ഡോ പ്രസാദ് അലക്സ്
ഓപ്പൺ സോഴ്‌സ് ഡ്രഗ് ഡിസ്‌കവറി
ആയിരക്കണക്കിന് വർഷങ്ങൾ ഇല്ലാതിരുന്ന, ഒരുപക്ഷേ മനുഷ്യരാശിയുമായി ഇത് വരെ ഒരു തരത്തിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ ഇടയില്ലാത്ത അതീവമാരകശേഷി സാധ്യതയുള്ള പ്രാചീനസൂക്ഷ്മജീവികളും കാലാവസ്ഥാമാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
മനുഷ്യരാശിയുടെ പ്രയാണത്തിലുടനീളം കൂടെയുണ്ടായിരുന്നുവയാണ് സൂക്ഷ്മജീവികൾ. മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും ചരിത്രം ബാക്റ്റീരിയയോടും വൈറസിനോടുമൊക്കെ യുദ്ധം ചെയ്തും സമരസപ്പെട്ടുമൊക്കെയുള്ള യാത്രയുടെ ചരിത്രം കൂടിയാണ്. വസൂരി, പ്ളേഗ് , കോളറ, ക്ഷയം തുടങ്ങി എന്തുമാകട്ടെ, ഇവയ്‌ക്കെതിരെ പ്രതിരോധശേഷി മനുഷ്യൻ ആർജിക്കുന്നതിനനുസിച്ച് അത് മറികടക്കാനുള്ള വീര്യം രോഗകാരികളിൽ ഉണ്ടായി വരുന്നു. രോഗങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശേഷി പരിണാമഗതിയിൽ ആർജിച്ചതുണ്ട്, മനുഷ്യൻ വികസിപ്പിച്ചെടുത്തതുമുണ്ട്. അലക്‌സാണ്ടർ ഫ്ലെമിംഗ് പെൻസിലിൻ കണ്ടെത്തിയത് മുതൽ ഒരു നൂറ്റാണ്ടായി ആന്റിബയോട്ടിക്കുകൾ മനുഷ്യനുപയോഗിക്കുന്നു. എന്നാൽ രോഗകാരികളായ ബാക്ടീരിയകളിൽ ഈ ഔഷധങ്ങൾക്കെതിരെ പ്രതിരോധം ക്രമേണ ഉരുത്തിരിയുന്നു. ഈ യുദ്ധം അവസാനിക്കുന്നില്ല. പുതുതലമുറ മരുന്നുകൾ, അവയെ അതിജീവിക്കുന്ന രോഗകാരികൾ അങ്ങനെ കഥ തുടരുന്നു. വൈറസ് രോഗങ്ങൾക്കെതിരെ വാക്സിനുകൾ വികസിപ്പിക്കാനും വസൂരി പോലെയുള്ളവയെ നിർമാർജനം ചെയ്യാനും മനുഷ്യനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ എബോളയൂം നിപ്പയും കൊറോണയും പോലെ പുതിയ ജന്തുജന്യവൈറസ് രോഗങ്ങൾ ഭീഷണിയായി ഉയർന്നു വരുന്നു. ആതിഥേയജന്തുക്കളിൽ നിന്ന് ഇവയുടെ വൈറസുകൾ ആകസ്മികമായി മനുഷ്യനിലേക്കെത്താൻ കാലാവസ്ഥാവ്യതിയാനത്തിനും പങ്കുണ്ടെന്നത് വ്യക്തമാണ്. ഇവിടെ ചർച്ച ചെയ്യുന്നത് അല്പം വ്യത്യസ്തമായ കാര്യമാണ്; ആയിരക്കണക്കിന് വർഷങ്ങൾ ഇല്ലാതിരുന്ന, ഒരുപക്ഷേ മനുഷ്യരാശി ഇത് വരെ ഒരു തരത്തിലും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ ഇടയില്ലാത്ത അതീവമാരകശേഷിസാധ്യതയുള്ള പ്രാചീനസൂക്ഷ്മജീവികളെ നേരിടേണ്ടിവരുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണ്.
പെർമാഫ്രോസ്റ്റിനടിയിൽ (Permafrost) നിന്ന് ‘ഉറക്ക’മുണരുന്നവർ
മണ്ണും പാറയും ഐസും ചേർന്ന് സ്ഥിരമായി ഉറച്ച്പോയ ഭൂഭാഗങ്ങളാണ് ‘പെർമാഫ്രോസ്റ്റ് (Permafrost)’ എന്നറിയപ്പെടുന്നത്. ധ്രുവങ്ങളോട് അടുത്ത് വരുന്ന പ്രദേശങ്ങളിലും വൻപർവ്വതനിരകളിലുമൊക്കെ പെർമാഫ്രോസ്റ് ഉണ്ട്. ഇവയുടെ ഉപരിതലം മഞ്ഞുമൂടിയതാവണമെന്ന് നിർബന്ധമില്ല. ആയിരക്കണക്ക് വർഷങ്ങളിങ്ങനെ ഉറഞ്ഞിരുന്ന പെർമാഫ്രോസ്റ്റ് ഇപ്പോൾ അലിഞ്ഞു തുടങ്ങിയിരിക്കുന്നു. സംശയലേശമന്യേ കാലാവസ്ഥാവ്യതിയാനം തന്നെ കാരണം. ഉറഞ്ഞുപോയ മണ്ണലിയുമ്പോൾ അതിനടിയിൽപ്പെട്ടുപോയിരുന്ന പൗരാണികമായ സൂക്ഷ്മജീവികളെ മുക്തമാക്കുന്നു. എന്ന് മാത്രമല്ല ഉറഞ്ഞുസുപ്തമായിപ്പോയിരുന്നവ പൊടുന്നനെ സജീവതയിലേക്ക് ഉണരുകയും ചെയ്യാം.
മനുഷ്യരിൽ ആന്ത്രാക്സ് ഏതാണ്ട് നിയന്ത്രിക്കപ്പെട്ട രോഗമാണ് . 1979ൽ റഷ്യയിലാണ് അവസാനമായി കാര്യമായ രോഗബാധയുണ്ടായത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുകയും ചെയ്തു. പക്ഷേ ഒരു ജൈവായുധം എന്ന നിലയിൽ ഇപ്പോഴും സാംഗത്യമുള്ള രോഗമാണ് ആന്ത്രാക്സ്. ചില വർഷങ്ങൾക്ക് മുൻപ് സൈബീരിയയിൽ അവിചാരിതമായി പ്രത്യക്ഷകാരണങ്ങൾ ഇല്ലാതെ ആന്ത്രാക്സ് ബാധയുണ്ടായി. 2016 ആഗസ്റ്റിൽ ‘യാ മൽ’ പ്രവിശ്യയിലാണ് രോഗബാധ ഉണ്ടായത്. പന്ത്രണ്ട്കാരനായ ഒരു ബാലൻ മരിച്ചു. ഇരുപതിലധികം പേർ ആശുപത്രികളിൽ ചികിത്സ തേടി. ആർട്ടിക് വൃത്തത്തിൽപെടുന്ന വിദൂരമായൊരു സൈബീരിയൻ ഉപദ്വീപാണ് ‘യാമൽ’. പ്രധാനമായും ‘തുണ്ട്റാ’ പ്രദേശമാണിത്. ( ധ്രുവ പ്രദേശങ്ങളിലെ പൊതുവേ വരണ്ട പീഠഭൂമികളാണ് ‘തുണ്ട്റാ’ എന്നറിയപ്പെടുന്നത്. കുള്ളൻ സസ്യങ്ങളാണ് സവിശേഷത. കുറ്റിച്ചെടികളും ചില പുൽവർഗ്ഗങ്ങളും പന്നൽ ചെടികളുമാണ് പൊതുവേ ഉണ്ടാകുക.) എഴുപത്തഞ്ച് വര്‍ഷം മുൻപ് ആന്ത്രാക്സ് മൂലം ചത്തുപോയ റെയ്‌ൻഡിയറിന്റെ (ധ്രുവ പ്രദേശത്തെ കലമാൻ) അവശിഷ്ടമാണ് പ്രഭവകേന്ദ്രമെന്നാണ് നിഗമനം. ‘പെർമാഫ്രോസ്റ്റിന്റെ’ ഒരു പാളിക്കുള്ളിൽ ശരീരാവശിഷ്ടം ഉറഞ്ഞു പോയിരുന്നു. 2016- ലെ ഉഷ്ണവാതത്തിൽ ഹിമമൺപാളി അലിഞ്ഞതോടെ ആന്ത്രാക്സ് ബാക്റ്റീരിയയുടെ സ്പോറുകൾ സമീപപ്രദേശത്തെ ജലസ്രോതസ്സുകളിലും മണ്ണിലും കലർന്ന് അവിടെ നിന്ന് രണ്ടായിരത്തിലധികം മാനുകൾക്ക് ആന്ത്രാക്സ് ബാധയുണ്ടായി. അവയിൽ നിന്ന് കുറച്ച് മനുഷ്യരിലേക്കും പകർന്നു. ആകസ്മികമായ ഒറ്റപ്പെട്ട സംഭവമായിത് തള്ളിക്കളയാനാവില്ല. മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറാവുന്ന ഭയമുളവാക്കുന്ന സംഭവമാണിത്.
ഭൂമി ചൂട് പിടിക്കുമ്പോൾ
ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതനുസരിച്ച് പെർമാഫ്രോസ്റ്റ് കൂടുതൽ കൂടുതൽ ഉരുകുന്നു. സാധാരണ ഗതിയിൽ വേനലിൽ അൻപത് സെന്റിമീറ്റർ കനത്തിൽ ഉപരിതലപാളി ഉരുകും. പക്ഷെ ആഗോളതാപനം കാര്യങ്ങളെ മാറ്റിയിരിക്കുന്നു. കൂടുതൽ ആഴത്തിൽ കൂടുതൽപഴക്കമുള്ള പാളികൾ അലിയുന്ന, തുറന്നിടുന്ന സ്ഥിതിയാണുണ്ടാകുന്നത്.
വൈറസുകളും മറ്റ് സൂക്ഷ്മജീവികളും ‘സംരക്ഷിക്കപെടാന്‍ ‘ ഉതകിയ മാധ്യമമാണ് പെർമാഫ്രോസ്റ്റ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. തണുത്തുറഞ്ഞ സ്ഥിതിയും പ്രകാശത്തിന്റെയും ഓക്സിജന്റെയും അഭാവവും ഇതിന് സഹായകരമാണ്. ഒരുകാലത്ത് വലിയ പകർച്ചവ്യാധികൾക്ക് കാരണമായവയുൾപ്പെടെയുള്ള, മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കാവുന്ന പല രോഗകാരിവൈറസുകളും പൗരാണിക അടരുകളിൽ ‘ദീർഘസുഷുപ്തിയിൽ’ ഉണ്ടാവുമെന്ന് വിദഗ്ദ്ധർ കരുതുന്നു. ഫ്രാൻസിലെ, ഐക്സ് മാർഷൈലെ സർവകലാശാലയിലെ പ്രശസ്തമൈക്രോബയോളജിസ്റ്റ് ഷോൺ മിഷേൽ ക്ലവേരിയുടെ പഠനങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മാത്രം പത്ത് ലക്ഷത്തിലധികം റെയ്‌ൻഡീറുകളാണ് ആന്ത്രാക്സ് മൂലം ചത്തൊടുങ്ങിയത്. ഇവയുടെ അവശിഷ്ടങ്ങളൊന്നും അത്ര ആഴത്തിലല്ല അന്ന് കുഴിച്ചിട്ടത് . വടക്കൻ റഷ്യയിലെ എഴുനൂറോളം ഇടങ്ങളിലായി ഉപരിതലത്തിൽ നിന്ന് വളരെ താഴെയല്ലാതെയാണ് അവ കുഴിച്ച്ചുമൂടിയത്. എന്നാൽ ഇതൊന്നുമല്ല, കൂടുതൽ അപകടങ്ങൾ കൂടുതൽ ആഴങ്ങളിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. മനുഷ്യരെയും മൃഗങ്ങളെയും നൂറ്റാണ്ടുകളായി പെർമാഫ്രോസ്റ്റിൽ കുഴിച്ചിട്ടിട്ടുണ്ട് . അവയിൽ നിന്നൊക്കെ മറ്റ് പല രോഗകാരികളും തുറന്നുവിടപ്പെട്ടേക്കാം.
ഈ ആശങ്ക ബലപ്പെടുത്തുന്ന പല സംഭവവികാസങ്ങളും കണ്ടെത്തലുകളും അടുത്ത കാലത്ത് ഉണ്ടായി. ഉദാഹരണമായി 1918 -ലെ സ്പാനിഷ് ഫ്ലൂ മഹാമാരിയിൽ മരിച്ചവരെ കൂട്ടമായി മൂടിയ പല ശ്മശാനങ്ങളുമുണ്ട് അലാസ്കയിലെ തുണ്ട്റ പ്രദേശങ്ങളിൽ. അവിടെയുള്ള ശവശരീരങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സ്പാനിഷ് ഫ്ലൂ വൈറസിന്റെ RNA ശകലങ്ങൾ ശാസ്ത്രജ്ഞർ അടുത്ത കാലത്ത് തിരിച്ചറിയുകയുണ്ടായി. അതുപോലെ വസൂരിയും ബുബോണിക് പ്ളേഗും മറ്റ് പല വ്യാധികളും തീർച്ചയായും സൈബീരയിയിൽ ഹിമമൺപാളികൾക്കിടയിൽ മറഞ്ഞു കിടക്കുന്നുണ്ടാവും. സൈബീരിയിൽ 1890-കളിൽ വലിയ വസൂരിബാധയുടെ ചരിത്രമുണ്ട്. ചിലയിടങ്ങളിൽ ജനസംഖ്യയുടെ നാല്പത് ശതമാനത്തോളം വ്യാധിയിൽ ഒടുങ്ങിപ്പോയിരുന്നു.’കൊല്യാമ’ നദിയുടെ കരയിലെ ഉപരിതലപെർമാഫ്രോസ്റ്റിനടിയിലാണ് ഈ ഹതഭാഗ്യരുടെ അവശിഷ്ടങ്ങൾ കിടക്കുന്നത്. നൂറ്റിഇരുപത് വർഷങ്ങൾക്ക് ശേഷം നദിയിലെ വെള്ളപ്പൊക്കം തീരങ്ങളിൽ മണ്ണൊലിപ്പുണ്ടാക്കുകയും പെർമാഫ്രോസ്റ് അലിയുന്നത് ഇത് വേഗത്തിലാക്കുകയും ചെയ്തു.
ഈ ആശങ്കയുടെ അടിസ്ഥനം ഒന്നോ രണ്ടോ സംഗതികളില്‍ തീരുന്നതല്ല. പല പല പഠനങ്ങള്‍, കണ്ടെത്തലുകള്‍ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. തെക്കന്‍ സൈബീരിയയിലെ ‘ഗോര്‍ണി അല്‍ത്തായി’ പ്രദേശത്ത് നിന്ന് ശിലായുഗ മനുഷ്യരുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ റഷ്യയിലെ വൈറോളജി-ബയോടെക്‌നോളജി പഠനകേന്ദ്രം 1990-കളില്‍ പരിശോധനവിധേയമാക്കി. 19-ാം നൂററാണ്ടിലെ വൈറസ് പകര്‍ച്ച വ്യാധികളില്‍ മരണമടഞ്ഞവരുടെ അവശിഷ്ടങ്ങളും പഠനവിധേയമാ ക്കുകയുണ്ടായി . ഈ ശരീരാവശിഷ്ടങ്ങളില്‍ വസൂരി ബാധയുടെ തെളിവുകള്‍ കിട്ടി. വസൂരിക്കലകള്‍ തിരിച്ചറിഞ്ഞു. വൈറസിനെ വേര്‍തിരിക്കാന്‍ ആയില്ലെങ്കിലും അവയുടെ ഡി.എന്‍.എ ശകലങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.
2005ല്‍ നാസയിലെ ശാസ്‌ത്രജ്ഞന്‍ നടത്തിയ പരീക്ഷണത്തില്‍ അലാസ്‌കയിലെ ഉറഞ്ഞ് കിടന്നിരുന്ന ജലാശയത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ പുനരുദ്ധരിക്കുന്നതായി കണ്ടെത്തി. കാര്‍ണോബാക്ടീരിയം പ്ലിസ്റ്റോസിനീയം (Carnobacterium pleistocenium) എന്നറിയപ്പെടുന്ന ഈ സൂക്ഷ്‌മ ജീവികള്‍ ‘പ്ലീസ്റ്റോസീന്‍’ കാലം മുതല്‍ തണുത്തുറഞ്ഞ് പോയവയാണ്. അതായത് മാമത്തുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നകാലത്ത്. മഞ്ഞുരുകിയപ്പോള്‍ അവ സജീവതയിലേക്ക് തിരിച്ച് വന്ന് ചലിക്കുവാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ല്‍ അന്‍ടാര്‍ട്ടിക്കയിലെ ബേക്കണ്‍ താഴ്‌വരയില്‍ എട്ട് ദശലക്ഷം വര്‍ഷങ്ങള്‍ മഞ്ഞുപാളികള്‍ക്കടിയില്‍ ഉറഞ്ഞ് കിടന്നിരുന്ന ബാക്ടീരിയ പുനരുജ്ജീവിച്ചു. ഇതേ പരീക്ഷണങ്ങളില്‍ തന്നെ ഒരു ലക്ഷം വർഷം പഴക്കമുള്ള സൂക്ഷ്‌മ ജീവികള്‍ വീണ്ടും സജീവമായി. എന്നാല്‍ പെര്‍മാഫ്രോസ്റ്റിനടിയില്‍ ഉറഞ്ഞ് കിടക്കുന്ന എല്ലാ ബാക്ടീരിയകള്‍ക്കും പുനരുജ്ജീവനശേഷി ഉണ്ടാവണമെന്നില്ല. ‘സ്‌പോറുകള്‍’ ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കേ തണുത്തുറയുന്നത് അതിജീവിക്കാനാവൂ. ആന്ത്രാക്‌സ് രോഗകരണമാകുന്ന ബാക്ടീരിയകള്‍ സ്‌പോറുകള്‍ ഉണ്ടാക്കുന്നവയാണ്. ഇവയ്‌ക്ക് നല്ല അതിജീവന ശേഷിയുണ്ട്. അവ നൂററാണ്ടിലധികം തണുത്ത് ഉറഞ്ഞ് കിടന്നാലും തിരികെ സജീവമാകാം. ടെററനസ് ബോട്ടുലിസം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളും സ്‌പോറുകള്‍ ഉണ്ടാക്കുന്നവയാണ്. ചിലയിനം ഫംഗസുകള്‍ക്കും ഇത്തരം അതിജീവന ശേഷിയുണ്ട്.
ഭീമന്‍ വൈറസ്സുകള്‍
വൈറസുകളുടെ കാര്യത്തിലാണെങ്കില്‍ പുനരുജ്ജീവനം നടന്നു കഴിഞ്ഞാല്‍, അവ ബാക്ടീരിയകളെ അപേക്ഷിച്ച് വേഗം രോഗകാരികളായി (infectionus) മാറാന്‍ സദ്ധ്യത കൂടുതലാണ്. 2014ലെ ഒരു പഠനത്തില്‍ സൈബീരിയയിലെ പെര്‍മാഫ്രോസ്റ്റിനടിയില്‍ 3000 വര്‍ഷമായി ഉറഞ്ഞുകിടന്നിരുന്ന രണ്ട് വൈറസുകള്‍ പുനരുജീവിക്കപ്പെട്ടു. ഇവ പിത്തോവൈറസ് സൈബീരിക്ക എന്നും മൊല്ലി വൈറസ് സൈബീരിക്ക (Pithovirus sibericum and Mollivirus sibericum) എന്നും അറിയപ്പെടുന്നവയാണ്. ഇവ രണ്ടും ഭീമന്‍ വൈറസുകള്‍ എന്ന ഗണത്തില്‍പ്പെടുന്നു. മററുവൈറസുകളില്‍ നിന്ന് വ്യത്യസ്‌തമായി ഇവ വളരെ വലിപ്പം കൂടിയതാണ്. സാധാരണ മൈക്രോസ്‌കോപ്പില്‍ കാണാനാവും. തുണ്ട്‌റാ തീരപ്രദേശങ്ങളില്‍ നൂറടി താഴ്‌ചയിലാണ് ഇവയെകണ്ടെത്തിയത്. പുനരുജ്ജീവിച്ച് കഴിഞ്ഞാല്‍ ഈ വൈറസുകള്‍ വേഗം അണുബാധ ശേഷി നേടുന്നു. ഭാഗ്യവശാല്‍ ഇവയ്‌ക്ക് ഒററ കോശങ്ങളുള്ള അമീബയെ മാത്രമേ ബാധിക്കാന്‍ കഴിയൂ. പക്ഷേ ഈ പഠനം തെളിയിക്കുന്നത് മനുഷ്യന് രോഗബാധയുണ്ടാക്കാന്‍ കഴിയുന്ന പുരാതന വൈറസുകള്‍ ഇങ്ങനെ പുനരുജ്ജീവനം നേടാം എന്നാണ്. ഈ ഭീമന്‍ വൈറസുകള്‍ പൊതുവേ കടുപ്പമേറിയതും ഇവയുടെ പ്രോടീന്‍ ആവരണം ഭേദിക്കാന്‍ ദുഷ്‌കരവുമാണ്.
കാലാവസ്ഥ വ്യതിയാനം പെര്‍മാഫ്രോസ്റ്റ് ഉരുകുന്നതിന് നേരിട്ട് കാരണമായിത്തീരണമെന്നില്ല ഇങ്ങനെ അപകടകരമായ സ്ഥിതിയുണ്ടാകാന്‍. ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞ് ഉരുകുന്നത് മൂലം സൈബീരിയയുടെ വടക്കന്‍ തീരങ്ങള്‍ സമുദ്രമാര്‍ഗം എത്തുന്നതിന് എളുപ്പമാകുന്നു. തന്മൂലം അവിടെ സ്വര്‍ണ്ണത്തിനും മററു ധാതുക്കള്‍ക്കും വേണ്ടിയുള്ള ഖനനവും എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും വേണ്ടിയുള്ള പര്യവേഷണങ്ങളും ലാഭകരമായി മാറുന്നു. ഇത് കുഴപ്പത്തിലേക്ക് നയിക്കാം. ഇപ്പോള്‍ ഈ പ്രദേശങ്ങള്‍ പൊതുവേ വിജനവും പെര്‍മാഫ്രോസ്റ്റ് പാളികളാല്‍ ആഴത്തില്‍ മൂടികിടക്കുന്നവയുമാണ്. പക്ഷേ ഇവിടെ ഖനന പര്യവേക്ഷണങ്ങള്‍ നടക്കുകയാണെങ്കില്‍ പുരാതന വൈറസുകള്‍ വീണ്ടും അപകടകാരികളായി മാറാം. ഇവയില്‍ ഏററവും പ്രധാനം ഭീമന്‍ വൈറസുകള്‍ തന്നെയാവും. മിക്കവാറും വൈറസുകള്‍ ആതിഥേയ കോശങ്ങള്‍ക്ക് വെളിയില്‍ പ്രവര്‍ത്തനശേഷി നഷ്ടപ്പെടും. പ്രകാശം, നിര്‍ജ്ജലീകരണം, ബയോകെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന് കാരണമാകാം. ഡി.എന്‍. എയില്‍ പരിഹരിക്കാന്‍ ആവാത്ത കേടുപാടുകള്‍ വന്നാല്‍ പിന്നീട് അവ രോഗകാരികള്‍ ആവില്ല. പക്ഷേ ഭീമന്‍ വൈറസുകളുടെ കഥ ഇതല്ല. അവ വളരെ കാഠിന്യമുള്ളതും ഭേദിക്കാന്‍ ആവാത്തതുമാണ്.
ധ്രുവപ്രദേശത്തെ ഖനനം
വൈറോളജി ശാസ്‌ത്രജ്ഞനായ ക്ലാവേരി അഭിപ്രായപ്പെടുന്നത് ആര്‍ട്ടിക്ക് പ്രദേശത്തെ ആദിമ മനുഷ്യരെ ബാധിച്ചിരുന്ന വൈറസുകള്‍ പുനരുജ്ജീവിപ്പിക്കപ്പെടാന്‍ തീര്‍ച്ചയായും സാധ്യത ഉണ്ടെന്നാണ്. വളരെക്കാലം മുന്‍പ് ഇല്ലാതായ ഹോമിനിന്‍ സ്‌പീഷീസുകളില്‍ (നിയാണ്ടര്‍താല്‍, ഡെനിസോവന്‍) നിന്നുള്ള വൈറസുകളും വീണ്ടും വരാനുള്ള സാധ്യതകള്‍ ഉണ്ട്.
പെര്‍മാഫ്രോസ്റ്റ്‌പാളികളില്‍ നിന്ന് ലഭിച്ച ഡി.എന്‍എ 2014 മുതല്‍ ക്ലവേരി വിശകലനം ചെയ്‌തുവരുന്നുണ്ട്. ഈ വൈറസുകളോ ബാക്ടീരിയകളോ മനുഷ്യനില്‍ രോഗകാരികളാകാന്‍ സാധ്യതയുണ്ടോ എന്നാണ് ജനിതകസവിശേഷതയില്‍ നിന്ന് തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. പല ബാക്ടീരിയകളും മനുഷ്യന് അപകടകാരിയാകാന്‍ സാധ്യതയുള്ളവയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. വിനാശകരമായ ഘടകങ്ങള്‍ ഇവയില്‍ കണ്ടെത്തിയിട്ടുണ്ട്. രോഗകാരികളായ ഹെര്‍പിസ് പോലുള്ള വൈറസുകളിലെ ഡി.എന്‍.എ ശ്രേണിയിലെ ശകലങ്ങള്‍ ഇവയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വസൂരിയുടെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല. അപകടകരികളായതിനാല്‍ അവയെ പുനരുജ്ജീവിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കൊന്നും ഒരുമ്പെട്ടിട്ടില്ല.
അന്റിബയോട്ടിക് പ്രതിരോധം
ഈ ബാക്ടീരിയകള്‍ ഗുഹകളില്‍ പൂര്‍ണ്ണമായും ഒററപ്പെട്ട് നാല് ദശലക്ഷം വര്‍ഷത്തോളം കഴിഞ്ഞതാണ്. മനുഷ്യനുമായോ ആന്റിബയോട്ടിക് ഔഷധങ്ങളുമായോ ഒരുവിധ സമ്പര്‍ക്കവുമില്ലാതെ. അതുകൊണ്ടുതന്നെ ഇവയില്‍ ഓഷധപ്രതിരോധം മററു മാര്‍ഗ്ഗങ്ങളിലാകും ഉടലെടുത്തത്. ഈ രംഗത്തെ ശാസ്‌ത്രജ്ഞര്‍ കരുതുന്നത് മനുഷ്യര്‍ക്ക് അപകടം വരുത്താത്ത ഈ ബാക്ടീരിയ ഉള്‍പ്പെടെ മററു പലതിനും ഈ പ്രതിരോധശേഷി ഉണ്ടാവു മെന്നാണ്. അതിന്റെ അര്‍ത്ഥം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഔഷധ പ്രതിരോധശേഷി ഉണ്ടായിരുന്നു എന്നുതന്നെയാന്നാണ്. ഇത്തരം പ്രതിരോധം ഔഷധത്തിന്റെ ഉപയോഗം കൊണ്ട് ക്ലിനിക്കലായി ഉണ്ടായതല്ലെന്ന് വളരെ വ്യക്തം. ഇതിന് യഥര്‍ഥകാരണം പലതരം ഫംഗസുകളും ചില ബാക്ടീരിയകള്‍ തന്നെയും സ്വാഭാവികമായി ആന്റിബയോട്ടിക്കുകള്‍ ഉ ത്‌പാദിപ്പിക്കുന്നുണ്ട് എന്നതാവാം. ഇത് അവയ്‌ക്ക് മററു സൂക്ഷ്മ ജീവികളോട് മത്സരാധിഷ്ടിത മികവ് പുലര്‍ത്താന്‍ സഹായിക്കുന്നു. ഇങ്ങനെയാണ് അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ് പെന്‍സിലിന്‍ കണ്ടെത്തിയത്. പരീക്ഷണശാലയിലെ ബാക്ടീരിയകള്‍ ഒരു തരം ഫംഗസിന്റെ സാനിദ്ധ്യത്തില്‍ നശിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. അവിടെ നിന്നാണ് പെന്‍സിലിന്റെ കണ്ടെത്തല്‍ ഉണ്ടാവുന്നത്.
ഗുഹകളിലെ പ്രതികൂലസാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ സൂക്ഷ്‌മ ജീവികള്‍ വളരെ കരുത്താര്‍ജ്ജിക്കണം. ഭക്ഷണലഭ്യത ഗുഹകളില്‍ വളരെ വിരളമായിരിക്കും. അതുപോലെ തന്നെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി ആര്‍ജ്ജിക്കുകയും വേണം, മററ് ജീവികളാല്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍. അതുകൊണ്ടാവും ഈ ബാക്ടീരിയകള്‍ പ്രകൃതിജന്യമായ ആന്റിബയോട്ടിക്കുകളോട് പ്രതിരോധ ശേഷി പുലര്‍ത്തുന്നത്. പ്രകൃതിജന്യമെന്നാല്‍ ബാക്ടീരിയകളില്‍ നിന്നും ഫംഗസുകളില്‍ നിന്നും ഉണ്ടാക്കുന്നവയും അവയുടെ വകഭേദങ്ങളുമാണ്. ഇന്ന് മനുഷ്യന്‍ ഉപയോഗിക്കുന്ന തൊണ്ണൂററി ഒന്‍പത് ശതമാനം ആന്റിബയോട്ടിക്കുകളും ഈ ഗണത്തില്‍പെടുന്നു. പക്ഷേ പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായ ആന്റിബയോട്ടിക്കുകളോട് ഇവ പ്രതിരോധശേഷി കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പക്ഷേ പ്രകൃതിദത്തമായ ആന്റി ബയോട്ടിക്കുകളോടുള്ള പ്രതിരോധം വളരെ വ്യാപകമാണ്. പെര്‍മാഫ്രോസ്റ്റില്‍ നിന്ന് വരുന്ന ബാക്ടീരിയകള്‍ക്ക് ഈ ശേഷി ഉണ്ടാകും. 2011 ല്‍ നടന്ന ഒരു പഠനത്തില്‍ കാനഡയില്‍ നിന്നും റഷ്യയില്‍ നിന്നും ലഭിച്ച മുപ്പതിനായിരം വര്‍ഷം പഴക്കമുള്ള ബാക്ടീരിയകളുടെ ഡി.എന്‍.എ വേര്‍തിരിച്ചു. ബീററാലാക്‌ററം, ടെട്രാസൈക്കിളിന്‍, ഗ്ലൈക്കോപെപ്‌ടൈഡ് തുടങ്ങിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി നല്‍കുന്ന ജീനുകള്‍ ഇവയ്‌ക്ക് ഉണ്ടെന്ന് കണ്ടെത്തി.
ആശങ്കകള്‍
ഇതെകുറിച്ച് അത്രയധികം ആശങ്കപ്പെടേണ്ടകാര്യമില്ലെന്ന് കരുതുന്നവരുണ്ട്. പെര്‍മാഫ്രോസ്റ്റില്‍ നിന്നുളള സൂക്ഷ്‌മജീവികള്‍ എങ്ങനെയൊക്കെ അപകടകാരികളായി തീരാം എന്നതറിയാൻ മാര്‍ഗ്ഗങ്ങള്‍ ഇല്ല. അതുകൊണ്ട് അതെക്കുറിച്ചുള്ള അമിത ആശങ്കയ്‌ക്ക് വലിയ അര്‍ത്ഥമില്ല.
മറെറാരു വാദഗതി ഇതിനെ അവഗണിക്കാന്‍ പാടില്ലെന്നുള്ളതാണ്. അപകടത്തിന്റെ തോത് എത്രയെന്ന് അറിയില്ലെങ്കില്‍ അപകടത്തെ ഗൗനിക്കാതിരുന്നാല്‍ മതിയാവില്ല. ഇതുവരെ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുന്നത് ഈ പുരാതന സൂക്ഷ്‌മജീവികള്‍ പുനരുജ്ജീവിക്കപ്പെടാനും മനുഷ്യനെ പ്രതികൂലമായി ബാധിക്കാനും ഉള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നു എന്നാണ്. സാധ്യതയുടെ തോത് കൃത്യമായി അറിയില്ലെന്നത് സത്യം. പക്ഷേ അത് എതായാലും ശൂന്യസാദ്ധ്യത അല്ല. ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ചികിത്സിക്കാവുന്ന ബാക്ടിരീയ ആകാം. അല്ലെങ്കില്‍ പ്രതിരോധശേഷിയുള്ള ബാക്ടീരിയാകാം. അല്ലെങ്കില്‍ അതു വൈറസാകാം.
ആര്‍ട്ടിക്കിലോ സൈബീരിയയിലോ മെക്‌സിക്കന്‍ ഖനികളുടെ ആഴങ്ങളിലോ, മാത്രമായോ സുഷുപ്തിയിലോ കിടക്കുന്ന ഈ സൂക്ഷ്‌മജീവികളെ ഇവിടെ ഇന്ത്യയിലോ കേരളത്തിലോ ഇരുന്ന് ആശങ്കപ്പെടേണ്ട എന്ന് കരുതാനേ ആവില്ല. ചൈനയുടെ അന്തര്‍ഭാഗത്തെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് കോവിഡ് ലോകമെങ്ങെും പരക്കാനെടുത്ത സമയം എത്ര ചെറുതാണെന്ന് നമുക്കറിയാം. നിരന്തര മനുഷ്യ സാന്നിധ്യവും സഞ്ചാരവുമുള്ള മേഖലകളാണ് സൈബീരിയയും അലാസ്‌കയും ധ്രുവപ്രദേശങ്ങളുമെല്ലാം. അത് കൊണ്ട് നമ്മുടെ സമൂഹവും ശാസ്‌ത്രസങ്കേതിക ലോകവും രഷ്ട്രീയനേതൃത്വവുമെല്ലാം “ഫുച്ചറിസ്റ്റിക്’ ആയി ചിന്തിക്കയും പ്രവര്‍ത്തിക്കയും ചെയ്‌താലേ നിരന്തരം ഉയര്‍ന്നു വരുന്ന ഇത്തരം വെല്ലുവിളികളെ നേരിടാനാവൂ. ഭൂതകാലങ്ങളില്‍ വ്യഥാ അഭിരമിക്കുന്ന, ജലപ്‌നങ്ങളിലും കെട്ട്‌കാഴ്‌ച്ചകളിലും മുഴുകുന്ന എത് സമൂഹവും കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.
അധികവായനയ്ക്ക്
- Climate change and human health – risks and responses, summery. WHO Report. https://www.who.int/globalchange/summary/en/index5.html
- Re-emerging infectious diseases from the past: Hysteria or real risk? Philippe Charliera , Jean-Michel Claveriec, Philippe Sansonettie, Yves Coppensg, Anaïs Augiasa, Sophie Jacquelinea, Fanny Rengota, Saudamini Deoa, European Journal of Internal Medicine, 2017, Volume 44, Pages 28–30
- Boris Revich, Heat Waves and their Impact on Mortality Risk in Arctic and Subarctic cities, Chapter In book: Scientific Articles – Institute of Economic Forecasting Russian Academy of Sciences, pp.269-283, DOI: 10.29003/m821.sp_ief_ras2019/269-283
- Boris A. Revich & Marina A. Podolnaya, Vulnerable populations in the Arctic;Thawing of permafrost may disturb historic cattle burial grounds in East Siberia, Journal Global Health Action, Volume 4, 2011 – Issue 1
- Andrew C. Pawlowski, Wenliang Wang, Kalinka Koteva, Hazel A. Barton, Andrew G. McArthur & Gerard D. Wright , A diverse intrinsic antibiotic resistome from a cave bacterium, Nature Communications, volume 7, Article number: 13803 (2016)
- Hazel A. Barton – Introduction to cave microbiology: A review for the non-specialist. Journal of Cave and Karst Studies, v. 68, no. 2, p. 43–54.
- Hazel A Barton, Valme Jurado, What’s up down there? Microbial diversity in caves, 2007, American Society for Microbiology
- Richard Lewontin & Richard Levins (1996) The return of old diseases and the appearance of new ones, Capitalism Nature Socialism, 7:2, 103-107, DOI: 10.1080/10455759609358683