എൻ.ഇ.ചിത്രസേനൻ
ഇന്ന് ലോകത്ത് മുഴുവൻ ശ്രദ്ധാകേന്ദ്രമാണല്ലോ വൈറസുകൾ. കോവിഡ് പാൻഡമിക്കിന്റെ വരവോടെ വൈറസുകളെ കൂടുതൽ പ്രാധാന്യത്തോടെ നാം കാണാൻ തുടങ്ങി. അവയേക്കുറിച്ച് കൂടുതൽ പഠിച്ച് തുടങ്ങി.
ഒരു ഇന്ത്യക്കാരൻ എഴുതിയ പോപ്പുലർ സയൻസ് പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയവും ബെസ്റ്റ് സെല്ലറും ആയിരുന്നു പ്രണയ ലാലിന്റെ Indica: A Deep Natural History of Indian Subcontinent. പ്രണയ ലാലിന്റെ പുതിയ പുസ്തകം വൈറസുകളുടെ ചരിത്രത്തേക്കുറിച്ചാണ് Invisible Empire: The Natural History of Viruses.
ലോകത്തിലെ ഏറ്റവും സമൃദ്ധമായ ജീവരൂപമാണ് വൈറസുകൾ, ഇപ്പോൾ, മനുഷ്യരാശി അവയുടെ അപാരമായ ശക്തിയുമായി അടുത്ത ഏറ്റുമുട്ടലിനിടയിലുമാണ്. എന്നാൽ, ജീവജാലങ്ങളിൽ ഏറ്റവും നിഗൂഢമായതും ഒരുപക്ഷേ ഏറ്റവും ഭയപ്പെടുത്തുന്നതുമായ വൈറസുകളെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ?
ചിലപ്പോൾ വൈറസുകളെ ഒരു ജീവരൂപമായി കണക്കാക്കാനാകില്ല. അവ ഉണർത്തുന്ന പ്രതികരണങ്ങൾ ഉൾപ്പെടെ, അവയെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും തീവ്രമാണ്. വൈറസുകളെക്കുറിച്ചുള്ള ഓരോ കാര്യവും അതിന്റെ വിപരീതവും പലപ്പോഴും ഒരേസമയം ശരിയുമാണ്. വൈറസുകളുടെ ലോകം വളരെ സങ്കീർണവും വൈവിധ്യപൂർണവുമാണ്. അത് സ്വയം ഒരു സാമ്രാജ്യമായി ലേബൽ ചെയ്യപ്പെടുന്നതിന് തികച്ചും അർഹമാണ്. നമ്മൾ അവയെ ജീവിച്ചിരിക്കുന്നവയായോ മരിച്ചവയായോ കണ്ടാലും ജീവൻ അപകടപ്പെടുത്തുന്നവയായോ ജീവനെ ഉറപ്പിക്കുന്നവയായോ കണ്ടാലും വൈറസുകളുടെ ജീവിത വഴി അജയ്യവും സുന്ദരവുമാണ്. എന്തിന്, ഒരു പ്രത്യേക ചാരുത പോലുമുണ്ട്-വൈറസുകളുടെ ഈ സ്വാഭാവിക ചരിത്രം ഈ പുസ്തകത്തിലൂടെ പ്രണയ് ലാൽ നമ്മോട് പറയുന്നു.