Read Time:42 Minute

ഫേസ്‌ബുക്കും നമ്മളും: അവ്യവസ്ഥയുടെ യന്ത്രങ്ങൾ

മാക്സ് ഫിഷറിന്റെ The chaos machine എന്ന പുസ്തകത്തിലൂടെ

നുഷ്യരെ സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക് എന്ന് തിരിച്ചത് രാം മോഹൻ പാലിയത്താണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇന്ന് സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം അത്രക്കുണ്ട്. നമ്മളിൽ പലരും പലതരത്തിൽ സാമൂഹിക മാധ്യമങ്ങളുടെ ഉപഭോക്താക്കളോ ചിലരൊക്കെ അടിമകളോ ആണ്. അതേസമയം നമ്മളിൽ ഭൂരിഭാഗവും ഇവയുടെ പ്രവർത്തനരീതി, രാഷ്ട്രീയം എന്നിവയെക്കുറിച്ച് വളരെയേറെ അജ്ഞരുമാണ്. സാമൂഹിക മാധ്യമങ്ങൾ വെറും പ്ലാറ്റ്ഫോമുകൾ മാത്രമാണെന്നും അവയുടെ തെറ്റായ ഉപയോഗമാണ് പ്രശ്നം എന്നുമാണ് പൊതുവെയുള്ള ധാരണ. സ്വാർത്ഥ താത്പര്യങ്ങളുള്ളവർ ഈ മാധ്യമങ്ങളെ അവരുടെ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുക മാത്രമാണ് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥർ വാദിക്കുന്നതും അതുതന്നെയാണ്. എന്നാൽ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പ്രത്യേകമായി സജ്ജീകരിച്ച ആൽഗരിതത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും വലിയതോതിൽ സാമൂഹിക സംഘർഷങ്ങൾ സൃഷ്ടികക്കാനുള്ള സാധ്യത ഇതിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും നമ്മൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഈ അറിവില്ലാതെ സാമൂഹിക മാധ്യമങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം സമൂഹത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും ഇപ്പോൾ തെളിഞ്ഞുവരുന്നുണ്ട്.

മാക്സ് ഫിഷർ

സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാക്സ് ഫിഷർ എഴുതിയ ദി കയോസ് മെഷീൻ. അവ്യവസ്ഥയുടെ യന്ത്രങ്ങൾ എന്ന് ഇതിനെ തർജമ ചെയ്യാം എന്ന് തോന്നുന്നു. നമ്മുടെ മനസിനെയും ലോകത്തെയും എങ്ങനെയാണ് സാമൂഹിക മാധ്യമങ്ങൾ പുനഃസൃഷ്ടിക്കുന്നത് എന്നതാണ് അദ്ദേഹം ഇവിടെ പഠിക്കുന്നത്.

ഫേസ്ബുക്ക് ആസ്ഥാനത്തെ ഡേവിഡ് ചോയുടെ (David Choe) മ്യൂറൽ

ഫേസ്ബുക്കിന്റെ ആസ്ഥാനത്തിൽ പഠനത്തിനെത്തിയ അദ്ദേഹം ആ സ്ഥലത്തെ വത്തിക്കാനോടാണ് ഉപമിക്കുന്നത്. രഹസ്യത്തിന്റെയും ആഡംബരത്തിന്റെയും മറവിൽ നിൽക്കുന്ന അധികാര കേന്ദ്രം എന്ന് അദ്ദേഹം ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നു. ഈ ആസ്ഥാന സമുച്ചയത്തിൽ ഒരൊറ്റ കെട്ടിടം നിർമ്മിക്കാൻ അവർ ചിലവിട്ടത് 227.4 കോടിരൂപയാണ് (300 മില്യൺ ഡോളർ). ലോകപ്രശസ്ത കലാകാരനായ ഡേവിഡ് ചോയെയാണ് (David Choe)  അവിടെയുള്ള മ്യൂറൽ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും അന്തസും ആഭിജാത്യവും നിറഞ്ഞതാണ് അവരുടെ പെരുമാറ്റം. വത്തിക്കാനോടുള്ള താരതമ്യം പുതിയലോകത്തിന്റെ, പുതിയൊരു മതത്തിന്റെ ആസ്ഥാനം എന്ന അർത്ഥത്തിൽ കൂടി ആകാം എന്ന് തോന്നുന്നു.

ഞങ്ങളുണ്ടാക്കിയത് ലോകത്തെ അന്യോന്യം ബന്ധിപ്പിക്കാനുള്ള ഏറ്റവും വലിയ കണ്ടുപിടുത്തമാണ് എന്ന് അവർ ആത്മാർഥമായി വിശ്വസിക്കുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ആംപ്ലിഫിക്കേഷൻ പവർ വളരെ കൂടുതലാണെന്നും ഇതിന്റെ പ്രത്യാഘാതം ഇപ്പോഴൊന്നും അറിയാൻ കഴിയില്ലെന്നും അവർ മനസ്സിലാക്കിയിരുന്നു. അതിനപ്പുറം ഫേസ്ബുക്ക് സജ്ജീകരിച്ച ആൽഗരിതത്തിന്റെ തന്നെ പ്രശ്നമാണ് നമ്മൾ ഇപ്പോൾ കാണുന്നത് എന്ന് ഇവർ മനസ്സിലാക്കിയില്ല എന്ന് മാക്സ് ഫിഷർ ചൂണ്ടിക്കാട്ടുന്നു. ഞങ്ങൾ വിൽക്കുന്ന ചെറിയ കാർഡ്ബോർഡ് ബോക്സുകൾക്ക് എന്താണ് കുഴപ്പം എന്ന് സിഗരറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നതിന് തുല്യമാണിത് എന്ന് ഫിഷർ പറയുന്നു. നുണകളുടെ അനിയന്ത്രിതമായ പ്രചാരണം സമൂഹ ജീവിതത്തിൽ എന്ത് പ്രത്യാഘാതമുണ്ടാക്കും എന്നതിന് പല ഉദാഹരണങ്ങളും ഫിഷർ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും അവരെ ബോധ്യപ്പെടുത്തിയില്ല. അങ്ങനെ ഇവരിൽ നിന്നല്ല താൻ തിരയുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുക എന്ന് തിരിച്ചറിഞ്ഞ മാക്സ് ഫിഷർ കൂടുതൽ പഠനത്തിനും യാത്രകൾക്കും തുടക്കമിട്ടു.

ലോകമെമ്പാടും നടത്തിയ യാത്രകളിൽ അദ്ദേഹം കണ്ടെത്തുന്നത് പ്രധാനപ്പെട്ട പല പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്നാണ്. ദേശീയ രാഷ്ട്രീയത്തെ ബാധിക്കുന്ന ട്വിറ്റർ, നിയോ നാസിസത്തിലേക്ക് നയിക്കുന്ന റെഡിറ്റ് സബ് കൾച്ചർ, കൂട്ട കൊലപാതകം നടത്തുന്ന യൂട്യൂബ് അഡിക്ട് എന്നിങ്ങനെ വിവിധതരം കഥകൾ അദ്ദേഹം കണ്ടെത്തുന്നു. അമേരിക്കയിൽ ട്രംപിനുണ്ടായ വിജയവും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും അദ്ദേഹം പഠിക്കുന്നു. ലോകമെമ്പാടും ഉണ്ടായ ആന്റി വാക്സിൻ ക്യാമ്പയിന് പിറകിലും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം തന്നെയായിരുന്നു എന്ന് ഫിഷർ നിരീക്ഷിക്കുന്നു.

ലോകമെമ്പാടും സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ നിഷ്കളങ്കമല്ലെന്നും സാങ്കേതിക വിദ്യയുടെ അടിസ്ഥാന സ്വഭാവവുമായി അതിന് ബന്ധമുണ്ടെന്നും സൂചനകൾ കിട്ടുന്നുണ്ട്. എന്നാൽ ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ആർക്കും കൃത്യമായി പറയാൻ കഴിയുന്നില്ല. മനുഷ്യ മസ്തിഷ്ക്കത്തിന് “നെഗറ്റിവിറ്റിയോടുള്ള” ആഭിമുഖ്യം ചൂഷണം ചെയ്യാൻ ഈ ആൽഗരിതങ്ങൾക്ക് കഴിവുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വിഭജന (divisive) പ്രക്രിയയാണ് ഉപയോഗിക്കുന്നവരുടെ കൂടുതൽ ശ്രദ്ധ ആകര്ഷിക്കുന്നതും അങ്ങനെയാണ് അവർ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സമയം ചിലവിടുന്നതും. അറ്റൻഷൻ ഇക്കോണോമി എന്ന സങ്കല്പനം തന്നെ ഉരുത്തിരിയുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഫേസ്ബുക്ക് എന്ന കമ്പനിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച ഒരു വ്യക്തിയെ മാക്സ് ഫിഷർ കണ്ടെത്തുന്നുണ്ട്. വെറുപ്പും ഗൂഢാലോചനയും തീവ്രവാദവും പ്രചരിപ്പിക്കുന്ന പോസ്റ്റുകളോടാണ് പ്ലാറ്റ്‌ഫോമിന് കൂടുതൽ താത്പര്യം എന്ന് അയാൾ കണ്ടെത്തുന്നു. ഫേസ്ബുക്ക് തയ്യാറാക്കിയിരിക്കുന്ന ആൽഗരിതമാണ് ഇതിന് പിറകിൽ എന്നും വ്യക്തമാവുന്നു.

ഉദാഹരണത്തിന് മ്യാൻമാറിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ വംശഹത്യക്ക് കാരണം ഫേസ്ബുക്ക് ആണ് എന്ന് ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തുകയുണ്ടായി. ഇത്തരം പ്രശ്നങ്ങൾ ശ്രീലങ്ക പോലുള്ള സ്ഥലങ്ങളിലും ആവർത്തിക്കുന്നതായി കണ്ടു. അങ്ങനെയാണ് ഫേസ്ബുക്കിനുള്ളിലുള്ള ഈ വിസിൽ ബ്ലോവർ ഇത്തരം പ്രശ്നങ്ങൾ പൊതു മാധ്യമങ്ങൾക്ക് കൈമാറുന്നത്. ഇതേക്കുറിച്ച് നമുക്ക് പിന്നീട് കൂടുതൽ മനസിലാക്കാം.

സുക്കർബർഗ് അമേരിക്കൻ സെനറ്റിൽ 2018 ഏപ്രിൽ 11

എന്തായാലും മാക്സ് ഫിഷറിന്റെ സന്ദർശനം കഴിഞ്ഞ് ഏറെക്കഴിയാതെയാണ് ഈ മാധ്യമ ഭീമന്മാരെ അമേരിക്കൻ കോൺഗ്രസ് വിചാരണയ്ക്ക് വിളിച്ചത്. നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി ഇവർ പരാമർശിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും കൂടുതൽ ആളുകളെ ആകർഷിക്കുക എന്ന പ്രാഥമികമായ ധർമത്തിൽ മാറ്റമുണ്ടായില്ല.

കോവിഡ് കാലമായതോടെ ഇത്തരം പ്ലാറ്റ് ഫോമുകളുടെ പുറത്തുള്ള സമ്മർദ്ദം കൂടി. അതിതീവ്ര വാദങ്ങളുടെ എക്കോ ചേമ്പറുകൾ സൃഷ്ടിച്ച് അവയെ കൂടുതൽ ഗുരുതരമാക്കുന്ന പ്രവണതയാണ് വെറുക്കാനായുള്ള പരിശീലനത്തിനു പിറകിൽ എന്ന് തെളിഞ്ഞു. നമ്മുടെ മന:ശാസ്ത്രം, സ്വത്വം, ചിന്തിക്കുന്ന രീതി, പെരുമാറ്റം എന്നിവയെയൊക്കെ ഈ ആൽഗരിതങ്ങൾ സ്വാധീനിക്കുന്നു. അതായത് നമ്മുടെ മനഃശാസ്ത്രപരമായ പരിമിതികളെയാണ് ഇവർ ചൂഷണം ചെയ്യുന്നത് എന്നർത്ഥം.

സിലിക്കൺ വാലിയുടെ വളർച്ചയെക്കുറിച്ചാണ് മാക്സ് ഫിഷർ പിന്നീട് വിശദമായി പഠിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുദ്ധാവശ്യങ്ങൾക്കായി രൂപപ്പെട്ട ഗവേഷണ സംവിധാനങ്ങൾ തുടരുകയും കോൾഡ് വാറിന്റെ പശ്ചാത്തലത്തിൽ പുതിയ ഗവേഷണങ്ങൾ അവിടെ ആരംഭിക്കുകയും ചെയ്തു. ഇവിടെയാണ്, ആദ്യമായി, ലാഭത്തിന് വേണ്ടി മാത്രമുള്ള ഗവേഷണം എന്ന ആശയം പ്രബലമാവുന്നത് എന്ന് മാക്സ് ഫിഷർ എഴുതുന്നു. ഈ ഗവേഷണ പ്രദേശത്തെ ഒരു ചരിത്രകാരൻ ഡാർവിൻ കണ്ടെത്തിയ ഗാലപ്പഗോസ് ദ്വീപുകളുമായാണ് താരതമ്യം ചെയ്തത്. ആ ദ്വീപുകളിൽ എന്നപോലെ ഇവിടെയും ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകതയും ഒറ്റപ്പെടലും സവിശേഷ ശാസ്ത്രലോകത്തെ സൃഷ്ടിച്ചു എന്ന് അദ്ദേഹം പറയുന്നു. ഈ വിചിത്ര ഭൂമികയിലാണ് ഫേസ്ബുക്കും യൂട്യൂബും ട്വിറ്ററുമൊക്കെ ഉണ്ടാകുന്നത്. ഇതിന് സഹായകമായ രീതിയിൽ വെഞ്ചർ ക്യാപിറ്റലിസവും രൂപപ്പെട്ടതായി മാക്സ് ഫിഷർ പറയുന്നു. ഇതെല്ലാം ചേർന്നാണ് ഒരു വാണിജ്യ സാംസ്‌കാരിക ഗാലപ്പഗോസ് ഉണ്ടാവുന്നത്.

ചില പരീക്ഷണങ്ങൾക്കിടയിൽ യാദൃച്ചികമായാണ് ഫേസ്ബുക്ക് ജനിക്കുന്നത്. തുടക്കത്തിൽ 8 മില്യൺ സബ്സ്ക്രൈബേർസ് മാത്രമുണ്ടായിരുന്ന ഫേസ്ബുക്കിനേക്കാൾ സ്വാധീനം അക്കാലത്ത് ഫ്രണ്ട്സ്റ്റർ, ലൈവ് ജേർണൽ, ഓർക്കുട്, മൈസ്പേസ് എന്നിവയ്ക്ക് ഉണ്ടായിരുന്നു. എങ്കിലും ഫേസ്ബുക്കിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ച യാഹൂ ഒരു ബില്യൺ ഡോളറിന് ഫേസ്ബുക്ക് വാങ്ങാൻ ശ്രമിച്ചു. കോളേജ് പഠനം പോലും പൂർത്തിയാക്കാത്ത ഫേസ്ബുക്ക് സ്ഥാപകർക്ക് ഇത് വലിയൊരു തുകയായിരുന്നു. എന്നാൽ തങ്ങളുടെ ആശയത്തിന് ഇതേക്കാൾ മൂല്യമുണ്ട് എന്ന വിശ്വാസത്തിൽ അവർ യാഹൂവിന്റെ നിർദേശം നിരാകരിച്ചു.

എന്നാൽ തുടക്കത്തിലുണ്ടായ ഒരു സംഭവം പിൽക്കാലത്തെ ഫേസ്ബുക്കിന്റെ ആഭ്യന്തര ആൽഗരിതങ്ങളെ നിർണായകമായി സ്വാധീനിച്ചു. ഈ കഥ വളരെ വിശദമായി മാക്സ് ഫിഷർ എഴുതുന്നുണ്ട്. ന്യൂസ് ഫീഡ് തുടങ്ങിയപ്പോഴാണ് സ്വന്തം സ്വകാര്യത പൂർണമായും നഷ്ടമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം എന്ന് ചിലർക്ക് തോന്നിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഇത്തരത്തിലുള്ള ഗ്രൂപുകളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ചേർന്നത്. യഥാർത്ഥത്തിൽ ഇത്രയേറെ ആളുകൾ ചേരുന്നുണ്ടായിരുന്നില്ല. ന്യൂസ് ഫീഡിന്റെ പ്രവർത്തന സംവിധാനം അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കുകയായിരുന്നു. ഒരു അഭിപ്രായം പ്രബലമാകുമ്പോൾ അതിനോട് ചേരാനാണ് മനുഷ്യന്റെ മനസ്സ് സജ്ജമാകുന്നത് എന്ന് മാക്സ് ഫിഷർ ചൂണ്ടിക്കാട്ടുന്നു. എന്നുമാത്രമല്ല ഈ അഭിപ്രായത്തെ അവർ തങ്ങളുടെ തന്നെ അഭിപ്രായമായി കരുതാൻ തുടങ്ങുകയും ചെയ്യുന്നു..

സത്യത്തിൽ ഫേസ്ബുക്കിനെതിരായി തുടക്കത്തിലുണ്ടായ ഈ പ്രതിഷേധം ഫേസ്ബുക്ക് ആൽഗരിതത്തിന്റെ ശക്തിയാണ് കാണിച്ചത് എന്ന് സുക്കർബർഗിനും സംഘത്തിനും മനസ്സിലായി. വെറുപ്പ് മുന്നിട്ട് നിൽക്കുന്ന ആശയങ്ങളാണ് ഇത്ര വേഗത്തിൽ ഡിജിറ്റൽ ആംപ്ലിഫിക്കേഷന് വിധേയമാകുന്നത്. ഫേസ്ബുക്കിനെതിരായ സമരവും വളർന്നത് ഇതേ ആൽഗരിതത്തിന്റെ സഹായത്തോടെയാണ്. ഏതുവിധേനയും കൂടുതൽ ആളുകൾ പ്ലാറ്റ്ഫോം ഉപയോഗിക്കണം, അതേയുള്ളു കമ്പനിയുടെ ആവശ്യം. അങ്ങനെ തങ്ങൾക്കെതിരെ ഉണ്ടായ സമരം കമ്പനിയുടെ ആവശ്യത്തിനായി രൂപപ്പെടുത്താൻ ഫേസ്ബുക്കിന് കഴിഞ്ഞു. ഇതോടെ 600-700 ശതമാനം വളർച്ചയാണ് ഫേസ്ബുക്കിനുണ്ടായത്. പതിനഞ്ചു മാസത്തിനുള്ളിൽ കമ്പനിയുടെ മൂല്യം 15 ബില്യൺ ഡോളറായി വളർന്നു. യാഹൂ വാഗ്ദാനം ചെയ്തതിന്റെ 15 ഇരട്ടി. 2014 ആയപ്പോഴേക്കും മൂന്നിൽ രണ്ട് അമേരിക്കക്കാരും ഏതെങ്കിലും സാമൂഹിക മാധ്യമത്തിന്റെ ഭാഗമായി മാറി. മനുഷ്യരുമായി നേരിട്ട് ഇടപഴകുന്നതിലും കൂടുതൽ സമയം മനുഷ്യർ സാമൂഹിക മാധ്യമങ്ങളിൽ ചിലവിട്ട് തുടങ്ങി.

എന്താണ് വിപണിയിൽ വലിയ മാറ്റം വരുത്തിയ ഈ സംരംഭത്തിന്റെ പ്രത്യേകത? മറ്റ് സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൗതികമായി ഉപയോഗിക്കാവുന്ന ഒരു ഉത്പന്നവും ഇവിടെ ഉണ്ടാക്കുന്നില്ല. സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം മാത്രം. എന്നാൽ 2017 ആയതോടെ ലോകത്തെ ഏറ്റവും വലിയ ബാങ്കായ ജെ.മോർഗൻ ചേസ്നെക്കാളും ജനറൽ ഇലക്ട്രിക്കിനെക്കാളും എക്സൺ മൊബീലിനെക്കാളും ആസ്തിയുള്ള കമ്പനിയായി ഫേസ്ബുക്ക് മാറി.

ഇപ്പോൾ പ്രയോഗത്തിലുള്ള സാങ്കേതിക വിദ്യ സാമൂഹികമായി ദോഷമാണുണ്ടാക്കുക എന്നറിഞ്ഞിട്ടും അതിൽ മാറ്റമുണ്ടാക്കാൻ ഫേസ്ബുക്ക് തയ്യാറായില്ല എന്നാണ് മാക്സ് ഫിഷർ പ്രധാനമായും ആരോപിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങളെ കൃത്രിമമായി സ്വാധീനിക്കാനും മാനസികമായ ദൗർബല്യങ്ങളെ ചൂഷണം ചെയ്യാനുമുള്ള ശ്രമം കമ്പനി തുടർന്നു.

ഇതേസമയത്ത് ഈ രംഗത്തുണ്ടായ പല പ്രധാന സംരംഭങ്ങളും സാമൂഹികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവ ആയിരുന്നു. സംഗീതം ഷെയർ ചെയ്യാനായി ഉപയോഗിക്കുന്ന നാപ്സ്റ്റർ നിയമപ്രശ്നങ്ങൾ മൂലം അടച്ചുപൂട്ടേണ്ടി വന്നെങ്കിലും സംഗീത വ്യവസായത്തെ ഇനി മാറ്റാൻ കഴിയാത്ത വിധം തകർക്കുകയാണുണ്ടായത്.

ഈ സ്വാധീനം ഇവർക്ക് എങ്ങനെയാണ് ഉണ്ടാക്കാൻ കഴിഞ്ഞത്? മാക്സ് ഫിഷർ ഇക്കാര്യം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്. എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക അംഗീകാരം ആഗ്രഹിക്കുന്നുണ്ട്. ഇതാണ് ഒരു പരിധി വരെ ഫേസ്ബുക്കിലെ ലൈക്കുകളിലും മറ്റ് ഇമോജികളിലും നിങ്ങൾക്ക് കിട്ടുന്നത്. സോഷ്യൽ വാലിഡേഷൻ ഓഫ് ഫീഡ്ബാക്ക് ലൂപ്പ് എന്നാണ് ഇതിനെ അവർ വിളിക്കുന്നത്. തുടർ പ്രതികരണത്തിലൂടെ ലഭിക്കുന്ന സാമൂഹിക അംഗീകാരം എന്ന് ഇതിനെ വിളിക്കാം എന്ന് തോന്നുന്നു. മാനസികമായ ഒരു ദൗര്ബല്യത്തിന്റെ വ്യാവസായികമായ ചൂഷണം. ഇത് തുടക്കത്തിൽ തന്നെ സുക്കർബർഗ് മനസ്സിലാക്കി. എന്ന് മാത്രമല്ല സിലിക്കോൺ വാലിയിൽ ബിസിനസ് വളർത്താനുള്ള ഒരു സ്ട്രാറ്റജിയായി ഇത് ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഉപഭോക്താക്കളുടെ സ്വഭാവരീതികളെ സ്വാധീനിക്കാനുള്ള ശ്രമം കോർപ്പറേറ്റ് ലോകം വളരെ ശക്തമായി ആരംഭിച്ചു.

പലമേഖലകളിൽ ഇതേക്കുറിച്ചുള്ള പഠനവും നടന്നു. ഇതിൽ നിർണായകമായത് ഡോപ്പാമിൻ എന്ന കെമിക്കലുമായി ബന്ധപ്പെട്ട ന്യൂറോളജിക്കൽ പഠനങ്ങളാണ്. നിങ്ങളുടെ ചെറിയ ആഗ്രഹങ്ങൾ പ്രാവർത്തികമാകുന്നതോടെ തലച്ചോറിൽ ചെറിയ ഒരു അളവിൽ ഡോപ്പാമിൻ ഉത്പാദിപ്പിക്കും. ഇത് ലൈംഗികമായ ആഗ്രഹങ്ങളാവാം, സാമൂഹികമായ അംഗീകാരമാവാം അങ്ങനെ എന്തുമാവാം. അതോടെ ഇത് വീണ്ടും വീണ്ടും ലഭിക്കാനുള്ള പ്രേരണ നിങ്ങളിലുണ്ടാവും. ഇതിന് വേണ്ടി നിങ്ങൾ ചെയ്യുന്ന പ്രവൃത്തി ചിലപ്പോൾ സ്വയം നശിപ്പിക്കുന്നത് പോലുമാകാം, മദ്യപാനം പോലെ. അതേപോലെ ചിലപ്പോൾ ദീർഘകാലത്തിൽ നിങ്ങളെ ദുഖിതരാക്കുന്ന ആപ്പുകളോട് പോലും നിങ്ങൾക്ക് ഒരുതരം ആസക്തി ഉണ്ടാക്കാം.

ഈ ഡോപ്പാമിൻ ആണ് തലച്ചോറിലിരുന്ന് നിങ്ങളുടെ സാമൂഹിക മാധ്യമങ്ങളുടെ കൂട്ടാളിയായിരിക്കുന്നത്. ഐന്ദ്രികമായ അഥവാ sensual ആയ സന്തോഷത്തിന് സഹായകമായ വിധത്തിലാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ പോലും ഡിസൈൻ ചെയ്തിരിക്കുന്നത്, അതിന്റെ നിറങ്ങളും ശബ്ദങ്ങളും മൃദുവായ സ്പർശനവുമായി. 

വിശപ്പും ദാഹവും പോലെ മനുഷ്യർക്ക് പ്രധാനമാണ് മറ്റ് മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കാനുള്ള ആഗ്രഹവും. ഇതിന് സഹായകമായ വിധത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകളെ സെറ്റ് ചെയ്തിരിക്കുന്നത് intermittent variable reinforcement സാധ്യമാകുന്ന തരത്തിലാണ് എന്ന് പഠനങ്ങൾ വിശദീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും reward കിട്ടില്ല, എന്നാൽ reward കിട്ടും എന്ന പ്രതീക്ഷ ഇല്ലാതാവുകയുമില്ല. ഇതേ രീതിയാണ് ഗാംബ്‌ളിംഗിലും ഉപയോഗിക്കുന്നത്. Abusive ആയ ബന്ധങ്ങളിൽ എന്നപോലെ ഒരുതരം ട്രോമാറ്റിക് ബോണ്ടിങിനാണ് ഇത് നയിക്കുക. നിങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണ് എന്നറിയുമ്പോഴും ഒരു ബന്ധം തുടരുക എന്നതാണ് ഇതിന്റെ അർത്ഥം.

തുടക്കത്തിൽ നാം ഇപ്പോൾ കാണുന്ന അപ്പ്രൂവൽ ബട്ടണുകൾ ഫേസ്ബുക്കിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇത് വന്നതോടെ പ്ലാറ്റ്ഫോമിന്റെ സ്വഭാവം മൊത്തമായി മാറി.

മനുഷ്യർ വളരെ സങ്കീർണമായ ഒരു ജീവി വർഗമാണ്. സാമൂഹികമായി കൂട്ടുകൂടിയുള്ള ജീവിതമാണ് ഇതിൽ ഏറെ സങ്കീർണം. ബ്രിട്ടീഷ് ആന്ത്രോപോളജിസ്റ്റ് റോബിൻ ഡൻബാർ അടക്കമുള്ള പലരുടേയും പല പഠനങ്ങളും കാണിക്കുന്നത് ഒരു ഗ്രൂപ്പിന്റെ വലിപ്പം 150 ൽ കൂടുതലായാൽ വ്യക്തിക്ക് അത് മാനേജ് ചെയ്യാൻ കഴിയില്ല എന്നാണ്. ഇതിൽ കൂടുതലായാൽ തലച്ചോറിലെ നിയോ കോർട്ടെക്സിന് ഇതിനെ പ്രോസസ്സ് ചെയ്യാൻ കഴിയില്ല. ഈ പരിധി മറികടക്കുക എന്നത് സാമൂഹിക മാധ്യമങ്ങളെ സംബന്ധിച്ച് വാണിജ്യപരമായ ഒരു ആവശ്യമാണ്. എന്നാൽ ആയിരക്കണക്കിന് വർഷങ്ങളുടെ പരിണാമപരമായ പരിമിതികൾ മറികടക്കുക എളുപ്പമായിരുന്നില്ല.

എന്നാൽ ആൽഗരിതം ഉപയോഗിച്ച് സുഹൃത്തുക്കളുടെ സുഹൃത്തുക്കൾ, പരിചയക്കാരുടെ പരിചയക്കാർ എന്നിങ്ങനെ ഈ ചങ്ങല മുറിയാതെ കൊണ്ടുപോകാൻ ഫേസ്ബുക്കിന് കഴിഞ്ഞു. പിന്നീട് സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ കൂട്ടായ്മയുണ്ടാക്കി. ഇതിലൊക്കെ ഫലപ്രദമായത് ആന്റി വാക്സിൻ ഗ്രൂപ്പുകൾ പോലുള്ള നെഗറ്റീവ് ഗ്രൂപ്പുകളാണ്. എന്നാൽ നമ്മുടെ ശരീരശാസ്ത്രപരവും ന്യൂറോളജിക്കലുമായ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന പ്രത്യാഘാതം അവർ പരിഗണിച്ചില്ല. ഡൻബാർ പരിധി ലംഘിക്കുന്ന കുരങ്ങുവർഗ്ഗത്തിലെ അംഗങ്ങൾ കൂടുതൽ അക്രമാസക്തരും വിശ്വാസമില്ലാത്തവരും ഹിംസാത്മകരും ആവും എന്നുള്ള പഠനങ്ങൾ ഉണ്ടായി. അങ്ങനെ വലിയ മാനവിക സ്വാതന്ത്ര്യം പ്രഘോഷിക്കുന്ന ഈ നവ സാങ്കേതിക വിദ്യ സന്തോഷം കുറഞ്ഞ ഒരു സമൂഹത്തെയാണ് സൃഷ്ടിച്ചത്. ഡൻബാർ പരിധി പൂർണമായും ശാസ്ത്രലോകം അംഗീകരിച്ച ഒരു സിദ്ധാന്തമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് ഒരു പരിധി വരെ പ്രസക്തമായേക്കാം.

സ്വന്തം വ്യക്തിത്വത്തെ പോസിറ്റീവ് ആയി കാണാനുള്ള ത്വര ഓരോ വ്യക്തിക്കുമുണ്ട്. Survival of the friendliest എന്ന് ആന്ത്രോപോളജിസ്റ്റ് ആയ ബ്രയാൻ ഹരേ ഇതിനെ വിശേഷിപ്പിക്കുന്നു. സാമൂഹികമായി കിട്ടുന്ന അംഗീകാരം ഓരോ വ്യക്തിക്കും പ്രധാനമാണ്. അഭിമാനം, ലജ്ജ, അരക്ഷിതത്വ ബോധം എന്നിവയെല്ലാം ഈ വ്യക്തിത്വ സവിശേഷതകളിൽ ഉൾപ്പെടും. ഈ മേഖലയിലാണ് സാമൂഹിക മാധ്യമങ്ങൾ വിചിത്രമായി ഇടപെടുന്നത്.

ചരിത്രത്തിൽ ഇതേവരെ ലഭ്യമല്ലാതിരുന്ന വേഗത്തിലും വലിപ്പത്തിലും ഈ സാമൂഹിക അംഗീകാരം ലഭിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് കഴിയുന്നു. എപ്പോഴാണ് ഒരു പൊതു സദസ്സിൽ അന്പത് പേർ ഒരുമിച്ച് നിങ്ങളെ കയ്യടിച്ച് അഭിനന്ദിച്ചത് എന്ന് മാക്സ് ഫിഷർ ചോദിക്കുന്നു. വളരെ കുറച്ച് സന്ദർഭങ്ങൾ മാത്രമാവും നിങ്ങൾക്ക് ഓർമ്മയിൽ വരിക. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഒരുപക്ഷേ എല്ലാ ദിവസവും രാവിലെ നിങ്ങൾക്ക് ഈ അഭിനന്ദനം ലഭിക്കുന്നുണ്ടാവും.

എന്നാൽ ഇവിടെയും അൽഗരിതം നിങ്ങളുടെ മനസ്സിനെ അമ്മാനമാടുകയാണ്. ഏതു പോസ്റ്റിന് എന്ത് പ്രതികരണം എന്നൊന്നും നിങ്ങൾക്ക് അറിയാൻ കഴിയില്ല. നിങ്ങളുടെ ഒരു പോസ്റ്റ് ആര് കാണണം ആര് കാണരുത് എന്ന് തീരുമാനിക്കുന്നത് ഈ ആൽഗരിതമാണ് എന്ന് മാക്സ് ഫിഷർ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോൾ നിങ്ങളോട് യോജിക്കുന്നവർ മാത്രമാവും കാണുക. മറ്റുചിലപ്പോൾ നിങ്ങളോട് ഒട്ടും യോജിപ്പില്ലാത്തവരും. ഏതു പോസ്റ്റിന് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാൻ വഴിയില്ല. അതനുസരിച്ച് ഓരോന്നിനും കിട്ടുന്ന പ്രതികരണവും മാറും.

എന്തായാലും നിങ്ങളുടെ ആസക്തിയിൽ ഒരു കുറവും വരുന്നില്ല. അങ്ങനെ ഒരു ശരാശരി അമേരിക്കക്കാരൻ ഒരു ദിവസം 150 തവണ തന്റെ സ്മാർട്ട് ഫോൺ പരിശോധിക്കും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ തലമുറയെ കാണിക്കുന്ന Kho gayen hum kahan എന്ന സിനിമയിൽ ഇന്ത്യക്കാരിൽ ഇത് 224 തവണയാണ് എന്ന് പറയുന്നുണ്ട്. എന്ന് മാത്രമല്ല ഏറ്റവും കൂടുതൽ വേഗത്തിൽ പ്രവഹിക്കുന്നത് നെഗറ്റീവ് വാർത്തകളാണ്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ പകുതി ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന വാചകം നമ്മൾ ധാരാളമായി കേൾക്കാറുണ്ട്. 2013 ൽ ചൈനയിൽ ഇതിനെ സാധൂകരിക്കുന്ന ഒരു പഠനവും നടന്നിരുന്നു.

അതിനിടയ്ക്ക് ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഒരു പഠനം നടത്തി. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു നിശ്ചിത തുക പ്രതിഫലമായി തരാം എന്നതായിരുന്നു പരീക്ഷണം. ആഴ്ചയിൽ 180 ഡോളർ വാഗ്ദാനം ചെയ്തപ്പോളാണ് വലിയൊരു ശതമാനം ആളുകൾ ഇതിന് തയ്യാറായത്. അങ്ങനെ ചെയ്തവരുടെ ഇടയിൽ ഉത്കൺഠ കുറയുകയും സന്തോഷം കൂടുകയും ചെയ്തു എന്നും ഈ പഠനം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇവിടെ മറ്റൊരു ഘടകവും പ്രവർത്തിച്ചുതുടങ്ങുന്നു. നിങ്ങൾ ഏത് സംഘത്തിൽ പെട്ട വ്യക്തിയാണ് എന്ന ചോദ്യം നിങ്ങൾ അറിയാതെ തന്നെ ഉയരുകയും ക്രമേണ നിങ്ങൾ അത്തരത്തിൽ സ്വയം നിർണയിച്ച ഒരു സോഷ്യൽ ക്യാറ്റഗറിയുടെ ഭാഗമാവുകയും ചെയ്യുന്നു. പിന്നീട് ആൽഗരിതം സൃഷ്ടിച്ച അത്തരം ഒരു എക്കോ ചേമ്പറിൽ നിന്ന് നിങ്ങൾക്ക് പുറത്തുകടക്കാൻ കഴിയാതെ വരികയും ചെയ്യും.

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെ മാക്സ് ഫിഷർ വിശദമായി അവതരിപ്പിക്കുന്നു. എന്നാൽ ഇതിൽനിന്ന് എന്തുപാഠമാണ് നമ്മൾ പഠിക്കുക? ഇതിന്റെ പ്രത്യാഘാതം എവിടെയൊക്കെയാണ് പ്രതിഫലിക്കുക?

ഇതേവരെ മുഖ്യ ധാര എന്ന് നമ്മൾ കരുതിയിരുന്ന ലെഗസി മാധ്യമങ്ങൾ സാമൂഹിക മാധ്യമങ്ങളുടെ ആൽഗരിതത്തെ അനുകരിച്ചുതുടങ്ങി എന്നതാണ് ഏറ്റവും പുതിയ പ്രവണത. ക്ലിക്ക് ബെയ്ട് (click bait)  എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആകർഷണ തന്ത്രങ്ങൾ ഇപ്പോൾ വ്യക്തികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. അതിനായി സാമൂഹിക സ്വത്വത്തെ വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും ഉപഭോക്താവിന്റെ ശ്രദ്ധ ആകർഷിക്കുക എന്നൊരു ലക്‌ഷ്യം മാത്രം.

അങ്ങനെയാണ് തനിക്ക് ധാരാളം പിന്തുണയുണ്ട് എന്ന് കാണിക്കാനായുള്ള ക്ലിക്ക് ഫാമുകൾ രൂപീകരിക്കുക, എതിർ സംഘത്തെ പ്രകോപിപ്പിക്കും വിധമുള്ള അവതരണങ്ങൾ നടത്തുക, പലതരം സ്കാമ്മിങ് അഥവാ തട്ടിപ്പുകളിൽ ഏർപ്പെടുക എന്നതൊക്കെ വളരെ സ്വാഭാവികമായി മാറിയത്. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള യുദ്ധങ്ങൾ ഇന്റർനെറ്റിൽ മാത്രം ഒതുങ്ങിനിന്നില്ല. ഇതിന്റെ പ്രതികരണം റോഡുകളിലേക്കും തെരുവുകളിലേക്കും നീങ്ങി. മനുഷ്യർ എന്താണ് സത്യം എന്നറിയാതെ അന്യോന്യം പോരാടാൻ തുടങ്ങി.

ഇതിന്റെ ഏറ്റവും രക്ത രൂഷിതമായ അനുഭവം ഉണ്ടായത് മിയാൻമാറിലാണ് എന്ന് മാക്സ് ഫിഷർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വളർച്ച വളരെ വിശദമായി ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. താരതമ്യേന പുറംലോകത്തുനിന്നു അകന്ന് കഴിഞ്ഞിരുന്ന ഈ രാജ്യത്തേക്ക് ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും കൊണ്ടുവരുന്നത് ഒബാമയാണ്. ഇവിടെയുള്ള 50 ദശലക്ഷം ജനങ്ങളെ വളരെ വേഗത്തിൽ ജനാധിപത്യത്തിലേക്ക് നയിക്കാം എന്ന് ഒബാമ വാക്ക് കൊടുത്തു. ഇതിനായി സിലിക്കോൺ വാലിയിലെ വിദഗ്ധരെയാണ് നിയോഗിച്ചത്. ഫേസ്ബുക്ക് ഇല്ലാത്തവർ സ്വന്തം മേൽവിലാസം ഇല്ലാത്തവരാണ് എന്നായിരുന്നു ഈ വിദഗ്ധരുടെ ആദ്യത്തെ പരസ്യ വാചകം. അങ്ങനെ അതേവരെ 0.5 % മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന ഒരു സമൂഹം മൂന്നു വർഷത്തിനുള്ളിൽ 40 % ആയി ഉയർന്നു. അതേവരെ 1500 ഡോളർ ആയിരുന്ന സിം കാർഡിന്റെ വില ഒന്നര ഡോളർ ആയി കുറഞ്ഞു. ഡേറ്റ ലഭ്യമാക്കാൻ വലിയ സബ്‌സിഡിയാണ് തുടക്കത്തിൽ നൽകിയത്.

ഈ അവസരം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് വിരാതു എന്ന ഒരു ബുദ്ധിസ്റ്റ് സന്യാസിയാണ്. അന്യ സമുദായങ്ങൾക്കെതിരെ തീവ്രമായ വെറുപ്പ് നിറഞ്ഞ ഭാഷ ഉപയോഗിച്ചതിന് അയാൾ ജയിലിൽ ആയിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നു. പുറത്തിറങ്ങിയ അയാൾ ഫേസ്ബുക്കും യൂട്യൂബും ഉപയോഗിച്ച് തന്റെ വെറുപ്പിന്റെ വ്യാപാരം കഠിനമായി തുടർന്നു. മുസ്ലീമുകൾക്കെതിരെയായിരുന്നു അയാളുടെ ആക്രോശം. ഇത് തുടർന്നാൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുക എന്ന് പല ഗവേഷകരും ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകി. എന്നാൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടു. ഇപ്പോഴും അവസാനിക്കാത്ത റോഹിൻഗ്യ വംശഹത്യയിൽ പോലും ഇതിന്റെ പ്രതിഫലനം കാണാം എന്ന് ഫിഷർ പറയുന്നുണ്ട്.

അമേരിക്ക ആഭ്യന്തരമായി വലിയ പ്രതിസന്ധികളെ, വിയറ്റ്നാം യുദ്ധം ഉൾപ്പടെ, നേരിടുന്ന സമയത്താണ് കമ്പ്യൂട്ടർ രംഗത്തെ വിപ്ലവം ആരംഭിക്കുന്നത്. ലോകമെമ്പാടും കൌണ്ടർ കൾച്ചറിന്റെ വലിയ അലയടികൾ ഉയർന്നുകേൾക്കുന്ന സമയം. ഈ വിപ്ലവകാരികൾ വലിയ പ്രതീക്ഷയോടെയാണ് കംപ്യൂട്ടറിന്റെ വരവിനെ കണ്ടത്. ആൽവിൻ റ്റോഫ്‌ലറിന്റെ Future Shock ഒക്കെ വരുന്നത് ഇതേ സമയത്താണ്. സാങ്കേതിക വിദ്യകളിലൂടെ സ്ഥാപനങ്ങൾക്ക് പുറത്ത് വ്യക്തികൾക്ക് ശാക്തീകരണം കിട്ടുന്ന ഒരു ചിത്രമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെയും വൈചിത്ര്യത്തിന്റെയും പുതിയ ലോകം സമ്മാനിക്കുന്ന അത്ഭുത ലോകമായാണ് കമ്പ്യൂട്ടർ ചിത്രീകരിക്കപ്പെട്ടത്. പോപ്പ് സംസ്കാരത്തിന്റെ പ്രധാന ഉച്ചഭാഷിണിയായ റോളിങ്ങ് സ്റ്റോൺ പോലും ഇത്തരമൊരു ചിത്രമാണ് അവതരിപ്പിച്ചത്. സ്വതന്ത്ര ഭാഷണത്തിന്റെ യുഗമാണ് വരുന്നത് എന്നാണ് അവർ പ്രഖ്യാപിച്ചത്. അസാധാരണ പ്രതിഭകളെ ആകർഷിക്കാൻ ഈ സാങ്കേതിക ഗവേഷണ രംഗത്തിന് സാധിച്ചു. ലോകത്തെ മാറ്റുന്ന ഗവേഷണങ്ങൾക്കാണ് തങ്ങൾ നേതൃത്വം നൽകുന്നത് എന്ന് അവർ സ്വയം വിശ്വസിക്കുകയും ചെയ്തു.

ഫേസ്ബുക്കിനെക്കുറിച്ച് മാത്രമല്ല റെഡിറ്റ്, ട്വിറ്റർ എന്നിവ അടക്കമുള്ള മറ്റ് സാമൂഹിക മാധ്യമങ്ങളും പ്രവർത്തിക്കുന്നതും ഇങ്ങനെത്തന്നെയാണ് എന്ന് ഉദാഹരണസഹിതം മാക്സ് ഫിഷർ വിശദമാക്കുന്നു. കൂടുതലും അമേരിക്കയുടെ പശ്ചാത്തലത്തിലാണ് മാക്സ് ഫിഷർ ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ട മേഖലയാണ് എന്ന് തീർച്ച. ചില ലളിതവൽക്കരണങ്ങൾ ആരോപിക്കാമെങ്കിലും സാമൂഹിക മാധ്യമ പഠനരംഗത്ത് പ്രധാന സംഭാവനയാണ് ഈ പുസ്തകം.

ഇതിനർത്ഥം ഈ സാങ്കേതിക വിദ്യകളെ നമ്മൾ പൂർണമായും തിരസ്കരിക്കണം എന്നാണോ? വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് യന്ത്രങ്ങൾ തച്ചുപൊളിച്ച ലുഡൈറ്റുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അവരുടെ വഴിയല്ലല്ലോ നമ്മുടെ വഴി. എന്നാൽ ഈ സാങ്കേതിക വിദ്യകളെ കൂടുതൽ കൃത്യമായി മനസ്സിലാക്കാതെ വയ്യ, അവയുടെ സാമൂഹിക പ്രത്യാഘാതം പഠിക്കാതെ വയ്യ. അതനുസരിച്ചുള്ള ഒരു മാർഗരേഖ ഭാവിയിലേക്ക് ഉണ്ടാക്കാതെയും വയ്യ.

എന്തായാലും ഭാവി സമൂഹങ്ങളെയും രാഷ്ട്രീയത്തേയും കഠിനമായി സ്വാധീനിക്കാനുള്ള കരുത്ത് സാമൂഹിക മാധ്യമങ്ങൾക്കുണ്ട് എന്ന് തീർച്ച. ഇതേക്കുറിച്ചുള്ള പഠനം ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾക്ക് പ്രധാനമായി മാറും. ആ പ്രവർത്തനത്തിന് ഏറെ സഹായകമായ ഒരു പുസ്തകമാണ് മാക്സ് ഫിഷർ എഴുതിയ The Chaos Machine.

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
60 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ
Next post ഭീമൻ വൈറസുകളും, വൈറോഫേയ്ജുകളും: സൂക്ഷ്‌മ ലോകത്തിലെ അത്ഭുതങ്ങൾ
Close