കുട്ടികള്‍ക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു സംശയമാണ്, കാട്ടിലെ മരങ്ങള്‍ക്കൊക്കെ പച്ചനിറമായിട്ടും മലകളെന്താ ദൂരേന്ന് നോക്കുമ്പോള്‍ നീലനിറത്തില്‍ കാണുന്നെ? ഫിസിക്സ് അധ്യാപകര്‍ പോലും ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുപോകാറുണ്ട്. അതിനുത്തരം പറയണമെങ്കില്‍ ആകാശം എന്താണെന്നും അതിന്റെ നീലനിറത്തിനു കാരണമെന്താണെന്നും വ്യക്തമായറിയണം.
![By Sanu N (Own work) [CC BY-SA 4.0 (http://creativecommons.org/licenses/by-sa/4.0)], via Wikimedia Commons](https://i0.wp.com/luca.co.in/wp-content/uploads/2017/08/Blue_Hills_and_Tea_Garden_at_Munnar_Kerala.jpg?resize=640%2C427)
നിങ്ങള്‍ക്കും നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന സുഹൃത്തിനും ഇടയ്ക്ക് ഇത്തിരി ആകാശഭാഗം ഉണ്ട്. പക്ഷേ കനം കുറവായതുകൊണ്ട് അതിനു നീലനിറം ദൃശ്യമാകില്ല. എന്നാല്‍ നിങ്ങള്‍ക്കും ദൂരെയുള്ള മലകള്‍ക്കും ഇടയില്‍ നീളമേറിയ വായുമണ്ഡലം അഥവാ ആകാശഭാഗം ഉണ്ട്.
ആ ആകാശഭാഗത്തിന്റെ നീലിമയും മരംനിറഞ്ഞ മലകളുടെ പച്ചയും ചേര്‍ന്നാല്‍ ഒരു പുതിയ നീലിമ – കടും നീല (deep blue) ഉണ്ടാകും. മലയുടെ നീലനിറം ആകാശത്തിന്റെ നീലയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. മലയുടെ ദൂരം കൂടുന്നതിനനുസരിച്ച് അതിന്റെ നിറം ആകാശനീലമയോടടുക്കും. അതുകൊണ്ടാണ് പശ്ചിമഘട്ട മലനിരകള്‍ കാണുമ്പോള്‍ പിന്നിലുള്ള മലകള്‍ മുന്നിലുള്ള മലകളേക്കാള്‍ കൂടുതല്‍ നീലയായി കാണപ്പെടുന്നത്. ഒരു മഴ കഴിഞ്ഞ് അന്തരീക്ഷത്തിലെ പൊടിയൊക്കെ അടങ്ങിയാല്‍ ആ നീലിമ ചേതോഹരമാവുകയും ചെയ്യും.