കച്ചവട സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ പിത്തുടരേണ്ട നടപടി ക്രമം വ്യക്തമാക്കുകയും അവ പിന്തുടരുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുക, ജനങ്ങൾ സംഘം ചേരുന്ന ഇടങ്ങൾ, ചടങ്ങുകൾ എന്നിവ നിയന്ത്രിക്കുക, രോഗ വ്യാപനം തടയാനുള്ള ഉപാധികൾ ലഭ്യമാക്കുക, എന്നിവയൊക്കെ പ്രാദേശിക സർക്കാരുകൾക്ക് ചെയ്യാനാകും.
ദുരന്ത ഘട്ടങ്ങളിൽ പൊതുവെ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി, ആവശ്യമായ നടപടി ക്രമങ്ങൾ സ്വീകരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് എളുപ്പത്തിൽ കഴിയുക.
റസിഡന്റ്സ് അസോസിയേഷനുകൾ, അയൽ സഭകൾ മുതലായ ജനകീയ സംഘടനാ രൂപങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് താഴെ തലം വരെ മുഴുവൻ കുടുംബങ്ങളേയും ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കും.
നവമാധ്യമ സാദ്ധ്യതകൾ പ്രാദേശിക ഇടപെടലിന്
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സന്നദ്ധ പ്രവർത്തകർ, ജന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുതലായ വ്യത്യസ്ത ഗ്രൂപ്പുകൾക്ക് ഇടയിൽ ദുരന്ത ഘട്ടങ്ങളിൽ വിവരങ്ങൾ എളുപ്പത്തിൽ കൈമാറുന്നതിന് വാട്ട്സാപ്പ് , ടെലഗ്രാം ഗ്രൂപ്പുകൾ, ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, യൂറ്റ്യൂബ്, റയറ്റ് തുടങ്ങി സാധ്യമായ എല്ലാ പ്ലാറ്റ്ഫോമുകളും ഫലപ്രദമായി ഉപയോഗിക്കാം. ആകെയുള്ള വ്യാപകമായ സഞ്ചാരം ഒഴിവാക്കിക്കൊണ്ട് തന്നെ ശക്തമായ തോതിൽ കുറഞ്ഞ ചെലവിൽ വിവരങ്ങൾ കൈമാറാനാകും എന്നതാണ് ഇതിന്റെ മേൽക്കോയ്മ.
അതിഥികൾക്ക് പ്രത്യേക പരിഗണന
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ കുടിയേറ്റ തൊഴിലാളികളുടെ പങ്ക് ഇന്ന് ആർക്കും നിഷേധിക്കാവുന്നതല്ല. എന്നാൽ ഏതു ദുരന്ത ഘട്ടത്തിലും പൌരർ എന്ന നിലയിൽ പരിഗണന കിട്ടാതെ പോകുന്നവരാണ് അവർ. പ്രളയ കാലത്ത് നാം ഇത് ദർശിച്ചതാണ്. ഇവർക്ക് വേണ്ട പ്രത്യേക പരിഗണന ഉറപ്പാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് കഴിയുക. അവരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കാനും അത് നിശ്ചിത ഇടവേളകളിൽ പുതുക്കാനും പ്രാദേശിക സർക്കാരുകൾക്കാണ് കഴിയുക. ആരോഗ്യ ദുരന്ത ഘട്ടങ്ങളിൽ ഇവർക്കിടയിലുള്ള സാമൂഹ്യ വ്യാപന സാധ്യതകൾ ഒഴിവാക്കാൻ പ്രാദേശിക ഇടപെടലുകൾക്ക് മികച്ച രീതിയിൽ സാധിക്കുന്നതാണ്. അവർക്ക് ദുരന്ത ഘട്ടങ്ങളിൽ ആവശ്യമായ ഭക്ഷണലഭ്യത ഉറപ്പാക്കൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കൽ, എന്നിവ പ്രാദേശിക സർക്കാരുകർക്ക് ഫലപ്രദമായി നിർവ്വഹിക്കാനാകും.
ദുരന്ത കാലത്തെ സാമൂഹിക സുരക്ഷ
കൊറോണയുടെ ലോക്ഡൌൺ കാലത്ത് പട്ടിണി നേരിടുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി ശ്രദ്ധേയമാണ്. കൊറോണ പോലുള്ള പൊതു ജനാരോഗ്യ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയുള്ള അടച്ചിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് അസംഘടിത തൊഴിലാളികളേയും, ദുർബല ജന വിഭാഗങ്ങളേയുമാണ്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കേണ്ടി വരുന്നവർ, വൃദ്ധർ, ഭിന്ന ശേഷിക്കാർ, കിടപ്പു രോഗികൾ, മുതലായവർ ദുരന്ത കാലത്ത് കൂടുതൽ പ്രതിസന്ധി നേരിടും. ഇത്തരം ഘട്ടങ്ങളിൽ അവരുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നിർവ്വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വിവിധ സ്ഥാപനങ്ങളെ എകോപിപ്പിച്ച് പ്രവർത്തിക്കാനാകും. പ്രാദേശിക സർക്കാർ അദ്ധ്യക്ഷരുടെ ദുരിതാശ്വാസ നിധിയുടെ സാദ്ധ്യത ഇവിടെ ഉപയോഗിക്കാം. അതത് പ്രദേശത്തെ സർവ്വീസ് സഹകരണ ബാങ്കുകൾ, കച്ചവടക്കാരുടെ സംഘടനകൾ, സന്നദ്ധ സംഘടനകൾ, പെൻഷൻ സംഘടനകൾ, സമുദായ സംഘടനകൾ, മുതലായ വിവിധ ഏജൻസികൾ വഴി വ്യത്യസ്ത സേവനങ്ങൾ ദുർബല ജനവിഭാഗങ്ങളിലേക്ക് എത്തിക്കാൻ പ്രാദേശിക സർക്കാരുകൾക്ക് ആകും. കമ്മ്യൂണിറ്റി അടുക്കളകൾ പോലുള്ള സംവിധാനങ്ങൾ പ്രാദേശിക വിഭവ ശേഖരണം ഉപയോഗിച്ച് നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവും.
വർദ്ധിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ഏറി വരികയാണ്. പൊതു ജനാരോഗ്യ ദുരന്തങ്ങളുടെ കാര്യത്തിൽ ഇതേറെ പ്രസക്തമാണ്. ഈ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് അത് നിർവ്വഹിക്കാവുന്ന തലത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉയർത്തുക എന്നത് പ്രധാനമാണ്.
(ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ പാലക്കാട്, സാമൂഹ്യശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖകൻ)
അധികവായനയ്ക്ക്
- തദ്ദേശസ്വയംഭരണവകുപ്പും കിലയും ചേർന്ന് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനസഹായിയും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കിലയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.kila.ac.in
- COVID19-Kerala Initiatives -തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ജില്ലതിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നേര്‍ക്കാഴ്ച്ചകള്‍- വീഡിയോകള്‍ കാണാം.