Read Time:7 Minute


സംഗീത ചേനംപുല്ലി

ഓസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച സൂസൻ കോറി (Suzanne Cory), രോഗപ്രതിരോധവ്യൂഹത്തിന്റെയും അർബുദങ്ങളുടേയും ജനിതകപഠനങ്ങൾ നടത്തിയ പ്രമുഖയായ ഒരു തന്മാത്രാജീവശാസ്ത്ര ഗവേഷകയാണ്. ശാസ്ത്രരംഗത്തെ വനിതകൾക്കുള്ള ലോറിയൽ യുനെസ്കോ പുരസ്കാരം, റോയൽ മെഡൽ, ഓസ്ട്രേലിയ പ്രൈസ്, പേൾ മെയ്സ്റ്റർ ഗ്രീൻഗാർഡ് പുരസ്കാരം തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിലൂടെ ഓസ്ട്രേലിയൻ അക്കാദമി ഓഫ് സയൻസസിന്റെ പ്രസിഡന്റായ ആദ്യ വനിതയാണ് പ്രൊഫസർ സുസേൻ കോറി. തന്മാത്രാ ജീവശാസ്ത്രത്തിൽ ഗണ്യമായ സംഭാവനകൾ നല്കിയിട്ടുള്ള ശാസ്ത്രജ്ഞയാണ് അവർ. പ്രതിരോധ സംവിധാനത്തിന്റെ ജനിതക സവിശേഷതകളിലും, കാൻസർ രോഗത്തിന്റെ പ്രതിരോധത്തിലും വ്യാപകമായ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഇവർക്ക് വനിതാ ശാസ്ത്രജ്ഞർക്കുള്ള യുനസ്കോയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കാൻസർ രോഗത്തിന്റെ തന്മാത്രാതലത്തിലുള്ള സവിശേഷതകൾ മനസ്സിലാക്കുന്നതിനും അതുവഴി പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനും അവരുടെ ഗവേഷണം സഹായിച്ചു.

ആസ്ട്രേലിയയിലെ മെൽബണിൽ ജനിച്ച സുസേൻ കോറി മെൽബൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം പി എച്ച് ഡിക്കായി ഇംഗ്ലണ്ടിലെ എം ആർ സി ലബോറട്ടറി ഓഫ് മോളിക്കുലർ ബയോളജിയിൽ എത്തി. നോബൽ ജേതാവ് ഫ്രാൻസിസ് ക്രിക്കും, ഇരട്ട നോബൽ നേടിയ ഫ്രഡറിക് സാംഗറും അക്കാലത്ത് അവിടെയുണ്ടായിരുന്നു. സാംഗർ വികസിപ്പിച്ച രീതി ഉപയോഗിച്ച് ട്രാൻസ്ഫർ ആർ എൻ എയുടെ ഘടന കണ്ടെത്തിയതായിരുന്നു അവരുടെ പി എച്ച് ഡി ഗവേഷണം. ജനീവ സർവ്വകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് ശേഷം മെൽബണിലെ വാൾട്ടർ ആന്റ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ ചേർന്നു. ഗവേഷണ കാലത്ത് കണ്ടുമുട്ടി വിവാഹം ചെയ്ത ശാസ്ത്രജ്ഞനായ ജെറി ആഡംസും അവിടെ തന്നെ ജോലിക്ക് ചേർന്നു. ഇരുവരും ചേർന്ന് അവിടെ തന്മാത്രാ ജീവശാസ്ത്ര വിഭാഗം ആരംഭിക്കുകയും  ഗവേഷണം തുടരുകയും ചെയ്തു. മനുഷ്യരിലെ പ്രതിരോധ സംവിധാനവും ജനിതക ഘടനയുമായുള്ള ബന്ധം കണ്ടെത്താനായിരുന്നു ഇവരുടെ ആദ്യകാല ശ്രമങ്ങൾ. അക്കാലത്ത് ഏറെ വിവാദമായിരുന്ന ജീൻ ക്ലോണിംഗ് ടെക്നോളജി വികസിപ്പിച്ചു. ആന്റിബോഡി ജീനുകളിൽ അവർ നടത്തിയ ഗവേഷണങ്ങൾ നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയും സങ്കീർണ്ണതകളും വെളിപ്പെടുത്തുന്നതായിരുന്നു. ആന്റിബോഡി ജീനുകൾ പല കഷണങ്ങളായി കോഡ് ചെയ്യപ്പെടുകയും പിന്നീട് വ്യത്യസ്തമായ പല തരത്തിൽ കൂടിച്ചേർന്ന് വൈവിധ്യമാർന്ന പ്രതിരോധ സാധ്യതകൾ രൂപപ്പെടുത്തുകയും ചെയ്യുന്നു എന്ന് അവർ കണ്ടെത്തി. പിന്നീട് കാൻസർ രോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേക്ക് തിരിഞ്ഞു. കോശവിഭജനവും കോശമരണവും അടിസ്ഥാനമാക്കി കാൻസറിന്റെ സവിശേഷതകളെപ്പറ്റി പഠിക്കാനാണ് അവർ ശ്രമിച്ചത്. ബർക്കിറ്റ് ലിംഫോമ, ഫോളിക്കുലർ ലിംഫോമ എന്നിങ്ങനെ രണ്ട് തരം കാൻസറുകള്ക്ക് കാരണമാകുന്ന ജനിതക വ്യതിയാനങ്ങൾ അവർ കണ്ടെത്തി. Myc, Bcl-2 എന്നീ പ്രോട്ടീൻ ഗ്രൂപ്പുകളെ ആധാരമാക്കിയായിരുന്നു കോശമരണത്തെപ്പറ്റിയുള്ള അവരുടെ സംഘത്തിന്റെ പഠനം. ഇതിൽ നിന്ന് കണ്ടെത്തിയ അറിവുകൾ ഉപയോഗിച്ച് Bcl-2 വിന്റെ പ്രവർത്തനത്തെ തടയാൻ സഹായിക്കുന്ന ബ്ലോക്കിംഗ് പ്രോട്ടീനുകൾ മരുന്നായി വികസിപ്പിച്ചു. കീമോതെറാപ്പിക്ക് ഒപ്പം നൽകാവുന്ന ഇവ ലിംഫോമ വിഭാഗത്തിൽപ്പെട്ട അപകടകാരികളായ കാൻസറുകളുടെ ചികിത്സയിൽ ഏറെ ഗുണം ചെയ്യുന്നതാണ്. വാൾട്ടർ ആന്റ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിൽ ഡയറക്ടറായിരുന്ന കോറി നിലവിൽ കാൻസർ രോഗ വിഭാഗത്തിൽ ഗവേഷണം തുടരുന്നു. രക്താർബുദത്തിന്റെ ജനിതക കാരണങ്ങളിലും, കാൻസർ രോഗചികിത്സക്കായുള്ള രാസവസ്തുക്കളിലുമാണ് നിലവിൽ ഗവേഷണം നടത്തുന്നത്.

തന്മാത്രാജീവശാസ്ത്ര രംഗത്തെ ഗവേഷണങ്ങളെ ഏറെ മുന്നോട്ട് കൊണ്ടുപോകാൻ സൂസേൻ കോറിയുടെ പഠനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതേസമയം തന്നെ ശാസ്ത്ര ഗവേഷണം അതീവ പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണെന്ന്  ആസ്ട്രേലിയൻ ഭരണകൂടത്തെ ബോധ്യപ്പെടുത്താനും, ഫണ്ടുകൾ അനുവദിക്കാൻ പ്രേരിപ്പിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും ശാസ്ത്രപഠനത്തിനായി മികച്ച സൌകര്യങ്ങൾ ലഭ്യമാക്കാനായി അവർ നിരന്തരം പ്രചരണം നടത്തുന്നു. വിക്ടോറിയ സർവകലാശാലയിലെ ജീൻ ടെക്നോളജി ആക്സെസ് സെന്റർ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സുസേൻ കോറിയുടെ ബഹുമാനാർഥം ഒരു സ്കൂൾ തന്നെ 2011 ൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കര്ശനമായ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും മികച്ച വിദ്യാർഥികൾക്ക് പ്രവേശനം നല്കുന്ന ഒരു പബ്ലിക് സ്കൂളാണിത്. ആസ്ട്രേലിയൻ അക്കാദമി ഓഫ് സയൻസസിന്റെ ചരിത്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് അവർ. റോയൽ സൊസൈറ്റിയുടെ റോയൽ മെഡൽ, ലോറിയൽ- വനിതാ ശാസ്ത്രജ്ഞർക്കുള്ള യുനസ്കോയുടെ അവാർഡ്, ഷെവലിയർ ഓഫ് ദി ലീജിയൺ ഓഫ് ഹോണർ, കാൻസർ ഗവേഷണത്തിനുള്ള കോളിൻ തോംസൺ മെഡൽ തുടങ്ങിയവയൊക്കെ അവർ നേടിയ ചില ബഹുമതികളാണ്.


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

4 thoughts on “സുസേൻ കോറി- പ്രതിരോധ വ്യവസ്ഥയുടെ ജനിതക രഹസ്യങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞ

Leave a Reply

Previous post ജെനിഫെർ ഡൗഡ്ന
Next post വങ്കാരി മാതായ്
Close