Read Time:12 Minute

1898 മേയ് ഇരുപതാം തീയതി അമേരിക്കൻ കൃഷി വകുപ്പിലെ (US Department of Agriculture) എന്റമോളജി വിഭാഗം തലവനായിരുന്ന ഡോ. ഹവാർഡിന് (Dr. L.O. Howard) കൌതുകമുണർത്തുന്ന ഒരു തപാൽ ലഭിച്ചു. ഒരു ചെറിയ കുപ്പിയിൽ ആൽക്കഹോളിലിട്ട ഏതാനും പുഴുക്കളും കൂടെയൊരു എഴുത്തും. പുഴുക്കളും പാറ്റകളും വണ്ടുകളും മറ്റും മറ്റും തപാലിൽ വരുന്നത് ഹവാർഡിനെ സംബന്ധിച്ചിടത്തോളം  പുതുമയുള്ള കാര്യമൊന്നുമല്ലായിരുന്നു. എന്നാൽ ഈ പുഴുക്കൾ സാധാരണക്കാരായിരുന്നില്ല. അതുവരെ ആരും പറഞ്ഞുകേൾക്കാത്ത ജീവിത ശൈലിയുള്ള പുഴുക്കളായിരുന്നു.

എണ്ണയിൽ വളരുന്ന പുഴുക്കൾ

ഭൌമോപരിതലത്തിൽ  തന്നെയുള്ള  എണ്ണ ഉറവകൾക്ക്  പ്രശസ്തമാണ് അമേരിക്കയിലെ കാലിഫോർണിയ. പത്തൊൻപത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അവിടെ എണ്ണ ഖനനം ഊർജ്ജിതമായത്. ലോസ് ആഞ്ചലസിലെ ഒരു എണ്ണക്കിണറിന് സമീപത്തുനിന്നും ശേഖരിച്ച പുഴുക്കളായിരുന്നു നേരത്തെ പറഞ്ഞവ. ഒരു എണ്ണക്കിണറിന് ചുറ്റുമുള്ള,  എണ്ണ കെട്ടിക്കിടന്ന ചെറിയ കുഴികളിൽ, ആയിരക്കണക്കിന് പുഴുക്കൾ വളർന്നു പെരുകുകയായിരുന്നുവത്രേ. ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഹോർട്ടിക്കൾച്ചർ കമ്മീഷണർമാരുടെ ബോർഡ് സെക്രട്ടറിയായിരുന്ന സി. ജി. കെല്ലോഗ് (C.E. Kellogg) ആയിരുന്നു പുഴുക്കളെ അയച്ചത്. അവയുടെ പേരറിയുകയായിരുന്നു ഉദ്ദേശ്യം. എഫിഡ്രിഡേ (Ephydridae) കുടുംബത്തിൽ പെട്ട ഏതോ ഈച്ചയുടെ പുഴുക്കളാണെന്ന് ഊഹിക്കാൻ കഴിഞ്ഞെങ്കിലും പുഴുക്കളെ മാത്രം നോക്കി സ്പീഷീസ് ഏതാണെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ പുഴുക്കളെ വളർത്തി ഈച്ചകളായ ശേഷം വീണ്ടും അയക്കാൻ ആവശ്യപ്പെടുകയാണ് ഹവാർഡ് ചെയ്തത്. അങ്ങനെ കിട്ടിയ ഈച്ചകളെ അദ്ദേഹം പ്രഗൽഭ വർഗ്ഗീകരണ ശാസ്ത്രജ്ഞനായിരുന്ന ഡോ. കോക്വിലെറ്റിന് (D.W. Coquillett) അയച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പരിശോധനയിൽ സൈലോപ്പ (Psilopa ) ജീനസ്സിൽപ്പെടുന്ന പുതിയൊരു സ്പീഷീസായിരുന്നു അതെന്ന് കണ്ടു. അദ്ദേഹമതിന് സൈലോപ്പ പെട്രോളി (Psilopa petrolei) എന്ന് പേരും നൽകി. അതോടെ അവയ്ക്ക് പെട്രോളിയം ഈച്ച (Petroleum fly) എന്ന വിളിപ്പേരും കിട്ടി. പിൽക്കാലത്ത് രണ്ട് തവണ ജീനസിന്റെ പേര് മാറി. 1941 ൽ ഹെലിയോമിയ (Helaeomyia) എന്നും 2018 ൽ ഡയസിമോസീറ (Diasemocera) എന്നും. എങ്കിലും മിക്ക പ്രസിദ്ധീകരണങ്ങളിലും രണ്ടാമത്തെ പേരാണ് ഉപയോഗിച്ചിരിക്കുന്നതായി കാണുന്നത്.

പെട്രോളിയം ഈച്ച (Petroleum fly)  ചിത്രം കടപ്പാട് : Handbook of Hydrocarbon and Lipid Microbiology

കുഞ്ഞനീച്ച

ഒരു ജോഡി ചിറകുകൾ മാത്രമുള്ള ഈച്ച വർഗ്ഗത്തിൽ പെട്ട (Diptera) ചെറു പ്രാണികളാണ് പെട്രോളിയം ഈച്ചകൾ. നീളം  ഏകദേശം അഞ്ച് മില്ലീമീറ്റർ ഉണ്ടാകും. പുഴുക്കൾ വളരുന്ന എണ്ണക്കുഴികളുടെ പരിസരത്ത് ചുറ്റിപ്പറ്റി നില്ക്കുന്നുണ്ടാകും . എണ്ണയുടെ ഉപരിതലത്തിലൂടെ നടക്കാനുള്ള കഴിവുമുണ്ട്. കാലുകളിൽ നിന്ന് ഊറിവരുന്ന ചില പ്രത്യേക  സ്രവങ്ങളായിരിക്കാം അവയെ എണ്ണയിൽ ഒട്ടിപ്പോകാതിരിക്കാൻ  സഹായിക്കുന്നത് എന്നാണ് അനുമാനം. പുഴുക്കൾ വളരുന്നത് എണ്ണയിലാണെങ്കിലും എണ്ണയിൽ നേരിട്ട്  മുട്ടയിടുന്നത് കണ്ടിട്ടില്ല.

പുഴുക്കളുടെ ഭക്ഷണം

പുഴുക്കളുടെ അന്നനാളത്തിൽ  എണ്ണ കാണാമെങ്കിലും, യാഥാർത്ഥത്തിൽ അതല്ല അവയുടെ ഭക്ഷണം. മറിച്ച്, എണ്ണയിൽ കുടുങ്ങിയ ചെറു ജീവികളാണ്. ഇത് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പരീക്ഷണത്തിൽ പുഴുക്കളെ എണ്ണയിൽ മാത്രമായി വളർത്തി നോക്കി. രണ്ടാമത്തേതിൽ  ഭക്ഷണമായി എണ്ണയിൽ, ചതച്ച നിശാശലഭപ്പുഴുക്കളെ  കൂടി ചേർത്തു. ആദ്യത്തേതിൽ വളരെ ചെറിയ ശതമാനം പുഴുക്കൾ  മാത്രമേ ജീവിത ചക്രം പൂർത്തിയാക്കി ഈച്ചകളായി മാറിയുള്ളൂ. രണ്ടാമത്തേതിൽ  ബഹുഭൂരിപക്ഷം പുഴുക്കളും ജീവിതചക്രം പൂർത്തിയാക്കി. ആദ്യത്തെ പരീക്ഷണത്തിൽ ഏതാനും പുഴുക്കൾക്ക് ജീവിതചക്രം പൂർത്തിയാക്കാൻ  കഴിഞ്ഞത് പട്ടിണിയാൽ ചത്തുപോയ പുഴുക്കളെ ഭക്ഷിച്ചത് കൊണ്ട് മാത്രമായിരുന്നു.

എണ്ണയെ ചെറുക്കുന്ന രീതി

കൊതുക് കൂത്താടികളെ നശിപ്പിക്കാൻ അവ വളരുന്ന ജലത്തിൽ  എണ്ണയൊഴിക്കുന്ന രീതി തന്നെയുണ്ട്. എണ്ണ വെള്ളത്തിന് മീതെ ഒരു പാടയായി പൊങ്ങിക്കിടക്കുമ്പോൾ കൂത്താടികൾക്ക്  അവയുടെ ശ്വാസദ്വാരങ്ങളിലൂടെ (spiracles) അന്തരീക്ഷ വായു ശ്വസിക്കാൻ  കഴിയാതാകും. അങ്ങനെ അവ ശ്വാസംമുട്ടി ചാവുകയും ചെയ്യും. ഈയൊരു അവസ്ഥയെ മറികടക്കാൻ പെട്രോളിയം ഈച്ചയുടെ പുഴുക്കളിൽ പ്രത്യേക സംവിധാനമുണ്ട്. പുഴുക്കളുടെ പിൻഭാഗത്തുള്ള ഓരോ ശ്വാസദ്വാരവും താങ്ങി നിർത്താൻ ഫാനുകളുടെ രൂപമുള്ള നാല് അവയവങ്ങളുണ്ട്. ഇവ എണ്ണയിൽ പൊങ്ങിക്കിടക്കുകയും ശ്വാസദ്വാരങ്ങൾ  അന്തരീക്ഷ വായുവിലേക്ക് ഉയർന്നു നിൽക്കുകയും ചെയ്യും.  പെട്രോളിയം എണ്ണ ആന്തരാവയവങ്ങളിലെത്തിയാൽ പുഴുക്കളുടെ ജീവൻ അപകടത്തിലാകുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എണ്ണ ഉള്ളിൽ കടക്കാതിരിക്കാൻ തക്ക കട്ടിയുള്ളതാണ് അവയുടെ പുറന്തോട് (Cuticle). ശ്വാസദ്വാരങ്ങളെ സംരക്ഷിക്കാൻ രോമങ്ങളുമുണ്ട്. അന്നനാളത്തിൽനിന്നും എണ്ണ ശരീരാന്തർഭാഗത്തേക്ക് കടക്കാതിരിക്കാനും സംവിധാനങ്ങളുണ്ട്. അന്നനാളത്തിന്റെ മുൻഭാഗവും (foregut) പിൻഭാഗവും (hindgut) കൈറ്റിൻ പാളികളാൽ സംരക്ഷിതമാണ്. മധ്യഭാഗത്ത് (midgut) ഭക്ഷണത്തിന് ചുറ്റുമുണ്ടാകുന്ന സ്തരം (peritrophic membrane) എണ്ണയെ ചെറുക്കാൻ കഴിവുള്ളതാണ്. ഇതിന് പുറമെ, അന്നനാളത്തിൽ ജീവിക്കുന്ന ചില ബാക്റ്റീരിയകൾ എണ്ണ വിഘടിപ്പിക്കാൻ കഴിവുള്ളവയാണ്. എണ്ണയുടെ വിഷശക്തി കുറയ്ക്കാൻ  ഇത് സഹായിക്കും എന്ന് കരുതപ്പെടുന്നു. ഇങ്ങനെയൊക്കെയായിരിക്കാം പെട്രോളിയം ഈച്ചകൾ എണ്ണയിൽ ജീവിക്കുന്നത് എന്നാണ് നിലവിലുള്ള അനുമാനം.

പെട്രോളിയം ഈച്ചയുടെ ലാർവ്വ – ക്രൂഡ് ഓയിലിൽ കടപ്പാട് : ചിത്രം കടപ്പാട് : Handbook of Hydrocarbon and Lipid Microbiology

ഇന്ത്യയിലുണ്ടോ?

നിലവിലുള്ള അറിവ് പ്രകാരം കാലിഫോർണിയക്ക് പുറത്ത് പെട്രോളിയം ഈച്ചകൾ ഉള്ളതായി തെളിവൊന്നുമില്ല. എണ്ണയിൽ മാത്രമല്ല എണ്ണയടങ്ങിയ, കട്ടിയുള്ള ടാറിലും ഇവ വളരുന്നത് കണ്ടിട്ടുണ്ട്. ഇന്ത്യയിലൊരിടത്തും പെട്രോളിയം ഈച്ചകൾ വളരുന്നതായി രേഖപ്പെടുത്തിയില്ല. എന്നാൽ 2008 ൽ ലക്നൌ സർവകലാശാലയിലെ ഏതാനും പാലിയോ ബോട്ടണി വിദഗ്ധർ രാജസ്ഥാനിലെ ഗോട്ടൻ ലൈംസ്റ്റോൺ ഫോർമേഷനിൽ നടത്തിയ പഠനത്തിൽ പെട്രോളിയം ഈച്ചകളുടെ പുഴുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ആധികാരികതയെ കുറിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്.

ഡോബ്ഷാൻസ്കിയെ ആകർഷിച്ച ഈച്ച

തിയോഡോഷിയസ് ഡോബ്ഷാൻസ്കിയുടെ ‘ജീവശാസ്ത്രത്തിലെ പ്രതിഭാസങ്ങൾ പരിണാമ ശാസ്ത്രത്തിന്റെ  വെളിച്ചത്തിൽ മാത്രമേ വിശദീകരിക്കാൻ കഴിയുകയുള്ളൂ (Nothing in biology makes sense except in the light of evolution)’ എന്ന പ്രശസ്ത ലേഖനത്തിൽ അത്ഭുതകരമായ ജൈവവിധ്യത്തെ വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിച്ച ഒരുദാഹരണം പെട്രോൾ ഈച്ചയാണ്. മൽസരത്തിന് മറ്റാരുമില്ലാത്ത തന്റെ എണ്ണ സാമ്രാജ്യത്തിൽ പ്രജാപതിയായി വാഴുകയാണ് ഈ കുഞ്ഞനീച്ച.


അധിക വായനയ്ക്ക് 

  1. Coquillett DW (1899). Description of a new Psilopa. Canadian Entomologist. 31 (1): 8
  2. Howard L.O. (1899). An insect breeding in crude petroleum. Scientific American. 80 (5): 75.
  3. Kadavy DR, Plantz B, Shaw CA, Myatt J, Kokjohn TA and Nickerson KW (1999). Microbiology of the Oil Fly, Helaeomyia petrolei. Applied and Environmental Microbiology. April 1999:1477–1482.
  4. Mehrotra NC, Babu R, Tewari R, Jha N, Kumar P, Singh VK, and Shukla M (2008). New Global Opportunities for Hydrocarbon Exploration in Neoproterozoic Basins of Indian Subcontinent. Journal of Geological Survey of India, 72(4): 543-546.
  5. Peace UME., Ubong S,  Idongesit U A and  Chinecherem OJ. (2021). The Oil fly, Helaeomyia petrolei C. 1899, An Innocuous and Unique Dipteran. Nigerian Journal of Entomology. 37: 114-120.
  6. Thorpe W.H. (1931). The biology of the petroleum fly. Science, 73 (1889): 101-103.
Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

One thought on “എണ്ണ കുടിയൻ ഈച്ചകൾ

Leave a Reply

Previous post ‘ജീവൻ ഒരു വഴി കണ്ടെത്തുന്നു’ – സിന്തറ്റിക് പരിണാമ ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ
Next post പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?
Close