ടെന്നീസ്, ബാഡ്മിന്റൺ, സ്ക്വാഷ് എന്നീ കളികൾ റാക്കെറ്റുകൾ ഉപയോഗിച്ച് കളിക്കുന്നവയാണല്ലോ. പന്ത് അടിച്ചുള്ള കളികൾ രണ്ടായിരത്തോളം വർഷം പഴക്കമുള്ളതാണ്. എങ്കിലും ഇന്നുപയോഗിക്കുന്ന റാക്കെറ്റുകൾക്ക് സമാനമായവ പ്രചാരത്തിൽ വന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റാക്കെറ്റ് നിർമാണത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് ആഷ് (ash) മരത്തടിയാണ്. വെള്ളത്തിലിട്ട് കുതിർത്തിയതിനു ശേഷം പുഴുങ്ങി വളക്കാവുന്ന തരത്തിലാക്കിയാണ് ഈ തടി റാക്കെറ്റാക്കി രൂപാന്തരപ്പെടുത്തിയിരുന്നത്. മേപ്പ്ൾ (maple), സെയ്‌കമോർ (sycamore), ഹിക്കറി (hickory) എന്നീ മരങ്ങളുടെ തടിയും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 1930 മുതൽ ഒരു കഷ്ണം തടിയിൽ നിന്ന് നിർമിക്കുന്നതിന് പകരം ഒന്നിലേറെ കനം കുറഞ്ഞ മരപ്പലകകൾ (veneer) ഒട്ടിച്ചുകൊണ്ടുള്ള റാക്കെറ്റുകളുടെ നിർമാണം ആരംഭിച്ചു. ജലം ആഗിരണം ചെയ്യാത്ത യൂറിയ – ഫോർമാൽഡിഹൈഡ് റസിൻ (urea-formaldehyde) ഉപയോഗിച്ചാണ് ഒട്ടിച്ചെടുത്തിരുന്നത്. ആഷ് -ഹിക്കറി പലകകൾ ഇടകലർത്തി ഒട്ടിച്ചു നിർമിക്കപ്പെട്ടിരുന്ന ഈ റാക്കെറ്റുകൾ അതിന്റെ മുൻതലമുറ റാക്കെറ്റുകളേക്കാൾ ബലമുള്ളവ ആയിരുന്നു .

1960 ഓടെ തടികൊണ്ടുള്ളവയെക്കാൾ ഭാരം കുറഞ്ഞ ലോഹ റാക്കെറ്റുകൾ പ്രചാരത്തിലായി. സ്റ്റീൽ ,അലുമിനിയം ,മാഗ്നിഷ്യം അലോയ് എന്നിവയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 1980 വരെ വ്യാപകമായി പ്രചാരത്തിലിരുന്നത് ഇത്തരം റാക്കെറ്റുകളായിരുന്നെങ്കിലും 1970 മുതൽ ഫൈബർ ഗ്ലാസ് കൊണ്ടുള്ള ഇപോക്സി കോമ്പൊസൈറ്റുകൾ (epoxy composites) രംഗപ്രവേശം ചെയ്യാൻ ആരംഭിച്ചിരുന്നു. തുടർന്ന് ഗ്ളാസ്സ് ഫൈബറും കാർബൺ ഫൈബറും അടങ്ങിയ കോമ്പൊസൈറ്റുകൾ കൂടുതൽ ഗുണമേന്മയുള്ളതായി കണ്ടെത്തി. എന്നാൽ ഇവയെക്കാളും മേന്മ കാർബൺ ഫൈബർ കൊണ്ട് ബലപ്പെടുത്തിയ പോളിഅമൈഡ് (carbon fibre reinforced poly amide) ഫ്രെയിമുകൾക്കായതിനാൽ 1980-1990 കാലത്ത് ഇത്തരം റാക്കെറ്റുകളാണ് രംഗം കയ്യടക്കിയത് .
എതിരാളി അടിച്ച പന്തിനെ തിരിച്ചടിക്കുമ്പോൾ റാക്കെറ്റിനും കൈകൾക്കും ഏൽക്കുന്ന ആഘാതം, കമ്പനം എന്നിവക്ക് പുറമെ റാക്കെറ്റിന്റെ ബലം എന്നീ കാര്യങ്ങളിലെല്ലാം അനേകവർഷങ്ങളായി ആഴത്തിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി ഇന്ന് ഉപയോഗിക്കുന്ന റാക്കെറ്റുകളുടെ പ്രധാന ഘടകം കാർബൺ ഫൈബറാണ്. കൂടാതെ ഗ്ലാസ്സ് , ബോറോൺ, സെറാമിക്‌സ്, കെവ്‌ലാർ (Kevlar), ടൈറ്റാനിയം, കോപ്പർ എന്നിവയുടെ ഫൈബറും ആവശ്യാനുസരണം ചേർത്ത് ഭാരം, ബലം എന്നിവ സന്തുലിതമാക്കുന്നു .

മരംകൊണ്ടുള്ള റാക്കെറ്റുകളുടെ ശരാശരി ഭാരം നാനൂറ് ഗ്രാം ആയിരുന്നെങ്കിൽ ആധുനിക റാക്കെറ്റുകൾക്കു 250ഗ്രാം മാത്രം ഭാരമേയുള്ളൂ. ടെന്നീസ് റാക്കെറ്റിലെ വലയുടെ നാരുകൾക്കും ചെറുതല്ലാത്ത മാറ്റങ്ങൾവന്നിട്ടുണ്ട് . മുൻകാലങ്ങളിൽ ക്യാറ്റ്ഗട് (catgut) ഉപയോഗിച്ചാണ് ഇത് നിർമിച്ചിരുന്നത് . അറവുശാലകളിൽ നിന്ന് ലഭിക്കുന്ന കാള , പശു തുടങ്ങിയ മൃഗങ്ങളുടെ കുടലിൽ നിന്നാണ് അനേകം രാസ ഭൗതിക പ്രക്രിയകൾ നടത്തി ഇത് നിർമിക്കുന്നത്. സർജറിയുടെ ഭാഗമായുണ്ടാകുന്ന മുറിവുകൾ തുന്നിക്കെട്ടുന്നതിനും സംഗീതോപകരണങ്ങളിലും ഇതുപയോഗിക്കുന്നു. (catgut നു പൂച്ചയുമായി ബന്ധമൊന്നുമില്ല. Kytte (കിറ്റ് എന്ന് ഉച്ഛാരണം ) എന്ന സംഗീതോപകരണത്തിൽ ഇതാണുപയോഗിച്ചിരുന്നത് . കിറ്റ്ഗട് എന്നത് ക്യാറ്റ്‌ഗട് ആയതാകാം .അല്ലെങ്കിൽ കാറ്റ്‌ൽഗട് (cattle gut) ലോപിച്ചു ക്യാറ്റ്‌ഗട് ആയതാകാം).
ക്യാറ്റ് ഗട് നനഞ്ഞുപോയാൽ അതിൻറെ മുറുക്കം നഷ്ടപ്പെടും . കൃത്രിമ നാരുകൾക്ക് ഈ ദോഷം ഇല്ലാത്തതിനാൽ പ്രധാനമായും നൈലോൺ നാരുകളാണ് ഇന്ന് പ്രചാരത്തിലുള്ളത് . അനേകം ചെറു നാരുകൾ പിരിച്ചുണ്ടാക്കുന്ന ഇത്തരം നാരുകളുടെ ഇലാസ്തികത (Elasticity) വളരെ ഉയർന്നതാണ്. (Elasticity: പന്ത് റാക്കെറ്റിൽ തട്ടുമ്പോൾ വലയിലെ നാരുകളുടെ രൂപം മാറുമെങ്കിലും പന്ത് റാക്കെറ്റിൽ നിന്നും വിട്ടുപോകുന്നതോടെ നാരുകൾ പൂർണമായും പൂർവ സ്ഥിതി പ്രാപിക്കും ).
ടെന്നീസ് റാക്കെറ്റിനു സംഭവിച്ച മാറ്റത്തിന് സമാനമാണ് ബാഡ്മിന്റണും ഉണ്ടായിട്ടുള്ളത്. ഇന്ന് ഉപയോഗത്തിലുള്ള ബാഡ്മിന്റൺ റാക്കെറ്റിൻറെ ഭാരം നൂറു ഗ്രാമോളം മാത്രമാണ്. കളികളുടെ നിലവാരം ഗണ്യമായി ഉയർത്താൻ ആധുനികവൽക്കരണം സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
ലൂക്കയിൽ പ്രസിദ്ധീകരിച്ച ഒളിമ്പിക്സ് ലേഖനങ്ങൾ വായിക്കാം 