ക്ഷയരോഗചികിത്സക്കുള്ള ഇന്ന് ലഭ്യമായ മരുന്നുകളോട് ക്ഷയരോഗാണുക്കൾ ആൻ്റിബയോട്ടിക്ക് പ്രതിരോധം വളർത്തിയെടുത്തിട്ടുള്ളത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടി ഡ്രഗ് റെസിസ്റ്റൻ്റ് (MDR), എക്സ്റ്റൻസീവിലി ഡ്രഗ് റെസിസ്റ്റൻ്റ് (XDR) തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ഇന്ന് ലഭ്യമായ മരുന്നുകളോടെ ഭാഗികമായും പൂർണ്ണമായും പ്രതിരോധം വികസിപ്പിചെടുത്തിട്ടുള്ള ക്ഷയരോഗാണുക്കളാണ് ആവിർഭവിച്ചിട്ടുള്ളത്. ജോൺസൺ ആന്റ് ജോൺസൺ കമ്പനി മാർക്കറ്റ് ചെയ്തുവരുന്ന ബിഡാക്വലിൻ പോലൂള്ള മരുന്നുകളാണ് മറ്റ് ആൻ്റിബയോട്ടികളോട് പ്രതിരോധം കൈവരിച്ചിട്ടുള്ള ക്ഷയരോഗചികിത്സക്കായി ഉപയോഗിച്ച് വരുന്നത്. എന്നാൽ ഈ മരുന്നിന്റെ വില വളരെ കൂടുതലാണ്. ആറുമാസത്തെ ചികിത്സക്ക് 22,000 രൂപ ചെലവിടേണ്ടിവരും. ഈ സാഹചര്യത്തിൽ ഈ വർഷം അവസാനിക്കുന്ന ബിഡാക്വലിന്റെ പേറ്റന്റ് കാലാവധി നീട്ടിയെടുക്കാനായി ജോൺസൺ ആന്റ് ജോൺസൺ നടത്തിയ കൃത്രിമ ശ്രമങ്ങൾ പേറ്റന്റ് കൺട്രോളർ നിരസിച്ചത് സ്വാഗതാർഹവും ആശ്വാസകരവുമാണ്. യാദൃച്ചികമായിട്ടാണെങ്കിലും അന്തരാഷ്ട ക്ഷയരോഗദിനമായ മാർച്ച് 24 നാണ് വിധി പ്രഖ്യാപിച്ചത്. ഈ 2023 ജൂലൈമാസം പേറ്റൻ്റ് കാലാവധി കഴിയുന്ന ബിഡാക്വലിൻ മരുന്നിൻ്റെ കുറഞ്ഞ വിലക്കുള്ള ജനറിക്ക് മരുന്ന് ഉല്പാദിപ്പിക്കാൻ ലൂപ്പിൻ പോലുള്ള കമ്പനികൾ മുന്നോട്ട് വന്നു കഴിഞ്ഞിട്ടുണ്ട്.
ജോൺസൺ ആൻ്റ് ജോൺസണൻ നേരിട്ട തിരിച്ചടിയിൽ സന്തോഷിക്കുമ്പോൾ തന്നെ സഹകരാണാടിസ്ഥാനത്തിൽ ക്ഷയരോഗത്തിനെതിരെ നവീന ഔഷധം നിർമ്മിക്കാൻ ആരംഭിച്ചിരുന്ന ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി സംരംഭം ഇന്ത്യാ സർക്കാർ തന്നെ അട്ടിമറിച്ച വിവരം മറന്നു പോകരുത്.
ഔഷധ ഗവേഷണത്തിൽ സ്വതന്ത്രസോഫ്റ്റ് വെയർ തത്വശാസാത്രമായ സഹകരണവും പങ്കീടിലും പിന്തുടർന്ന് കൊണ്ടുള്ള ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി (Open Source Drug Discovery: OSDC) സംരംഭങ്ങൾ പലരാജ്യങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഔഷധഗവേഷണത്തിൽ താത്പര്യമുള്ള ആർക്കും സംഭാവന ചെയ്യാൻ കഴിയുന്നരീതിയിൽ സഹകരണത്തിന്റേയും സാമൂഹ്യ പങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിലും സുതാര്യവുമായാണ് OSDC. പ്രവർത്തിക്കുന്നത്. വൻകിട മരുന്നുകമ്പനികൾക്ക് താത്പര്യമില്ലാത്ത അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നതിനുവേണ്ടിയിട്ടാണ് ഒ എസ് ഡി ഡിയിലൂടെ ഗവേഷണങ്ങൾ നടന്നുവരുന്നത്. സ്വകാര്യ മരുന്നു കമ്പനികൾ അടഞ്ഞ ഗവേഷണമാണ് (Closed Research) നടത്തുന്നതെങ്കിൽ ഒ.എസ്.ഡി.ഡിയിലൂടെ തുറന്നതും സുതാര്യമായ ഗവേഷണമാണ് (Open Research) വിഭാവനം ചെയ്തിട്ടുള്ളത്
ഇന്ത്യയിൽ കൌൺസിൽ ഓഫ് സയന്റിഫിക്ക് ആന്റ് ഇൻഡസ്ത്രിയൽ റിസർച്ചിന്റെ (Council of Scientif and Industrial Research: CSIR) കീഴിൽ ഇന്ത്യയിലും OSDD പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ക്ഷയരോഗത്തിനുള്ള ഫലപ്രദമായ പുതിയ മരുന്ന് കണ്ടെത്തുന്നതിനുവേണ്ടിയിട്ടുള്ള സംരംഭമാണ് ആദ്യത്തെ പദ്ധതിയായി CSIR എറ്റെടുത്തത്. ക്ഷയരോഗം മിക്ക വികസ്വരരാജ്യങ്ങളിലും മുഖ്യ ആരോഗ്യപ്രശ്നങ്ങളിലൊന്നായി ഇപ്പോഴും തുടരുകയാണ്.
എന്നാൽ 1980 ന് ശേഷം ക്ഷയരോഗത്തിനായി വളരെ കുറച്ച് മരുന്നുകൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് അവയുടെ വിലയാവട്ടെ വളരെ കൂടുതലാണുതാനും. അവയിലൊന്നാണ് ബിഡാക്വിൻ. മാത്രമല്ല നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളോട് ക്ഷയരോഗാണുക്കൾ പ്രതിരോധശേഷി വളർത്തിയെടുത്തു കഴിഞ്ഞതോടെ ഫലപ്രദമായ മരുന്നുകളുടെ അഭാവത്താൽ ക്ഷയരോഗചികിത്സ വലിയ പ്രസിസന്ധിയെ നേരിടുകയാണ്. എയ്ഡ്സ് രോഗത്തിന്റെ വരവോടെ അമേരിക്കയടക്കം വികസിത രാജ്യങ്ങളിൽ പോലും ക്ഷയരോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എയ്ഡ്സ് രോഗത്തെതുടർന്നുണ്ടാകുന്ന ക്ഷയരോഗം ഇപ്പോൾ ലഭ്യമായ മരുന്നുകളോട് തീരെ പ്രതികരിക്കാറുമില്ല.
ഇന്ത്യയിലാവട്ടെ രണ്ട്മിനിറ്റിൽ ഒരാൾ വീതം ക്ഷയരോഗം മൂലം മരണമടയുന്നുണ്ട്. (വർഷം തോറും 2,60,000 പേർ). അതെയവസരത്തിൽ വൻകിട കമ്പനികൾക്കൊന്നും ക്ഷയരോഗത്തിനെതിരെ പുതിയ മരുന്നു ഗവേഷണം ചെയ്തെടുക്കുന്നതിൽ താത്പര്യവുമില്ല. ഈ സാഹചര്യത്തിലാണ് സാമൂഹ്യ സഹകരണസംരംഭമായി ഇന്ത്യയിൽ CSIR ന്റെ കീഴിൽ OSDD പദ്ധതിക്ക് 2008 ൽ തുടക്കം കുറിച്ചത്. 4500-ഓളം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദരുമാണ് ഈ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ട് വന്നത്. CSIR ആരംഭിച്ചിട്ടുള്ള OSDC സംരംഭത്തിൽ പങ്കെടുത്ത് സംഭാവന നൽകുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തികവും അല്ലാതെയൂമുള്ള അംഗീകാരം CSIR നൽകാൻ തീരുമാനിച്ചിരുന്നു.
ഗവേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി അടിസ്ഥാന രാസവസ്തു കണ്ടെത്തികഴിഞ്ഞാൽ ഉചിതമായ പ്രതിഫലം നൽകി മറ്റു സ്ഥപനങ്ങളുമായി ചേർന്ന് CSIR മനുഷ്യപരീക്ഷണം നടത്തുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനാനുദ്ദേശിച്ചിരുന്നത്. ഔഷധം തയ്യാറായി കഴിഞ്ഞാൽ പേറ്റെന്റെടുക്കുന്നത് CSIR ആയിരിക്കും. വിലകുറഞ്ഞ ജനറിക്ക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ തയ്യാറുള്ള ഒന്നിലധികം കമ്പനികൾക്ക് CSIR ഔഷധ ഉല്പാദനത്തിനുള്ള ലൈസൻസു നൽകും.. ഒറ്റകമ്പനിക്ക് മാത്രമായി ലൈസൻസ് പരിമിതപെടുത്തുന്നതല്ല. എതെങ്കിലും ഒരു കമ്പനി മാത്രമായി മാർക്കറ്റ് പിടിച്ചടക്കുന്നതിനെ ഇതിലൂടെ തടയാനും കഴിയും. വിജ്ഞാന ഉല്പാദനത്തിനായുള്ള കൂട്ടായ ശ്രമങ്ങളും പേറ്റന്റും സമന്വയിപ്പിച്ചുകൊണ്ട് ഔഷധ ലഭ്യത വരുമാന വ്യത്യാസമില്ലാതെ എല്ലാവർക്കും ഉറപ്പുവരുത്തുന്നതിനുള്ള ജനകീയ മാതൃകയായി OSDC മാറിയിരുന്നു.
സി എസ് ഐ ആറിന്റെ ഒ എസ് ഡി ഡി പരിപാടിയുടെ പ്രൊജക്റ്റ് ഡയറക്ടർ മലയാളിയായ ശ്രീ സക്കീർ തോമസും മുഖ്യ ഗവേഷകടീമിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ഡോ വിനോദ് സ്കറിയയും സജീവ അംഗമായിരുന്നതിലും നമുക്കഭിമാനിക്കാം. കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒ എസ് ഡി ഡി ഗവേഷണ പരിപാടിയിൽ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ദരിദ്രരായ ക്ഷയരോഗികൾക്ക് പ്രതീക്ഷക്ക് വകനൽകുന്ന മഹത്തായ ഈ സംരംഭത്തെ പ്രകീർത്തിച്ച് ഒരു ഗാനശില്പത്തിനും അവർ രൂപം നൽകിയിട്ടുണ്ട്. കേരള സർവ്വകലാശാലയുടെ കീഴിലുള്ള ബയോഇൻഫർമാറ്റിക്സ് സെന്ററും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ കെമിസ്ത്രി ഡിപ്പാർട്ടുമെന്റും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റെൻസീവ് റിസർച്ച് ഇൻ ബേസിക്ക് സയൻസും (Institute for Intensive Research In Basic Sciences: IIRBS), കേരളസർവ്വകലാശാലയിലെ കെമിക്കൽ ടീച്ചേഴ് സ് അക്കാദമിയും,OSDC പദ്ധതിയിൽ ഭാഗഭാക്കുകളായി സംഭാവനകൾ നൽകിവന്നിരുന്നു. ഐ ഐ ആർ ബി എസ് ആണ് ഒ എസ് ഡി ഡി ക്കുവേണ്ടി ഔഷധനിർമ്മിക്കാവശ്യമായ ഒരു രാസതന്മാത്ര ആദ്യമായി കണ്ടെത്തിയത്. കേരളസർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഗവേഷകവിദ്യാർത്ഥികൾ തിരുവനന്തപുരത്തുള്ള സി എസ് ഐ ആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസസിലെ (National Institute of Interdisciplinary Sciences: പഴയ Regional Research Laboratory) പരിശീലനത്തെ തുടർന്ന് എതാനും ഔഷധതന്മാത്രകൾ വികസിപ്പിച്ചെടുത്തിരുന്നു.
കേരളത്തിലെ അക്കാദമിക്ക് സ്ഥാപനങ്ങളടക്കം രാജ്യത്തെ 34 ഗവേഷണ സ്ഥാപനങ്ങളും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞരും പങ്കെടുത്ത് കൊണ്ട് വിജയകരമായി നടന്നുവന്നിരുന്ന ഗവേഷണ പദ്ധതിക്കുള്ള ധനസഹായം പ്രത്യേക കാരണമൊന്നും കാട്ടാതെ 2014 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയതിനെ തുടർന്ന് അതീവ പ്രസക്തമായിരുന്ന ഒ എസ് ഡി ഡി ഗവേഷണസംരംഭം നിലച്ചിരിക്കയാണ്. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 49 കോടിരൂപയാണ് പദ്ധതിക്കനുവദിച്ചിരുന്നത്. 12 ആം പദ്ധതികാലത്ത് 650 കോടി അനുവദിക്കണമെന്ന് പ്ലാനിംഗ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ദൽഹിയിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റ്യൂബർകുലോസിസ് ആന്റ് റെസ്പരേറ്ററി ഡിസീസസിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഔഷധപരിശോധനയിലേക്ക് ഗവേഷണം പുരോഗമിച്ച അവസരത്തിലാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ച് സർക്കാർ കുറ്റകരമായ അനാസ്ഥകാട്ടിയത്.