Read Time:7 Minute

സവിത മോഹനൻ

ഈ ചോദ്യം വായിച്ചപ്പോൾ തന്നെ പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്ന ചിത്രം ഒരു ആമയല്ലേ? പണ്ട് മുതലേ ആമയുടെ ആയുസ്സ് എന്നൊക്കെ കേട്ടു പരിചയമായ നമ്മൾ അങ്ങനെ ചിന്തിച്ചതിൽ വലിയ അതിശയം ഒന്നുമില്ല.. എന്നാൽ ആമയേക്കാൾ ആയുസ്സുള്ള ജീവികൾ ഇവിടെ ഉണ്ട്. സമുദ്രങ്ങളിൽ കാണുന്ന ചിലയിനം പവിഴപുറ്റുകൾ, കടൽചേന (sea urchins), ചിലതരം തിമിംഗലങ്ങൾ (Balaena mysticus -Bowhead whale) ചില സ്രാവുകൾ (Somniosus microcephalus -greenland shark) തുടങ്ങിയവയുടെ ജീവിതകാലയളവ് ആമയെക്കാളും വരും. എന്നാൽ ഇതിലും ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്.

മരണമില്ലാത്ത ജെല്ലിഫിഷ് Turritopsis dohrnii  കടപ്പാട് © Takashi Murai/The New York Times Syndicate/Redux

മരണമില്ലാത്ത ജീവിയോ… അതെ ജീവലോകത്തെ ചിരംജീവി

ഒരിക്കലും മരണമില്ലാത്ത ജീവിയെ കുറിച്ച് കേട്ടിട്ടുണ്ടോ…? എന്നാൽ അങ്ങനെ ഒരാളുണ്ട്… ജെല്ലിഫിഷ് വിഭാഗത്തിൽപ്പെട്ട Turritopsis dohrnii എന്ന ആളാണ് നായിക…സാധാരണയായി ജെല്ലിഫിഷിന്റെ ജീവിതകാലയളവ് 2മുതൽ 6 മാസം, അല്ലെങ്കിൽ ചിലപ്പോൾ വർഷങ്ങളും ആണ്.. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, ജീവലോകത്തെ ഒരു ചിരംജീവിയാണ്‌ മേല്പറഞ്ഞ ജെല്ലിഫിഷ്. മരണമടുത്തു എന്ന് തോന്നിത്തുടങ്ങിയാൽ വീണ്ടും കുഞ്ഞായി മാറുന്ന പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്. വാർദ്ധക്യമോ മറ്റു അസുഖങ്ങളോ വന്നു മരണമടുത്തു എന്ന് തോന്നിയാൽ അവർ ശൈശവാവസ്ഥയിലേക്ക് തന്നെ മടങ്ങും.. അതായതു പൂർണവളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ ഇവയ്ക്ക് കഴിയും. അത് transdifferentiation എന്നറിയപ്പെടുന്നു. മരണമില്ലാത്ത ജീവികൾ ആണെകിലും ഇവർ വലിയ ജീവികൾക്ക് ഇരകൾ ആകാറുണ്ട്.

Turritopsis dohrnii  എന്നയിനം ജെല്ലിഫിഷിന്റെ Transdifferentiation പ്രക്രിയ കടപ്പാട് © g3journal.org

യഥാർത്ഥത്തിൽ എന്താണ് ജെല്ലിഫിഷ്?

പേര് സൂചിപ്പിക്കുന്ന പോലെ ഒരു മത്സ്യവിഭാഗത്തിലാണോ…? എന്നാൽ അല്ല.. കുഞ്ഞു സൂക്ഷ്മജീവികൾ മുതൽ ഏറ്റവും വലിയ സസ്തനിയായ നീലതിമിംഗലം വരെ കാണുന്ന ഒരു അത്ഭുത കലവറയാണ്‌ ജലാശയങ്ങൾ. ഈ അത്ഭുതലോകത്തെ മറ്റൊരു അത്ഭുതമാണ് ജെല്ലിഫിഷ്. പൊതുവെ ജെലാറ്റിനസ് ശരീരം ഉള്ളതിനെ ജെല്ലിഫിഷ് എന്ന് വിളിക്കുമെങ്കിലും, യഥാർത്ഥത്തിൽ Phylum Cnidaria യിലെ 3 ക്ലാസ്സുകളിൽ ആണ് ജെല്ലിഫിഷുകൾ ഉള്ളത്. Hydrozoa, Scyphozoa, Cubozoa എന്നിവയാണവ. സാധാരണ ജനങ്ങൾക്കിടയിൽ ജെല്ലിഫിഷ് എന്ന വാക്ക് അത്ര പരിചിതമല്ലെങ്കിലും കടൽച്ചൊറി അല്ലെങ്കിൽ “കാഞ്ഞാൻ പോത്ത് “ ഏറെ സുപരിചിതമാണ്..(അങ്ങനെയും വിളിക്കാറുണ്ട്) കാരണം, കായൽ, കടൽ തുടങ്ങിയവ ഉപജീവനമാർഗമായവർക്ക് ഈ ജീവി എന്നും ഒരു കീറാമുട്ടിയാണ്‌.. മത്സ്യസമ്പത്തു കുറയുന്നതും, മത്സ്യവലകളുടെ നാശവും അതിൽ ചിലതു മാത്രം. ശരീരത്തിന്റെ 95% വെള്ളം മാത്രമാണെങ്കിലും ഇവർ ഭീകരരാണ്. സാഹചര്യം അനുകൂലമായാൽ ഏതു സമയത്തും പ്രത്യുല്പാദനത്തിന് തയ്യാറായി നിൽക്കുന്ന ഈ കൂട്ടർക്കു അതിന്റെ ആവാസവ്യവസ്ഥയിലെ താപനിലയിൽ ഉണ്ടാകുന്ന മാറ്റത്തെ മറികടക്കാൻ പറ്റുമോ എന്നതിനെ കുറിച്ചുള്ള പഠനം നടക്കുന്നുണ്ട്.

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക്

ഭക്ഷണത്തിന്റെ വൈവിദ്ധ്യത്തെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ചൈനയാണ്. ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുകഷ്ണം തിന്നണം എന്ന ചൊല്ല് അതേപടി സ്വായത്തമാക്കിയ കൂട്ടർ ആണ് ചൈനക്കാർ.. ഇവിടെയും ജെല്ലിഫിഷ് ഒരു താരമാണ്. Nemopilema nomurai എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ജെല്ലിഫിഷിനെയാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ആക്റ്റിവിറ്റിയും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവും ഈ ജെല്ലിഫിഷിനെ ഭക്ഷണയോഗ്യമാക്കുന്നു.. ഇനി ജെല്ലിഫിഷിന്റെ ഭക്ഷണ രീതിയെ കുറിച് നോക്കുകയാണെങ്കിൽ വെള്ളത്തിൽ കാണുന്ന ചെറിയ ജീവികളെയാണ് (zooplanktonts ) പ്രധാനമായും കഴിക്കുന്നത്. ഇതിൽ മത്സ്യകുഞ്ഞുങ്ങൾ, അതിന്റെ മുട്ട, മറ്റു സമുദ്ര ജീവികളുടെ കുഞ്ഞുങ്ങൾ തുടങ്ങി എല്ലാം ഉൾപ്പെടും.
ഭക്ഷ്യയോഗ്യമായ Nemopilema nomurai എന്നയിനെ ജെല്ലിഫിഷ് കടപ്പാട് വിക്കിപീഡിയ

കാണാൻ ലളിതം..കയ്യിലിരിപ്പോ ഗുരുതരവും

ജെല്ലിഫിഷിന്റെ ശരീരഘടന നോക്കിയാൽ വളരെ ലളിതമാണ്.അതിനു തലച്ചോറ്, ഹൃദയം, അസ്ഥികൾ തുടങ്ങി ഒന്നും ഇല്ല. എങ്കിലും പ്രകാശത്തെയും മണത്തിനെയും ഒക്കെ മനസിലാക്കാൻ അവർക്കു rudimentary sensory nerve ഉണ്ട്. കാണാൻ വളരെ ലളിതമായ ശരീരഘടന ആണെങ്കിലും, അതിന്റെ tentacles-ൽ കാണുന്ന nematocystൽ ഒരു വിഷ വസ്തു(venom) ഉണ്ട്.. ഒരു trigger mechanism വഴി അത് ഇരകളിലേക്ക് ഇൻജെക്ട് ചെയുകയും അതിനെ തളർത്തുകയും ചെയുന്നു. Scuba divers നെയും നീന്തൽ വിദഗ്ദ്ധരെയും വെള്ളം കുടിപ്പിക്കാൻ ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളം മാത്രമുള്ള ഈ ജീവികൾക്കു സാധിക്കും. ചില സ്പീഷിസുകളുടെ വിഷത്തിന് വെറും 3മിനിറ്റ് മതി മനുഷ്യരെ കൊല്ലാൻ (Chironex flackeri – Box jelly fish)..എന്നാൽ ഈ വിഷ വസ്തു ഉപയോഗിച്ച് പുതിയ മരുന്നുകളുടെ നിർമാണത്തിലേക്കു വഴി തെളിക്കുന്ന പഠനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്..
Happy
Happy
8 %
Sad
Sad
0 %
Excited
Excited
38 %
Sleepy
Sleepy
4 %
Angry
Angry
4 %
Surprise
Surprise
46 %

Leave a Reply

Previous post സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിങ്ങ് പ്രക്രിയ – ഭാഗം 4   
Next post വെള്ളത്തിലാശാൻ
Close