[author title=”സോജന്‍ ജോസ്, സുരേഷ് വി” image=”http://luca.co.in/wp-content/uploads/2017/08/Suresh-Kuttty.jpg”]പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫസർമാര്‍[/author]വ്യത്യസ്ത സസ്യ വിഭാഗങ്ങളുടെ ജനിതക ഘടന പഠിച്ച് അവയുടെ ആദ്യ പൂർവികരുടെ പുഷ്പത്തിന്റെ രൂപം ഒരു കൂട്ടം ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നു. ധാരാളം ഇതളുകൾ ഉള്ള ഈ ആദ്യ പുഷ്പ്പം ഘടനായപരമായ ചില മാറ്റങ്ങൾ ഒഴിച്ചാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ ചെമ്പകപ്പൂവിനെ പോലെ ഇരിക്കുന്നവയാണ്. കൗതുകകരമായ ഈ പുഷ്പ വിജ്ഞാനം പങ്കുവയ്ക്കുകയാണ് ലേഖനത്തില്‍.
[dropcap]ഭൂ[/dropcap]മിയിലെ സസ്യവർഗങ്ങളിൽ വൈവിധ്യം കൊണ്ട് ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നവയാണ് പുഷ്പിത സസ്യങ്ങൾ. അതിവേഗം പരിണമിക്കാനുള്ള കഴിവ്, വ്യത്യസ്ത കാലാവസ്ഥാ മേഖലകളിൽ നിലനിന്ന് പോകാനുള്ള വൈദഗ്ദ്യം എന്നിവ ഇവയെ ഇതര സസ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. പുഷ്പിത സസ്യങ്ങളുടെ പൂർവികർ എങ്ങനെ ആയിരുന്നു?, ഒരല്പം കാൽപനികമായി പറഞ്ഞാൽ, ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു? കാലങ്ങളോളം സസ്യ ശാസ്ത്രജ്ഞരെ കുഴക്കിയ ഒരു വലിയ സമസ്യയാണ് ഇത്. അതിനു ഇപ്പോൾ ഏകദേശം ഒരു ഉറപ്പിൽ എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ഒരല്പം ചരിത്രം.
ഡാർവിൻ – വല്ലെസ് ദ്വയത്തിന്റെ പരിണാമ സിദ്ധാന്തം വന്നതിനു ശേഷം സർവ്വജീവശാസ്ത്ര മേഖലകളിലും അതിനനുസൃതമായ ദൂരവ്യാപക മാറ്റങ്ങൾ വന്നു. പ്രത്യേകിച്ചും വർഗ്ഗീകരണ ശാസ്ത്രത്തിൽ. അതുവരെ ഓർമിക്കാനും, പഠിക്കാനും എളുപ്പത്തിൽ ജീവ ജാലങ്ങളെ അടുക്കി പെറുക്കി വെക്കുന്ന രീതി ഇതോടെ പാടെ മാറി. പകരം ജീവി വർഗ്ഗങ്ങളുടെ പരിണാമഗതിയനുസരിച്ചു അവയെ വർഗീകരിക്കണം എന്ന നിലയിൽ എല്ലാ വർഗീകരണ ശാസ്ത്രജ്ഞരും ഏകാഭിപ്രായത്തിൽ എത്തി. എന്നാൽ ആ അഭിപ്രായഐക്യം അവിടെ കൊണ്ട് തീർന്നു. പിന്നീടങ്ങോട്ട് വ്യത്യസ്ഥാഭിപ്രായങ്ങളുടെ കോലാഹലമായിരുന്നു എന്ന് പറയാം. ഏതാണ് പരിണാമ വ്യവസ്ഥയിൽ പിന്നിലുള്ള സസ്യങ്ങൾ (Primitive), എങ്ങനെ ഉള്ളവയാണ് മുന്നിലുള്ള സസ്യങ്ങൾ (Advanced) എന്ന വിഷയത്തിൽ ആണ് അടിപിടി. ഓരോ പരിണാമ ശാസ്ത്രജ്ഞനും അന്നന്നു കാലത്തു നിലവിലുള്ള ഫോസിൽ തെളിവുകളും കൂടെ സ്വന്തം ഭാവനയും ചേർത്തുവച്ചുകൊണ്ട് ഓരോ തരം സിദ്ധാന്തങ്ങള്‍ മുന്നോട്ടു വെച്ചു. ദൗർഭാഗ്യകരം എന്ന് പറയാം ഫോസിൽ തെളിവുകൾ വളരെ ഒന്നും ബാക്കി വെച്ചിട്ടില്ലാത്ത ഒരു വിഭാഗമായിരുന്നു പൂർവിക പുഷ്പിത സസ്യങ്ങൾ. ഇത്തരം സിദ്ധാന്തങ്ങൾ എല്ലാം അംഗീകരിക്കാനും എതിർക്കാനും ധാരാളം പേർ രംഗത്തിറങ്ങിയതോടെ അഭിപ്രായ അനൈക്യം പാരമ്യതയിൽ എത്തി. എങ്കിലും ഇവയെ സാമാന്യമായി രണ്ടു വ്യത്യസ്ത ചിന്താ ധാരകളായി കണക്കാക്കുന്നു; എൻഗ്ലറിയൻ സ്കൂളും, റാനേലിയൻ സ്‌കൂളും.എൻഗ്ലറിയൻ സ്കൂള്‍
പൂർണമായും പരിണാമ ശാസ്ത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു സസ്യ വർഗ്ഗീകരണ ക്രമം ആദ്യമായി മുന്നോട്ടു കൊണ്ട് വന്നത് ജർമൻ സസ്യ ശാസ്ത്രകാരൻമാരായ അഡോൾഫ് എൻഗ്ലറും, കാൾ പ്രന്റലും ചേർന്ന് ആണ് എന്ന് പറയാം. പുഷ്പിതസസ്യങ്ങളുടെ ഏറ്റവും ആദ്യകാലത്തുള്ള പിന്മുറക്കാർ ഏകലിംഗ പുഷ്പികളും കാറ്റിനാൽ പരാഗണം നടക്കുന്നവയും മിക്കവാറും എല്ലാ പുഷ്പ്പങ്ങളും നഗ്നമായവയും (Naked Flowers, Without Any Petals or Sepals) ആണെന്നാണ് എൻഗ്ലർ വാദിച്ചത്. ഏകദേശം ഇന്നുകാണുന്ന നമ്മുടെ കാറ്റാടി മരം (Casuarina equisetifolia) പോലെ ഉള്ള സസ്യങ്ങൾ. അതിനു ഉപോൽബലകമായി എൻഗ്ലറും അനുയായികളും മുന്നോട്ടു വെച്ച വാദങ്ങൾ ഇവയാണ്. പുഷ്പിത സസ്യങ്ങൾ ഉരുത്തിരിഞ്ഞു വന്നു എന്ന് കരുതപ്പെടുന്ന ജിംനോസ്‌പേമുകൾ (Gymnosperms) മേൽ പറഞ്ഞ സ്വഭാവങ്ങൾ കാണിക്കുന്നവയാണ്. ഒറ്റനോട്ടത്തിൽ പൈനസ് പോലെയുള്ള ജിംനോസ്പേമുകളുടെ കോണുകളോട് (Cones) സാദൃശ്യം തോന്നുന്നവയാണ് കാറ്റാടി മരത്തിന്റെ പൂക്കുല. മാത്രമല്ല അന്നത്തെ പരിണാമ ശാസ്ത്രജ്ഞർ പൊതുവെ അംഗീകരിച്ചു പോന്നിരുന്ന ഒരു തത്വമാണ് ഏറ്റവും ലളിതമായ ഘടന ഉള്ളവ പിന്നോക്കം (Primitive) ആണെന്നും രൂപത്തിലും ഘടനയിലും സങ്കീർണമായവ പരിണാമപരമായി മുന്നോക്കം (Advanced) ആണെന്നും ഉള്ളത്. ആ നിലക്ക് നോക്കുമ്പോൾ എൻഗ്ലർ പറഞ്ഞ പിന്നോക്ക സസ്യങ്ങൾക്ക് അതി ലളിതമായ ഘടന തന്നെ ആയിരുന്നു. എൻഗ്ലറിന്റെ വാദങ്ങൾക്ക് പിന്തുണയുമായി വിഖ്യാത സസ്യ ശാത്രജ്ഞരായ റിച്ചാർഡ് വെറ്റ്സ്റ്റീൻ, എ. ബി. റെന്റൽ എന്നിവർ കൂടെ എത്തി. ഇതാണ് സസ്യ പരിണാമത്തിലെ എൻഗ്ലറിയൻ സ്കൂൾ എന്നറിയപ്പെടുന്ന ആദ്യത്തെ ചിന്താധാര.റാനേലിയൻ സ്‌കൂൾ
എന്തിനും ഒരു മറുവശം കുടെ ഉണ്ടാകുമല്ലോ, ഒരു യിൻ ഉണ്ടെങ്കിൽ ഒരു യാങ് (Yin and Yang) എന്തായാലൂം കാണണമല്ലോ. മേൽ പറഞ്ഞ സിദ്ധാന്തത്തിനു കടക വിരുദ്ധമായ ഒരു ചിന്താ ധാരയാണ് എൻഗ്ലറിയൻ സ്കൂളിനെ എതിർക്കുന്നവർ മുന്നോട്ടു കൊണ്ട് വന്നത്. ലളിതമായ ഘടന ഉള്ളവ എപ്പോഴും പരിണാമ പരമായ പിന്നോക്കം നിൽക്കുന്നവർ അല്ല എന്നും ഘടനാപരമായി സങ്കീർണമായവ പരിണാമഗുപ്തിയിൽ ലളിതമായി മാറാമെന്നും അവർ വാദിച്ചു. ഒരു ജീവിയുടെ പരിണാമപരമായ മുന്നോക്കവും പിന്നോക്കവും നിശ്‌ചയിക്കേണ്ടത് അവയുടെ ഘടനാപരമായ ലാളിത്യമോ സങ്കീർണതയോ വെച്ചല്ല എന്നും മറിച്ചു അവയുടെ ഏറ്റവും വലിയ ലക്ഷ്യമായ നിരന്തരമായ പിന്തുടർച്ചയും നിലനിൽപ്പും ഉറപ്പു വരുത്താൻ തങ്ങളുടെ സവിശേഷതകളെ എത്ര കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നാണെന്നും ഇവർ വാദിച്ചു.
പുഷ്പിത സസ്യങ്ങളുടെ ഏറ്റവും വലിയ സവിശേഷത അവ പരാഗണത്തിന്നായി ആശ്രയിക്കുന്ന വ്യത്യസ്ത മാർഗ്ഗങ്ങൾ ആണ്. ഷഡ്പദങ്ങളും, കാറ്റും, വെള്ളവും, മനുഷ്യനും, മറ്റു മൃഗങ്ങളും എല്ലാം പരാഗ വാഹകരാണ്. സാമാന്യമായി പറയുകയാണെങ്കിൽ പരാഗണം എന്ന ഒരൊറ്റ പ്രക്രിയയിൽ ആശ്രിതമാണ് സസ്യവിഭാഗങ്ങളുടെ നിലനിൽപ്പ്. എത്ര കാര്യക്ഷമമായി ഇത് ചെയ്യാൻ കഴിയുമോ അത്രയും പരിണാമപരമായി മുന്നോക്കം നില്കുന്നവയാകും ആ സസ്യ വർഗ്ഗം. ഇവിടെ കാര്യക്ഷമത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏറ്റവും കുറവ് വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് ഏറ്റവും നന്നായി പ്രത്യൽപാദന പ്രക്രിയ നടത്തുക എന്നതാണ്. പരിണാമതിന്റെ ഇന്ധനം എപ്പോഴും വൈജാത്യങ്ങൾ ആണെന്നിരിക്കെ, മേൽപറഞ്ഞ പ്രത്യുത്പാദന പ്രക്രിയയിൽ നല്ല രീതിയിൽ വൈജാത്യങ്ങൾ കൂടെ ഉണ്ടാവുന്നു എന്നു ഉറപ്പുവരുത്തുന്നവ മുന്നോക്കമായിരിക്കും. ഇത്തരുണത്തിൽ നോക്കുമ്പോൾ ഏറ്റവും കാര്യക്ഷമത കുറഞ്ഞ സസ്യങ്ങൾ പുഷ്പങ്ങൾ ഒറ്റയ്ക്ക് നില്കുന്നവയും, ദ്വിലിംഗ പുഷ്പികളും, ധാരാളം പുഷ്പ ദളങ്ങൾ ഉള്ളവയും, ഷഡ്പദങ്ങളെ മാത്രം ആശ്രയിച്ചു പരാഗണം നടത്തുന്നവയും ആകാരത്തിൽ വലിപ്പമുള്ള മരങ്ങൾ ആയിരിക്കുമെന്നും കണക്കാക്കപെട്ടു. കാരണം പൂക്കൾ കുലകളായി കാണുന്നതിന് പകരം ഓരോന്നായി വയ്ക്കുമ്പോൾ എല്ലാ പൂക്കളിലും പരാഗണം നടത്താൻ ഷഡ്പദങ്ങൾ എത്തണം എന്നില്ല. ഏകദേശം ഇന്നത്തെ ചെമ്പകമരം (Magnolia chempaka) പോലെ ഉള്ള സസ്യങ്ങൾ ഈ വിഭാഗത്തിൽ വരും.
സൂര്യകാന്തിപ്പൂവിനെ പോലെ പൂക്കുലകൾ ആണെങ്കിൽ വരുന്ന ഒരു ഷട്പദത്തെക്കൊണ്ടു മൊത്തം പൂക്കളും പരാഗണം നടത്തി വിടാം, പൂക്കൾ ഉണ്ടാക്കി വിത്തുകൾ ഉപാദിപ്പിക്കാനുള്ള വിഭവങ്ങൾ ധാരാളമായി ഇത്തരുണത്തിൽ ലാഭിക്കാൻ കഴിയും അതിനാൽ അത്തരം വർഗ്ഗം ഏറ്റവും മുന്നോക്കമായും കണക്കാക്കി. നേരത്തെ പറഞ്ഞത് പോലെ ചെമ്പക പൂക്കൾ പോലെയുള്ള പിന്നോക്ക സവിശേഷതകൾ ഒത്തു ചേരുന്ന വർഗ്ഗമായ റാനേൽസ് (Ranales) ഏറ്റവും പരിണാമ പിന്നോക്ക വിഭാഗമായി ഇവർ വാദിച്ചു. ഈ ചിന്താധാരയാണ് റാനേലിയൻ സ്‌കൂൾ.
എൻഗ്ലറിയൻ സ്കൂളിനെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ പിൻതുണ ലഭിച്ചത് റാനേലിയൻ സ്‌കൂളിനാണ്. പ്രഗത്ഭ വർഗ്ഗീകരണ ശാസ്ത്രക്ജരായ സി. ഇ. ബെസ്സി, ജോൺ ഹച്ചിൻസൺ, ആർമൻ തക്തജൻ, റോബർട്ട് തോൺ എന്നിവർ റാനേലിയൻ സ്‌കൂളിനൊപ്പം അണിനിരന്നു. പൊതുവിൽ ഇവർ എല്ലാവരും ഒരേ ചിന്താധാര ആണെങ്കിലും വർഗ്ഗീകരണ ക്രമത്തിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകും തോറും ഇവർ ഓരോരുത്തരും വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തി പോന്നിരുന്നു. ഓരോ വർഗ്ഗീകരണ ശാസ്ത്രജ്ഞനും സ്വന്തം വർഗ്ഗീകരണ തത്വം അനുസരിച്ച് ഓരോ വ്യത്യസ്ത ക്രമം അവതരിപ്പിച്ചു. അവ ഓരോന്നും സസ്യ വർഗ്ഗങ്ങളെ വ്യത്യസ്തമായ നിലകളിൽ പ്രതിഷ്ഠിച്ചു. ഇത് സസ്യ വർഗീകരണം പിന്തുടരുന്ന മറ്റുള്ളവരെ വലച്ചത് കുറച്ചൊന്നുമല്ല.
താന്മാത്രാ പരിണാമ ശാസ്ത്രത്തിന്റെ സംഭാവന
കാര്യങ്ങള്‍ക്കൊരു മാറ്റം വന്നത് ഒരു കൂട്ടം താന്മാത്രാ പരിണാമ ശാസ്ത്രജ്ഞർ (Molecular Phylogenitists) ഒരു ഏകീകൃത വർഗ്ഗീകരണ ക്രമം മുന്നോട്ടു വെച്ചപ്പോളാണ്. അന്നേവരെ സസ്യങ്ങളുടെ പുറമെയുള്ള രൂപ ഘടനയിൽ കാണുന്ന സാമ്യതകളിലും വ്യത്യാസങ്ങളിലും ഊന്നിയുള്ള വർഗ്ഗീകരണക്രമത്തിന് പകരമായി ആത്യന്തികമായി ജനിതക ഘടനയും ഡി. എൻ. എ. യിൽ ഉള്ള സാമ്യതകളും വ്യത്യാസങ്ങളും ഇവർ ഉപയോഗിച്ചു. എ. പി. ജി. (Angiosperm Phylogeny Group) എന്ന വർഗ്ഗീകരണ ക്രമം അങ്ങനെ ഉരുത്തിരിഞ്ഞു വന്നു. ഇന്നിപ്പോൾ ലോകമൊട്ടുക്കും ഏറ്റവുമധികം ഗവേഷകരും അംഗീകരിച്ചു പോരുന്നത് ഈ ക്രമമാണ്. പുതിയ തെളിവുകളും ഡാറ്റകളും കിട്ടുന്നതിന് അനുസരിച്ചു ഈ ക്രമം പരിഷ്കരിച്ചു കൊണ്ടും ഇരിക്കുന്നു. അപ്പോഴും ആദ്യത്തെ പുഷ്പിത സസ്യം എങ്ങിനെ ഉള്ളതായിരുന്നു എന്ന കാര്യത്തിലും വ്യക്തമായ ഒരു അഭിപ്രായം എ. പി. ജി. യും മുന്നോട്ടു വെച്ചില്ല, പിന്നോക്ക സ്വഭാവങ്ങൾ കാണിക്കുന്ന ഒരു കൂട്ടം സസ്യവർഗ്ഗങ്ങളെ പ്രിമിറ്റീവ് സ്റ്റോക്ക് എന്ന രീതിയിൽ കാണിക്കുകയാണ് അവർ ചെയ്തത്.
എന്നാൽ ഇപ്പോൾ അതിനു ഒരു വ്യക്തമായ മറുപടി എത്തിയിരിക്കുകയാണ്. വ്യത്യസ്ത സസ്യവിഭാഗങ്ങളുടെ ജനിതക ഘടന പഠിച്ച് അവയുടെ ഏറ്റവും ആദ്യത്തെ പൂർവികരുടെ രൂപം എങ്ങിനെ എന്ന് ഒരു കൂട്ടം ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നു. ഡി. എൻ. എ. പഠനങ്ങൾ ആണ് ഇവിടെയും ആസ്പദം. ജീവജാലങ്ങളുടെ എല്ലാ സവിശേഷതകളും ആലേഖനം ചെയ്യപ്പെട്ട ഇടം ഡി. എൻ. എ. ആണ് എന്നതിനാൽ തന്നെ, അതിനെ അടിസ്ഥാനമാക്കിയ പഠനങ്ങൾ ഏറ്റവും വിശ്വാസ്യമാണ് എന്ന് പറയാം. അതനുസരിച്ചു ഈ ആദ്യ പുഷ്പത്തിന്റെ രൂപം ഇങ്ങിനെ ആണ് വിവരിക്കുന്നത്. ധാരാളം ഇതളുകൾ ഉള്ള ഈ ആദ്യ പുഷ്പ്പം ഘടനായപരമായ ചില മാറ്റങ്ങൾ ഒഴിച്ചാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ ചെമ്പക (Magnolia) പൂവിനെ പോലെ ഇരിക്കുന്നവയാണ്. ഏറ്റവും ലളിതമായ പുഷ്പഘടനയും ഷഡ്പദ പരാഗണം നടത്തുന്നവയും, ദ്വിലിംഗ പുഷ്പികളും ആയിരുന്നു ഇവ. എന്നാൽ ചില മുൻ ധാരണകളെ തിരുത്താനും ഈ പുതിയ പഠനം കാരണമായിട്ടുണ്ട്. കാലങ്ങളായി സസ്യ ശാസ്ത്രജ്ഞർ കരുതി പോന്നിരുന്നത് പിന്നോക്ക സസ്യങ്ങൾ പൂക്കളിൽ ദളങ്ങൾ ഒരു സ്പൈറൽ (Spiral) രീതിയിൽ ആയിരിക്കും ഉണ്ടാവുക എന്നതാണ്. ചെമ്പക വിഭാഗത്തിൽ (Ranales) കൂടുതലും അങ്ങനെ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ പഠനം പറയുന്നത് അങ്ങനെ അല്ല, ചെമ്പരത്തി പോലെ ഓരോ ദളങ്ങളും ഓരോ വലയം ആയി ആണ് ഈ ആദ്യ പുഷ്പത്തിൽ ഉണ്ടായിരുന്നത് എന്നാണ്. കാലാന്തരത്തിൽ അനേകശതം വ്യത്യസ്ത വിഭാഗങ്ങളായി പരിണമിക്കാനുള്ള അടിസ്ഥാന ശില ലളിതമായ ഈ ഒരു പുഷ്പമായിരുന്നു. പഴയ റാനേലിയൻ സ്‌കൂളിനെ പിന്തുണക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജീവജാലങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചു ലോകത്തെ പഠിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ പുഷ്പിത സസ്യങ്ങളുടെ ഉദ്ഭവത്തെ വിശേഷിപ്പിച്ചത് വെറുപ്പിക്കുന്ന നിഗൂഡത (Abominable mystery) എന്നാണ്. കൃത്യമായി ഉത്തരം പറയാന്‍ കഴിയാതെ ഡാര്‍വിനെയും പിന്നീട് വന്ന പരിണാമ ശാസ്ത്രഞരെയും കുഴപ്പിച്ച ഈ നിഗൂഡതയിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തമാണ് ഇന്ന് ശാസ്ത്ര ലോകം ആഘോഷിച്ചുകൊണ്ടിരിക്കുന്നത് .
ഇത്തരം കൂടുതൽ പഠനങ്ങൾ വഴി ഫോസിൽ പോലും ബാക്കി വെക്കാതെ മണ്മറഞ്ഞു പോയ പൂർവിക ജനുസുകളെ പുനസൃഷ്ടിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
അവലമ്പം: Sauquet, Hervé, Maria von Balthazar, Susana Magallón, James A. Doyle, Peter K. Endress, Emily J. Bailes, Erica Barroso de Morais et al. “The ancestral flower of angiosperms and its early diversification.” Nature Communications 8 (2017): ncomms16047.
https://www.nature.com/articles/ncomms16047